25 April Thursday

ഉന്നതവിദ്യാഭ്യാസം ; 
ആശങ്ക പടർത്തുന്ന കേന്ദ്രനയം

ഡോ. കെ കെ ദാമോദരൻUpdated: Saturday Jun 11, 2022

ഒന്നാം മോദി സർക്കാരിന്റെ അവസാനഘട്ടത്തിലാരംഭിച്ച ദേശീയ വിദ്യാഭ്യാസനയത്തെ തുടർന്നുള്ള പരിഷ്കാരങ്ങൾ കൈവിട്ട വേഗത്തിലെത്തിയിരിക്കുന്നു. ജനാധിപത്യ വേദികളിൽ ചർച്ചയ്‌ക്കോ പൗരസമൂഹത്തിന് വിശകലനം ചെയ്യാനോ സമയം നൽകാതെയുള്ള ഈ തീട്ടൂരങ്ങൾ രാജ്യത്തെ  സാധാരണക്കാരുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസ സാധ്യതകളെ  ഏതുവിധം ബാധിക്കുമെന്ന ആശങ്ക പുകയുകയാണ്.

ബ്ളെൻഡഡ് ലേണിങ്‌, അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്, ഉന്നതവിദ്യാഭ്യാസ യോഗ്യതാചട്ടക്കൂട് (കരട്), പിഎച്ച്ഡി  റെഗുലേഷൻ, ഒരേസമയം രണ്ടു പ്രോഗ്രാമിനുള്ള അനുമതി എന്നീ അഞ്ച് പരിഷ്കാരം പരിശോധിച്ചാൽ  സാഹചര്യത്തിന്റെ ഗൗരവം  ബോധ്യമാകും. ഇത്‌ രാജ്യത്തെ ക്യാമ്പസുകൾ ഛിന്നഭിന്നമാകുമെന്നുമാത്രമല്ല, ഈ രംഗത്ത് നിലനിൽക്കുന്ന പലവിധ അസന്തുലിതാവസ്ഥ  ബീഭത്സമാക്കുമെന്നതുമാണ് വാസ്തവം.

പരിഷ്കാരങ്ങളുടെ ബാഹ്യദൃശ്യം
ബിരുദ പ്രോഗ്രാമിന്‌ ചേരുന്ന വിദ്യാർഥിക്ക് ഒന്നാമത്തെ പരിഷ്കാരത്തിന്റെ ആനുകൂല്യംപറ്റി   50 ശതമാനംവരെ പാഠഭാഗങ്ങൾ ക്ലാസുകളിൽ വരാതെ (ഉദാ: ഓൺലൈനായി) പഠിക്കാം. ഇതേ വിദ്യാർഥിക്കുതന്നെ  രണ്ടാമത്തെ പരിഷ്കാരത്തിന്റെ ആനുകൂല്യംപറ്റി പഠിക്കേണ്ട വിഷയങ്ങളിൽ കുറഞ്ഞത് പകുതി എണ്ണം സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുക്കാം. അവ ഇന്ത്യയിലോ പുറത്തോ ഉള്ള മറ്റേതെങ്കിലും സ്ഥാപനങ്ങളിൽനിന്ന്‌ നേരിട്ടോ അല്ലാതെയോ പഠിക്കാം. തീർന്നില്ല, മൂന്നാമത്തെ പരിഷ്കാരത്തിന്റെ ആനുകൂല്യം വിനിയോഗിച്ച്  ഒന്നാമത്തെ വർഷത്തോടെ പഠനം  മതിയാക്കാം. അങ്ങനെ മതിയാക്കുന്ന പക്ഷം അയാൾക്ക് പ്രത്യേകമായി പത്ത് ക്രെഡിറ്റുള്ള ഒരു എക്സിറ്റ് ബ്രിഡ്ജ് കോഴ്സ് നൽകും.  രണ്ടുമാസമാണ് ഇതിന്റെ കാലദൈർഘ്യം. ഇത് അയാളെ തൊഴിലിന് സജ്ജനാകാനാണത്രെ.  ഈ പ്രത്യേക കോഴ്സിന്റെ പത്തിൽ ആറ് ക്രെഡിറ്റ്‌ നൽകുന്നത് കോളേജുമായി ധാരണയിലെത്തിയ  സ്ഥാപനങ്ങളാകും.  ഒന്നാംവർഷം  കൊഴിഞ്ഞുപോകുന്ന വിദ്യാർഥിയെ  ‘അണ്ടർഗ്രാജുവേറ്റ് സർട്ടിഫിക്കറ്റ് കോഴ്സ്' സർട്ടിഫിക്കറ്റ് നൽകിയാണ് പറഞ്ഞയക്കുന്നത്.  രണ്ടാംവർഷം പൂർത്തിയാക്കി ബ്രിഡ്ജ് കോഴ്സും ചെയ്‌തു  പുറത്തുപോകുകയാണെങ്കിൽ  അണ്ടർ ഗ്രാജുവേറ്റ് ഡിപ്ലോമയാണ് നൽകുക. മൂന്നാം വർഷവും ബ്രിഡ്ജ് കോഴ്സും പൂർത്തിയാക്കുമ്പോൾ  ബിരുദം നൽകും. മൂന്നാമത്തെ പരിഷ്കാരമനുസരിച്ച്  ബിരുദ പ്രോഗ്രാമിന്റെ കാലയളവ് നാല് വർഷമാണ്. 

നാലാംവർഷം പൂർത്തിയാക്കുമ്പോൾ ഓണേഴ്സ് ബിരുദം നൽകും. ഇതേ വിദ്യാർഥിക്കുതന്നെ അഞ്ചാമത്തെ പരിഷ്കാരമനുസരിച്ച് ഒരു കോളേജിൽ ബിഎയ്‌ക്ക് പഠിച്ചുകൊണ്ടിരിക്കെ മറ്റൊരു കോളേജിൽ മറ്റൊരു ബിരുദപ്രോഗ്രാമിന്‌  ചേരാവുന്നതാണ്. ക്ലാസ് സമയത്ത് മറ്റുസ്ഥാപനങ്ങളിൽ  പോകരുതെന്നു മാത്രമേ നിബന്ധനയുള്ളൂ.  മൂന്നാമത്തെ പരിഷ്കാരം അനുസരിച്ച്  ഈ വിദ്യാർഥിക്ക് ബിരുദാനന്തരബിരുദം(പിജി) ഒരു വർഷം കൊണ്ടോ രണ്ടുവർഷംകൊണ്ടോ പൂർത്തീകരിക്കാം. മൂന്നുവർഷദൈർഘ്യമുള്ള  ബിരുദമാണ് എടുത്തിട്ടുള്ളതെങ്കിൽ  രണ്ടുവർഷംകൊണ്ടും നാലുവർഷമാണെങ്കിൽ ഒരു വർഷംകൊണ്ടും പൂർത്തീകരിക്കാം. ബിരുദധാരി രണ്ടുവർഷം ദൈർഘ്യമുള്ള പിജിക്ക്‌ ചേർന്ന് ഒരുവർഷം കഴിയുമ്പോൾ പഠനം നിർത്തിയാൽ അയാൾക്ക് പിജി ഡിപ്ലോമ നൽകാനും മൂന്നാമത്തെ പരിഷ്കാരം വ്യവസ്ഥ ചെയ്യുന്നുണ്ട്.

പഠനം നിർത്താം; പുനരാരംഭിക്കാം
ഒരു പ്രോഗ്രാമിന്റെ ഇടയ്‌ക്കുവച്ച് പഠനം നിർത്തിപ്പോകുന്നയാൾക്ക് ബ്രിഡ്ജ് കോഴ്സ്  നിർബന്ധമാണ്. പഠിച്ചതിനുള്ള സർട്ടിഫിക്കറ്റ് നൽകും. ഹാജരായ കാലത്തിന് കണക്കാക്കി ക്രെഡിറ്റ്. ഒരുവർഷം പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ അണ്ടർഗ്രാജുവേറ്റ് സർട്ടിഫിക്കറ്റ് കോഴ്സ് ജയിച്ചതായി കണക്കാക്കും. ഒരുവർഷവും ചില്ലറ മാസങ്ങളുമാണ് പോയതെങ്കിൽ അണ്ടർഗ്രാജുവേറ്റ് സർട്ടിഫിക്കറ്റും ചില്ലറ ക്രെഡിറ്റും. രണ്ടുവർഷവും ഏതാനും മാസങ്ങളുമാണ് പോയതെങ്കിൽ ഡിപ്ലോമയും ചില്ലറ ക്രെഡിറ്റും. നാലുവർഷ കോഴ്സിന് പഠിക്കുന്ന മിടുക്കും മികച്ച ഭൗതിക സൗകര്യങ്ങളുമുള്ള വിദ്യാർഥിക്ക് ജയിക്കാനാവശ്യമായ ക്രെഡിറ്റുകൾ മൂന്നരവർഷംകൊണ്ട് സമ്പാദിക്കാനായാൽ നാലുവർഷ കോഴ്സ്‌ ജയിച്ചതായി കണക്കാക്കും. പഠനം നിർത്തിയവർ അഞ്ചുവർഷത്തിനുള്ളിൽ പഠനം പുനരാരംഭിക്കുകയാണെങ്കിൽ അതുവരെ സമ്പാദിച്ചിട്ടുള്ള ക്രെഡിറ്റ്‌ നിലനിൽക്കും. ഒറ്റനോട്ടത്തിൽ വളരെ വിപ്ലവകരവും ഏറെ പ്രായോഗികവുമായ പരിഷ്‌കാരമെന്ന്‌ തോന്നിപ്പോകും.

പ്രായോഗികതലത്തിൽ ഈ നയം വലിയ കെടുതികളാണ്  വരുത്തിവയ്‌ക്കുക. ഭൂരിഭാഗം സർക്കാർ, സർക്കാർ എയ്ഡഡ് കോളേജുകളിലെ  പിന്നാക്കാവസ്ഥയിൽ നിന്നുള്ള വിദ്യാർഥികൾ കൂട്ടത്തോടെ  പുറത്തു പോകും. പഠിക്കാൻ സ്വൈരാന്തരീക്ഷമുള്ളവരും അടങ്ങാത്ത ആവേശമുള്ളവരുംമാത്രം  അവശേഷിക്കും. അവസാനിപ്പിച്ച പഠനം പിന്നീട് തുടരുന്നത് അത്ര എളുപ്പമല്ല. ഇന്ത്യയിൽ അത് വ്യാപകമായി സംഭവിക്കുന്നുമില്ല. 2018ലെ ദേശീയ സാമ്പിൾ സർവേ കണക്കുകൾ പ്രകാരം ഇന്ത്യയിൽ മൂന്നിനും 35നും ഇടയിൽ പ്രായമുള്ള ഒരിക്കൽ പഠനം അവസാനിപ്പിച്ച 42.3 ശതമാനം ആളുകൾ  തിരിച്ചുവന്നിട്ടില്ല.  ഉന്നതവിദ്യാഭ്യാസ രംഗത്ത് 30.5ശതമാനമാണ് കൊഴിഞ്ഞുപോക്ക് നിരക്ക്. ഡിഗ്രി മൂന്നുവർഷമായിരുന്നിട്ടുപോലും ആറ് ശതമാനം പേർ കൊഴിഞ്ഞുപോകുന്നു. ഡിഗ്രി നാല് വർഷമാകുമ്പോൾ ഇനിയും കൂടും. ജീവിത പ്രയാസങ്ങൾ കാരണം പഠനം അവസാനിപ്പിക്കുന്നവർക്ക്  സ്വൽപ്പം ക്രെഡിറ്റോ ഒരു സർട്ടിഫിക്കറ്റോ ഡിപ്ലോമയോ നൽകി സർക്കാർ കൈയൊഴിയുകയാണ് ചെയ്യുന്നത്.

2030 ആകുമ്പോഴേക്കും ഉന്നതവിദ്യാഭ്യാസത്തിനായി  എത്തുന്ന യുവാക്കളുടെ  തോത്  50 ശതമാനമാക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിലിത് 27 ശതമാനമാണ്. ഇതിനായി ഡിജിറ്റൽ സർവകലാശാല സ്ഥാപിക്കുന്നതോടൊപ്പം ഓൺലൈൻ ഡിഗ്രികളും ഡിപ്ലോമകളും നൽകാൻ സർവകലാശാലകൾക്ക് പുറമേ 900 സ്വയംഭരണ കോളേജിനുകൂടി അനുമതി നൽകുകയാണ്. കൂടാതെ, മുകളിൽ സൂചിപ്പിച്ച ബ്ളെൻഡഡ് ലേർണിങ്‌, അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് എന്നീ പരിഷ്കാരങ്ങളും ഇതേ ഉദ്ദേശ്യത്തോടെയാണ്. യഥാർഥത്തിൽ മേൽ സൂചിപ്പിച്ച മാറ്റങ്ങളുടെയൊന്നും ഗുണങ്ങൾ ഗ്രാമീണമേഖലയിൽ  ലഭിക്കില്ല. രാജ്യത്തെ ജനങ്ങളിൽ 70.9ശതമാനം പേർ ജീവിക്കുന്നത് ഗ്രാമീണമേഖലകളിലാണ്. ഗ്രാമവികസന മന്ത്രാലയം 2018ൽ നടത്തിയ കണക്കെടുപ്പനുസരിച്ച് രാജ്യത്ത് 47 ശതമാനം വീടുകളിൽ മാത്രമേ എട്ട് മണിക്കൂറിൽ കൂടുതൽ വൈദ്യുതി ലഭിക്കുന്നുള്ളൂ.  വെറും 13 ശതമാനം പേർക്ക് മാത്രമേ ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയുന്നുള്ളൂ.

നിഗൂഢതകൾ പുറത്ത്
ഉന്നതവിദ്യാഭ്യാസ യോഗ്യതാചട്ടക്കൂട് പ്രഖ്യാപിച്ചതോടെയാണ്  മുമ്പ്‌ പ്രഖ്യാപിച്ചിരുന്ന പല പരിഷ്കാരങ്ങളുടെയും സാംഗത്യം വെളിവാകുന്നത്.  വിദ്യാഭ്യാസ നയത്തിൽ സമർഥമായി ഒളിപ്പിച്ചുവച്ചിട്ടുള്ള അജൻഡകളെല്ലാം നടപ്പാക്കാനുള്ള സാങ്കേതിക സജ്ജീകരണമാണ് ഇത്. ഈ ചട്ടക്കൂട് നടപ്പാക്കുന്നതോടെ ഏതൊരുസമയത്തും വിദ്യാർഥികൾക്ക് പിരിഞ്ഞു പോകാമെന്നതിനാൽ  യോഗ്യത കണക്കാക്കി സർട്ടിഫിക്കറ്റ് അനുവദിക്കേണ്ടിവരും. ആയതിനാൽ  എല്ലാ കോളേജും സർട്ടിഫിക്കറ്റ് അനുവദിക്കാനുള്ള അധികാരത്തോടുകൂടിയ സ്വയംഭരണ കോളേജുകളാക്കണം. സ്വയംഭരണത്തിന്റെ തണലിൽ ഏറ്റവും നൂതനമായ കോഴ്സുകളും പ്രോഗ്രാമുകളും തുടങ്ങി സ്വകാര്യമേഖലയിൽ വിദ്യാഭ്യാസ വ്യവസായം രൂപപ്പെടുത്താം. സാമ്പത്തികമായും സാമൂഹ്യമായും മുന്നിൽ നിൽക്കുന്നവർ മാത്രമേ  വിദ്യാഭ്യാസരംഗത്ത് ഉന്നതതലംവരെ പഠിക്കുന്നുള്ളൂയെന്ന് ഉറപ്പുവരുത്താം. ഇടയ്ക്ക് പഠനം നിർത്തിപ്പോകുന്ന വിദ്യാർഥിയുടെ തുടർപഠനത്തിനായി ഓൺലൈൻ കോഴ്സുകളും പ്രോഗ്രാമുകളും ആവശ്യമാകും.  മിക്കവാറും പാവപ്പെട്ട വിദ്യാർഥികളെല്ലാം ഇടയ്‌ക്ക് സർട്ടിഫിക്കറ്റ് വാങ്ങി പുറത്തുപോകുന്നതിനാൽ വിദ്യാർഥി സംഘടനകളുടെ, വിശേഷിച്ച് ഇടതുപക്ഷ സാന്നിധ്യം ഇല്ലാതാക്കാൻ കഴിയും.

ഏറ്റവും അടിസ്ഥാനവർഗത്തിൽപ്പെടുന്ന പട്ടികവിഭാഗ വിദ്യാർഥികൾക്കുള്ള ലംപ്സം ഗ്രാൻഡ്‌, സ്റ്റൈപെൻഡ്‌, ട്യൂഷൻ ഫീ, ഹോസ്റ്റൽ ഫീ എന്നിവയടങ്ങിയ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് വരെ അവസാനിപ്പിക്കുകയാണ്.  ഇനിമുതൽ ഈ വിഭാഗം വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. ഇവരും  സമയാസമയം ഫീസ്‌ അടയ്‌ക്കേണ്ടിവരും.
ഇന്ത്യയുടെ ഭാവിരാഷ്ട്രീയമായി കോർപറേറ്റ് ഹിന്ദുയിസത്തെ കാണുന്ന ഭൂരിപക്ഷം സംസ്ഥാനങ്ങളും ഈ നയത്തെ സ്വീകരിച്ചു. കേരളവും തമിഴ്നാടും  ബംഗാളും മാത്രമാണ് എതിർപ്പറിയിച്ചിട്ടുള്ളത്. പഠനമുറികളും അധിക ഹോസ്റ്റൽ മുറികളും ഉന്നതവിദ്യാഭ്യാസ സ്കോളർഷിപ്പുകളും കെ ഫോണും സൗജന്യ ഇന്റർനെറ്റും ഉന്നതവിദ്യാഭ്യാസ ബജറ്റുമൊക്കെയായി പ്രശംസനീയമായ പ്രതിരോധമാണ് കേരളം നടത്തുന്നത്. എന്നാൽ, രാഷ്ട്രീയമായ ചെറുത്തുനിൽപ്പിനോടൊപ്പം ഇക്കാര്യത്തിൽ സമാനമനസ്കരായ സംസ്ഥാന സർക്കാരുകൾക്കൊപ്പം ചേർന്ന്  ഈ നയത്തിന്റെ നിയമപരമായ നിലനിൽപ്പിനെ ചോദ്യം ചെയ്യാനുള്ള സാധ്യതകൂടി നാം അന്വേഷിക്കേണ്ടതുണ്ട്.

(ഉന്നതവിദ്യാഭ്യാസ കൗൺസിൽ അംഗമാണ്‌ ലേഖകൻ )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top