03 October Tuesday
മുനയൻകുന്ന്‌ 
രക്തസാക്ഷിത്വത്തിന്‌ 
ഇന്ന്‌ 75 വയസ്സ്‌

സ്‌മൃതിച്ചുവപ്പിൽ മുനയൻകുന്ന്‌

എം വി ജയരാജൻUpdated: Monday May 1, 2023

‘സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള, ഫ്യൂഡൽ ചൂഷണം അവസാനിപ്പിക്കാൻ വേണ്ടിയുള്ള ആ മുന്നേറ്റം അതിശക്തമായ സായുധ ജനകീയസമരമായി വളർന്നു. മൂവായിരത്തോളം ഗ്രാമങ്ങളിലേക്ക്‌ അത്‌ പടർന്നു. അവിടെയെല്ലാം ഗ്രാമരാജുകൾ രൂപംകൊണ്ടു. നിയമവിരുദ്ധ പിരിവുകൾ, കുടിയൊഴിപ്പിക്കലുകൾ, വട്ടിപ്പലിശയ്‌ക്ക്‌ കടം കൊടുക്കൽ, അധികാരികളുടെയും ഗുണ്ടകളുടെയും പീഡനങ്ങൾ എന്നിവയെല്ലാം അവസാനിപ്പിച്ചു.’–- പി സുന്ദരയ്യ (തെലങ്കാന സമരം)

1948 മെയ് ഒന്ന്. വടക്കേ മലബാറിലെ കർഷകപ്പോരാട്ടങ്ങളുടെ ചരിത്രത്തിൽ രക്തലിപികളിൽ കുറിച്ച ഏട്. അന്നാണ് കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ തിങ്കളാഴ്‌ച 75 വർഷം തികയുന്നു. 

പുത്തൻ അധികാരവർഗത്തിന്റെ മർദകവാഴ്‌ചയ്‌ക്കെതിരെ തെലങ്കാന മോഡലിൽ, ജനകീയ പോരാട്ടം രൂപപ്പെടുത്താനുള്ള അഭിവാഞ്‌ഛയുമായി മുനയൻകുന്നിൽ (ഇപ്പോൾ കാസർകോട് ജില്ലയിൽ) ഒത്തുകൂടിയ 42 കമ്യൂണിസ്റ്റ് പോരാളികളെയാണ്‌ എംഎസ്‌പിക്കാർ വളഞ്ഞുവച്ച്‌ തോക്കിന്‌ ഇരയാക്കിയത്‌. മെയ്‌ദിന പുലരിയിലെ അപ്രതീക്ഷിത ആക്രമണം ചെറുക്കുന്നതിനിടെ കമ്യൂണിസ്റ്റ് പാർടി പയ്യന്നൂർ ഫർക്കാ സെക്രട്ടറി കെ സി കുഞ്ഞാപ്പു മാസ്റ്റർ, പനയന്തട്ട കണ്ണൻ നമ്പ്യാർ, കുന്നുമ്മൽ കുഞ്ഞിരാമൻ, കെ എ ചിണ്ടപ്പൊതുവാൾ, മൊടത്തറ ഗോവിന്ദൻ നമ്പ്യാർ, പാപ്പിനിശേരി കേളു നായർ എന്നീ ആറ്‌ സഖാക്കൾ രക്തസാക്ഷികളായി. വെടിവയ്‌പിനിടയിൽ അത്ഭുതകരമായി രക്ഷപ്പെട്ട മാവില ചിണ്ടൻ നമ്പ്യാർ, മാരാങ്കാവിൽ കുഞ്ഞമ്പു എന്നിവരെ എംഎസ്‌പിക്കാർ പൈശാചികമായി മർദിച്ചുകൊന്നു. പൊലീസ് ക്രൂരതയ്‌ക്കിരയായ കോറോത്തെ അബ്ദുൾഖാദർ കണ്ണൂർ സെൻട്രൽ ജയിലിൽ മരിച്ചു. ഒമ്പത്‌ ജീവത്യാഗങ്ങൾ.

രണ്ടാം ലോകയുദ്ധത്തെ തുടർന്നുള്ള അതിരൂക്ഷമായ ക്ഷാമത്തിന്റെയും പട്ടിണിയുടെയും കാലം. കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പും കാരണം സാധാരണക്കാർക്ക്‌ അരി കിട്ടാനില്ല. പൊന്നുകൊടുത്താലും ഉരിയരി ലഭിക്കാത്ത അവസ്ഥ. ജന്മിമാരുടെ പത്തായപ്പുരകളിൽ നിറഞ്ഞുകിടക്കുന്ന നെല്ല്‌ ന്യായവിലയ്‌ക്ക്‌ സൊസൈറ്റികളിൽ അളക്കണമെന്ന്‌ കമ്യൂണിസ്റ്റ്‌ പാർടിയും കർഷകസംഘവും ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇതോടെ പുഴ്‌ത്തിവച്ച നെല്ലെടുത്ത്‌ പാവങ്ങൾക്ക്‌ വിതരണം ചെയ്യാൻ കമ്യൂണിസ്റ്റ്‌ പാർടി തീരുമാനിച്ചു. പയ്യന്നൂർ ഫർക്കയിൽ കോറോത്തായിരുന്നു ആദ്യ നെല്ലെടുപ്പ്‌. 1948 ഏപ്രിൽ 11ന് ആലക്കാട്ടെ മാവില കുഞ്ഞമ്പു നമ്പ്യാർ എന്ന ജന്മിയുടെ നെല്ലെടുത്ത്‌ വിതരണം ചെയ്‌തതിന്റെ പേരിൽ എംഎസ്‌പിക്കാർ നരനായാട്ടു തുടങ്ങി. നേതാക്കളെ അറസ്റ്റുചെയ്‌തു. പിറ്റേന്ന്‌ പ്രതിഷേധ പ്രകടനത്തിനുനേരെ എംഎസ്‌പിക്കാർ വെടിയുതിർത്തു. ബെമ്പിരിഞ്ഞൻ പൊക്കൻ എന്ന ദളിത്‌ കർഷകത്തൊഴിലാളി രക്തസാക്ഷിയായി. നിരവധി സഖാക്കൾക്ക് പരിക്കുപറ്റി.

ആളിക്കത്തിയ പ്രതിഷേധത്തിനൊപ്പം വിവിധ സ്ഥലത്തായി നെല്ലെടുപ്പും തുടർന്നു. എംഎസ്‌പിയും ജന്മിമാരുടെ ഗുണ്ടകളും കിരാതമായ മർദനമുറകൾ നടത്തി. കമ്യൂണിസ്റ്റ്‌ പാർടി പ്രവർത്തകരുടെ വീടുകൾ തെരഞ്ഞുപിടിച്ച് അഗ്നിക്കിരയാക്കി. കുഞ്ഞുങ്ങളെയും പ്രായമായവരെയുംവരെ ക്രൂരമായി തല്ലിച്ചതച്ചു. സ്‌ത്രീകളെ ഉപദ്രവിച്ചു. മർദകവാഴ്‌ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ്‌ പയ്യന്നൂർ ഫർക്കയിലെ വിവിധ സമരമുഖങ്ങളിൽനിന്ന് 42 സഖാക്കൾ കിട്ടാവുന്ന ആയുധങ്ങളുമായി മുനയൻകുന്നിൽ കേന്ദ്രീകരിച്ചത്. കെ സി കുഞ്ഞാപ്പു മാസ്റ്റർക്കായിരുന്നു ക്യാമ്പിന്റെ നേതൃത്വം. പുനംകൃഷി നടത്തിയിരുന്ന ചെഞ്ചേരിയൻ കൃഷ്‌ണൻ നായരുടെ കുടിലാണ്‌ ഒളിവിടമായി കണ്ടെത്തിയത്‌. അന്നത്തെ തെക്കൻ കർണാടക ജില്ലയിൽപ്പെട്ട സ്ഥലമായതിനാൽ ഇവിടേക്ക്‌ എംഎസ്‌പിക്കാർ എത്തില്ലെന്നായിരുന്നു സഖാക്കളുടെ കണക്കുകൂട്ടൽ. 

സമരനായകരിൽ ഒരാളായ പി കണ്ണൻ നായർ സ്‌മരിക്കുന്നു: ‘മൂന്ന്‌ പുറവും കുന്നുകളാൽ വളയപ്പെട്ട പ്രദേശമാണ്‌. അവിടേക്ക്‌ പ്രവേശിക്കാൻ ഒറ്റയടി പാത മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1948 ഏപ്രിൽ 26ന്‌ ഞങ്ങൾ 42 പേരും മുനയൻകുന്നിൽ എത്തിച്ചേർന്നു.’

ഏപ്രിൽ 30ന്‌ അർധരാത്രിയോടെ സഖാക്കൾ കുടിലിന്റെ അകത്തും പുറത്തുമായി കിടന്നു. സായുധരായ സഖാക്കൾ പ്രവേശന ദ്വാരത്തിലും കുടിലിന്റെ മുമ്പിലും കാവൽനിന്നു. പാതിരയോടെ മഴ ചാറി. കുഞ്ഞാപ്പു മാസ്റ്ററുടെ നിർദേശപ്രകാരം പുറത്തുകിടന്ന സഖാക്കളും കാവൽക്കാരും അകത്തുകയറി കിടന്നു. കുടിലിനുമുന്നിൽമാത്രം ഒരാളെ കാവലിനു നിർത്തി. നാട്‌ സാർവദേശീയ തൊഴിലാളിദിനത്തിലേക്ക്‌ ഉണരാൻ പോകുകയാണ്. സമയം മൂന്നുമണി. എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. ഇടവിടാതെയുള്ള വെടിയൊച്ചയും അട്ടഹാസവും കേട്ട് സഖാക്കൾ ഞെട്ടിയുണർന്നു. വെടിയുണ്ടകൾ ചീറിപ്പായുകയാണ്. എങ്ങോട്ടും ഓടാൻ കഴിയാത്തവിധം എംഎസ്‌പിക്കാർ കുടിൽ വളഞ്ഞിരുന്നു.

തോക്കുമായെത്തി എതിരിടാൻ ശ്രമിച്ച കുഞ്ഞാപ്പു മാസ്റ്ററാണ്‌ ആദ്യം വെടിയേറ്റുവീണത്‌. പിന്നാലെ മറ്റ്‌ അഞ്ചുപേരും. കെ വി കുട്ടി, പാവൂർ കണ്ണൻ എന്നിവരുടെ ഓരോ കാൽ നഷ്ടപ്പെട്ടു. ഇ വി കുഞ്ഞിക്കണ്ണൻ മാസ്റ്റർ, പാപ്പിനിശേരി കൃഷ്‌ണൻ നായർ എന്നിവർക്കും സാരമായി പരിക്കേറ്റു. മരിച്ചുവീണ ആറുപേരുടെ മൃതദേഹവും പാടിച്ചാലിൽ എത്തിച്ച്‌ ഒരു കുഴിയിൽ സംസ്കരിച്ചു. ഗുരുതരമായി പരിക്കേറ്റവരെയും പി കണ്ണൻ നായർ, സി പി നാരായണൻ എന്നിവർ ഉൾപ്പെടെ മറ്റു 12 പേരെയും പയ്യന്നൂർ ലോക്കപ്പിലിട്ട്‌ അതിക്രൂരമായി ഭേദ്യം ചെയ്‌തു. പിന്നീട്‌ കണ്ണൂരിൽ റിമാൻഡ്‌ ചെയ്‌തു. മംഗലാപുരം കോടതിയിലായിരുന്നു കേസ്‌ വിചാരണ. 16 പേരെയും വിവിധ കാലയളവിൽ തടവിനു ശിക്ഷിച്ചു. അനിതരസാധാരണ ധൈര്യത്തോടെ, നിശ്ചയദാർഢ്യത്തോടെ തീയുണ്ടകൾ നെഞ്ചേറ്റിയ ധീരന്മാരുടെ ജ്വലിക്കുന്ന ഓർമ പുതിയ പോരാട്ടങ്ങൾക്ക് ഊർജം പകരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top