08 February Wednesday

അധിനിവേശവും പ്രതിരോധവും :
 ഗോത്രവർഗ മാതൃകകൾ

പ്രൊഫ. വി കാർത്തികേയൻനായർUpdated: Tuesday Nov 15, 2022

കൊളോണിയൽ അധിനിവേശത്തിനെതിരായ പ്രതിരോധ സമരങ്ങൾക്ക് പല മാതൃകകളുണ്ട്.  നാടുവാഴികളും മാടമ്പിമാരും നടത്തിയ സമരങ്ങളുണ്ട്.  കർഷകരുടെ സമരങ്ങളുണ്ട്.  വർത്തകപ്രമാണിമാരുടെ സമരമുണ്ട്.  ഗോത്രവർഗക്കാരുടെയും വനവാസികളുടെയും സമരമുണ്ട്.  ഇതൊക്കെ ആദ്യകാല ചെറുത്തുനിൽപ്പ്‌ സമരങ്ങളാണെങ്കിൽ മുതലാളിത്തം സാമ്രാജ്യത്വമായി വികസിച്ചതിനുശേഷം ഉയർന്നുവന്ന ദേശീയ സ്വാതന്ത്ര്യസമരമുണ്ട്.  ആദ്യത്തേത് നിലവിലുള്ളതിനെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള പ്രതിരോധമായിരുന്നു.  രണ്ടാമത്തേത് നിലവിലുള്ള സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികവുമായ വ്യവസ്ഥയെ തകർത്ത് പുതിയത് സ്ഥാപിക്കുന്നതിനുവേണ്ടിയായിരുന്നു.  ജന്മിത്തവും നാടുവാഴിത്തവും ജാതിവ്യവസ്ഥയും കൊളോണിയൽ ഭരണവും അവസാനിപ്പിക്കണമെന്നുള്ളതായിരുന്നു രണ്ടാംഘട്ട സമരത്തിന്റെ കാതൽ.  ഇതിലേക്കായി ജനങ്ങളെ അണിനിരത്തിയപ്പോൾ ഉദിച്ചുയർന്ന പ്രതിഭാസമാണ് ദേശീയത.  ഗോത്രവർഗക്കാരും വനവാസികളും നടത്തിയ സമരം പ്രതിരോധത്തിന്റേതായിരുന്നു.  നിലവിലുള്ള വ്യവസ്ഥയെ സംരക്ഷിക്കുകയായിരുന്നു ലക്ഷ്യം.

സംതൃപ്തമായ ജീവിതം നയിച്ചിരുന്ന ഗോത്രവർഗ ജനതയുടെ സ്വകാര്യതയിലേക്കും തദ്ദേശീയതയിലേക്കുമുള്ള കടന്നുകയറ്റമായിരുന്നു ബ്രിട്ടീഷ് കൊളോണിയൽ ഭരണം നടത്തിയത്.  നാണയമെന്ന ക്രയവിക്രയ മാധ്യമമില്ലാത്ത സമ്പദ്ഘടനയായിരുന്നു അവരുടേത്. വനത്തിൽനിന്നു ശേഖരിക്കുന്നതും പരിമിതമായ അളവിൽ ഉൽപ്പാദിപ്പിക്കുന്നതുമായ ഭക്ഷ്യവസ്തുക്കളായിരുന്നു അവർ ആഹരിച്ചിരുന്നത്.  സമീപഗ്രാമങ്ങളിലെ ജനങ്ങൾക്കാവശ്യമായ വനവിഭവങ്ങൾ, തേൻ, സുഗന്ധപ്പട്ടകൾ, രത്നങ്ങൾ, പുലിപ്പല്ല്, നഖം, ആനക്കൊമ്പ്, മൃഗത്തുകൽ തുടങ്ങിയവ ശേഖരിച്ച് വിതരണംചെയ്യുകയും ധാന്യം, വസ്ത്രം, പാത്രങ്ങൾ മുതലായവ ഗ്രാമീണരിൽനിന്നു പകരമായി വാങ്ങി ഉപയോഗിക്കുന്ന രീതിയായിരുന്നു വനവാസികൾ ചെയ്തിരുന്നത്.  കൊളോണിയൽ ഇടപെടൽ ഈ സമ്പ്രദായത്തെ തകർത്തു.

ബിഹാറിലെ ഛോട്ടാ നാഗ്പുർ, ബിർഭും ജില്ലകളിലെ ഗോത്രവർഗ ജനതയാണ് മുണ്ടകൾ.  പരമ്പരാഗത ശൈലിയിലുള്ള കൃഷിയും വനവിഭവങ്ങൾ ശേഖരിക്കലും നായാട്ടുമായിരുന്നു ഉപജീവനമാർഗം. ശാന്തമായ ഈ അന്തരീക്ഷത്തിലേക്കാണ് ബ്രിട്ടീഷ് ഭരണവും ഹിന്ദുഭക്തിയും ക്രിസ്തുമതവും കടന്നുവന്നത്. അതിനാൽത്തന്നെ മുണ്ടകളുടെ ചെറുത്തുനിൽപ്പിന് കാർഷികവും വിശ്വാസപരവും രാഷ്ട്രീയവുമായ സ്വഭാവമുണ്ടായിരുന്നു.  
കൂടിയായ്മ നിയമം നടപ്പാക്കിയപ്പോൾ വനത്തിൽനിന്നു ശേഖരിക്കുന്ന വസ്തുക്കൾ വിറ്റ് അതിൽനിന്ന്‌ ഒരു വിഹിതം നികുതിയായി സർക്കാരിനു നൽകണം എന്ന് വ്യവസ്ഥ ചെയ്തു.  നികുതി പണമായിത്തന്നെ നൽകണമെന്നും നിഷ്കർഷിച്ചു.  നാണയവ്യവസ്ഥ പരിചയമില്ലാത്ത ഗോത്രവർഗക്കാർ പുതിയ സമ്പ്രദായത്തെ സ്വീകരിക്കാൻ നിർബന്ധിതമായി.  വാങ്ങലും വിൽക്കലും പരിചിതമല്ലാത്ത അവർക്കു മുമ്പിൽ കച്ചവടക്കാർ എന്ന ഒരു പുതിയ വർഗം പ്രത്യക്ഷപ്പെട്ടു.  ഇവർ വനവാസികൾ ശേഖരിക്കുന്ന വിഭവങ്ങൾ വിലയ്‌ക്കുവാങ്ങും.  വില കച്ചവടക്കാർ നിശ്ചയിക്കും.  പണം പ്രതിഫലമായി നൽകും.  ആ പണം നികുതിയിനത്തിൽ ഉദ്യോഗസ്ഥർ പിടുങ്ങും.  ഇത്തരത്തിലുള്ള ചൂഷണം തുടർന്നപ്പോൾ മുണ്ടകൾക്കു മനസ്സിലായി അവരെ കെണിയിൽ പെടുത്തിയിരിക്കുകയാണെന്ന്.  വനഭൂമി പാട്ടത്തിനെടുത്ത പുതിയ വർഗക്കാർ അവിടെനിന്നു മുണ്ടകളെ പുറത്താക്കി.

കൊളോണിയൽ ആധുനികതയുടെ വക്താക്കളായി വന്ന മിഷണറിമാർ ഗോത്രവർഗ സ്വത്വത്തെ തകർക്കുകയും അതിനുള്ള ഉപകരണമായി ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ പ്രയോഗിക്കുകയും ചെയ്തു. 

മലദൈവങ്ങളെ ആരാധിച്ചിരുന്ന ഗോത്രജനതയുടെ ദൈവവിശ്വാസം പ്രാകൃതമെന്നായിരുന്നു ക്രൈസ്തവമിഷണറിമാരുടെ സമീപനം.  അവരുടെ ആഹാരരീതിയും ജീവിതശൈലിയും ആധുനിക സംസ്കാരത്തിനു നിരക്കാത്തതാണ് എന്നായിരുന്നു മിഷണറിമാർ വാദിച്ചത്.  കൊളോണിയൽ ആധുനികതയുടെ വക്താക്കളായി വന്ന മിഷണറിമാർ ഗോത്രവർഗ സ്വത്വത്തെ തകർക്കുകയും അതിനുള്ള ഉപകരണമായി ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ പ്രയോഗിക്കുകയും ചെയ്തു.  ഹിന്ദു ഭക്തസംഘം മലദൈവങ്ങളെ ഉപേക്ഷിച്ച് ത്രിമൂർത്തി ദേവകളിലേക്കു മടങ്ങാൻ നിർബന്ധിച്ചപ്പോൾ, പ്രാകൃതാചാരങ്ങളെ ഉപേക്ഷിച്ച് ആധുനികതയെ പുണരാനാണ് മിഷണറിമാർ ഉപദേശിച്ചത്.  രണ്ടു നിർദേശവും മുണ്ടകളിലെ ഭൂരിപക്ഷത്തിനും സ്വീകാര്യമായില്ല.

മുണ്ട കലാപത്തിന് നാലുഘട്ടമുണ്ട്.  ഈസ്റ്റിന്ത്യാക്കമ്പനിയുടെ ഭരണം ആരംഭിക്കുന്ന 1795 മുതൽ 1858 വരെയുള്ള ഒന്നാംഘട്ടം.  കർഷകരുടെ ചെറുത്തുനിൽപ്പിന്റേതായ രണ്ടാംഘട്ടം 1858–-1881.  പഴമയും പുതുമയും തമ്മിലുള്ള ഏറ്റുമുട്ടലിന്റേതായ മൂന്നാംഘട്ടം  1881–-1890.  സാമ്പത്തികവും രാഷ്ട്രീയവുമായ ഏറ്റുമുട്ടലിന്റേതായ നാലാംഘട്ടം 1890–-1900.  ഈ സമരഘട്ടങ്ങളിലെല്ലാം തന്നെ അമ്പും വില്ലുമേന്തിയ മുണ്ടകൾ ഒരു ഭാഗത്തും തോക്കേന്തിയ കുടിയേറ്റ ജന്മി കിങ്കരന്മാരും ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥരും മറുഭാഗത്തുമായി ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ടായിരുന്നു.  പോരാട്ടങ്ങളിൽ പരാജയപ്പെട്ടതുകൊണ്ടും ഭൂമി നഷ്ടപ്പെട്ടതുകൊണ്ടും പതിനായിരക്കണക്കിനു മുണ്ടകൾ നാടുവിട്ടോടാൻ നിർബന്ധിതരായി. 

ഛോട്ടാ നാഗ്‌പുർ ജില്ലയിലെ സിൻജ്ജുറി ഗ്രാമത്തിൽ 1875 നവംബർ 15നാണ് ബിർസ ജനിച്ചത്.   ഒരു ക്രിസ്ത്യൻ മിഷണറി സ്‌കൂളിൽനിന്നു പ്രൈമറി വിദ്യാഭ്യാസം നേടി.  മിഷണറിമാർക്കും ജന്മിമാർക്കുമെതിരെയുള്ള സമരം കനത്തപ്പോൾ ബിർസ സ്‌കൂൾ പഠനം ഉപേക്ഷിച്ചു

സഹായവാഗ്ദാനവുമായി എത്തിയ പ്രൊട്ടസ്റ്റന്റ് ക്രൈസ്തവ മിഷണറിമാരോട് കവർന്നെടുക്കപ്പെട്ട തങ്ങളുടെ വനഭൂമിയും കൃഷിഭൂമിയും തിരികെത്തരാൻ സഹായിക്കാമോയെന്ന് മുണ്ടകൾ ചോദിച്ചു.  അതല്ല തങ്ങളുടെ ലക്ഷ്യമെന്നും കർത്താവിന്റെ പാത കാട്ടിക്കൊടുക്കലാണ് ദൗത്യമെന്നും കിട്ടിയ മറുപടിയിൽ തൃപ്തരാകാതെ മുണ്ടകൾ ക്രിസ്തുമതം ഉപേക്ഷിച്ചു.  ഉദ്യോഗസ്ഥരെന്ന നിലയ്‌ക്കും കൃഷിഭൂമി കവർന്നെടുത്ത ഇടനിലക്കാരെന്ന നിലയ്‌ക്കും കിലുങ്ങുന്ന വെള്ളിത്തുട്ടുകളുമായി എത്തിയ കച്ചവടക്കാരെന്ന നിലയ്‌ക്കും തങ്ങളുടെ സ്വച്ഛവും ശാന്തവുമായ ജീവിതത്തെ തകർത്ത സകലരെയും ഉന്മൂലനം ചെയ്യാൻ തന്നെ മുണ്ടകൾ തീരുമാനിച്ചു.  ഒറ്റയടിക്ക് എല്ലാ ബ്രിട്ടീഷുകാരെയും കൊന്നൊടുക്കാനുള്ള പരിപാടി അവർ ആസൂത്രണം ചെയ്യുകയും 1892 സെപ്തംബറിൽ അത് നടപ്പാക്കാനും തീരുമാനിച്ചു.  എന്നാൽ, പരിപാടി പരാജയപ്പെട്ടു.  ഈ ചരിത്രസന്ദർഭത്തിലാണ് ബിർസ മുണ്ട കലാപത്തിന്റെ നേതൃത്വത്തിലേക്ക് ഉയർന്നുവരുന്നത്.

ഛോട്ടാ നാഗ്‌പുർ ജില്ലയിലെ സിൻജ്ജുറി ഗ്രാമത്തിൽ 1875 നവംബർ 15നാണ് ബിർസ ജനിച്ചത്.   ഒരു ക്രിസ്ത്യൻ മിഷണറി സ്‌കൂളിൽനിന്നു പ്രൈമറി വിദ്യാഭ്യാസം നേടി.  മിഷണറിമാർക്കും ജന്മിമാർക്കുമെതിരെയുള്ള സമരം കനത്തപ്പോൾ ബിർസ സ്‌കൂൾ പഠനം ഉപേക്ഷിച്ചു.  കൗമാരപ്രായം എത്തിയപ്പോൾത്തന്നെ തന്റെ വർഗം എത്തിപ്പെട്ടിരിക്കുന്ന ദുരവസ്ഥയെപ്പറ്റി അദ്ദേഹത്തിനു മനസ്സിലായിത്തുടങ്ങി.  ഹിന്ദു പുരോഹിതർ ഒരു ഭാഗത്തും മിഷണറിമാർ മറുഭാഗത്തുമായിനിന്ന് ഗോത്രവർഗ ജനതയുടെ നിഷ്കളങ്കതയെയും അജ്ഞതയെയും ചൂഷണം ചെയ്യാൻ ശ്രമിച്ചപ്പോൾ ഒരു ദൈവവിളി കേട്ടവന്റെ പരിവേഷം സ്വജനങ്ങളെ സംഘടിപ്പിക്കാൻ അനിവാര്യമാണെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായി.  പരമ്പരാഗതമായ രീതിയിലുള്ള കായികാഭ്യാസവും ദൈവവിളി കേട്ടവനെന്ന പരിവേഷവും ഉപയോഗപ്പെടുത്തിക്കൊണ്ട് യൗവനാരംഭത്തിൽത്തന്നെ മുണ്ടകളുടെ നേതൃസ്ഥാനത്തേക്ക് അദ്ദേഹം കടന്നുവന്നു.  വനവിഭവങ്ങൾ ശേഖരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്ന 1882ലെ വനനിയമത്തെ പരസ്യമായി ലംഘിച്ചുകൊണ്ട് ബിർസയും അനുയായികളും പ്രത്യക്ഷ സായുധസമരം ആരംഭിച്ചു.

സമരം വ്യാപകവും സായുധ ഏറ്റുമുട്ടലിലേക്കും നീങ്ങി.  നേതാവായ ബിർസയെയും അനുയായികളെയും ചതിയിൽപ്പെടുത്തി പൊലീസ്  തടവിലാക്കുകയും സായുധ കലാപത്തിന് നേതൃത്വം കൊടുത്തു എന്ന ആരോപണം ഉന്നയിച്ച് രണ്ടുകൊല്ലത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു.  ജയിൽശിക്ഷ കഴിഞ്ഞ് തിരിച്ചെത്തിയ ബിർസ മുണ്ടകളുടെ സമരത്തിന് നേതൃത്വം കൊടുത്തു. തങ്ങളുടെ തനതുജീവിതവും സംസ്കാരവും സമ്പത്തും തകർക്കാനെത്തിയ ഭരണകർത്താക്കൾക്കും മിഷണറിമാർക്കും എതിരായ വിശ്വാസപരവും സൈനികവുമായ ആക്രമണത്തിനുള്ള അടവുകളാണ് ആസൂത്രണം ചെയ്തത്.  സർവസന്നാഹങ്ങളോടെ 1899 ഡിസംബറിലെ ക്രിസ്‌മസ് തലേന്ന് ആക്രമണം ആരംഭിച്ചു.  വളരെ ആസൂത്രിതവും പെട്ടെന്നുള്ളതുമായ ആക്രമണത്തിൽ ബ്രിട്ടീഷുകാർ പകച്ചുപോയി. തോക്കും പീരങ്കിയും ഒരു ഭാഗത്തും അമ്പും വില്ലും മറുഭാഗത്തുമായുള്ള യുദ്ധത്തിൽ മുണ്ടകൾ പരാജയപ്പെടുക സ്വാഭാവികംമാത്രം.  ബിർസയും കൂട്ടരും ഒറ്റപ്പെടുകയും പട്ടാളം  തടവിലാക്കുകയും ചെയ്തു.  വിചാരണ പൂർത്തിയാകുന്നതിനു മുമ്പുതന്നെ 1900 ജൂൺ ഒമ്പതിന് ജയിലിൽ കോളറ ബാധിച്ച് ബിർസ മുണ്ട മരിച്ചു.  അൽപ്പാൽപ്പമായ വിഷപ്രയോഗത്തിലൂടെ വധിച്ചതാണെന്ന ആരോപണം അന്നേ ഉയർന്നിരുന്നു.

മലബാർ കലാപത്തെ ക്രൂരമായി അടിച്ചമർത്തിയതുപോലെ മുണ്ടാ കലാപത്തെയും അതിക്രൂരമായിത്തന്നെയാണ് കൊളോണിയൽ ഭരണകൂടം തച്ചുതകർത്തത്.  സ്വാതന്ത്ര്യലബ്ധിക്കുശേഷവും അവരുടെ ജീവിത സാഹചര്യത്തിൽ വലിയ മാറ്റമൊന്നും വന്നില്ല.  അവരുടെ ആവാസമേഖല ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ജാർഖണ്ഡ്‌ എന്ന പുതിയ സംസ്ഥാനമായി രൂപീകൃതമായെങ്കിലും ധാതുഖനനത്തിനും വനവിഭവങ്ങളുടെ കൊള്ളയടിക്കലിനുമായി കോർപറേറ്റുകൾ വനമേഖല കൈവശപ്പെടുത്തി.  പ്രതിരോധിക്കാനെത്തുന്നവരെ മാവോയിസ്റ്റുകളെന്ന് മുദ്രകുത്തി ഏറ്റുമുട്ടൽ കൊലകളും വേട്ടയാടലും തുടരുന്നു.  ഗോത്രജനതയ്‌ക്ക് നീതി ഇപ്പോഴും നിഷേധിക്കപ്പെടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top