24 April Wednesday

സമുദായവും ലീഗും പിന്നെ പിണറായി വിജയനും

റെജി പി ജോർജ്‌Updated: Monday Dec 13, 2021

റെജി പി ജോർജ്‌

റെജി പി ജോർജ്‌

മുസ്ലിം സമുദായ സംഘടനകൾക്ക് ഏതെങ്കിലും രാഷ്ട്രിയ പാർട്ടിയുടെ ഭാഗമാകാതെ സ്വതന്ത്രമായി നിലപാട് എടുക്കാം എന്ന അവസ്ഥയിലേക്ക് ഉയർന്നുവരുവാൻ ആവശ്യമായ ധൈര്യവും കരുത്തും നൽകി എന്നതാണ് മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ നടത്തിയ നീക്കം. ഏതു ആവശ്യത്തിനും ഇടനിലക്കാരനില്ലാതെ സ്വതന്ത്രമായി കയറി ചെല്ലാവുന്ന ആശ്രയിക്കാവുന്ന ഓഫിസായി മുഖ്യമന്ത്രിയുടെ ഓഫീസിനെ കാണുവാൻ മുസ്ലിം സമുദായ നേതാക്കൾക്ക് കഴിയുന്നു എന്നിടത്താണ് സമുദായ സംഘടനകളെ കൂടെ നിർത്തി ലീഗ് കളിച്ചിരുന്ന രാഷ്ട്രിയം അപ്രസക്തമാകുന്നത്.

രിത്രപരമായി കേരളത്തിലെ ഇടതുപക്ഷം ആവർത്തിച്ചു പറയാറുള്ളത് തങ്ങളുടെ രാഷ്ട്രിയം എന്നത് കേരളീയ നവോത്ഥാനത്തിൻെറ തുടർച്ചയാണ് എന്നാണ്. അപ്പോൾ വലതുപക്ഷ രാഷ്ട്രിയം എന്നത് കേരളീയ നവോത്ഥാന വിരുദ്ധതയുടെ തുടർച്ചയാണ്.

കേരളത്തിൻെറ സമകാലിക രാഷ്ട്രിയത്തിലുണ്ടാകുന്ന മാറ്റങ്ങൾ പോലും 1950 കാലഘട്ടത്തിലെ വിമോചനസമര മുന്നണിയുടെ പിന്തുടർച്ചയായി കാണേണ്ട ഒന്നാണ്. ഐക്യ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ രൂപികൃതമായ ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കുവാൻ വലതുപക്ഷ ജാതി മത സമുദായ സംഘടനകളുടെ നേതൃത്വത്തിൽ കോൺഗ്രസ് നയിച്ച വിമോചന സമര മുന്നണിയാണ് തുടർന്നുള്ള കേരള രാഷ്ട്രിയത്തിലെ വലതുപക്ഷം. രാഷ്ട്രിയമായി കോൺഗ്രസും ആശയപരമായി മത കൺസർവേറ്റീവിസവും നയിക്കുന്ന ഒരു മുന്നണി ആയിരുന്നു ആ വലതുപക്ഷം.

ആഗോളവത്കരണവും നവഉദാരവത്കരണ നയങ്ങളും ലിബറൽ വലതുപക്ഷത്തിനു പകരം തീവ്ര വലതുപക്ഷത്തെ ആഗോളതലത്തിൽ തന്നെ അധികാര കേന്ദ്രങ്ങളിൽ പ്രതിഷ്ഠിച്ചപ്പൊൾ ഇന്ത്യയിലും കേരളത്തിലും അതിൻെറ പ്രത്യാഘാതങ്ങൾ വലിയ രീതിയിൽ തന്നെ ഉണ്ടായി. സംഘപരിവാർ നേതൃത്വത്തിൽ തീവ്ര വലതുപക്ഷം ഇന്ത്യയുടെ അധികാരം ദീർഘകാലം ഇന്ത്യ ഭരിച്ചിരുന്ന കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് പിടിച്ചെടുത്തു. യാഥാസ്ഥിതികത്വത്തിൻെറ സ്ഥാനത്ത് തീവ്ര മത യാഥാസ്ഥ്വിതികത്വം അധികാര കേന്ദ്രങ്ങളിലേക്ക് എത്തി.

തീവ്ര വലതുപക്ഷ മത യാഥാസ്ഥിതിക രാഷ്ട്രിയത്തിനു ബദൽ ഇല്ലാത്ത അവസ്ഥയാണ് ഇന്നത്തെ ഇന്ത്യയുടേത്. എന്നാൽ നവൊത്ഥാന പാരമ്പര്യത്തിൻെറ ചരിത്രം പേറുന്ന ഒരു ഇടതുപക്ഷം എന്നത് കേരളത്തിൽ ഇതിനു ഒരു ബദൽ സാധ്യമാക്കി. അതേ സമയം തന്നെ തീവ്രവലതുപക്ഷ രാഷ്ട്രിയം മുന്നോട്ടു വയ്ക്കുന്ന മതയാഥാസ്ഥിതികത്വം ഏറ്റെടുക്കുവാൻ കേരളത്തിലെ സമുദായ സംഘടനകൾക്കൊ അത് മുന്നോട്ടുവയ്ക്കുന്ന സ്വത്വ രാഷ്ട്രിയത്തിനൊ കഴിയാത്തവിധം അതിനെ ഭിന്നിപ്പിക്കുവാനും നവോത്ഥാനത്തിൻെറ പിന്തുടർച്ചക്ക് സാധിച്ചു. തീവ്രവലതുപക്ഷം അഴിച്ചുവിടുന്ന ബഹുമുഖ ആക്രമണങ്ങളെ പ്രതിരോധിക്കുവാൻ കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങൾക്ക് കഴിയും വിധം നവോത്ഥാന പിന്തുടർച്ചക്ക് കേരളത്തിൽ ഉണ്ടായ ആഴത്തിലുള്ള വേരൊട്ടം എടുത്തുപറയേണ്ടതാണ്.


കത്തൊലിക്കാ സഭ, എൻ എസ് എസ്, എസ് എൻ ഡി പി മുതലായ സമുദായ സംഘടനകൾ കോൺഗ്രസ് നേതൃത്വത്തിലുള്ള രാഷ്ട്രിയ മുന്നണിയെ വച്ച് നടത്തിയിരുന്ന വിലപേശൽ രാഷ്ട്രിയത്തിൻെറ ശക്തി ക്ഷയിച്ചപ്പോഴും മുസ്ലിം ലീഗിൻെറ രാഷ്ട്രിയ ശക്തിയിൽ വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. അതിനു പ്രധാന കാരണം മുസ്ലിം സംഘടനകൾക്ക് വിലപേശൽ ശക്തി ഇല്ലായിരുന്നു ആ വിലപേശൽ ശക്തി മുസ്ലിം ലീഗ് ആയിരുന്നു. മുസ്ലിം സമുദായ സംഘടനകളെ മുഴുവൻ തങ്ങളുടെ കീഴിലാക്കി പുരോഗമന രാഷ്ട്രിയത്തിൻെറ കടന്നുകയറ്റത്തെ തകർക്കുന്ന വളരെ തന്ത്രപരമായ ഒരു രാഷ്ട്രിയ ശൈലി ആയിരുന്നു ലീഗ് മുന്നോട്ടുവച്ചത്. കാന്തപുരം ഏപി അബുബക്കർ മുസലിയാർ പോലെ ചുരുക്കം ചിലർ മാത്രം ആയിരുന്നു ലീഗ് വിരുദ്ധരായി സമുദായത്തിൽ ഉണ്ടായിരുന്നത്. അദ്ദേഹവും അനുയായികളും ലീഗിൻെറ തന്ത്രങ്ങൾക്ക് മുന്നിൽ രാഷ്ട്രിയമായി അപ്രസക്തരുമായിരുന്നു.

മറ്റ് മത സമുദായങ്ങളിലൊക്കെയും പുരോഗമന നിലപാടുകൾ എടുക്കുവാൻ മനുഷ്യർക്ക് കഴിയുന്ന വേഗത്തിൽ കേരളത്തിലെ മുസ്ലിം സമുദായത്തിൽ അതിനു കഴിയാത്ത വിധം സമുദായ സംഘടനകളെ വരിഞ്ഞു മുറുക്കി അതിനു മുകളിലായിരുന്നു ലീഗ് രാഷ്ട്രിയം. സമുദായ സംഘടനകളോട് ഇടഞ്ഞാൽ ലീഗിൻെറ രാഷ്ട്രിയ ശക്തിയെകൂടെയാണു നേരിടേണ്ടത്. എൻ എസ് എസ് നും എസ് എൻ ഡി പിക്കും, കത്തൊലിക്കാ സഭക്കും തങ്ങളുടെ സമുദായത്തെ ഒരിക്കലും പരിപൂർണ്ണമായി ചൊല്പടിക്കു നിർത്തുവാൻ കഴിഞ്ഞിരുന്നില്ല എന്നാൽ സമുദായ നേതൃത്വം കൂടെ കൈയ്യാളി തങ്ങളുമാരെ സമുദായത്തിനും മതത്തിനും രാഷ്ട്രിയത്തിനും നേതൃത്വത്തിൽ ഇരുത്തി ലീഗ് കളിച്ച രാഷ്ട്രിയം തികച്ചും വ്യത്യസ്തമായിരുന്നു. സംഘപരിവാർ ഇന്ത്യയിൽ ഉയർത്തിക്കൊണ്ടുവരുന്ന തീവ്രവലതുപക്ഷ രാഷ്ട്രിയത്തിൻെറ പ്രൊട്ടൊടൈപ് എന്ന് വിശേഷിപ്പിക്കാവുന്നത് ആയിരുന്നു ലീഗിൻെറ രാഷ്ട്രിയം. ഒരേ സമയം സെക്കുലർ എന്ന് അവകാശപ്പെടുകയും മറുവശത്ത് തീവ്ര യാഥാസ്ഥിതിക രാഷ്ട്രിയം ഒരു സെക്കുലർ ലിബറൽ പൊയ്മുഖത്തിൻെറ മറവിൽ കൊണ്ടുനടക്കുകയും ആയിരുന്നു മുസ്ലിം ലീഗ് ചെയ്തിരുന്നത്.
മുസ്ലിം ലീഗിൻെറ വിദ്യാർഥി വിഭാഗത്തിൽ പോലും നിഴലിച്ചു നിന്ന കടുത്ത വിരുദ്ധത അവരുടെ വിദ്യാർഥിനി നേതാക്കളെപ്പോലും മോശക്കാരാക്കുന്ന നിലവാരത്തിലേക്ക് എത്തുന്ന കാഴ്ച 2021 ലെ കേരളത്തിൽ സംഭവിച്ചതാണ്. നവോത്ഥാന പ്രവർത്തനങ്ങൾ ഉഴുതുമറിച്ച ഒരു പുരോഗമന സമൂഹത്തിലാണ് മുസ്ലിം ലീഗ് താലിബാനെ വെല്ലുന്ന സ്ത്രീവിരുദ്ധതയുമായി നിലകൊള്ളൂന്നത്. മുസ്ലിം ലീഗ് അവകാശപ്പെടുന്നതുപോലും ആ പ്രസ്ഥാനം സെക്കുലർ ആണെന്നാണ്. സെക്കുലർ ആയ രാഷ്‌ട്രീയപ്രസ്ഥാനം അതിൻെറ സ്‌ത്രീ , വിദ്യാർഥിനി അംഗങ്ങളോടും അനുഭാവികളോടൂം പുലർത്തിയിരുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും, സ്‌ത്രീവിരുദ്ധവുമായ നിലപാട് ആയിരുന്നു. സ്‌ത്രീകൾ രാഷ്‌ട്രീയത്തിൽ ഇറങ്ങുന്നതിനും, പൊതുസമൂഹത്തിൽ മുഖ്യധാരയിൽ പ്രവർത്തിക്കുന്നതിനും അറബ് രാജ്യങ്ങളിൽ പോലും അനുകൂലമയ നിലപാട് മുസ്ലിം ഭരണാധികാരികൾ എടുക്കുന്ന കാലഘട്ടത്തിലാണ് പുരോഗമന കേരളത്തിലെ മതേതരം എന്ന് അവകാശപ്പെടുന്ന മുഖ്യധാരാ രാഷ്‌ട്രീയ പാർട്ടി അങ്ങേയറ്റം സ്‌ത്രീ വിരുദ്ധ നിലപാട് എടുക്കുന്നത്. സ്‌ത്രീ മുന്നേറ്റത്തിൻെറ, സ്‌ത്രീസ്വാതന്ത്ര്യത്തിൻെറ, സ്‌ത്രീകളുടെ അകാശങ്ങൾക്ക് വലിയ പ്രസക്തിയുള്ള, സ്‌ത്രീകൾക്ക് എതിരെയുള്ള ആക്രമണങ്ങൾ വലിയ തോതിൽ ചർച്ചയാകുന്ന, Metoo പ്രസ്ഥാനം സർവ്വലോകതലത്തിൽ തന്നെ സ്‌ത്രീകൾക്ക് എതിരെയുള്ള ലൈംഗികഅക്രമങ്ങൾ ചർച്ചയാക്കുന്ന ഒരു കാലഘട്ടത്തിലാണ് മുസ്ലിം ലീഗ് താലിബാനെയും വെല്ലുന്ന സ്‌ത്രീവിരുദ്ധതയുമായി പുരോഗമന കേരളത്തിൽ അരങ്ങുവാഴുന്നത്.

ഈ രാഷ്ട്രിയത്തിനുമേലാണ് പിണറായി വിജയൻ എന്ന കമ്യൂണിസ്റ്റ് നേതാവ് ചരിത്രപരമായ തിരുത്തൽ വരുത്തിയിരിക്കുന്നത്. ഇന്നലെ വരെ കേരളിയ സമുഹത്തിൽ വലിയ പ്രസക്തി ഒന്നും ഇല്ലാതിരുന്ന സമുദായ നേതാക്കൾ ആയിരുന്നു മുസ്ലിം സമുദായ നേതാക്കളിൽ വലിയ  ഭൂരിപക്ഷം. ലീഗും സമുദായ സംഘടനകളും തമ്മിലുള്ള ചർച്ചകളിൽ എന്താണ് സംഭവിക്കുന്നത് എന്ന് മുസ്ലിം സാമാന്യജനത്തിനോ കേരളത്തിലെ പൊതു സമൂഹത്തിനോ അറിയാൻ കഴിയാത്തവിധം അടഞ്ഞ മുറികളിലെ ഒത്തുതീർപ്പുകൾ ആയിരുന്നു അതെല്ലാം. മുസ്ലിം മത സമൂഹത്തിലുണ്ടാകേണ്ട ജനാധിപത്യവത്കരണവും സാമാന്യ ജനത്തിനു അതിലൂടെ ലഭിക്കേണ്ട ജനാധിപത്യ ബോധവുമാണു ലീഗ് തടഞ്ഞു നിർത്തിയിരുന്നത്. കേരളത്തിലെ ഇതര മതസമൂഹങ്ങൾ കൂടുതൽ ജനാധിപത്യവത്കരിക്കപ്പെടുകയും തുറന്ന ചർച്ചകൾക്കും വിമർശനങ്ങൾക്കും സാമുദായിക നേതൃത്വം വിധേയമാവുകയും ചെയ്തതുകൊണ്ടുകൂടെയാണ് സ്‌ത്രീകൾക്ക് സാമൂഹിക രാഷ്ട്രിയ രംഗത്ത് വലിയ നേട്ടം ഉണ്ടാക്കുവാൻ കഴിഞ്ഞത്. എന്നാൽ ലീഗിൻെറ പരമാധികാരത്തിനു തടസ്സമാകാവുന്ന എല്ലാത്തിനെയും തടഞ്ഞുനിർത്തുക എന്ന ലക്ഷ്യം കൂടെ സമുദായ സംഘടനകളെ ചൊൽപ്പടിയിൽ നിർത്തിക്കൊണ്ട് ലീഗ് നടത്തിക്കൊണ്ടിരുന്നത്. ഇത് ഏറ്റവും അധികം ബാധിക്കുന്നത് പൊതുവെ പിന്നോക്കം നിൽക്കുന്ന സ്ത്രികളെ തന്നെ ആണ്. കേരളം പോലെ പുരോഗമന നിലപാടുള്ള ഒരു സമൂഹത്തിൽ പോലും മുസ്ലിം സമുദായത്തിലെ സ്ത്രികൾക്ക് വലിയ പിന്നോക്കാവസ്ഥ നേരിടേണ്ടിവന്നതിനുള്ള ചരിത്രപരമായ കാരണങ്ങളിൽ ഒന്ന് മുസ്ലിം ലീഗിൻെറ ചൊൽപ്പടിയിൽ നിൽക്കുന്ന സമുദായ സംഘടനകൾ തന്നെ ആയിരുന്നു. ലീഗ് എന്ന അധികാര കേന്ദ്രം നാദാപുരത്ത് ഒരു ബലാത്സംഗ കഥയുടെ പിൻ ബലത്തിലാണ് കേരളത്തിൽ ഒരു തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നതുപോലും. അങ്ങനെ സ്‌ത്രീ വിരുദ്ധത അടിസ്ഥാനമായുള്ള ഒരു രാഷ്‌ട്രീയം വളരെ കൃത്യമായി നടപ്പാക്കുന്നതിൽ, അതിലൂടെ മുസ്ലിം സമൂഹത്തിൻെറ മുഖ്യധാരാവത്കരണം തടഞ്ഞ് അവരെ വോട്ടുബാങ്ക് ആക്കി മാറ്റുന്നതിൽ ലീഗ് വലിയ വിജയം ആയിരുന്നു. ഇതാണ് മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ നടത്തിയ ഇടപെടലിലൂടെ തകരുന്നത്.

മുസ്ലിം സമുദായ സംഘടനകൾക്ക് ഏതെങ്കിലും രാഷ്ട്രിയ പാർട്ടിയുടെ ഭാഗമാകാതെ സ്വതന്ത്രമായി നിലപാട് എടുക്കാം എന്ന അവസ്ഥയിലേക്ക് ഉയർന്നുവരുവാൻ ആവശ്യമായ ധൈര്യവും കരുത്തും നൽകി എന്നതാണ് മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ നടത്തിയ നീക്കം. ഏതു ആവശ്യത്തിനും ഇടനിലക്കാരനില്ലാതെ സ്വതന്ത്രമായി കയറി ചെല്ലാവുന്ന ആശ്രയിക്കാവുന്ന ഓഫിസായി മുഖ്യമന്ത്രിയുടെ ഓഫീസിനെ കാണുവാൻ മുസ്ലിം സമുദായ നേതാക്കൾക്ക് കഴിയുന്നു എന്നിടത്താണ് സമുദായ സംഘടനകളെ കൂടെ നിർത്തി ലീഗ് കളിച്ചിരുന്ന രാഷ്ട്രിയം അപ്രസക്തമാകുന്നത്. തങ്ങളുടെ സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രശ്നങ്ങളിൽ നിലപാട് ലീഗിനു മുന്നിൽ വ്യക്തമാക്കേണ്ട ആവശ്യം ഇല്ല. സർക്കാരുമായി നേരിട്ട് സംസാരിക്കുവാനും ജനാധിപത്യപരമായി നിലപാട് എടുക്കുവാനും കഴിയുക എന്നത് അപരവത്കരണം നേരിടുന്ന ജനവിഭാഗങ്ങളെ നമ്മുടെ ജനാധിപത്യത്തിൻെറ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനു അനിവാര്യമായ കാര്യമാണ്.

മുസ്ലിം ലീഗിൻെറ അടിമത്വത്തിൽ നിന്ന് സമുദായ നേതൃത്വം വിമുക്തമാകുന്നത് മുസ്ലിം സമുദായത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായി തീരും. സ്വതന്ത്രമായി തീരുമാനം എടുക്കുവാൻ കഴിയാത്ത സമുദായ നേതൃത്വം എന്നത് സമുദായ അംഗങ്ങൾക്ക് നൽകിയിരുന്ന സന്ദേശം സ്വാതന്ത്ര്യം ഇല്ലാത്ത ഇടം എന്നതുകൂടെ ആയിരുന്നു. ലീഗ് തീരുമാനിക്കും; ലീഗ് നടപ്പിലാക്കും അതിനപ്പുറം സമുദായത്തിൽ ആർക്കും ശബ്ദിക്കുവാൻ അവകാശം ഇല്ലാത്ത അവസ്ഥയാണ് പിണറായി വിജയൻെറ സുതാര്യമായ ഇടപെടലുകളിലൂടെ തകരുന്നത്. സമുദായ നേതൃത്വത്തിനു ജനാധിപത്യ ഭരണ സംവിധാനങ്ങളുമായി നിരന്തരം ഇടപെടുവാൻ കഴിയുന്നത്, അതിലുള്ള സുതാര്യത സാധാരണ സമുദായ അംഗങ്ങളെയും പ്രത്യേകിച്ച് സ്‌ത്രീജനത്തെ കൂടുതൽ ജനാധിപത്യം ആവശ്യപ്പെടുവാൻ, തങ്ങളുമായുള്ള ഇടപെടലുകളിൽ സുതാര്യത ഉറപ്പുവരുത്തുവാൻ പ്രേരിപ്പിക്കും.

ഒന്നാം ഇ എം എസ് മന്ത്രിസഭ നടത്തിയ ചരിത്രപരമായ ഇടപെടലിൻെറ ബാക്കിയാണ് പിണറയി വിജയൻെറ ഭരണത്തിലൂടെ നടക്കുന്നത്. ഈ സർക്കാരിൻെറ കീഴിൽ സാമൂഹിക തലത്തിൽ നടക്കുന്ന ഇടപെടലുകളെ അവഗണിക്കുവാൻ കഴിയില്ല. നവോത്ഥാനത്തിനു പിന്തുടർച്ച ഉണ്ടാക്കി എന്നത് വലിയ കാര്യമാണ്. നമ്മുടെ സാമൂഹിക സാംസ്കാരിക രാഷ്ട്രിയ രംഗത്ത് അടിഞ്ഞുകൂടിയ മാലിന്യങ്ങൾക്ക് നേരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവരുന്നത് നിഷേധിക്കുവാൻ കഴിയാത്ത കാര്യമാണ്. മുസ്ലിം സമുദായത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കാതെ പോകുവാൻ കഴിയുമോ? പ്രത്യേകിച്ച് സ്‌ത്രീശാക്തികരണത്തിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top