26 April Friday

വേനൽമഴയെ മണ്ണിലിറക്കാം

ഐ ബി സതീഷ്‌
എംഎൽഎUpdated: Monday May 9, 2022

പതിവിന്‌ വിപരീതമായി ഇക്കൊല്ലം കേരളത്തിൽ ധാരാളം വേനൽമഴ ലഭിച്ചിട്ടുണ്ട്‌. മൺസൂൺകാലം ഈ മാസം അവസാനത്തോടെ എത്തി ജൂൺ ആദ്യ ആഴ്‌ച സജീവമാകുമെന്നും വിദഗ്‌ധർ പറയുന്നു. മുൻവർഷങ്ങളിലുണ്ടായ കൊടുംചൂടിനെയും ജലക്ഷാമത്തെയുമെല്ലാം നേരിടാൻ ഇത്തവണ ഇടയ്‌ക്കിടെ ലഭിച്ച വേനൽമഴ സഹായിച്ചിട്ടുണ്ട്‌. വരുംദിവസങ്ങളിലും മഴയുണ്ടാകുമെന്നാണ്‌ സൂചന. പൊതുവേ മഴക്കാലത്താണ്‌ മഴവെള്ള സംഭരണത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നത്‌. എന്നാൽ, കാലം തെറ്റിവരുന്ന കാലാവസ്ഥയുടെ കാലത്ത്‌ ഏതുസമയത്തും മഴവെള്ള സംഭരണത്തെക്കുറിച്ച്‌ നാം ചിന്തിക്കണം. വേനൽമഴയിലൂടെ ലഭിക്കുന്ന ജലംവരെ ശാസ്‌ത്രീയമായി മണ്ണിലേക്ക്‌ ഇറക്കാൻ കഴിഞ്ഞാൽ അപ്രതീക്ഷിതമായുണ്ടാകുന്ന പ്രളയ ഭീഷണിവരെ ഒഴിവാക്കാനാകും.

മണ്ണാണ് ഏറ്റവും വലിയ ജലസംഭരണി. ഭൂമിയിലെ ഏറ്റവും വലിയ ശുദ്ധജലമായ ജലസ്രോതസ്സാണ് മഴ. പ്രതിവർഷം ലഭിക്കുന്ന മഴവെള്ളത്തെ തടഞ്ഞുനിർത്തിയാൽ മതി ജലക്ഷാമം പരിഹരിക്കാൻ സാധിക്കും. മഴവെള്ളം ആഴ്ന്നിറങ്ങേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തണം. മഴവെള്ളത്തെ തടഞ്ഞുനിർത്താൻ നമുക്ക് ചെയ്യാവുന്ന ഒന്നാണ് മഴക്കുഴി നിർമാണം. ഒരു ജനകീയപരിപാടിയായിതിനെ മാറ്റാം. അതിന്റെ ആദ്യഘട്ടമെന്ന നിലയ്‌ക്ക് എല്ലാ പഞ്ചായത്തിലെയും വാർഡ്തലത്തിലും പ്രത്യേക വാർഡ് സഭകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ, യുവജന സംഘടനകൾ യൂത്ത് ക്ലബ്ബുകൾ, വായനശാലകൾ എന്നിവിടങ്ങളിലും യോഗങ്ങളിലൂടെ ജനങ്ങളിൽ അതിന്റെ ആവശ്യകത ബോധ്യപ്പെടുത്തണം.

മിക്കവീടുകളിലും കിണറിനു ചുറ്റും അശാസ്ത്രീയമായരീതിയിൽ കോൺക്രീറ്റ് ചെയ്തിരിക്കുന്നതിനാൽ മഴവെള്ളത്തിന് ഭൂമിയിൽ താഴ്ന്നിറങ്ങാൻ കഴിയുന്നില്ല. ഈ മഴക്കാലത്തെ വെള്ളം സംഭരിച്ചുവയ്‌ക്കാൻ നമ്മുടെയൊക്കെ വീടുകളിൽ മഴക്കുഴികൾ നിർമിക്കണം. കിണറിന്റെ സമീപത്തുനിന്ന്‌ അഞ്ചു മീറ്ററെങ്കിലും അകലത്തിൽ വേണം കുഴിയെടുക്കാൻ. വീടിന്റെ സമീപത്താണ് കുഴിയെടുക്കുന്നതെങ്കിൽ മൂടി ഇടണം. കുട്ടികളും മൃഗങ്ങളും കുഴികളിൽ വീഴാൻ സാധ്യതയുണ്ട്. ചെരിവുകൂടിയ സ്ഥലങ്ങൾ ഒഴിവാക്കി തെങ്ങിൻ പറമ്പുകളിലും ഇടവിള കൃഷിയിടത്തും കുഴികൾ നിർമിക്കാം.  

ഏത് തരത്തിലുള്ള വീടായാലും മഴവെള്ള സംഭരണം സാധ്യമാണ്. ലഭിക്കുന്ന മഴ മുഴുവൻ അതിവേഗം ഒഴുകി കടലിൽ എത്തുന്നത്‌ തടയണം. നിരവധിയായ സസ്യജന്തു ജാലങ്ങളുടെ വാസസ്ഥലമാണ് നീർത്തടങ്ങൾ. നീർത്തടങ്ങളെ സംരക്ഷിച്ചില്ലെങ്കിൽ വരുംകാലത്ത് വലിയ ജലദൗർലഭ്യമായിരിക്കും അനുഭവിക്കേണ്ടിവരിക. നാടിന്റെ ഹൃദയധമനികളാണ് തോടുകൾ. തോടിനെ മലിനമാക്കാതെ പുനരുജ്ജീവനത്തിനായി നാട് ഒന്നിച്ചിറങ്ങണം.

മണ്ണ് സംരക്ഷണവകുപ്പിന്റെ സഹായത്തോടെ സമഗ്രമായ നീർത്തടാധിഷ്ഠിത വികസനം സാധ്യമാക്കണം. അടിഞ്ഞുകൂടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്ത് അതോടൊപ്പം തോട്ടിലേക്കുള്ള മാലിന്യം തള്ളൽ തടയാനും സ്ഥാപനങ്ങളിലും വീടുകളിലും ഉറവിട മാലിന്യനിർമാർജന സംവിധാനങ്ങൾ ഒരുക്കാനുമുള്ള തീരുമാനമെടുക്കണം. ചെലവ് കൂടിയ കോൺക്രീറ്റ് തടയണകൾ ആവശ്യത്തിന് ജലം സംരക്ഷിക്കാനാകാതെ ഉപയോഗശൂന്യമായിത്തീരുന്നുവെന്ന് മനസ്സിലാക്കിയതിനാലാണ് താൽക്കാലിക തടയണകൾ നിർമിക്കുന്നത്‌. ഒഴുകിപ്പോകുന്ന മഴവെള്ളത്തിന്റെ വേഗതകുറച്ച് ഭൂമിയിലിറക്കി കൃഷിക്കും കുടിവെള്ളത്തിനും അനുയോജ്യമായി നിലനിർത്താം. തടയണകൾ നിർമിക്കുന്നതോടെ ഭൂമിയിൽ വെള്ളമിറങ്ങുന്നു. കിണറുകളിൽ ജലനിരപ്പ് കൂടുന്നു. ചുരുങ്ങിയ ചെലവിൽ ആർക്കും കുളം നിർമിച്ച്‌ മഴവെള്ളം സംഭരിക്കാം. അതിൽ മത്സ്യക്കൃഷി ചെയ്യാം. 

നമ്മുടെ വീടുകിണറുകളിൽ ജലനിരപ്പ് കുറഞ്ഞു വരുന്നുണ്ട്‌. ഇത്‌ പരിഹരിക്കാൻ ഉപയോഗിക്കുന്ന ജലത്തിന് ആനുപാതികമായി ജലം തിരിച്ചുകൊടുക്കണം. അതാണ് കിണർ റീച്ചാർജിലൂടെ ചെയ്യേണ്ടത്. മേൽക്കൂരയിൽ വീഴുന്ന മഴവെള്ളം നമുക്കെല്ലാംതന്നെ കിണറിനടുത്ത് കുഴിനിർമിച്ച് മണ്ണിലേക്ക്‌ ഇറക്കാം. ഇത്തരത്തിൽ നിരവധിയായ ജലസംരക്ഷണ പ്രവർത്തനങ്ങൾ ക്രിയാത്‌മകമായി നടപ്പാക്കാൻ ഈ സമയം പ്രയോജനപ്പെടുത്താം. വേനൽ മഴവെള്ളം പകുതിയെങ്കിലും മണ്ണിലിറക്കാൻ കഴിഞ്ഞാൽ ഭാവിയിൽ ഉണ്ടാകാവുന്ന ജലദൗർലഭ്യത്തിന്‌ പരിഹാരം കാണാൻ കഴിയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top