18 April Thursday

വിദേശ സർവകലാശാലകൾക്ക്‌ പരവതാനി വിരിക്കുമ്പോൾ

ഡോ. ജെ പ്രസാദ്Updated: Friday Jan 13, 2023

ഇന്ത്യയിൽ വിദേശ സർവകലാശാലകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതി നൽകാനൊരുങ്ങുകയാണ്‌ കേന്ദ്ര ബിജെപി സർക്കാർ. ഇതിനുള്ള കരടുനയം യുജിസി അടുത്തിടെ പുറത്തിറക്കി. കനത്ത ഫീസുള്ള വരേണ്യവർഗ സ്ഥാപനങ്ങൾ രൂപംകൊള്ളാനും രാജ്യത്തെ ഉന്നതവിദ്യാഭ്യാസ ഘടന കൂടുതൽ ദുഷിക്കാനും ഇടയാക്കുന്നതാണ്‌, 2020ലെ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ചുള്ള ഈ നീക്കം. ജനുവരി ആറിന്‌ യുജിസി പ്രസിദ്ധീകരിച്ച കരടുചട്ടങ്ങളിലൂടെ കണ്ണോടിച്ചാൽ  ഒരുകാര്യം വ്യക്തമാകും; 2020ലെ ദേശീയ വിദ്യാഭ്യാസനയം പോലെതന്നെ വിദേശ സർവകലാശാലകൾക്ക് അനുമതി നൽകുന്നതു സംബന്ധിച്ചും പാർലമെന്റിൽ ഒരുവിധ ചർച്ചയും ഉണ്ടാകില്ല. എല്ലാ തീരുമാനവും കേന്ദ്രസർക്കാർ ഇതിനകം എടുത്തുകഴിഞ്ഞു. വിദേശ സർവകലാശാലകൾ ഉടൻ യാഥാർഥ്യമാകാൻ പോകുന്നുവെന്ന്‌ വ്യക്തം.

തൊണ്ണൂറുകളിൽ കോൺഗ്രസ് തുടങ്ങിവച്ച ആഗോളവൽക്കരണനയത്തിന്റെ ഭാഗമായാണ്‌ രാജ്യത്ത്‌ ആദ്യമായി സ്വകാര്യ/വിദേശ സർവകലാശാലകൾ സംബന്ധിച്ച ചർച്ചകൾക്കും നിയമനിർമാണ പ്രക്രിയകൾക്കും തുടക്കംകുറിക്കുന്നത്. വാജ്പേയി സർക്കാരിന്റെ കാലത്ത് ‘അംബാനി- ബിർളാ റിപ്പോർട്ട്‌’ കൊണ്ടുവന്നെങ്കിലും റിപ്പോർട്ടിലെ എല്ലാ നിർദേശവും നടപ്പാക്കാൻ ആ സർക്കാരിനായില്ല. തുടർന്ന്‌ അധികാരത്തിൽവന്ന ഒന്നും രണ്ടും യുപിഎ സർക്കാരുകൾ വർധിത വേഗത്തോടെ വിദേശ സർവകലാശാലാ ബിൽ കൊണ്ടുവന്നെങ്കിലും ഇടതുപക്ഷ പാർടികളുടെ ‘പൊതുമിനിമം പരിപാടി’ എന്ന കടമ്പയ്‌ക്കുമുന്നിൽ വിദേശ സർവകലാശാലകളുടെ കടന്നുകയറ്റം കടപുഴകിവീണു. 2014ൽ മോദി സർക്കാർ അധികാരത്തിൽവന്നതോടെ കോർപറേറ്റുകളുടെ ഇടപെടൽ കൂടുതൽ ശക്തമാകുകയും അവരുടെ താൽപ്പര്യങ്ങൾക്ക് വലിയ പരിഗണന ലഭിക്കുകയും ചെയ്തു. അതിന്റെ പരിണതഫലമാണ് വിദേശ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി നൽകുന്നതു സംബന്ധിച്ച് യുജിസി പുറത്തുവിട്ട കരടുചട്ടങ്ങൾ.

ഇങ്ങനെ വിദേശ സർവകശാലകൾക്ക്‌ വഴിതുറക്കുന്നതിനുള്ള കാര്യങ്ങൾ ദേശീയ വിദ്യാഭ്യാസനയത്തിൽത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌.  ഉയർന്ന നിലവാരമുള്ള വിദേശ സ്ഥാപനങ്ങളുമായുള്ള ഗവേഷണ/അധ്യാപന സഹകരണവും അധ്യാപക/വിദ്യാർഥി കൈമാറ്റങ്ങളും സുഗമമാക്കുമെന്നും  വിദേശ രാജ്യങ്ങളുമായി  ധാരണപത്രങ്ങളിൽ ഒപ്പിടുമെന്നും നയത്തിൽ പറഞ്ഞിട്ടുണ്ട്‌.  ദേശീയ വിദ്യാഭ്യാസ നയത്തിൽ പറയുന്ന മറ്റു ചില കാര്യങ്ങളും ഇതോടൊപ്പം ചേർത്തുവായിക്കാം.   ഉയർന്ന നിലവാരമുള്ള ഇന്ത്യൻ സർവകലാശാലകളെ മറ്റു രാജ്യങ്ങളിൽ ക്യാമ്പസുകൾ സ്ഥാപിക്കാൻ പ്രോത്സാഹിപ്പിക്കും, തെരഞ്ഞെടുത്ത സർവകലാശാലകൾക്ക്, ഉദാ: ലോകത്തിലെ മികച്ച 100 സർവകലാശാലകൾക്ക് ഇന്ത്യയിൽ പ്രവർത്തിക്കാൻ സൗകര്യമൊരുക്കും. അത്തരം സർവകലാശാലകൾക്ക് ഇന്ത്യയിലെ മറ്റു സ്വയംഭരണസ്ഥാപനങ്ങൾക്ക് തുല്യമായ റെഗുലേറ്ററി, ഗവേണൻസ്, ഉള്ളടക്ക മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ച് പ്രത്യേക അവകാശങ്ങൾ നൽകും എന്നിവയൊക്കെയാണ്‌ അത്‌ (ദേശീയ വിദ്യാഭ്യാസനയം 12.8). വിദേശ സർവകലാശാലകളുടെ ഇന്ത്യയിലെ സംസ്ഥാപനവും നടത്തിപ്പും സംബന്ധിച്ച്‌ ഇതിൽ കൂടുതൽ വ്യക്തത ആവശ്യമില്ലല്ലോ.

വ്യവസ്ഥകളും ചട്ടങ്ങളും

ദേശീയ വിദ്യാഭ്യാസനയം 2020ന്റെ ഭാഗമായി, ഉന്നതവിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവൽക്കരണത്തിന്‌ ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിന്‌, ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും സ്ഥാപനങ്ങൾ പരസ്പരം സഹകരിച്ച്‌  ട്വിന്നിങ്‌, ജോയിന്റ്‌, ഇരട്ട ബിരുദ പ്രോഗ്രാമുകളുടെ നടത്തിപ്പുസംബന്ധിച്ച ചട്ടങ്ങൾ കഴിഞ്ഞവർഷംതന്നെ യുജിസി പുറപ്പെടുവിച്ചു. അതിന്റെ തുടർച്ചയെന്നനിലയിലാണ് വിദേശ സർവകലാശാലകളുടെ നടത്തിപ്പിന്‌   ജനുവരി ആറിനു പുറപ്പെടുവിച്ച കരടുചട്ടങ്ങൾ. ഈ ചട്ടങ്ങൾ, ഗസറ്റ് വിജ്ഞാപനം ആകുന്നതോടെ വിദേശ സർവകലാശാലകൾക്ക് പച്ചപ്പരവതാനി വിരിക്കും. മറ്റേതൊരു വിദ്യാഭ്യാസ സ്ഥാപനവും തുടങ്ങുന്നതിനാവശ്യമായ നടപടിക്രമങ്ങൾ മാത്രമേ വിദേശ സർവകലാശാലകൾ തുടങ്ങുന്നതിനും ആവശ്യമുള്ളൂവെന്ന് കാണാം. ആവശ്യമായ ഫാക്കൽറ്റി സംവിധാനങ്ങളും ഭൗതികസൗകര്യങ്ങളും സ്ഥാപനമേധാവി/ ബോർഡിന്റെ സമ്മതപത്രവും ഉണ്ടാകണമെന്നുമാത്രം. ലോക റാങ്കിങ്‌ അഞ്ഞൂറിനുള്ളിൽ അക്രെഡിറ്റേഷനുള്ള ഏതു സ്ഥാപനത്തിനും അപേക്ഷിക്കാം. ബിരുദങ്ങൾ ഇരുരാജ്യവും പരസ്പരം അംഗീകരിക്കണം. ഇതിനായി യുജിസിയുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന കമ്മിറ്റി 45 ദിവസത്തിനകം സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദേശ സർവകലാശാലകൾക്ക്‌ തത്വത്തിൽ അംഗീകാരം നൽകും.  രണ്ടു വർഷത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കണമെന്ന വ്യവസ്ഥയോടെ തുടക്കത്തിൽ 10 വർഷത്തേക്കാണ്‌  പ്രവർത്തനാനുമതിക്ക് യുജിസി അംഗീകാരം നൽകുക. തുടർന്നും പ്രവർത്തിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ ഒരുവർഷംമുമ്പേ അപേക്ഷ നൽകണമെന്നു മാത്രം.

‘സുതാര്യവും ന്യായവുമായ അധിക ഫീസ്’ വാങ്ങാമെന്നുള്ള ചട്ടത്തിലെ നിർദേശം ആരാണ്, എങ്ങനെയാണ് വ്യാഖ്യാനിക്കുക എന്നത്, ഇസ്ലാമിക് അക്കാദമിക് കേസിന്റെ വിധി നടപ്പാക്കിയതിലൂടെ നാം കണ്ടതാണ്.

പ്രോഗ്രാമുകൾ, പഠനക്രമം, കരിക്കുലം,  സിലബസ്, പ്രവേശനച്ചട്ടങ്ങൾ, ഫീസ് നിർണയം, അധ്യാപക–- അനധ്യാപക നിയമനങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ എന്തു തീരുമാനം കൈക്കൊള്ളുന്നതിനും വിദേശ സർവകലാശാലകൾക്ക് അധികാരമുണ്ടായിരിക്കും. സംവരണത്തെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട. പഠനവിനിമയത്തിന് ഓൺലൈൻ മോഡ് പാടില്ലെന്നുമാത്രം. ചുരുക്കത്തിൽ  അക്കാദമികവും ഭരണപരവും സാമ്പത്തികവുമായ എല്ലാവിധ സ്വയംഭരണത്തിനും അവർക്ക്‌ അവകാശമുണ്ടായിരിക്കും. കമീഷന്റെ മുൻകൂർ അനുമതിയില്ലാതെ കാമ്പസുകൾ അടച്ചുപൂട്ടാനോ പ്രോഗ്രാമുകൾ നിർത്തിവയ്ക്കാനോ പാടില്ലെന്നുമാത്രം. ‘സുതാര്യവും ന്യായവുമായ അധിക ഫീസ്’ വാങ്ങാമെന്നുള്ള ചട്ടത്തിലെ നിർദേശം ആരാണ്, എങ്ങനെയാണ് വ്യാഖ്യാനിക്കുക എന്നത്, ഇസ്ലാമിക് അക്കാദമിക് കേസിന്റെ വിധി നടപ്പാക്കിയതിലൂടെ നാം കണ്ടതാണ്. ഫലത്തിൽ സംഭവിക്കാൻ പോകുന്നത്‌ വിദേശ സർവകലാശാലകളുടെ ഫ്രാഞ്ചൈസികളാകും ഇവിടെ വ്യാപകമായി ആരംഭിക്കുക എന്നതാണ്‌.
ലോകത്ത് ഏറ്റവും കൂടുതൽ യുവത അധിവസിക്കുന്ന രാജ്യമാണ് നമ്മുടേത്. ഉന്നതവിദ്യാഭ്യാസത്തിന് അർഹരായവരിൽ 70ശതമാനത്തിനും  അതിനു കഴിയുന്നില്ല. അവർക്ക് ഉന്നതപഠനത്തിനുള്ള സാമൂഹ്യ, സാമ്പത്തിക സാഹചര്യങ്ങൾ ഇല്ലതന്നെ. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്ന ഈ വേളയിലും അന്താരാഷ്ട്ര ശരാശരിയിൽനിന്നും ഏറെ താഴെയാണ് നമ്മുടെ ഉന്നതവിദ്യാഭ്യാസത്തിന്റെ ജിഇആർ (ഗ്രോസ്‌ എൻറോൾമെന്റ്‌ റേഷ്യോ –- കുട്ടികളുടെ അനുപാതം).  2018ലെ 26.3ൽനിന്ന്‌ 2035ഓടെ 50 ശതമാനമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യംവയ്ക്കുന്നത്.

എന്നാൽ,  പുതിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുകയെന്നത് സർക്കാരിന്റെ അജൻയിലേ ഇല്ല. അനിയന്ത്രിതമായ അധികാരാവകാശങ്ങളോടെയുള്ള വിദേശ സർവകലാശാലകളുടെ കടന്നുവരവോടെ സ്വദേശിയുടെ അവസ്ഥ എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. വിദ്യാഭ്യാസത്തെ സ്വകാര്യ നന്മയായി കണ്ട, പൈ ഫൗണ്ടേഷൻ കേസ് മുതൽ ഈനാംദാർ കേസ് വരെയുള്ള വിധിവാചകങ്ങൾ, വിദേശ സർവകലാശാലകളുടെ ക്യാമ്പസുകൾ സ്ഥാപിക്കുന്നതിൽ ഉപോൽബലകമാണ്. യുജിസി ഇതിനായി രൂപീകരിക്കുന്ന സ്റ്റാൻഡിങ്‌ കമ്മിറ്റിയെ പ്രീതിപ്പെടുത്തുന്ന ആർക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനം തുടങ്ങാം. ഇഷ്ടമുള്ളവരെ പ്രവേശിപ്പിക്കാം, ഇഷ്ടമുള്ള ഫീസ് പിരിക്കാം, സ്വന്തമായി പരീക്ഷ നടത്താം, സ്വന്തക്കാരെവച്ച് മൂല്യനിർണയം നടത്താം, സ്ഥാപനത്തിന്റെ ഗുണമേന്മയെ ബാധിക്കുമെന്നതിനാൽ സംവരണം നൽകേണ്ടതില്ല. ഒരിക്കൽ അനുവാദം കിട്ടിയാൽ 10 വർഷത്തേക്ക് തിരിഞ്ഞു നോക്കണ്ട. സർട്ടിഫിക്കറ്റ് കോഴ്സ് മുതൽ ഇരട്ട ബിരുദംവരെ എന്തും സ്വതന്ത്രമായി നടത്താം. ഇപ്പോൾത്തന്നെ പിഎച്ച്ഡി ഉൾപ്പെടെയുള്ള ബിരുദങ്ങൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന ഒട്ടേറെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ നമ്മുടെ രാജ്യത്ത് പ്രവർത്തിച്ചുവരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. പ്രൊഫഷണൽ വിദ്യാഭ്യാസം ചെയ്യുന്നതിന് പണം നൽകുകയെന്നത് ലോകം അംഗീകരിച്ച തത്വമാണെന്ന പൈ ഫൗണ്ടേഷൻ കേസിലെ വിധിവാചകം, വിദ്യാഭ്യാസ മാഫിയകൾക്ക് ഏറെ ആശ്വാസപ്രദമായിരുന്നു. ഇപ്പോൾത്തന്നെ  തലതിരിഞ്ഞ രാജ്യത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത്‌  കൂടുതൽ കുഴപ്പങ്ങൾക്ക്‌ വഴിതുറക്കുകയാണ്‌ മോദി ഭരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top