28 March Thursday

മുറ തെറ്റിക്കുന്ന മൺസൂൺ

ഐ ബി സതീഷ്‌ 
എംഎൽഎUpdated: Thursday Aug 25, 2022

ഇന്ത്യയെ മൺസൂണിന്റെ നാട് എന്നാണ് വിളിക്കുന്നത്. ആഗോളതാപനംമൂലം മൺസൂൺ മഴയുടെ വിതരണത്തിലും മഴയുടെ സ്വഭാവത്തിലും വരുന്ന മാറ്റങ്ങൾ ദക്ഷിണേഷ്യയിൽ 400 കോടിയിലധികം ആളുകളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുമെന്നാണ്‌ ഏറ്റവും പുതിയ വിവരങ്ങൾ. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ മനുഷ്യനിർമിതമായ പൊടിപടലങ്ങളുടെ സ്വാധീനംമൂലം തെക്കുകിഴക്കൻ ഏഷ്യൻ മൺസൂൺ ദുർബലമായിട്ടുണ്ടെന്നാണ്  ഐപിസിസി( ഇന്റർ ഗവൺമെന്റൽ പാനൽ ഓഫ്‌ ക്ലൈമറ്റ്‌ ചേഞ്ച്‌) റിപ്പോർട്ട് പറയുന്നത്. എന്നാൽ, ഹരിതഗൃഹവാതങ്ങളുടെ ഉയർന്ന തോതിലുള്ള ഉദ്വമനം മൺസൂൺ പ്രവാഹത്തിന്റെ ശക്തി കൂടുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട്, ആഗോളതാപനത്തിന്റെ ആഘാതവും മനുഷ്യനിർമിതമായ പൊടിപടലങ്ങളുടെ  പ്രതികൂലസ്വാധീനവും കാരണം മൺസൂണിന്റെ വിശ്വസനീയമായ പ്രവചനങ്ങൾ  ദുഷ്‌കരമാകുന്നു.

എന്നിരുന്നാലും, സമീപഭാവിയിൽ മൺസൂൺ മഴയിലുണ്ടാകുന്ന വ്യതിയാനം വർധിക്കുമെന്ന് ഐപിപിസി (ഇന്റർ നാഷണൽ പ്ലാന്റ്‌ പ്രൊട്ടക്‌ഷൻ കൺവൻഷൻ) റിപ്പോർട്ടിൽ പറയുണ്ട്. എന്നാൽ, ദീർഘകാലാടിസ്ഥാനത്തിൽ മൺസൂൺ മഴ വർധിക്കുമെന്നും ഐപിസിസി റിപ്പോർട്ടിലുണ്ട്‌. ചുരുക്കത്തിൽ, സമീപഭാവിയിൽ മൺസൂൺ മഴക്കാലം കൂടുതൽ ക്രമരഹിതമായിത്തീരും. ചൂടുനീരാവി കൂടുതലുള്ള അന്തരീക്ഷം ചുരുങ്ങിയ കാലയളവിൽ അതിതീവ്രമഴയ്‌ക്കും  വെള്ളപ്പൊക്കത്തിനും കാരണമാകും. ചൂടുള്ള വരണ്ട കാലാവസ്ഥ വളരെക്കാലം നീളുന്ന കടുത്ത വരൾച്ചയ്‌ക്കുള്ള സാധ്യത വർധിപ്പിക്കും. എന്നാലും  ഇത്തരം അതിതീവ്ര കാലാവസ്ഥാ മാറ്റങ്ങളുടെ ആവൃത്തിയും അവയുണ്ടാകുന്ന സ്ഥലവും മൺസൂൺ പ്രവാഹത്തിന് പ്രാദേശികമായുണ്ടാകുന്ന മാറ്റങ്ങളെ ആശ്രയിച്ചിരിക്കും.

അന്തരീക്ഷത്തിലെ കൂടുതൽ ഈർപ്പം കൂടുതൽ ശക്തമായ മഴയ്ക്ക് കാരണമാകുന്നു. എന്നാൽ, ഈ ശക്തമായ മഴ ജലസ്രോതസ്സുകൾക്കും കാർഷികമേഖലയ്ക്കും ഒരു ഗുണവും ചെയ്യില്ല.  കുറഞ്ഞ സമയത്തിനുള്ളിൽ ലഭിച്ച കനത്ത മഴ ഭൗമോപരിതലത്തിലൂടെ വേഗത്തിൽ ഒഴുകിപ്പോകും. മണ്ണൊലിപ്പ് കാരണം മേൽമണ്ണിലെ പോഷകങ്ങൾ വേഗത്തിൽ നഷ്ടപ്പെട്ടു പോകാനും ഇടയാക്കും. തീർച്ചയായും ഇത് നഗരങ്ങളെ  കൂടുതൽ വെള്ളപ്പൊക്കത്തിലേക്ക് നയിക്കും. അശാസ്‌ത്രീയമായ  ഡ്രെയിനേജ് സംവിധാനങ്ങൾക്ക് അതിതീവ്ര മഴയെ ഉൾക്കൊള്ളാൻ കഴിയാതെ വരും. മഴയുടെ തീവ്രതയിലും വിതരണത്തിലും വരുന്ന മാറ്റം  പ്രത്യേകിച്ച് പശ്ചിമഘട്ടത്തിലെയും ഹിമാലയൻപർവത പ്രദേശങ്ങളിലെയും  മേഘഘടനയിൽ ഉണ്ടായ മാറ്റം ആ പ്രദേശങ്ങളെ ലഘു മേഘവിസ്ഫോടനങ്ങളുടെ കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. ഇതു പലപ്പോഴും മിന്നൽപ്രളയങ്ങൾക്കും കാരണമാകുന്നുണ്ട്‌.

കേന്ദ്രകാലാവസ്ഥാ വകുപ്പ് മഴയുടെ തീവ്രതയുടെ  അടിസ്ഥാനത്തിൽ മാത്രമാണ് മേഘവിസ്ഫോടനത്തെ നിർവചിച്ചിരിക്കുന്നത്. അതനുസരിച്ച്‌ മണിക്കൂറിൽ 10 സെന്റിമീറ്ററിൽ അധികം മഴ പെയ്‌താൽ മാത്രമേ മേഘവിസ്ഫോടനമായി കണക്കാക്കിയിരുന്നുള്ളൂ. എന്നാൽ, വലിയ ചെരിവുള്ള മലനിരകളിൽ മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങൾ വിതയ്‌ക്കാൻ ഒരു മണിക്കൂറിൽ 10 സെന്റിമീറ്റർ മഴതന്നെ പെയ്യണമെന്നില്ല. എന്നാൽ, രണ്ടു മണിക്കൂറിൽ അഞ്ച്‌ സെന്റിമീറ്റർ എന്ന തോതിൽ തീവ്രത കുറഞ്ഞ മഴ പെയ്താലും  പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായേക്കാം.


 

കേരളത്തിൽ അടുത്തകാലത്തായി പ്രത്യേകിച്ച്‌ മൺസൂൺ സമയത്തും  വ്യാപിച്ചു കാണപ്പെടുന്ന കൂമ്പാരമേഘങ്ങളിൽനിന്ന് ഹ്രസ്വകാലത്തേക്ക് ലഭിക്കുന്ന കനത്ത മഴ ലഘു മേഘവിസ്ഫോടനങ്ങൾക്കു കാരണമാകുന്നുണ്ട്. ഇങ്ങനെ അതിവേഗം ഒഴുകിയെത്തുന്ന വെള്ളം അരുവികളുടെ  ശേഷിക്കും അപ്പുറത്തേക്ക് ഒഴുകിയെത്തുകയും മലനാട്ടിൽ  ഉരുൾപൊട്ടലിനും ഇടനാട്ടിലും തീരപ്രദേശത്തും വെള്ളപ്പൊക്കത്തിനും കാരണമാകാറുണ്ട്.  ഡാം റിസർവയോറുകളിലും പുഴകളിലും നദികളിലുമുള്ള മണ്ണും മണലും നീക്കം ചെയ്യുന്നതിന്‌ ഇനിയും ആലോചനയല്ല പ്രായോഗിക നടപടികളാണാവശ്യം. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാണ് ഡാമുകൾ. അവിടെ ശാസ്ത്രീയപഠനം നടത്തി സംഭരിക്കപ്പെടേണ്ട ജലം ,ആവശ്യമായ മണ്ണ് ഇവ സംബന്ധിച്ച് വ്യക്തതയുണ്ടാക്കണം.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച്  സംസാരിക്കുമ്പോൾ, അതിശക്തമായ മഴയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കാറുള്ളത്. എന്നാൽ, മറുവശത്ത് വരൾച്ചയെന്ന രൂക്ഷവും നിശ്ശബ്ദവുമായ മറ്റൊരു കൊലയാളി പതിയിരുപ്പുണ്ടെന്ന കാര്യം  ചർച്ചകളിൽ കടന്നുവരാറില്ല. ആഗോളതാപനംമൂലമുള്ള ഉയർന്ന താപനില ഭൂമിയിൽനിന്ന് ഈർപ്പം വളരെ വേഗത്തിൽ ബാഷ്പീകരിക്കപ്പെട്ട്‌ നഷ്ടപ്പെടുന്നതിനു കാരണമാകും. ഇതോടൊപ്പം വികലമായ ഭൂവിനിയോഗ നയങ്ങളുടെ ഭാഗമായ കാലാവസ്ഥാ വരൾച്ച; കാർഷിക, ജലവിഭവ വരൾച്ചയായി എളുപ്പത്തിൽ പരിണമിക്കും. 

ആഗോളതാപനത്തിന്റെ ഫലമായി ഉഷ്‌ണതരംഗങ്ങൾ  പിടിമുറുക്കി. ഇന്ത്യയും ഇതിൽനിന്ന്‌ വിഭിന്നമല്ല, ചൂട് അതിരുകടന്നു.  ഉഷ്‌ണതരംഗങ്ങൾ കൂടുതൽ തെക്കൻ അക്ഷാംശങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. മനുഷ്യപ്രേരിത ആഗോളതാപനവും വർധിച്ചുവരുന്ന നഗരവൽക്കരണവും ഉഷ്‌ണതരംഗങ്ങളുടെയും താപതരംഗങ്ങളുടെയും താപാഘാതത്തിന്റെയും അവസ്ഥ കൂടുതൽ വഷളാക്കും. അതിതീവ്ര കാലാവസ്ഥാ മാറ്റം വിരൽചൂണ്ടുന്നത് ആഗോളതാപനത്തിന്റെ ഫലമായി കേരളത്തിന്റെ കാലാവസ്ഥയും കൂടുതൽ അസ്ഥിരമാകുകയാണെന്നാണ്. പൊതുവെ കേരളത്തിൽ സ്ഥിരതയുള്ള കാലാവസ്ഥയാണ്. പക്ഷേ, സഹ്യപർവതത്തിന്റെ സ്വാധീനവും  സമുദ്ര സാമീപ്യവും കേരളത്തിന്റെ കാലാവസ്ഥയെ കൂടുതൽ സങ്കീർണമാക്കുന്നു. മറ്റു സമുദ്രതടങ്ങൾ 100 വർഷംകൊണ്ട് ഒരു ഡിഗ്രി സെൽഷ്യസിൽ താഴെമാത്രം ചൂടായപ്പോൾ, അറബിക്കടൽ ഏകദേശം 1.1 ഡിഗ്രിക്കുമുകളിൽ ചൂടായതാണ്‌ കേരളത്തിന്റെ കാലാവസ്ഥയെ കൂടുതൽ അസ്ഥിരമാക്കുന്നത്.

പ്രത്യേകതരം സസ്യജാലങ്ങളുടെയും ജന്തുജാലങ്ങളുടെയും നിലനിൽപ്പിനാവശ്യമായ അനുകൂല കാലാവസ്ഥ കേരളത്തിൽ പ്രദാനം ചെയ്യുന്നത്‌ മൺസൂൺ മഴയാണ്. നമ്മുടെ സംസ്‌കാരവും ജീവിതരീതിയും  കാർഷിക വൃത്തിയുമെല്ലാം രൂപപ്പെടുന്നതും മൺസൂണുമായി ബന്ധപ്പെട്ടാണ്. ജൂൺമുതൽ സെപ്‌തംബർവരെ നീളുന്ന തെക്കുപടിഞ്ഞാറൻ കാലവർഷത്തോടൊപ്പം ഒക്ടോബർമുതൽ ഡിസംബർവരെയുള്ള വടക്കു കിഴക്കൻ കാലവർഷവും കേരളത്തിൽ മഴ എത്തിക്കുന്നു. ഇത്‌ കേരളത്തിനുമാത്രം അവകാശപ്പെടാവുന്ന കാലാവസ്ഥാ സവിശേഷതയാണ്.


 

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക്‌ മൺസൂൺ പ്രവേശിക്കുന്നത് കേരളത്തിലൂടെ ആയതിനാൽ കേരളത്തെ മൺസൂണിന്റെ കവാടം എന്നാണ് അറിയപ്പെടുന്നത്. വർഷാവർഷ മഴവ്യതിയാനം 10 മുതൽ 20 ശതമാനംവരെ ആകാമെങ്കിലും മൺസൂൺ മഴയെ പൊതുവിൽ ഒരു സ്ഥിരതയുള്ള പ്രതിഭാസമായാണ്‌ കണക്കാക്കിയിരുന്നത്‌. പക്ഷേ, സമീപ കാലങ്ങളിൽ മൺസൂൺ കൂടുതൽ അസ്ഥിരമാകുന്നു. വരുംവർഷങ്ങളിൽ ഈ ക്രമരാഹിത്യം വർധിക്കും. വർഷാ-വർഷ വ്യതിയാനങ്ങളും സീസണിനുള്ളിലെ വ്യതിയാനങ്ങളും കൂടുതൽ പ്രകടമാകും. മൺസൂൺ സീസണിൽ ലഭിക്കുന്ന ആകെ മഴയുടെ അളവിൽ മാറ്റം പ്രതീക്ഷിക്കുന്നില്ലെങ്കിലും അതിന്റെ വിതരണത്തിൽ സാരമായ വ്യത്യാസം സംഭവിക്കും. 2015, 2016 വർഷങ്ങളിൽ അനുഭവപ്പെട്ട വരൾച്ചകളും 2017ലെ ഓഖി ചുഴലിക്കാറ്റും  2018ൽ ഉണ്ടായ മഹാപ്രളയവുമാണ്‌ കേരളത്തിലെ മാറുന്ന കാലാവസ്ഥയിലേക്ക്‌  ശ്രദ്ധയാകർഷിച്ചത്‌. ചുരുക്കം ചില ദിവസങ്ങളിൽ തീവ്രമഴ പെയ്യുകയും ദീർഘനാൾ മഴയില്ലാതിരിക്കുകയും ചെയ്യുന്നത്‌ വരുംകാലങ്ങളിൽ മൺസൂണിന്റെ സ്ഥായീഭാവമായിത്തീർന്നേക്കാം.  പ്രധാനമായും കൃഷിയും മത്സ്യബന്ധനവും  ഉപജീവനമാർഗമായി സ്വീകരിച്ച കേരളത്തിലെ ജനങ്ങളെ ഈ കാലാവസ്ഥാവ്യതിയാനം കൂടുതൽ പ്രതികൂലമായി ബാധിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top