25 April Thursday

പാവങ്ങളെ പുറത്താക്കുന്ന
‘അക്കാദമിക്‌ ക്രെഡിറ്റ്‌ ബാങ്ക്‌ ’

ഡോ. കെ കെ ദാമോദരൻUpdated: Wednesday Aug 4, 2021

പുതിയ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കിയതിന്റെ ഒന്നാംവാർഷികത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തിലൂടെ ഉന്നതവിദ്യാഭ്യാസരംഗത്ത് വലിയ വേർതിരിവുകൾക്കും തിരസ്കാരങ്ങൾക്കും കാരണമാകാൻ പോകുന്ന അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് (എബിസി)നിലവിൽ വന്നിരിക്കുകയാണ്. ഇനിമുതൽ ബിരുദ പ്രോഗ്രാമുകൾക്ക് ചേരുന്ന വിദ്യാർഥി, പഠനം തീരുന്നതുവരെ ഒരു സ്ഥാപനത്തിൽത്തന്നെ തുടരണമെന്നില്ല. ഒരു പ്രോഗ്രാമിലെ ഏതെല്ലാം വിഷയം ഏതെല്ലാം സ്ഥാപനത്തിൽനിന്ന്‌ പഠിക്കണമെന്നത് ഓരോരുത്തരുടെ കഴിവും പ്രാപ്തിയും പരിഗണിച്ച് സ്വയം തീരുമാനിക്കാം.

പദ്ധതി: ഒരാഴ്ചയിൽ ഒരു മണിക്കൂർ ക്ലാസ് ലഭിക്കുന്ന ഒരു വിഷയം ഒരു സെമസ്റ്റർ പഠിച്ച്, പരീക്ഷ പാസായാൽ ഒരു ‘അക്കാദമിക് ക്രെഡിറ്റ്’ ലഭിക്കും. ഒരാഴ്ചയിൽ അഞ്ചുമണിക്കൂർ ക്ലാസ്‌ ലഭിക്കുന്ന വിഷയമാണെങ്കിൽ അഞ്ച്‌ ക്രെഡിറ്റ് ലഭിക്കും. ഓരോ വിഷയത്തോടും ബന്ധിപ്പിച്ചിട്ടുള്ള ക്രെഡിറ്റിന്റെ എണ്ണം വ്യത്യസ്തമായിരിക്കും. ഒരു പ്രോഗ്രാം പാസായി ബിരുദം നേടണമെങ്കിൽ ഫൈനൽ പരീക്ഷയിൽ നിശ്ചിതശതമാനം മാർക്ക് വേണമെന്നതിനുപകരം ആകെ നിശ്ചിത എണ്ണം ക്രെഡിറ്റ് വേണമെന്നതായിരിക്കും നിബന്ധന. ബിരുദം നേടാൻ ആവശ്യമായ നിശ്ചിത എണ്ണം ക്രെഡിറ്റ് ഏതെല്ലാം വിഷയങ്ങൾ പഠിച്ച്‌ നേടണമെന്നും ഓരോരോ വിഷയവും ഏതേത് സ്ഥാപനത്തിൽനിന്ന്‌ പഠിക്കണമെന്നും വിദ്യാർഥിക്ക് തീരുമാനിക്കാം. ഇങ്ങനെ വ്യത്യസ്ത സ്ഥാപനങ്ങളിലും വിഷയങ്ങളിലും കാലങ്ങളിലും സമ്പാദിക്കുന്ന ക്രെഡിറ്റുകളുടെ കണക്ക് വിദ്യാർഥിയുടെ അക്കൗണ്ടിലാക്കി സൂക്ഷിക്കുന്ന സ്ഥാപനമാണ് അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് അല്ലെങ്കിൽ എബിസി.

2021 ജൂലൈ 29ന് പ്രസിദ്ധീകരിച്ച റെഗുലേഷൻ പ്രകാരം സർവകലാശാലകൾ, കൽപ്പിത സർവകലാശാലകൾ, സ്വയംഭരണ കോളേജുകൾ എന്നിവയ്ക്ക് നിശ്ചിത ഫീസ് നൽകി ഇതിൽ അംഗത്വമെടുക്കാം. എന്നാൽ, ഈ സ്ഥാപനങ്ങൾ നാഷണൽ അസസ്‌മെന്റ് ആൻഡ്‌ അക്രെഡിറ്റേഷൻ കൗൺസിലിന്റെ (നാക്‌) വിലയിരുത്തലിൽ എ ഗ്രേഡ് നേടിയതോ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ്‌ ഫ്രെയിംവർക്കിന്റെ( എൻഐആർഎഫ്‌) റാങ്കിങ്ങിൽ 100 റാങ്കിനുള്ളിൽ പെടുന്നതോ ആയിരിക്കണം . എബിസി അംഗങ്ങളായ സ്ഥാപനങ്ങളിൽ ചേർന്ന വിദ്യാർഥികളിൽ താൽപ്പര്യമുള്ളവർക്ക് നിശ്ചിത തുകനൽകി അക്കാദമിക് ക്രെഡിറ്റ് അക്കൗണ്ട് തുടങ്ങാം. അക്കൗണ്ടെടുത്തിട്ടുള്ള വിദ്യാർഥി എബിസി അംഗത്വമുള്ള വിവിധ സ്ഥാപനത്തിൽനിന്ന്‌ വ്യത്യസ്ത വിഷയങ്ങളിൽ സമ്പാദിക്കുന്ന ക്രെഡിറ്റുകൾ നിശ്ചിത എണ്ണമാകുമ്പോൾ പ്രോഗ്രാം പൂർത്തീകരിച്ചതായി കരുതുകയും ആദ്യം ചേർന്ന കോളേജ്/സർവകലാശാല ബിരുദം അനുവദിക്കുകയും ചെയ്യും.

ആവശ്യമായ ക്രെഡിറ്റുകളിൽ 50 മുതൽ 70 ശതമാനംവരെ ക്രെഡിറ്റുകൾ മറ്റുസ്ഥാപനങ്ങളിൽനിന്ന്‌ എടുക്കാനനുവാദമുണ്ട്. ഇടയ്‌ക്കു പഠനം നിർത്തേണ്ടിവന്നാലും എടുത്ത ക്രെഡിറ്റുകൾ എബിസിയിൽ ഏഴുവർഷംവരെ ഉണ്ടാകും. ഈ കാലയളവിനുള്ളിൽ പഠനം പുനരാംഭിക്കാം, അല്ലെങ്കിൽ ക്രെഡിറ്റുകൾ കൂട്ടിച്ചേർത്ത് ബിരുദത്തിന് ബദലായി ഡിപ്ലോമയോ സർട്ടിഫിക്കറ്റോ സമ്പാദിക്കാം.

അവകാശപ്പെടുന്ന നേട്ടങ്ങൾ
വിദ്യാർഥികൾക്ക് ഉയർന്ന ചലനാത്മകത ഉറപ്പുനൽകുന്ന സംവിധാനമാണ്‌ എന്നതാണ്‌ പ്രധാന നേട്ടമായി പറയുന്ന ഒരു കാര്യം. ഒരു പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാർഥി കോളേജിൽ ലഭ്യമായ വിഷയങ്ങൾ മാത്രമേ പഠിക്കാവൂ എന്ന നിബന്ധനയില്ല. എബിസി അംഗത്വമുള്ള സ്ഥാപനങ്ങൾ കൂട്ടായി ഒരുക്കുന്ന വലിയ സഞ്ചയത്തിൽനിന്ന്‌ വിഷയങ്ങൾ തെരഞ്ഞെടുക്കാം. സർവകലാശാലയിൽനിന്ന്‌ മറ്റൊന്നിലേക്ക് മാറാനോ സംസ്ഥാനത്തുനിന്ന്‌ മറ്റൊരിടത്തേക്ക്‌ മാറാനോ തടസ്സങ്ങൾ ഉണ്ടാകില്ല. എബിസി അംഗമായ സ്ഥാപനത്തിൽനിന്ന്‌ നേടിയ ക്രെഡിറ്റ് അംഗസ്ഥാപനങ്ങൾ അംഗീകരിക്കും. വരവുപോക്കിനുള്ള സ്വാതന്ത്ര്യം: ഒരു പ്രോഗ്രാമിൽ ചേർന്നാൽ അത് പൂർത്തിയാക്കിയേ പുറത്തുപോകാവൂ എന്നില്ല. സാഹചര്യം പ്രതികൂലമായാൽ പഠനം നിർത്തുകയും അനുകൂലമായാൽ വീണ്ടും തുടങ്ങുകയും ചെയ്യാം. നിർമിത ബിരുദം: തന്റെ ബിരുദം ഏതെല്ലാം വിഷയത്തിലൂടെ നേടണമെന്നും ഏതെല്ലാം സംസ്ഥാനത്തെ ഏതൊക്കെ സ്ഥാപനങ്ങളിലൂടെ പൂർത്തിയാക്കണമെന്നും വിദ്യാർഥിക്ക്‌ തീരുമാനിക്കാം. ഒരു ക്ലാസിലെ ഓരോ വിദ്യാർഥിക്കും വ്യത്യസ്ത ഉള്ളടക്കമുള്ള ബിരുദമായിരിക്കും ലഭിക്കുക.

ബഹുവിജ്ഞാന പഠനം: എബിസി സൗകര്യത്തിന്റെ പശ്ചാത്തലത്തിൽ ഏതെങ്കിലും ബിരുദ പ്രോഗ്രാമിന് ചേർന്നാൽത്തന്നെ താൽപ്പര്യമുള്ള നിരവധി വിഷയത്തിൽ പരിജ്ഞാനം നേടാം.ഇത്രയൊക്കെയാണ്‌ ഈ പരിഷ്കാരത്തിന്റെ പ്രധാന നേട്ടമായി പറയുന്നത്. ഇക്കാര്യങ്ങളിലൊന്നും വലിയ തർക്കമുന്നയിക്കാനും കഴിയില്ല. എന്നാൽ, തെരഞ്ഞെടുക്കാനുള്ള കോഴ്സുകളുടെ എണ്ണം ഓരോ കോളേജിലും പരിമിതമാണെന്നതും ഇഷ്ടപ്പെട്ട കോഴ്സുകൾ പലപ്പോഴും വിദൂരദേശങ്ങളിലാകും എന്നതും പ്രയാസംതന്നെ. അനിവാര്യമായ ഘട്ടങ്ങളിൽ സ്ഥാപനം മാറേണ്ടിവരുമ്പോൾ നേരിടുന്ന പ്രയാസം, പഠനം തടസ്സപ്പെട്ടാൽ വീണ്ടും തുടങ്ങാനാവശ്യമായ നൂലാമാല എന്നിവയും പ്രശ്‌നങ്ങൾ. പ്രഖ്യാപിച്ചവിധം എബിസിപദ്ധതി നടപ്പിൽവരുന്നതിലൂടെ ചുരുക്കം വിദ്യാർഥികൾക്കേ ഗുണം ലഭിക്കുകയുള്ളൂ എന്നതാണ്‌ മുഖ്യപ്രശ്‌നം. വിദ്യാഭ്യാസരംഗത്ത് അസ്വസ്ഥതകൾ സൃഷ്ടിക്കാനും വിദ്യാർഥികൾക്കിടയിൽ വേർതിരിവുണ്ടാക്കാനും കുലീന വർഗങ്ങളുടെ മാത്രമായ ഉപവ്യവസ്ഥ സൃഷ്ടിക്കാനും കാരണമാകും.


 

2020 മാർച്ചിലെ അഖിലേന്ത്യ ഉന്നതവിദ്യാഭ്യാസ സർവേ പ്രകാരം രാജ്യത്ത് 1043 സർവകലാശാലയിലും 42,343 കോളേജിലും ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളടക്കം 11,779 സ്വതന്ത്രസ്ഥാപനത്തിലുമായി നേരിട്ടും അല്ലാതെയും 3.85 കോടി വിദ്യാർഥികൾ പഠിക്കുന്നുണ്ട്. 18--23 പ്രായപരിധിയിലെ 27.1 ശതമാനം പേർക്കുമാത്രമാണ്‌ ഉന്നതവിദ്യാഭ്യാസരംഗത്ത് എത്തിപ്പെടാൻ കഴിയുന്നത്‌. ഇതിൽ 11 ശതമാനം വിദൂരവിദ്യാഭ്യാസം വഴി പഠിക്കുന്നവരാണ്. ഇവരെല്ലാം ഉന്നതവിദ്യാഭ്യാസ വ്യവസ്ഥയുടെ പരിമിതികൾ സൃഷ്ടിക്കുന്ന പ്രയാസങ്ങൾ അനുഭവിക്കുന്നവരാണ്. എബിസി പദ്ധതി സർക്കാരിന്റെതന്നെ കണക്കുകൾപ്രകാരം വിദ്യാർഥിസമൂഹത്തിലെ 96 ശതമാനം പേരെയും പുറത്തുനിർത്തുന്നതാണ് എന്നത് ഏറെ ആശങ്ക ജനിപ്പിക്കുന്നു.

സർവകലാശാലകളിലെ പഠനവകുപ്പുകളിലും കോളേജുകളിലുമായി എംഫിൽ, പിഎച്ച്‌ഡി, പിജി പ്രോഗ്രാമുകൾക്ക് പഠിക്കുന്ന ഏതാണ്ട് 44.1 ലക്ഷം പേർക്ക് ഈ പരിഷ്കാരത്തിന്റെ ഗുണം ലഭിക്കില്ല. മേൽപ്പറഞ്ഞ കോഴ്സുകൾ പദ്ധതിക്കു പുറത്താണ് എന്ന കാരണത്താലാണത്. എന്നാൽ, ബിരുദ പ്രോഗ്രാമുകൾ പദ്ധതിക്കകത്താണെങ്കിൽപ്പോലും അവ നടത്തുന്ന ഇന്ത്യയിലെ 42,343 കോളേജിൽ, ഓട്ടോണമസ് പദവിയുള്ള 832 കോളേജിനു മാത്രമേ പദ്ധതിയിൽ പ്രവേശിക്കാനാകൂ. 1043 സർവകലാശാല ഉണ്ടെങ്കിലും 174 സർവകലാശാലയ്‌ക്കു മാത്രമാണ്‌ നാക്‌ എ ഗ്രേഡ് അക്രെഡിറ്റേഷനുള്ളത്‌. നിലവിൽ ഒരു സർവകലാശാലയിൽ എബിസി പദ്ധതിയിൽ ഉൾപ്പെടുത്താവുന്ന കോഴ്സുകൾക്ക് പഠിക്കുന്ന കുട്ടികളുടെ ശരാശരി എണ്ണം 5403 ആണ്. അപ്പോൾ എ ഗ്രേഡ് അക്രെഡിറ്റേഷനുള്ള 174 എണ്ണത്തിലായി 9.4 ലക്ഷം വിദ്യാർഥികളാണുണ്ടാകുക. സ്വയംഭരണ കോളേജുകളിലാകട്ടെ, ശരാശരി എണ്ണം 641. അതനുസരിച്ച് 832 ഓട്ടോണമസ് കോളേജിൽ (ഇവയെല്ലാംതന്നെ എ ഗ്രേഡ് കോളേജ് ആണെന്നുതന്നെ കരുതുക) 5.3 ലക്ഷം കുട്ടികളുണ്ടാകും. കോളേജുകളിലും സർവകലാശാലകളിലുമായി 14.7 ലക്ഷം പേർക്കാണ് ഈ പദ്ധതിപ്രകാരം പ്രയോജനം ലഭിക്കുക. ഇത് ഉന്നതവിദ്യാഭ്യാസരംഗത്തെ ആകെ വിദ്യാർഥികളുടെ 3.8 ശതമാനംമാത്രം.

ഉന്നതവിദ്യാഭ്യാസരംഗത്തെ സ്വാതന്ത്ര്യപ്രഖ്യാപനമെന്ന് അഹങ്കരിക്കുന്ന ഈ പരിഷ്കാരം എന്തുകൊണ്ട് പഞ്ചനക്ഷത്രസൗകര്യങ്ങളുള്ള സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കു മാത്രമായി പരിമിതപ്പെടുത്തി എന്ന ചോദ്യം പ്രസക്തമാണ്. പ്രധാനപ്പെട്ട കാരണം, നിലവിൽ പ്രഖ്യാപിത അക്കാദമിക ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ അമ്പേ പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന ആർട്സ് ആൻഡ്‌ സയൻസ് സ്വയംഭരണ കോളേജുകളെ കൂടുതൽ കുട്ടികളെ ആകർഷിക്കാൻ സഹായിക്കലാണ്‌. പിന്നാലെ, മറ്റ്‌ അഫിലിയേറ്റഡ് കോളേജുകളെയെല്ലാം സ്വയംഭരണപദവി സ്വീകരിക്കുന്നതിന്‌ നിർബന്ധിതരാക്കുകയും അതുവഴി ദേശീയ വിദ്യാഭ്യാസനയം 2020 വിഭാവനംചെയ്ത സ്വയംഭരണ കോളേജുകൾ മാത്രമുള്ള രാജ്യം എന്ന ലക്ഷ്യത്തിലേക്ക് കുറഞ്ഞ സമയത്തിനുള്ളിൽ കുറുക്കുവഴിയിലൂടെ എത്തിപ്പെടുക എന്നതും ഈ പരിപാടിയുടെ മുഖ്യ ഊന്നലാണ്‌.

വാസ്തവത്തിൽ രാജ്യത്തെ സാധാരണക്കാർക്കുകൂടി ഗുണം ലഭിക്കുന്ന തരത്തിലുള്ള ഏതാനും നിർദേശങ്ങൾ ദേശീയ വിദ്യാഭ്യാസ നയത്തിലുണ്ട്. പക്ഷേ, ഇവയൊന്നും പരിഗണിക്കുന്നില്ല. അതെല്ലാം സർക്കാർ പണം മുടക്കേണ്ട കാര്യങ്ങളാണ്‌. ഒരു പണച്ചെലവുമില്ലാത്ത, എന്നാൽ ഉന്നതവിദ്യാഭ്യാസരംഗത്തെ കൂടുതൽ വ്യാപാരസൗഹൃദമാക്കുന്ന നിർദേശങ്ങൾ തെരഞ്ഞുപിടിച്ച്‌ ഒളിച്ചുകടത്തുകയാണ് കേന്ദ്രസർക്കാർ.

എബിസിയുടെ അനന്തരഫലങ്ങൾ
നിലവിലെ കോളേജുകളെല്ലാം താമസിയാതെ സ്വയംഭരണ കോളേജുകളാകും. അവ സാമൂഹ്യനിയന്ത്രണങ്ങൾക്ക് പുറത്തുനിന്ന്‌ പ്രവർത്തിക്കുന്നവയാകയാൽ സാമൂഹ്യ-, സാമ്പത്തിക അവശതയനുഭവിക്കുന്ന വിഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികളെല്ലാം ഉന്നതവിദ്യാഭ്യാസരംഗത്തുനിന്ന്‌ എന്നെന്നേക്കുമായി പുറന്തള്ളപ്പെടും. കോഴ്സുകൾ തുടങ്ങാനും ഫീസ് നിശ്ചയിക്കാനും ആരുടെയും അനുവാദം വേണ്ടാത്തതിനാൽ പുതിയ വിദ്യാഭ്യാസനയത്തിൽ പറഞ്ഞ വലിപ്പത്തിലേക്ക് സ്വയംഭരണ കോളേജുകൾ വളരും. സ്വയംഭരണമാർജിക്കാൻ കഴിയാത്ത കോളേജുകൾ സർവകലാശാലകളുടെ ഭാഗമാകും.

സർവകലാശാലകൾ ബിരുദപ്രോഗ്രാമുകൾ നടത്തില്ല. സ്വയംഭരണ കോളേജുകളിൽ പിജി, ഗവേഷണം എന്നീ കോഴ്സുകൾ അവസാനിപ്പിക്കും. ഡിഗ്രി, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾമാത്രം നടത്തപ്പെടും. ഇവ പ്രത്യേകം പ്രോഗ്രാമുകൾ ആയിരിക്കില്ല. നാലുവർഷ ഡിഗ്രി പ്രോഗ്രാമിൽനിന്ന്‌ ഒരുവർഷം പഠിച്ചിറങ്ങുമ്പോൾ സർട്ടിഫിക്കറ്റ്, രണ്ടുവർഷക്കാർക്ക് ഡിപ്ലോമ എന്നിങ്ങനെ. ഡിഗ്രി പഠിച്ചിറങ്ങുന്നവരുടെ മികവ് നിശ്ചയിക്കുന്നത് എത്രശതമാനം മാർക്ക് കിട്ടി എന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കില്ല, ഏതെല്ലാം വിലയേറിയ സ്ഥാപനങ്ങളിൽനിന്ന്‌ ക്രെഡിറ്റുകൾ എടുത്തു എന്നതിന്റെ അടിസ്ഥാനത്തിലാകും. ഓരോ വിദ്യാർഥിയും എത്രയൊക്കെ ക്രെഡിറ്റുകൾക്കുവേണ്ടിയാണ് പഠിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും സ്ഥാപനം ഓരോരുത്തരുടെയും ഫീസ് നിശ്ചയിക്കുന്നത്. കേരളത്തിൽ കലിക്കറ്റ്‌, എംജി, കേരള, കുസാറ്റ്‌ എന്നീ സർവകലാശാലകൾ ഒഴികെ ബാക്കി കേന്ദ്രസർവകലാശാല(കാസർകോട്‌) ഉൾപ്പടെ പദ്ധതിക്ക് പുറത്താകും. അങ്ങനെ രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ മക്കളെല്ലാം പുറത്താകുന്നതോടെ, നോക്കിനിൽക്കാൻ നിരവധി കാഴ്ചക്കാരുള്ള ഒരു ‘മഹാസംഭവമായി’ ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസം മാറും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top