08 December Thursday

ഹിന്ദുത്വ അജൻഡ നടപ്പാക്കാൻ ‘പിഎംശ്രീ’

ഡോ. ആർ വിജയമോഹനൻUpdated: Friday Sep 16, 2022


പുതിയ ദേശീയ വിദ്യാഭ്യാസ നയം (2020) ഉയർത്തുന്ന വെല്ലുവിളികൾക്കെതിരെ അതിശക്തമായ പ്രതിരോധം ഉയർന്നുവരുന്ന വേളയിലാണ് വളരെ തിടുക്കത്തിൽ വിവിധ മാർഗങ്ങളിലൂടെ അത് നടപ്പാക്കാൻ കേന്ദ്രസർക്കാർ നീക്കങ്ങൾ നടത്തുന്നത്. ഇതിന്റെ ഭാഗമായി പിഎംശ്രീ (ഇന്ത്യയുടെ ഉയർച്ചയ്ക്കായുള്ള പ്രധാനമന്ത്രി സ്കൂൾ) എന്ന കേന്ദ്രാവിഷ്കൃത പദ്ധതിക്ക് സെപ്തംബർ ഏഴിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. 2022–-- 23 മുതലുള്ള അഞ്ചുവർഷത്തിൽ 14,500 സർക്കാർ വിദ്യാലയം ഇതുപ്രകാരം മാതൃകാ സ്കൂളുകളാക്കി മാറ്റും. ഇതിനായി 27,360 കോടി രൂപ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ചേർന്ന് ചെലവഴിക്കും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുയോജ്യമായ കഴിവുകളും നൈപുണ്യങ്ങളുമുള്ള വ്യക്തികളെ സൃഷ്ടിക്കുമെന്ന് പദ്ധതി അവകാശപ്പെടുന്നു. ഇതിനായി നവീകരിച്ച അടിസ്ഥാന സൗകര്യങ്ങൾ, അധ്യാപന രീതി, സാങ്കേതികവിദ്യ എന്നിവ ഉപയോഗപ്പെടുത്തും. പൊതുവെ ആകർഷകമെന്നു തോന്നാവുന്ന ഒരു പദ്ധതിയാണ് പിഎംശ്രീ. എന്നാൽ, പുതിയ ദേശീയ വിദ്യാഭ്യാസ നയവുമായും (2020) ഇതിന്റെ ഭാഗമായി ഇപ്പോൾ ഇതര സംസ്ഥാനങ്ങളിൽ നടപ്പാക്കുന്ന വിവിധ വിദ്യാഭ്യാസ നവീകരണ പരിപാടികളുമായും ബന്ധപ്പെടുത്തി വിശകലനം ചെയ്യുമ്പോൾ മാത്രമേ പുതിയ പദ്ധതിയുടെ ഭീഷണികളും അപകടങ്ങളും തിരിച്ചറിയാനാകൂ.

ധാരണപത്രം എന്ന കുടുക്ക്
ഈ പദ്ധതി നടപ്പാക്കണമെങ്കിൽ ആദ്യഘട്ടത്തിൽത്തന്നെ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും തമ്മിൽ ധാരണപത്രത്തിൽ ഒപ്പുവയ്‌ക്കണമെന്ന്‌ രേഖയിൽ പറയുന്നു.  "മാതൃകാ സ്കൂളുകളെ പിന്തുണയ്ക്കുന്നതിനുള്ള കേന്ദ്രത്തിന്റെ പ്രതിബദ്ധത പ്രഖ്യാപിച്ച്‌ ദേശീയ വിദ്യാഭ്യാസനയം  പൂർണമായും നടപ്പാക്കാൻ അനുവദിച്ച് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ധാരണപത്രത്തിൽ ഒപ്പുവയ്ക്കും'. അതായത് കരാറിൽ ഒപ്പുവയ്ക്കുന്ന സംസ്ഥാനങ്ങൾ ദേശീയ വിദ്യാഭ്യാസ നയത്തിലെ അപകടകരമായ കാര്യങ്ങൾ നടപ്പാക്കിയേ മതിയാകൂ എന്നർഥം. പിഎംശ്രീ പദ്ധതി നടപ്പാക്കുന്നത്‌ മുഖ്യമായും കേന്ദ്ര സർക്കാർ പ്രോജക്ടായ "സമഗ്ര ശിക്ഷ' മുഖേനയാണ്. അതുകൊണ്ടുതന്നെ, ധാരണപത്രം ഒപ്പുവച്ചില്ലെങ്കിൽ പ്രസ്തുത പ്രോജക്ടിലൂടെ സംസ്ഥാനങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന ഫണ്ട് ഒരിക്കലും ലഭിക്കില്ല. അതായത് ധാരണപത്രം എന്നത് സംസ്ഥാനങ്ങളെ കുടുക്കാനുള്ള ഒരു കെണിയായിട്ടാണ് കേന്ദ്ര സർക്കാർ ഉപയോഗിക്കാൻ പോകുന്നത്. ധാരണപത്രം ഒപ്പുവച്ച്‌ സംസ്ഥാനങ്ങൾ വിദ്യാഭ്യാസ പദ്ധതികൾ ഏറ്റെടുക്കുന്നത് രാജ്യത്ത് ഇതാദ്യമാണ്. ദേശീയ വിദ്യാഭ്യാസ നയത്തോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, തെലങ്കാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെയാണ് പിഎംശ്രീ എന്ന പുതിയ പദ്ധതി പ്രധാനമായും ഉന്നം വയ്ക്കുന്നത്.

വെല്ലുവിളികളുയർത്തുന്ന
"മാതൃകാ വിദ്യാലയങ്ങൾ'
ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള ധാരണപത്രം ഒപ്പുവയ്ക്കുകയാണെങ്കിൽ മാതൃകാ വിദ്യാലയങ്ങൾ സംസ്ഥാനത്ത് പ്രവർത്തനം ആരംഭിക്കും. എന്തായിരിക്കും ഈ മാതൃകാ വിദ്യാലയങ്ങളുടെ പ്രത്യേകതകൾ? ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അനുഭവങ്ങൾ ഇക്കാര്യം നമുക്ക് വ്യക്തമാക്കിത്തരും. കർണാടകത്തിൽ പുരോഗമന നവോത്ഥാന നായകരെയും അവരുടെ ആശയങ്ങളും പാഠപുസ്തകങ്ങളിൽനിന്ന് ഒഴിവാക്കി. ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് സർക്കാർ ഇതിൽനിന്നു പിന്മാറിയത്. ഉത്തരാഖണ്ഡിലും ഗുജറാത്തിലും ആറുമുതൽ 12 വരെ ക്ലാസുകളിലെ പാഠഭാഗങ്ങളിൽ ഭഗവത്ഗീത ഉൾപ്പെടുത്തി. പഠനഭാരം കുറയ്ക്കാനെന്ന പേരിൽ, പുരോഗമന ആശയങ്ങളും മുഗൾ ഭരണകാലവും ഉൾപ്പെടുന്ന പാഠഭാഗങ്ങൾ എൻസിഇആർടി ഒഴിവാക്കിയതും നമ്മൾ കണ്ടതാണ്. ഇന്ത്യയുടെ അറിവിലും പൈതൃകത്തിലും അഭിമാനം കൊള്ളുക, ഭാരതത്തിന്റെ നാഗരിക ധാർമികതയിലും മൂല്യങ്ങളിലും അഭിമാനം കൊള്ളുക, ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ചൈതന്യം കുട്ടികളിൽ വർധിപ്പിക്കുക...' എന്നിങ്ങനെ പിഎംശ്രീ പദ്ധതി രേഖയിലും ദേശീയ വിദ്യാഭ്യാസ പദ്ധതിയിലെന്നപോലെ കേന്ദ്ര സർക്കാരിന്റെ ഗൂഢലക്ഷ്യം പച്ചയായി പ്രഖ്യാപിച്ചിട്ടുണ്ട്‌. അപ്പോൾ ഈ മാതൃകാ വിദ്യാലയങ്ങളിൽ ഇനി എന്താണ് നടക്കാൻ പോകുന്നതെന്ന് വ്യക്തമാണല്ലോ. മതനിരപേക്ഷതയെന്ന ഭരണഘടനാമൂല്യം കാറ്റിൽപ്പറത്തിക്കൊണ്ട് ഒരു മതാധിഷ്ഠിത വിദ്യാഭ്യാസക്രമം ഇന്ത്യയിൽ നടപ്പാക്കിത്തുടങ്ങിയിരിക്കുന്നു എന്നാണ് നാം ഭയപ്പാടോടെ തിരിച്ചറിയേണ്ടത്.

ആക്രമിക്കപ്പെടുന്ന പൊതു വിദ്യാഭ്യാസം
പരിസരത്തുള്ള സ്കൂളുകൾക്ക് നേതൃത്വവും സഹായവും നൽകുന്നത് ഈ മാതൃകാ സ്കൂളുകളാകുമെന്ന് രേഖയിൽ പറയുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിൽ പരാമർശിക്കുന്ന തരത്തിൽ "സ്കൂൾ കോംപ്ലക്സ്' എന്ന ആശയം നടപ്പാക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. കോത്താരി കമീഷൻ (1964-–-66) മുന്നോട്ടുവച്ച സ്കൂൾ കോംപ്ലക്സ് എന്ന ആശയത്തെ അട്ടിമറിച്ചുകൊണ്ടാണ് പുതിയ സ്കൂൾ കോംപ്ലക്സുകൾ നടപ്പാക്കുന്നത്. എല്ലാത്തരം വിഭവങ്ങളും പരസ്പരം പങ്കുവച്ച്‌ പ്രദേശത്തെ/പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളുടെയും വികസനം സാധ്യമാകത്തക്ക രീതിയിലാണ് കോത്താരി കമീഷൻ സ്കൂൾ കോംപ്ലക്സുകളെ വിഭാവനം ചെയ്തിരുന്നതെങ്കിൽ, ഒരു സ്കൂളിനോട് ലയിപ്പിച്ച് പരമാവധി സർക്കാർ വിദ്യാലയങ്ങൾ പൂട്ടുക എന്നതാണ് പുതിയ വിദ്യാഭ്യാസ നയത്തിൽ സ്വീകരിച്ചിട്ടുള്ള നിലപാട്.  മധ്യപ്രദേശിൽ 15 കിലോമീറ്റർ പരിധിയിൽ നിലവിലുള്ള  വിദ്യാലയങ്ങളുടെ എണ്ണം കുറയ്ക്കാൻ ഉത്തരവിറങ്ങി കഴിഞ്ഞു.  നിതി ആയോഗ് നിർദേശപ്രകാരം 8000 വിദ്യാലയം അടച്ചുപൂട്ടാൻ ഒഡിഷയിൽ നടത്തിയ നീക്കങ്ങൾ സ്കൂൾ മാനേജ്മെന്റ്‌ കമ്മിറ്റികളുടെ (SMC) ഇടപെടലുകളെത്തുടർന്ന് കോടതിയുടെ പരിഗണനയിലാണ്. പൈലറ്റ് പദ്ധതി എന്ന നിലയിൽ കർണാടകത്തിൽ 14,000 വിദ്യാലയം അടച്ചുപൂട്ടാൻ നടപടികളായി. ആർടിഇ (വിദ്യാഭ്യാസത്തിനുള്ള അവകാശം) ഫോറത്തിന്റെ 2015ലെ റിപ്പോർട്ട് പ്രകാരം 2010–- -2014ൽ ഒരു ലക്ഷം സർക്കാർ സ്കൂൾ ഇന്ത്യയിൽ അടച്ചുപൂട്ടി എന്നാണ് കണക്ക്. രാജ്യത്തെ 15 ലക്ഷം വിദ്യാലയത്തിൽ 11 ലക്ഷവും പരിമിതികൾ (unviable) നേരിടുന്നവയാണെന്നും ആയതിനാൽ ഇവ 6.5 ലക്ഷമായി കുറയ്ക്കണമെന്നും നിതി ആയോഗിന്റെ സാത്ത് - ഇ പ്രോഗ്രാം (SATH - E programme) നിഷ്കർഷിക്കുന്നു. ചുരുക്കത്തിൽ, ഒരു പ്രദേശത്ത് ഒരു "മാതൃകാ സ്കൂൾ' ഉയർന്നുവരുമ്പോൾ അതിന്റെ നിശ്ചിത അകലത്തിലുള്ള/പരിസരത്തുള്ള മുഴുവൻ സ്കൂളുകളെയും അത് വിഴുങ്ങുന്ന സ്ഥിതി ഉണ്ടാകുകയാണ്. 

അവ്യക്തതയും അധികാര കേന്ദ്രീകരണവും
മാതൃകാ വിദ്യാലയങ്ങൾ തെരഞ്ഞെടുക്കുന്നതിനുള്ള ഘട്ടങ്ങളെപ്പറ്റി പരാമർശമുണ്ടെങ്കിലും തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളെപ്പറ്റി ഒന്നുംതന്നെ പറയുന്നില്ല. അന്തിമ തെരഞ്ഞെടുപ്പു നടത്തുന്നത് ഒരു വിദഗ്ധ സമിതിയായിരിക്കുമെന്നും പറയുന്നു. മാതൃകാ വിദ്യാലയങ്ങളുടെ പ്രവർത്തന വിലയിരുത്തൽ മാനദണ്ഡങ്ങളും ഇതുവരെ രൂപപ്പെടുത്തിയിട്ടില്ല. എന്നാൽ, വിദ്യാലയങ്ങളെ തെരഞ്ഞെടുക്കുന്ന പ്രക്രിയക്കു മുമ്പുതന്നെ സംസ്ഥാനങ്ങൾ ധാരണപത്രത്തിൽ ഒപ്പുവയ്ക്കണം എന്നാണ് നിഷ്കർഷ. ഒരുതരം ചതിതന്നെ.

(പത്തനംതിട്ട ഡയറ്റ്‌ റിട്ട. പ്രിൻസിപ്പലായ ലേഖകൻ 
വിദ്യാഭ്യാസ പ്രവർത്തകനുമാണ്‌)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top