25 April Thursday

സമരം ആരാധനാലയങ്ങളെ തൊടുമ്പോൾ; മൗദൂദികളുടെ ആയുധമാകുന്ന മുസ്ലിംലീഗ്

അഡ്വ. സി ഷുക്കൂർUpdated: Wednesday Dec 1, 2021

ആരാധനാലയങ്ങൾ / മതചിഹ്നങ്ങൾ രാഷ്ട്രീയ പ്രചരണങ്ങൾക്കും നേട്ടങ്ങൾക്കും വേണ്ടി ഉപയോഗപ്പെടുത്തുന്നത് തീ കൊണ്ട് തല ചൊറിയുന്നതിനു തുല്യമാണ്. അതിനു രാജ്യത്ത് നിയമപരമായ വിലക്കും ഉണ്ട്. വെള്ളിയാഴ്‌ച ജുമഅ നമസ്‌കാരത്തിനു വേണ്ടിയാണ് ഇസ്ലാം മത വിശ്വാസികൾ പള്ളികളിൽ ഒരുമിച്ചു കൂടുന്നത്. സാധാരണ ളുഅർ നിസ്‌കാരത്തിനു നാലു റക്കഅത്താണ് നിസ്‌കാരം. വെള്ളിയാഴ്‌ച രണ്ട് ഖുത്തുബയും രണ്ട് റകഅത്ത് നിസ്‌കാരവുമാണ് നിർബന്ധം. അഥവാ രണ്ട് റകഅത്ത് നിസ്‌കാരത്തിനു പകരമാണ് ഖുത്തുബ. അതു ആരാധനയുടെ ഭാഗമാണ്. അതു കൊണ്ടാണ് ഖുത്തുബ മലയാളത്തിൽ പോലും പാടില്ലെന്നു പരമ്പരാഗത സുന്നീ വിശ്വാസികൾ ഉറച്ചു വിശ്വസിക്കുന്നത്.

എന്നാൽ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ ഖുത്തുബ ആരാധനയുടെ ഭാഗമായിട്ടല്ല കാണുന്നത്. അവർക്കു ഖുത്തുബ രാഷ്ട്രീയം പറയാനുള്ള വേദിയാണ്. മൗദൂദികളാണ് ആ ആശയം കേരളത്തിൽ കൃത്യമായി നടപ്പിലാക്കുന്നത്. ഓരോ പ്രദേശത്തും അവരുടെ ഇമാമുകൾ മിമ്പറിൽ നിന്നും രണ്ട് റകഅത്ത് നിസ്‌കാരത്തിനു മുമ്പ് കൃത്യമായ രാഷ്ട്രീയം മലയാളത്തിൽ പറയുന്നത് കേൾക്കാം. എന്നാൽ പരമ്പരാഗത സുന്നികൾ ഈ സമ്പ്രദായം അംഗീകരിച്ചിരുന്നില്ല. മിമ്പറിൽ മലയാള പ്രഭാഷണം അനുവദനീയം അല്ല എന്നു പലരും ഉറച്ചു വിശ്വസിക്കുന്നു. ഈ പാരമ്പര്യത്തെ തകർക്കുവാൻ വർഷങ്ങളായി  മൗദൂദികൾ ശ്രമിച്ചിട്ടും കേരളത്തിൽ പറ്റിയിരുന്നില്ല. അവിടേക്കാണ് പി എം എ സലാം സാഹിബിനെയും റഷീദലി തങ്ങളെയും മറയാക്കി വെള്ളിയാഴ്‌ച ജുമഅ ഖുത്തുബകളിൽ വർത്തമാന രാഷ്ട്രീയം തിരുകി കയറ്റുവാൻ സിപിഎം വിരുദ്ധതയുടെ പേരിൽ മൗദൂദികൾക്കു സാധ്യമാകുന്നത്. മൗദൂദികളുടെ രാഷ്ട്രീയം നടപ്പാക്കാനുള്ള ടൂളായി ലീഗ് മാറുകയാണ്. മത സ്ഥാപനങ്ങളിൽ നിന്നും രാഷ്ട്രീയം അകറ്റുക എന്നതാണ് ഔചിത്യ പൂർണ്ണമായ നിലപാട്. എന്നാൽ അല്ലാഹു വിന്റെ ഭൂമിയിൽ അല്ലാഹുവിന്റെ ഭരണം എന്ന ആശയ പ്രചാരകരായ മൗദൂദികൾക്കു അതു മനസ്സിലാകില്ല. അവരാണ് മിമ്പറുകളിൽ രാഷ്ട്രീയം കയറ്റുന്നത്.

പള്ളികളിൽ സംസ്ഥാന സർക്കാറിനെതിരെയും സി പി എം പാർട്ടിക്കെതിരെയും പ്രചരണം നടത്തുവാനുള്ള തീരുമാനം സമാധാന പരമായി അല്ലാഹുനെ ആരാധിക്കുവാൻ മാത്രം പള്ളിയിലേക്കു വരുന്ന വിശ്വാസിയുടെ അവകാശത്തിനു മേലുള്ള കടന്നു കയറ്റമാണ്. തീർച്ചയായും മഹല്ലു നിവാസികളിൽ വ്യത്യസ്ഥ ആശയ ധാരയുള്ള രാഷ്ട്രീയക്കാർ ഉണ്ടാകും , പള്ളികളിൽ വെച്ച് ഇമാമുമാരെ കൊണ്ടു ലീഗു രാഷ്ട്രീയം പറയുവാൻ ശ്രമിച്ചാൽ അതിനെതിരെ ഇതര രാഷ്ട്രീയക്കാർ പ്രതിഷേധ സ്വരം ഉയർത്തും. തക്ബീർ ധ്വനികളിലും സ്വലാത്തുകളും കൊണ്ട് നിറയുന്ന പള്ളികളിൽ പരസ്പരം ഗ്വോ ഗ്വോ വിളികൾ കൊണ്ട് നിറയ്ക്കാനുള്ള ഹീന ശ്രമം സമുദായം തള്ളി കളയണം.

വഖഫ് നിയമം 1995 ഉം 2013 ലെ ഭേദഗതിയും പാർലിമെന്റ് പാസ്സാക്കിയ നിയമങ്ങളാണ്. ആ നിയമത്തെ പിന്തുടർന്നാണ് വഖഫ് നിയമനം സുതാര്യമാക്കുന്നതിനു പി എസ് സിക്കു വിട്ടത്. അതിൽ നിയമ പരമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ , ഭരണ ഘടനാ പരമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ റിട്ടു കോടതികളെ സമീപിക്കാവുന്നതാണ്. കൂടാതെ ഒന്നാം പിണറായി സർക്കാർ ഓർഡിനൻസ് വഴി കൊണ്ടു വന്ന ഒരു നിയമാണിത്. ആ നിയമം വന്നതിനു ശേഷം ഒരു നിയമ സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞു. കഴിഞ്ഞ മന്ത്രി സഭയ്ക്കു കൂടുതൽ മുസ്ലിം ജനസാമാന്യം വോട്ടു ചെയ്താണ് 92 ൽ നിന്നും 99 ലേക്കു MLA മാരുടെ  എണ്ണം കൂട്ടിയിട്ടാണ് രണ്ടാം പിണറായി അധികാരത്തിൽ വന്നത്. നാളിതു വരെ ശുപാർശക്കാർക്കു മാത്രം ലഭിച്ചിരുന്ന ജോലി സാധാരണക്കാർക്കു കൂടി ലഭ്യമാക്കുന്ന സമീപനമാണ് PSC ക്ക് വിടുന്നതിലെ സർക്കാർ കൈ കൊണ്ടതു. 1995 ലെയും 2013 ലെ യും വഖഫ് നിയമത്തിന്റെ ആത്മാവ് വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുക എന്നതാണ് . ആ സംരക്ഷണത്തിനു ആവശ്യമായ ചട്ടങ്ങളും നടപടിക്രമങ്ങളും സൃഷ്ടിക്കുവാനുള്ള ബാധ്യതയാണ് സംസ്ഥാന സർക്കാറിനുള്ളത്. നാളിതു വരെ ലീഗു ശുപാർശകളിൽ വഖഫ് ബോർഡിൽ കയറി പറ്റിയവർ വഖഫ് സംരക്ഷണം ഉറപ്പാക്കുന്നതിൽ പൂർണ്ണമായും പരാജയ പെടുകയും നിയമിച്ചവരുടെ ആഞ്ജാനുവർത്തികളായി തുടരുന്നു എന്നതുമാണ് നിയമനം PSC ക്കു വിടുവാൻ കാരണമായത്.

പിന്നെ ഹലാൽ കോലാഹത്തിൽ ഹലാലിനെ കുറിച്ചു  ഇതു വരെ പഠനം പൂർത്തിയാക്കാത്ത ശ്രീ  കെ സു . വഖഫ് നിയമനം PSC ക്കു വിട്ടതിനെ കുറിച്ചും ഒരക്ഷരം മിണ്ടിയിട്ടില്ല.  യു ഡി എഫിനെ പോലും ബോധ്യപ്പെടുത്തുവാൻ കഴിയാത്ത സമരമാണ് ആരാധനാലയങ്ങളിൽ കയറ്റി പള്ളി അശുദ്ധമാക്കുവാൻ പി എം എ സലാം ശ്രമിക്കുന്നത്.

വിശ്വാസികളല്ലാത്ത മുസ്ലിങ്ങൾ ജോലിയിൽ പ്രവേശിക്കുമെന്നതാണ് മുസ്ലിം പരിവാർ ഉയർത്തുന്ന വലിയ ആശങ്ക. പ്രിയപ്പെട്ടവരെ വിശ്വാസികളെയും  വിശ്വാസികളല്ലാത്ത മുസ്ലിമിനെ കണ്ടെത്തുവാൻ എന്തു വഴികളാണ് നമ്മുടെ സംവിധാനത്തിൽ ഉള്ളത് ? ജാതി / മത സർട്ടിഫിക്കറ്റ്   നൽകുവാൻ അധികാരപ്പെട്ട  വില്ലേജ് ഓഫീസർ ഏതു മാപിനി ഉപയോഗിച്ചാണ് വിശ്വാസിയേയും അവിശ്വാസിയേയും വേർ തിരിക്കുക?. അതിനുള്ള മാപിനി കണ്ടു പിടിച്ചെങ്കിൽ അതു സമൂഹത്തോട് പറയണം. ഏതായാലും വിശ്വാസികൾ എന്ന വ്യാജേന  ഈ സമരക്കാർ വഖഫ് സ്വത്തുക്കൾ നശിപ്പിച്ചത് പൊതു ഇടങ്ങളിൽ ലഭ്യമാണ്. അവരുടെ വിശ്വാസ പ്രഖ്യാപനം അല്ലാഹു വിന്റെ മുതൽ അന്യാധീനപ്പെടുത്തുന്നതിൽ നിന്നും അവരെ പിന്തിരിപ്പിച്ചിട്ടേ ഇല്ല എന്നത് ചരിത്രമാണ്.

സംഘ് പരിവാരം ക്ഷേത്രങ്ങളെയും രാമനെയും കൃഷ്ണനേയും രാഷ്ട്രീയ ലാഭങ്ങൾക്കായി ഉപയോഗിക്കുന്നതിനെ നിരന്തരം വിമർശിക്കുന്ന ലീഗ് സംഘ് പരിവാര വഴിയിലൂടെയാണ് യാത്ര ചെയ്യുന്നത്. ആരാധനാലയങ്ങളെ അശുദ്ധമാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമം ഈ സമുദായം തള്ളുക തന്നെ ചെയ്യും. ഈ ഇടപാടിൽ മുസ്ലിം പരിവാറിനു നേട്ടമുണ്ടാകില്ലെങ്കിലും അവരുടെ  കൗണ്ടർ പാർട്ടായ സംഘികൾ ഇപ്പോൾ തന്നെ ലഡു വിതരണം തുടങ്ങി കാണും. വർഗ്ഗീയതയും പ്രതി വർഗ്ഗീയതയും നാടു നശിപ്പിക്കും. നാശം കൂടുതൽ ഏൽക്കുക ന്യൂന പക്ഷങ്ങൾക്കായിരിക്കും തീർച്ചസമുദായം ജാഗ്രത കാണിക്കണം. വഖഫ് മോഷ്ടാക്കളുടെ മുതല കണ്ണീർ തിരിച്ചറിയണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top