26 April Friday

വിദ്യാഭ്യാസത്തിന്റെ വിപണിവൽക്കരണം - ഡോ. എ പസ്ലത്തിൽ എഴുതുന്നു

ഡോ. എ പസ്ലത്തിൽUpdated: Monday Sep 6, 2021

രാജ്യത്തെ വിദ്യാഭ്യാസമേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌ ഉയർത്തുകയാണ് ലക്ഷ്യമെന്ന് പുതിയ ദേശീയ വിദ്യാഭ്യാസ നയം ആണയിടുന്നു. പ്രാപ്യമാകുന്നത് (Access), നീതിയുക്തമായത് (Equity), ഗുണമേന്മയുള്ളത് (Quality), താങ്ങാനാകുന്നത് (Affordability), ഉത്തരവാദിത്വമുള്ളത് (Accountability) തുടങ്ങിയ സവിശേഷ സമീപനങ്ങളെ   ഈ നയം ഉപയോഗിക്കുന്നുണ്ട്. എന്നാൽ, തലമുറയെ മുന്നിൽ കാണുന്നതിലും ഭരണഘടനാമൂല്യങ്ങളും നയപരമായ കാഴ്ചപ്പാടുകളും സൂക്ഷിക്കുന്നതിലും അപരിഹാര്യമായ വീഴ്ചകളാണ് പുതിയ വിദ്യാഭ്യാസ നയരേഖയിലുള്ളതെന്ന്  വിശദപരിശോധനയിൽ ബോധ്യമാകും. മതനിരപേക്ഷത, സാമൂഹ്യനീതി, ലിംഗനീതി, അവസരസമത്വം, പ്രാപ്യത, ജനാധിപത്യസമീപനം, സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകൾ, ബഹുസ്വരത തുടങ്ങി വിദ്യാഭ്യാസമേഖലയുടെ അനിവാര്യതകളെ ഈ നയരേഖ സ്പർശിക്കുന്നതേയില്ല. അതുകൊണ്ടുതന്നെ നയം ലക്ഷ്യമിടുന്ന അന്താരാഷ്ട്ര നേട്ടങ്ങളുടെ ഗുണഭോക്താക്കൾ ചില പ്രത്യേക വിഭാഗങ്ങൾ മാത്രമാകും.

തൊഴിൽ സേനയുടെ പരിശീലനമാക്കി വിദ്യാഭ്യാസത്തെ മാറ്റാനുള്ള ശ്രമമല്ല നയമാകേണ്ടത്. തൊഴിൽശേഷി എന്നത് പുതിയ വിജ്ഞാനം ഉൽപ്പാദിപ്പിക്കുന്ന സാഹചര്യത്തിന്റെ ഉപോൽപ്പന്നം മാത്രമാണ്. ഉന്നതവിദ്യാഭ്യാസത്തിന്റെ ആത്യന്തികതയായി തൊഴിൽ പരിശീലനത്തെ കാണുന്നത് മെക്കാളെയുടെ സ്മരണകൾ മനസ്സിൽ ഇരമ്പുന്നതുകൊണ്ടാണ്. കോർപറേറ്റുകളും കുത്തക ഫണ്ടിങ്‌ ഏജൻസികളും വ്യവസായികളും മറ്റുമായി പുലർത്തുന്ന ബന്ധവും വിധേയത്വവുമാകണം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാവി  നിശ്ചയിക്കേണ്ടതെന്ന്‌ പുതിയ നയം പറയുന്നു.

രാജ്യത്തെ മാനവശേഷി വികസന മന്ത്രാലയം ഇനിമുതൽ വിദ്യാഭ്യാസവകുപ്പാകും.  വിജ്ഞാന ഉൽപ്പാദനത്തിനു പകരം കമ്പോളം നിർദേശിക്കുന്ന വിജ്ഞാനത്തിന്റെ വിതരണാവകാശം മാത്രമുള്ള സ്ഥാപനങ്ങളായി വിദ്യാലയങ്ങളും  ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും മാറിയേക്കും. യുജിസി ഇല്ലാതാകുകയും നാഷണൽ ഹയർ എഡ്യൂക്കേഷൻ റെഗുലേറ്ററി അതോറിറ്റി വരികയും ചെയ്യും. ഫണ്ട് ഉൾപ്പെടെയുള്ള കാര്യങ്ങൾ കേന്ദ്രസർക്കാരിന്റെ പൂർണനിയന്ത്രണത്തിലുള്ള ഹയർ എഡ്യൂക്കേഷൻ ഗ്രാന്റ്‌ കൗൺസിലും ഗവേഷണത്തിനുള്ള സാമ്പത്തികസഹായം സ്വയംഭരണാവകാശമുള്ള നാഷണൽ റിസർച്ച് ഫൗണ്ടേഷനും നിയന്ത്രിക്കും. ഘട്ടംഘട്ടമായി ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനം അടച്ചുപൂട്ടേണ്ടിവരും. പൊതുമേഖലാ വിദ്യാഭ്യാസസ്ഥാപനങ്ങൾ  ദുർബലപ്പെടുന്ന സാഹചര്യങ്ങളിലേക്കാണ് കാര്യങ്ങളെത്തുന്നത്. പുത്തൻ വിദ്യാഭ്യാസ നയത്തിനെതിരെ കോളേജ്‌–-സർവകലാശാലാ അധ്യാപക  സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ സമരം ആരംഭിക്കുകയാണ്‌.

പുതിയ വിദ്യാഭ്യാസനയത്തിലെ സ്കൂൾ ഘടനയും വലുത് ചെറുതിനെ വിഴുങ്ങുന്നതിലേക്കും അവിടെ സ്വകാര്യസാധ്യത വികസിപ്പിക്കുന്നതിലേക്കും വഴിതുറക്കും. കേരളംപോലുള്ള സംസ്ഥാനങ്ങൾ പൊതുവിദ്യാഭ്യാസരംഗത്ത്‌ മുന്നോട്ടുവച്ച വലിയ മാതൃകകളെപ്പോലും ഇത് പിന്നോട്ടടിക്കും. പുതിയ നയമനുസരിച്ച്‌  മൂന്നു വയസ്സിൽ തുടങ്ങി എട്ടാം വയസ്സിൽ സ്കൂൾ പഠനത്തിന്റെ ഒന്നാംഘട്ടം പൂർത്തിയാകും. തുടർന്ന് മൂന്നു വർഷത്തിന്റെ രണ്ടു ഘട്ടം. ഒടുവിൽ നാലുവർഷമുള്ള ഘട്ടത്തിൽ 12–-ാം ക്ലാസ് പഠനത്തോടെ പൂർത്തിയാകും.

അവസാനഘട്ടം പൂർണമായും സെമസ്റ്റർ രീതിയിലാകണമെന്നാണ് നിർദേശം. ശാസ്ത്രം, ഗണിതം, ഭാഷ, സാമൂഹം എന്നീ മേഖലകൾ കൂടാതെ ഭാരതീയ സംസ്കാരം, തത്ത്വചിന്ത, ധാർമികത, വഴക്കങ്ങൾ എന്നിങ്ങനെയുള്ള മേഖലകളും പഠനവിഷയങ്ങളാകാം. മാനവികതയുടെ വഴികളല്ല വ്യക്തിപരമായ നേട്ടങ്ങളുടെ വഴി മാത്രമാണ് ശരിയെന്ന പുതിയ ബോധം വളർത്തുകയാണ്‌ അവിടെ.   ബിരുദപഠനം നാലു വർഷമായി  മാറും.  സർവകലാശാലകൾ  പൂർണമായും ഗവേഷണരംഗത്തും വ്യത്യസ്തതയുള്ള ഗവേഷണാത്മക പഠനരംഗത്തും മാത്രം പ്രവർത്തിച്ചാൽ മതിയെന്നാണ് നിർദേശം.   ഗുണമേന്മയേക്കാൾ വിദ്യാഭ്യാസ മേഖലയിൽനിന്നുള്ള സർക്കാരിന്റെ പിന്മാറ്റവും അതിവേഗം സ്വകാര്യവൽക്കരണവും സാധ്യമാക്കുകയാണ് ഈ നയത്തിലൂടെയെന്ന്‌ പറയേണ്ടിവരും.  കോർപറേറ്റുകൾ  രാജ്യത്തെ വിദ്യാഭ്യാസം സ്വന്തമാക്കുകയും ഭരണകൂടം അവരുടെ ലക്ഷ്യം പൂർത്തിയാക്കുകയും ചെയ്യും.

(ഫെഡറേഷൻ ഓഫ്‌ യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ്‌ അസോസിയേഷൻ ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top