25 May Wednesday

ഇത് ആപൽക്കരമായ കടന്നുകയറ്റം

ആർ സുരേഷ് കുമാർUpdated: Saturday Dec 18, 2021

സ്‌കൂളിലെ പാഠ്യപദ്ധതിയിൽ എന്തൊക്കെയാണ് പഠിപ്പിക്കേണ്ടതെന്ന് വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള പാർലമെന്ററിസമിതി ശുപാർശ ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുകയാണ്. പ്രത്യേകിച്ചും ചരിത്രപാഠഭാഗങ്ങളിൽ എന്തൊക്കെ ഉൾപ്പെടുത്തണമെന്നും എന്തൊക്കെ ഒഴിവാക്കണമെന്നും വിദ്യാഭ്യാസ സമിതികളോട് നിർദേശിക്കുന്നു. ചരിത്രത്തെ അപനിർമിക്കാനും വിദ്യാഭ്യാസരംഗത്തെ വർഗീയമായി ആയുധവൽക്കരിക്കാനും ചിട്ടയായ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നത് അത്യന്തം ഗൗരവതരമാണ്. ഫെഡറലിസത്തിന്റെ അന്തഃസത്തയെ തകർക്കുന്നവിധമുള്ള ഏകപക്ഷീയ കടന്നുകയറ്റമാണ് ഉണ്ടാകുന്നത്. കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സർക്കാരിനെ പിരിച്ചുവിട്ടതായിരുന്നു ഫെഡറലിസം നേരിട്ട ആദ്യവെല്ലുവിളിയെന്ന് പറയാം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഫാസിസ്‌റ്റ്‌വാഴ്ചയുടെ പ്രവണത പിന്നീട് കൂടുതൽ പ്രത്യക്ഷമായത് അടിയന്തരാവസ്ഥയുടെ നാളുകളിലായിരുന്നു. അതിന്റെ ഭാഗമായാണ് 1976ൽ 42–-ാം ഭരണഘടനാഭേദഗതിയിലൂടെ ഏഴാം ഷെഡ്യൂളിലുണ്ടായിരുന്ന വിദ്യാഭ്യാസം, വനം, അളവുതൂക്കങ്ങൾ, വന്യമൃഗങ്ങളുടെയും പക്ഷികളുടെയും സംരക്ഷണം, നീതിന്യായഭരണം എന്നീ വകുപ്പുകളെ സംസ്ഥാനപട്ടികയിൽനിന്ന് സമവർത്തിപ്പട്ടികയിലേക്ക് മാറ്റിയത്. ഏകാധിപത്യസ്വഭാവത്തിലുള്ള ഭരണം നടന്ന അടിയന്തരാവസ്ഥയുടെ നാളുകളിൽ കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന ഭരണഘടനാമാറ്റങ്ങളെ വർഗീയഫാസിസ്‌റ്റ്‌നയങ്ങൾ അടിച്ചേൽപ്പിക്കുന്ന മറ്റൊരു സർക്കാർ സമർഥമായി ഉപയോഗിക്കുന്നതാണിപ്പോൾ വിദ്യാഭ്യാസരംഗത്ത് കാണുന്നത്.

2020ലെ ദേശീയവിദ്യാഭ്യാസനയം പാർലമെന്റിൽ ചർച്ച കൂടാതെ കേന്ദ്രമന്ത്രിസഭ അംഗീകരിക്കുകയും അതേപടി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് നിർദേശിക്കുകയും ചെയ്തു. ഇതിനോടനുബന്ധിച്ച് മദ്രാസ്‌ ഹൈക്കോടതിയിൽ ഒരു വിദ്യാഭ്യാസട്രസ്റ്റ് ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകളിലൊന്നായ ഫെഡറലിസത്തെ നിശ്ചലമാക്കുന്നതാണ് 1976ൽ ഭരണഘടനാ ഭേദഗതിയിലൂടെ വിദ്യാഭ്യാസത്തെ സമവർത്തിപ്പട്ടികയിലേക്ക് മാറ്റിയ നടപടിയെന്നാണ് ഹർജിയിലെ വാദം. കോളനിവാഴ്‌ച‍യുടെ കാലത്തും വിദ്യാഭ്യാസം ഒരുപ്രവിശ്യാ വിഷയമായിരുന്നു. ഭരണഘടനാ നിർമാണസഭയിൽ അംഗങ്ങൾ ശക്തമായി വാദിച്ചുകൊണ്ടാണ് സംസ്ഥാനപട്ടികയിൽ നിലനിർത്തിയത്. മറാത്തയിൽനിന്നുള്ള സ്വാതന്ത്ര്യസമര സേനാനിയായിരുന്ന വിനായക് സീതാറാം സർവഡെയും ടി ടി കൃഷ്‌ണമാചാരിയും അക്കാര്യത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചു. പ്രവിശ്യകൾക്ക് വിദ്യാഭ്യാസത്തിന് പര്യാപ്തമായ ഫണ്ട് ഇല്ലെന്നത് അതിനെ കേന്ദ്ര പട്ടികയിലുൾപ്പെടുത്തുന്നതിന് ന്യായീകരണമല്ലെന്ന് സർവഡെ പറഞ്ഞപ്പോൾ കൃഷ്‌ണമാചാരി വാദിച്ചത് കേന്ദ്രം സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങളിൽ ഇടപെടരുതെന്നാണ്.

ഭരണഘടനയുടെ നിർമാണവേളയിൽത്തന്നെ വിദ്യാഭ്യാസത്തെ സംസ്ഥാന പട്ടികയിൽനിന്ന് മാറ്റിയാൽ ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കയുണ്ടായിരുന്നു. അത് യാഥാർഥ്യമാകുന്നതിന്റെ തെളിവുകളാണ് ഇപ്പോഴത്തെ നടപടികളിലുള്ളത്. സംസ്ഥാനങ്ങളുടെ ആവശ്യകതകളും പ്രാദേശികമായ അസന്തുലിതാവസ്ഥകളും പരിഗണിക്കാതെ രാജ്യത്തിന് ഏകനയമെന്ന രീതി നടപ്പാക്കുന്നതിനെതിരെ പല വിദ്യാഭ്യാസവിദഗ്ധരും പ്രതികരിച്ചിട്ടുണ്ട്. സംസ്‌കാരത്തിന്റെ ഭാഗമാണ് വിദ്യാഭ്യാസമെന്നതിനാൽ വ്യത്യസ്‌തസംസ്‌കാരങ്ങൾക്കനുസരിച്ച് പഠനപ്രക്രിയകളും വ്യത്യസ്‌തമാകേണ്ടിവരും. ഇന്ത്യക്കാകെ ഒരു ബഞ്ച് മാർക്ക് നിശ്ചയിക്കാനാകില്ലെന്ന് അതിനാൽതന്നെ ചൂണ്ടിക്കാണിക്കപ്പെടുന്നു. തെലങ്കാനയിലെ ആക്ടിവിസ്റ്റും പാഠ്യപദ്ധതി നവീകരണത്തിന്റെ ചെയർമാനുമായ പ്രൊഫ. ഹരഗോപാൽ വാദിക്കുന്നത് വിദ്യാഭ്യാസത്തെ വീണ്ടും സംസ്ഥാനപട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ്. നാഗാലാൻഡ്‌, മണിപ്പുർ, കേരളം തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ഒരേകേന്ദ്രനയംതന്നെ വേണമെന്ന് പറയുന്നത് വിപരീതഫലമുണ്ടാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസത്തെ വീണ്ടും സംസ്ഥാനപട്ടികയിലാക്കുന്നത് പ്രായോഗികമല്ലെന്ന് പറഞ്ഞ 1983ലെ സർക്കാരിയ കമീഷൻപോലും ദേശീയവിദ്യാഭ്യാസനയം രൂപപ്പെടുത്തുമ്പോൾ കേന്ദ്രം കർശനവ്യവസ്ഥകൾ അടിച്ചേൽപ്പിക്കരുതെന്നും സംസ്ഥാനസർക്കാരുകളുമായി പരസ്‌പരധാരണയുണ്ടാകണമെന്നും നിർദേശിച്ചിരുന്നു. അതെല്ലാം ലംഘിക്കപ്പെടുന്നതാണിപ്പോൾ കാണുന്നത്.

വിദ്യാഭ്യാസകാര്യത്തിൽ കൃത്യമായ അജൻഡകളെ ഉൾച്ചേർത്ത നയരേഖകൾ മാത്രമല്ല, പാർലമെന്ററി സമിതിയുടെ പേരിൽ ക്ലാസടിസ്ഥാനത്തിൽ എന്തൊക്കെ പഠിക്കണമെന്ന പുതിയ പുതിയ നിർദേശങ്ങളും തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നു. കോർപറേറ്റ് താൽപ്പര്യങ്ങൾക്കിണങ്ങുന്ന പഠനനേട്ടങ്ങൾ നിശ്ചയിക്കുന്നതിനൊപ്പം സാംസ്കാരികമായി ഹിന്ദുത്വമെന്ന രാഷ്ട്രീയപ്രത്യയശാസ്‌ത്രത്തിനിണങ്ങുന്ന പുതിയ തലമുറകളെ സൃഷ്ടിക്കാമെന്നതാണ് പുതിയ വിദ്യാഭ്യാസനയങ്ങളിലടങ്ങിയിരിക്കുന്ന തന്ത്രങ്ങളിലൊന്ന്. ആര്യന്മാർക്കുമുമ്പ് നരവംശ ചരിത്രമുണ്ടായിരുന്നില്ലെന്ന് തോന്നിക്കുന്ന വ്യാഖ്യാനങ്ങളും സ്വാതന്ത്ര്യസമര കാലഘട്ടത്തെയും നെഹ്റുവിയൻ സോഷ്യലിസത്തെയും തമസ്കരിക്കാനുള്ള വ്യഗ്രതയും അതിന്റെ ഭാഗമാണ്. സംസ്ഥാനതലത്തിൽ പാഠ്യപദ്ധതി രൂപീകരണത്തിനുണ്ടായിരുന്ന സ്വാതന്ത്ര്യം ഇല്ലാതാകുന്ന വിധത്തിലാണ് ഏകീകൃത പാഠ്യപദ്ധതിയെന്ന നയം അടിച്ചേൽപ്പിക്കാൻ തുനിയുന്നത്.

സംസ്ഥാനങ്ങൾ തയ്യാറാക്കുന്ന പാഠ്യപദ്ധതിയെ പരിശോധനയ്‌ക്ക് വിധേയമാക്കുമെന്ന് പറയുന്നത് ഫെഡറലിസത്തിന്റെ അന്തഃസത്തയെ തകർക്കുന്നതാണ്. സമവർത്തിപ്പട്ടികയിലുള്ള വിദ്യാഭ്യാസത്തെ സംബന്ധിച്ച് സംസ്ഥാനങ്ങൾക്കും അധികാരമുണ്ടെന്ന വാദത്തിന് ഒരുപരിഗണനയും നൽകാത്തവിധമാണ് കേന്ദ്രനയങ്ങൾ നടപ്പാക്കുന്നത്.  രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാൻ വിദ്യാഭ്യാസത്തിലൂടെ മതപരമായ രാഷ്ട്രീയപ്രത്യയശാസ്‌ത്രം ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഇത്തരം അജൻഡകളെ പ്രതിരോധിക്കുന്ന കേരളബദൽകൂടിയാകണം ഇവിടെ രൂപംകൊള്ളേണ്ട വിദ്യാഭ്യാസനയവും പാഠ്യപദ്ധതിയുമെന്നതാണ് ഏറ്റവും പ്രധാനം.

(ഹയർസെക്കൻഡറി വിഭാഗം അക്കാദമിക് ജോയിന്റ് ഡയറക്ടറാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top