23 April Tuesday
ഇന്ന്‌ ദേശീയ അർബുദ ബോധവൽക്കരണദിനം

തുടക്കത്തിൽ കണ്ടെത്തുക പ്രധാനം, ഭേദമാക്കാം

വെബ് ഡെസ്‌ക്‌Updated: Monday Nov 7, 2022


ഹൃദ്‌രോഗം കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ മരണത്തിനിടയാക്കുന്ന രോഗമാണ് അർബുദം. അർബുദം ഉണ്ടെന്നു  കണ്ടുപിടിച്ചാൽ മരണവാറന്റ്‌ കിട്ടിയതിനു സമാനമായിട്ടാണ് പണ്ടൊക്കെ കണക്കാക്കിയിരുന്നത്‌. എന്നാൽ, ഇന്ന് സ്ഥിതി മാറി. മറ്റേതൊരു രോഗവുംപോലെ കൈകാര്യം ചെയ്യാവുന്നതും ആരംഭത്തിലേ കണ്ടുപിടിച്ചാൽ ഉചിതമായി ചികിൽസിച്ചു ഭേദമാക്കാവുന്നതുമായ  രോഗമാണ്‌ ഇത്‌. ശരീരത്തിലെ  ജീനുകളുടെ  ഉൽപ്പരിവർത്തനംമൂലം  കോശങ്ങളുടെ അനിയന്ത്രിതമായ വിഭജനത്താൽ  സംജാതമാകുന്ന നൂറിൽപ്പരം രോഗങ്ങൾക്ക്‌ പൊതുവെ പറയുന്ന പേരാണ് അർബുദം.

ഇന്ത്യയിൽ 2020ൽ അകെ 1,392,179 അർബുദ രോഗികൾ ചികിത്സയ്‌ക്ക്‌ എത്തിയതായാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനതലത്തിൽ നോക്കിയാൽ ഏറ്റവും കൂടുതൽ അർബുദ രോഗികളുള്ളത് നമ്മുടെ കൊച്ചു കേരളത്തിലാണെന്നു കാണാം. ശരാശരി ഒരുലക്ഷം പേരിൽ 135 പേർ അർബുദബാധിതരാണ്. നമ്മുടെ ആയുർദൈർഘ്യം, ജീവിതശൈലിയിലെ പാശ്ചാത്യവൽക്കരണം എന്നിവയാകാം ഇതിന്റെ കാരണമെന്നു കരുതുന്നു. കേരളത്തിൽ കണ്ടുവരുന്ന അർബുദങ്ങളിൽ മൂന്നിൽ രണ്ടുഭാഗവും (ശ്വാസകോശാർബുദം, സ്തനാർബുദം, പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ അർബുദം, വായിലെ അർബുദം, ഗർഭാശയഗള അർബുദം) പ്രതിരോധ സാധ്യമോ അല്ലെങ്കിൽ ആരംഭത്തിലേ കണ്ടുപിടിച്ചു ചികിൽസിച്ചു ഭേദമാക്കാവുന്നവയോ ആണെന്നുള്ളത് ആശാവഹമായ ഒരു വസ്തുതയാണ്.

അർബുദത്തിന്റെ  ആരംഭലക്ഷണങ്ങളും അവ കണ്ടുപിടിക്കേണ്ട രീതികളും പ്രതിരോധമാർഗങ്ങളും സാധാരണക്കാരെ മനസ്സിലാക്കിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അർബുദ ചികിത്സയ്ക്ക്‌ ഉപയോഗിക്കുന്ന റേഡിയം കണ്ടുപിടിച്ച  മാഡംക്യുറി എന്ന നൊബേൽ സമ്മാനജേതാവായ ശാസ്ത്രജ്ഞയുടെ ജന്മദിനമായ നവംബർ ഏഴ്‌ ദേശീയ അർബുദ ബോധവൽക്കരണ ദിനമായി ആചരിക്കുന്നത്.

അർബുദരോഗ രജിസ്ട്രിയിലുള്ള 2021ലെ വിവരങ്ങൾ അനുസരിച്ച്‌ ശ്വാസകോശ അർബുദമാണ് കേരളത്തിൽ പുരുഷന്മാരിൽ കണ്ടുവരുന്ന അർബുദരോഗങ്ങളിൽ ഏറ്റവുംകൂടുതൽ.

സംസ്ഥാനത്ത്‌ നിലവിലുള്ള മൂന്ന് അർബുദരോഗ രജിസ്ട്രിയിലുള്ള 2021ലെ വിവരങ്ങൾ അനുസരിച്ച്‌ ശ്വാസകോശ അർബുദമാണ് കേരളത്തിൽ പുരുഷന്മാരിൽ കണ്ടുവരുന്ന അർബുദരോഗങ്ങളിൽ ഏറ്റവുംകൂടുതൽ. പുകവലി‍, പാറ, ജലാശയം, മണ്ണിൽനിന്നുമൊക്കെ ഉത്ഭവിക്കുന്ന റാഡോൺ എന്ന പ്രകൃതിവാതകവുമായുള്ള തുടർച്ചയായ ബന്ധം, ആസ്ബസ്റ്റോസ്, ആഴ്സനിക് തുടങ്ങിയ അർബുദജന്യ രാസവസ്തുക്കളുമായി ബന്ധപ്പെട്ടുള്ള ജോലിചെയ്യുന്നത്,  റേഡിയേഷൻ എന്നിവയാണ്  രോഗം ഉണ്ടാക്കാനിടയാക്കാവുന്ന കാരണങ്ങളായി കണ്ടുപിടിച്ചിട്ടുള്ളത്.

ആഗോളതലത്തിൽ സ്ത്രീകളിലെ അർബുദങ്ങളിൽ പ്രഥമ സ്ഥാനത്താണ് സ്തനാർബുദം.  പ്രായം, വ്യായാമക്കുറവ്, പൊണ്ണത്തടി, ഹോർമോണുകളുടെ ഉപയോഗം, മുലയൂട്ടാതിരിക്കൽ, രക്തബന്ധുക്കളിൽ സ്തനാർബുദബാധ എന്നിങ്ങനെ  പല കാരണത്താൽ  രോഗം വരാം. ആരംഭത്തിൽ കണ്ടുപിടിച്ചാൽ ഏതാണ്ട് പൂർണമായും ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണ്‌ ഇത്. സ്തനസ്വയംപരിശോധന, പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരെക്കൊണ്ടുള്ള പരിശോധന, മാമ്മോഗ്രാഫി എന്നിവയിലൂടെ ഈ രോഗം ആരംഭത്തിൽ കണ്ടുപിടിക്കാവുന്നതാണ്.

കേരളത്തിൽ പുരുഷന്മാരിൽ കണ്ടുവരുന്ന അർബുദങ്ങളിൽ  രണ്ടാംസ്ഥാനത്ത്‌ പ്രോസ്റ്റേറ്റ് ഗ്രന്ധിയിലേതാണ്. പ്രായാധിക്യമാണ് ഈ രോഗത്തിന്റെ പ്രധാന കാരണമായി കണക്കാക്കുന്നത്. തുടരെത്തുടരെ മൂത്രമൊഴിക്കാൻ  തോന്നൽ, മൂത്രം പോയിത്തുടങ്ങാൻ താമസം, മൂത്രം മുറിഞ്ഞുമുറിഞ്ഞു പോകുക  മൂത്രംപോകുമ്പോൾ വേദനയും എരിച്ചിലും ഉണ്ടാകുക, മൂത്രത്തിലോ ശുക്ലത്തിലോ രക്തം കാണുക, ഉദ്ധാരണശേഷിയില്ലാതാകുക എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. 

പുരുഷന്മാരിലെ അർബുദങ്ങളിൽ മൂന്നാംസ്ഥാനത്തും സ്ത്രീകളിൽ അഞ്ചാംസ്ഥാനത്തും  കാണുന്നത് വായിലെ അർബുദമാണ്. പുകയിലയുടെയും അതിന്റെ മറ്റുൽപ്പന്നങ്ങളുടെയും ഉപയോഗം, അഗ്രം കൂർത്തപല്ലുകൾ / കൃത്രിമ പല്ലുസെറ്റ്  ഉരയുന്നത്‌, ഹ്യൂമൻ പാപ്പിലോമാ വൈറസ് ബാധ, വിറ്റാമിൻ എയുടെ കുറവ് എന്നിവയാണ് ഈ രോഗത്തിന്റെ കാരണങ്ങളായി കണക്കാക്കുന്നത്.

നമ്മുടെ സ്ത്രീകളിൽ കണ്ടുവരുന്ന അർബുദങ്ങളിൽ നാലാംസ്ഥാനത്ത്‌ ഗർഭാശയഗള അർബുദമാണ്. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഉയർന്ന അപകടസാധ്യതയുള്ള ഇനം. ഹ്യൂമൻ പാപ്പിലോമാ വൈറസുകളുടെ തുടർച്ചയായുള്ള ബാധയാണ് ഈ രോഗത്തിന്റെ കാരണങ്ങളിൽ പ്രധാനി.
കേരളത്തിൽ അർബുദം ആരംഭത്തിലേ കണ്ടുപിടിക്കാനുള്ള മിക്കവാറും എല്ലാ പരിശോധനയും ലഭ്യമാണ്. സംസ്ഥാന അർബുദ നിയന്ത്രണ  പരിപാടിയനുസരിച്ച്‌ ആർസിസികളിലേതിനു പുറമെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ജില്ലാ ആശുപത്രികളിലും  പരിശോധനകൾ നടത്താം.

(ആർസിസിയിലെ കാൻസർ റിസർച്ച്‌ വിഭാഗം മുൻ അഡീഷണൽ പ്രൊഫസറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top