29 March Friday

ആ ഓർമകൾക്ക്‌ 25

ടി എം ജോർജ്Updated: Monday Sep 5, 2022


അഗതികളുടെ അമ്മയെന്ന് വിളിച്ച്‌ ലോകമാകെ ആദരിക്കുന്ന മദർ തെരേസ ഓർമയായിട്ട് സെപ്‌തംബർ അഞ്ചിന് കാൽനൂറ്റാണ്ട് തികയുന്നു. നൊബേൽ പുരസ്കാരം നേടിയ മദർ തെരേസയെ സ്വീകരിക്കാൻ പശ്ചിമ ബംഗാൾ സർക്കാർ കൽക്കട്ടയിൽ ഒരു സമ്മേളനം ഒരുക്കി. അഗതികളും അനാഥരുമടക്കം സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളും പങ്കെടുത്ത ആ മഹാസമ്മേളനം ഉദ്ഘാടനംചെയ്തുകൊണ്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസു പറഞ്ഞു. ‘മനുഷ്യസ്നേഹിയായ ഒരു മാർക്സിസ്റ്റായി എന്നെ മാറ്റാൻ മദറിന്റെ മാതൃകാപരമായ പ്രവർത്തനങ്ങൾ ഏറെ സഹായിച്ചു. അവർക്ക്‌ ആതിഥ്യം നൽകുന്ന ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയായി പ്രവർത്തിക്കാൻ കഴിയുന്നതിൽ ഞാൻ ഏറെ അഭിമാനിക്കും’.

1910 ആഗസ്‌ത്‌ 26ന് അൽബേനിയയിലാണ് തെരേസ ജനിച്ചത്. 1928ൽ ഇന്ത്യയിലെത്തി. ബംഗാളിലെ ഡാർജിലിങ്ങിലെ കന്യാസ്ത്രീ മഠത്തിൽ ചേർന്ന്‌ ആത്മീയപരിശീലനം പൂർത്തിയാക്കി. 1948ൽ പട്നയിലെ കന്യാസ്ത്രീ മഠത്തിൽ പോയി രോഗികളെ ശുശ്രൂഷിക്കുന്നതിനുള്ള പരിശീലനം നേടി. 1949 മാർച്ച് 19ന് കൽക്കട്ടയിൽ ഒരു മിഷനറി ഭവൻ സ്ഥാപിച്ചു. അതാണ് പിൽക്കാലത്ത് മിഷനറീസ് ഓഫ് ചാരിറ്റി എന്ന പേരിൽ ലോകമാകെ പ്രശസ്തമായി തീർന്നത്. കൽക്കട്ടയിലെ സ്ഥിതി അക്കാലത്ത് അതിദാരുണമായിരുന്നു. 1952ൽ കൽക്കട്ടയിൽ ‘നിർമൽ ഹൃദയ’ എന്ന പേരിൽ അഗതികൾക്കായി ഒരു ആശ്രയകേന്ദ്രം ആരംഭിച്ചു.  അശരണർ, അഗതികൾ, ആശയറ്റവർ, കുഷ്ഠരോഗികൾ തുടങ്ങിയ അനേകായിരങ്ങൾക്ക് ഒരു അഭയസ്ഥാനമായി നിർമൽ ഹൃദയ മാറി. മദറിന്റെ  നിശ്ചയദാർഢ്യവും നിസ്വാർഥതയും മഹാമനസ്കതയും ലോകമറിഞ്ഞു തുടങ്ങിയതോടെ എല്ലായിടത്തുനിന്നും അവരുടെ പ്രവർത്തനങ്ങൾക്ക് ആദരവും അംഗീകാരവും ലഭിച്ചു. 1962ൽ പത്മശ്രീ ബഹുമതി നൽകി രാജ്യം മദർ തെരേസയെ ആദരിച്ചു. 1971ൽ ജോൺ ഓഫ്‌ കെന്നഡി ഇന്റർ നാഷണൽ അവാർഡും പ്രസിദ്ധമായ നെഹ്റു അവാർഡും ലഭിച്ചു.1979ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം മദറിനെ തേടിയെത്തി. 1980ൽ ഭാരതരത്നയും ലഭിച്ചു. 

ഇത്രയധികം ആദരവും ബഹുമതിയും ലഭിച്ച മറ്റൊരു വ്യക്തിയും ലോകത്ത് അധികം ഉണ്ടാകില്ല. എന്നാൽ, സമീപകാലത്തായി കാരുണ്യത്തിന്റെ ഈ അമ്മയെ കല്ലെറിയുന്ന സമീപനമാണ് ചില കേന്ദ്രങ്ങളിൽനിന്ന്‌ ഉണ്ടാകുന്നത്. മദർ തെരേസയെത്തന്നെ മതപരിവർത്തനത്തിൻെറ ഇരയാക്കി ആക്രമിച്ചാൽ സംഘപരിവാർ ഉദ്ദേശിക്കുന്ന അജൻഡ അതിവേഗം നടപ്പാക്കാൻ കഴിയുമെന്നവർ കണക്കുകൂട്ടുന്നു.  മദർ തെരേസയെപ്പോലുള്ള മഹത് വ്യക്തികളെ ഇകഴ്ത്തി ഇല്ലായ്മ ചെയ്യാനും ശ്രമിക്കുന്നു. അതിനെല്ലാം ഉപരിയായി കാരുണ്യത്തിന്റെയും അഗതികളുടെയും അമ്മയുടെ സ്‌മരണ എക്കാലവും ഉയർന്നുനിൽക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top