20 April Saturday

പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ

ഡോ. ജെ പ്രസാദ്Updated: Wednesday Jul 27, 2022

സംസ്ഥാനത്തെ പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള പൊതുവിദ്യാഭ്യാസത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട്, പാഠ്യപദ്ധതി പരിഷ്കരണം പുരോഗമിക്കുകയാണല്ലോ.  2020 ജൂലൈ 27നു ചേർന്ന കേന്ദ്ര മന്ത്രിസഭയാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി പാർലമെന്റിനെ മറികടന്നുകൊണ്ട്  ദേശീയവിദ്യാഭ്യാസ നയത്തിന് അംഗീകാരം നൽകിയത്. 1986ലെ ദേശീയവിദ്യാഭ്യാസ നയത്തിനുള്ള  പ്രവർത്തനപദ്ധതിക്ക് രൂപം നൽകാൻതന്നെ ആറ് വർഷം എടുത്തെങ്കിൽ മോദി സർക്കാർ ആറ് വർഷം മുമ്പേതന്നെ പ്രവർത്തനപദ്ധതിക്ക് രൂപംനൽകി വിദ്യാഭ്യാസനയത്തിൽ സന്നിവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി  സംസ്ഥാനങ്ങളെ മുഖവിലയ്‌ക്കെടുക്കാതെ  ശരവേഗത്തിൽ രാജ്യത്തെ ഹിന്ദുത്വവൽക്കരിക്കാനുള്ള നയം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് കേന്ദ്രസർക്കാർ. വൈവിധ്യങ്ങളായ ചരിത്രവും സംസ്കാരവും ജീവിതരീതികളും ഭാഷകളും ഉപഭാഷകളുമുള്ള നമ്മുടെ രാജ്യത്തിനാകെ  ബാധകമായ ഏകശിലാരൂപമായ വിദ്യാഭ്യാസനയം എന്ന നിർദേശത്തിനു പിന്നിൽ കൃത്യമായ ഉദ്ദേശ്യലക്ഷ്യങ്ങൾ ഉണ്ടെന്നത് പകൽപോലെ വ്യക്തമാണ്. ഇത് സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. 

ഒരടി മുന്നോട്ട്, രണ്ടടി പിന്നോട്ട്
കേരളത്തിന്റെ ഇടയ്‌ക്കിടെയുള്ള ഭരണമാറ്റവും പാഠ്യപദ്ധതി പരിഷ്കരണവും മുൻകാലങ്ങളിൽ പരസ്പരബന്ധിതമായിരുന്നു. അതിന്റെ ഭാഗമായി ഓരോ അഞ്ച് വർഷം  കഴിയുംതോറും നമ്മുടെ പൊതുവിദ്യാഭ്യാസരംഗം വിവാദകലുഷിതമായിരുന്നു. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരുമ്പോൾ പൊതുവിദ്യാഭ്യാസരംഗത്ത് കാലോചിതമായ പരിഷ്കാരങ്ങൾ വരുത്തി മുന്നോട്ടുപോകുക പതിവായിരുന്നു. അതുകൊണ്ടുതന്നെ തുടർന്നധികാരത്തിൽ വരുന്ന യുഡിഎഫ് സർക്കാർ, വിദ്യാഭ്യാസമേഖലയെ തലതിരിച്ചുവയ്‌ക്കുമായിരുന്നു. വീണ്ടും  അധികാരത്തിൽ വരുന്ന ഇടതുപക്ഷ സർക്കാർ വിദ്യാഭ്യാസമേഖലയെ പതിവുപോലെ വീണ്ടും മുന്നോട്ട് നയിക്കും. ഇടതുപക്ഷ ഭരണകാലത്ത് 2007ൽ തയ്യാറാക്കിയ ‘പാഠ്യപദ്ധതി ചട്ടക്കൂട്’ രാജ്യത്തിന്റെയാകെ പ്രശംസ പിടിച്ചുപറ്റുകയുണ്ടായി. തുടർന്ന്, അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാർ 2013ൽ അതിനെയാകെ  അട്ടിമറിക്കുകയായിരുന്നു. 2016ൽ അധികാരത്തിൽ വന്ന ഇടതുപക്ഷസർക്കാർ, പതിവ് രീതിക്ക് അന്ത്യം കുറിക്കാൻ തീരുമാനിച്ചു. പതിവുപോലെ 2018ൽ പുതിയ പാഠ്യപദ്ധതിക്ക് രൂപം നൽകുന്നതിനുപകരം,  നിലവിലെ പാഠ്യപദ്ധതിയുടെ ശാസ്ത്രീയ വിശകലനം, വിനിമയപാഠം, വിവരസാങ്കേതികവിദ്യാസാധ്യതകൾ, ദുരന്തനിവാരണം, ജൈവവൈവിധ്യം, ജീവിതനൈപുണി, തൊഴിൽ നൈപുണി, ക്യൂആർ കോഡ്, സമഗ്ര പോർട്ടൽ തുടങ്ങി വിവിധ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി പാഠപുസ്തകങ്ങളും പഠനബോധന പ്രക്രിയകളും സാങ്കേതിക സഹായത്തോടെ വിദ്യാർഥി സൗഹൃദമായി പരിഷ്കരിച്ചു. അതിന്റെ ഭാഗമായി നടപ്പാക്കിയ ‘പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം’ പൊതുവിദ്യാഭ്യാസരംഗത്ത് പുത്തനുണർവ് സൃഷ്ടിക്കപ്പെടുകയും അത് കോവിഡിന്റെ പശ്ചാത്തലത്തിൽ ലോകശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.

എന്തുകൊണ്ട് ദേശീയനയം 
അസ്വീകാര്യം
നാടിന്റെ മണവും ഗുണവും ചരിത്രവും സംസ്കാരവുമൊക്കെ ഉൾക്കൊള്ളുന്നതാണ് പാഠ്യപദ്ധതിയുടെ കാതൽ; അതിന് തദ്ദേശീയമായ പ്രത്യേകതകളും അനുഭവങ്ങളും ഉണ്ടാകുക സ്വാഭാവികം. അതുകൊണ്ടുതന്നെ ഒരു രാജ്യത്തിനും അടിമുടി ബാധകമായ ഒരു ദേശീയ വിദ്യാഭ്യാസനയം അഭികാമ്യമല്ല. ഇന്ത്യപോലെ വൈവിധ്യമാർന്ന സവിശേഷതകൾ നിറഞ്ഞ നമ്മുടെ രാജ്യത്ത് അതൊട്ടും പ്രായോഗികമല്ല. അതിന്റെ പ്രതിഫലനമാണ് രാജ്യത്താകെ ഉയർന്നുവരുന്ന പ്രതിഷേധ സമരങ്ങൾ. ആ അർഥത്തിൽ പുതിയ വിദ്യാഭ്യാസനയം 2020, കേരളത്തിന് അംഗീകരിക്കാനാകില്ല. എന്തുകൊണ്ടെന്നാൽ അത് കേന്ദ്രീകൃതമാണ്; തദ്ദേശീയമായ ചരിത്രത്തിനും സംസ്കാരത്തിനും സാമൂഹ്യജീവിതത്തിനും സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾക്കും അവിടെ സ്ഥാനമില്ല. അത് കോർപറേറ്റുകൾക്കു വേണ്ടിയുള്ളതാണ്; അവിടെ കോർപറേറ്റുകളുടെ തൽപ്പര്യങ്ങളേ സംരക്ഷിക്കപ്പെടുകയുള്ളൂ, ജനകീയതാൽപ്പര്യങ്ങൾ അട്ടിമറിക്കപ്പെടും. അത് വാണിജ്യതാൽപ്പര്യങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്; ഇവിടെ വിദ്യാഭ്യാസം സമ്പന്നനുമാത്രമായി പരിമിതപ്പെടും. വർഗീയവൽക്കരണത്തിന് മുൻതൂക്കം നൽകുന്നതിനാൽ രാജ്യത്ത് മതവിദ്വേഷവും മതസ്പർധയും അതുവഴി ആഭ്യന്തര കലാപവും സൃഷ്ടിക്കപ്പെടും. ഈ നയം സാംസ്കാരിക ദേശീയതയ്ക്കും ആത്മീയവൽക്കരണത്തിനും പ്രാധാന്യം കൊടുക്കുന്നു. സർവോപരി ഈ വിദ്യാഭ്യാസനയം ജനാധിപത്യവിരുദ്ധമാണ്, ഭരണഘടനാവിരുദ്ധമാണ്, ഫെഡറൽ വിരുദ്ധമാണ്.

കേരളത്തെ ഒരു വൈജ്ഞാനിക സമൂഹമാക്കി മാറ്റിക്കൊണ്ട് നാം വിഭാവനം ചെയ്യുന്ന നവകേരള സൃഷ്ടിക്കുതകുംവിധം കാഴ്ചപ്പാടിലും സമീപനത്തിലും ജ്ഞാനനിർമിതിയിലും സുസ്ഥിരവികസനത്തിലും ഊന്നിനിന്നുകൊണ്ടുള്ള പാഠ്യപദ്ധതിയും പഠനബോധന രീതികളുടെ നിർമിതിയും ഉണ്ടാകേണ്ടതുണ്ട്. അതിന് ഇക്വിറ്റിയെ അടിസ്ഥാനമാക്കി ദീർഘകാലാടിസ്ഥാനത്തിൽ കാലികവും പ്രസക്തവും  സമഗ്രവുമായ പരിഷ്കാരം അനിവാര്യമാണ്. അതിന് സാമൂഹ്യജ്ഞാനനിർമിതിവാദത്തെ ആധാരമാക്കി വിദ്യാർഥി കേന്ദ്രിതവും പ്രക്രിയാബന്ധിതവും സാങ്കേതിക സൗഹൃദവുമായ പഠനബോധന രീതിയാണ് നമുക്കാവശ്യം. ഇവിടെ പഠനനേട്ടങ്ങൾക്കല്ല; പഠനപ്രവർത്തനങ്ങൾക്കാണ് പ്രാമുഖ്യം നൽകേണ്ടത്. പുതിയ വിദ്യാഭ്യാസനയം  ഊന്നൽ നൽകുന്നത് മൂല്യനിർണയത്തിനും പഠന നേട്ടങ്ങൾക്കുമാണ്. ഇക്കാരണത്താൽതന്നെ പുതിയ വിദ്യാഭ്യാസനയം നിർദേശിക്കുന്ന തരത്തിലുള്ള 3, 5, 7 ക്ലാസുകളിലെ പൊതുപരീക്ഷ നമുക്ക് അഭികാമ്യമല്ല; അത് വിദ്യാഭ്യാസാവകാശനിയമം കുട്ടികൾക്ക് നൽകുന്ന അവകാശത്തിൻമേലുള്ള കടന്നാക്രമണം കൂടിയാകും. ഇപ്പോഴുള്ള 10,12 ക്ലാസുകളിലെ പൊതുപരീക്ഷ നവീകരിക്കുകയും കാലക്രമത്തിൽ പന്ത്രണ്ടാം തരത്തിലുള്ള പൊതുപരീക്ഷ മാത്രമായി പരിമിതപ്പെടുത്തുകയും വേണം. എല്ലാ കുട്ടികൾക്കും അവരുടെ അഭിരുചിക്കും കഴിവിനും അനുസരിച്ചുള്ള വിദ്യാഭ്യാസം നൽകാൻ നമുക്ക് സാധിക്കണം. അത് അവരുടെ ജന്മാവകാശമാണ്. പ്രൊഫ. ഖാദർ കമീഷൻ റിപ്പോർട്ട് ഇതിനുള്ള ഭൂമികയായി സ്വീകരിക്കാവുന്നതാണ്. ‘ഗുണമേൻമയുള്ള വിദ്യാഭ്യാസവും ഇന്റർനെറ്റും’ കുട്ടികളുടെ അവകാശമായി കേരളം പ്രഖ്യാപിച്ചുകഴിഞ്ഞു. 

ഓരോ കുട്ടിക്കും ക്ലാസിനും സ്കൂളിനും പ്രത്യേകം പ്രത്യേകം മാസ്റ്റർ പ്ലാൻ ഉണ്ടാകണം. അതിന്‌ പ്രീസ്കൂൾമുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ ഭാഗഭാക്കുകളും എണ്ണയിട്ട  മെഷീൻ കണക്കെ ഒറ്റ മനസ്സോടെ പ്രവർത്തിക്കണം. ഇന്റഗ്രേഷൻ നടന്നിട്ട് വർഷങ്ങളായെങ്കിലും ഇന്നും അത് ഫലപ്രദമായും പ്രായോഗികമായും  നിലവിൽ വന്നിട്ടില്ല. അധ്യാപകർക്കും വിദ്യാലയങ്ങൾക്കും  കൃത്യമായ വാർഷിക പദ്ധതി ഉണ്ടാകണം. അത് അക്കാദമിക വർഷം ആരംഭിക്കുന്നതിനു മുമ്പുതന്നെ തയ്യാറാക്കണം. പദ്ധതിപ്രവർത്തനങ്ങൾ സോഷ്യൽ ഓഡിറ്റിന് വിധേയമാക്കണം. മൂല്യനിർണയത്തിന് ഊന്നൽ നൽകിയുള്ള ഇന്നത്തെ പഠനരീതി മാറ്റണം.

പുതിയ വിദ്യാഭ്യാസനയം ഊന്നൽ നൽകുന്നത് ഭാരതീയ പാരമ്പര്യത്തിലും ധാർമികമൂല്യത്തിലും അധിഷ്ഠിതമായ വിദ്യാഭ്യാസം തിരിച്ചുകൊണ്ടുവരാനാണ്. ഇവ രണ്ടും യഥാക്രമം വൈദിക പാരമ്പര്യവും ഹൈന്ദവ ധാർമികമൂല്യങ്ങളുമാണ് എന്നത് ഇതിനകം വ്യക്തമാക്കപ്പെട്ടുകഴിഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും  എൻസിഇആർടി, യുജിസി പോലുള്ള സംവിധാനങ്ങളുടെയും കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തനങ്ങളിലൂടെ അത് കൂടുതൽ ബോധ്യപ്പെട്ടതാണ്. ആയതിനാൽ ഇതരമേഖലകളിൽ എന്നപോലെ പൊതുവിദ്യാഭ്യാസ മേഖലയിലും ഒരു കേരള ബദലിന് രൂപം നൽകാൻ നമുക്ക് കഴിയണം. ആ ബദൽ ജനകീയതയിലും സാമൂഹ്യപ്രതിബദ്ധതയിലും ആധുനികതയിലും മതനിരപേക്ഷതയിലും ബഹുവൈജ്ഞാനികതയിലും സാമൂഹ്യനീതിയിലും ലിംഗനീതിയിലും സുസ്ഥിരവികസനത്തിലും ഭരണഘടനാ മൂല്യത്തിലും സാമൂഹ്യജ്ഞാനനിർമിതിയിലും നൈപുണ്യ വികസനത്തിലും ചരിത്ര-ശാസ്ത്ര-യുക്തി-പാരിസ്ഥിതികാവബോധത്തിലും അധിഷ്ഠിതമായിരിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top