25 April Thursday

വാനര വസൂരി : ജാഗ്രത വേണം - ഡോ. അമർ ഫെറ്റിൽ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jul 16, 2022

ജൂലൈ 14 മുതൽ ദേശീയതലത്തിൽ ആരോഗ്യവാർത്തകളിൽ വീണ്ടും കേരളം ഇടംപിടിക്കുകയാണ്‌. കാരണം, ഇതുവരെ വിദേശത്തുമാത്രം സ്ഥിരീകരിച്ച വാനര വസൂരി അഥവാ മങ്കിപോക്സ്‌ കേരളത്തിൽ സ്ഥിരീകരിച്ചിരിക്കുന്നു. യുഎഇയിൽ നിന്നെത്തിയ മലയാളിക്കാണ്‌ രോഗം.

ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കിടയിലും മാധ്യമങ്ങൾക്കിടയിലും വലിയ സംശയങ്ങളും ആശങ്കകളുമുണ്ട്‌. ആദ്യംതന്നെ ഒരു കാര്യം പറയട്ടെ, അതിവേഗം വ്യാപിക്കുന്ന കോവിഡ്‌പോലുള്ള പകർച്ചവ്യാധിയല്ല വാനര വസൂരി. കാരണം ഈ രോഗം പകരുന്നത്‌ ശ്വാസകോശ സ്രവങ്ങൾ വഴിയോ വളരെ അടുത്ത സമ്പർക്കം, രോഗിയുടെ ശരീരത്തിലെ സ്രവവുമായും ഉപയോഗിച്ച വസ്‌ത്രങ്ങളുമായും നേരിട്ട്‌ സമ്പർക്കം ഉണ്ടാകുമ്പോഴോ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിലൂടെയോ ഒക്കെയാണ്‌. ചുരുക്കിപ്പറഞ്ഞാൻ അതിവേഗം ഒരു മേഖലയിൽ ഒന്നാകെ വ്യാപിക്കുന്ന രോഗമല്ല ഇത്‌. രോഗം മരണത്തിലേക്കെത്തുന്നതും വളരെ വിരളമാണ്‌.

ഓർത്തോപോക്സ്‌ കുടുംബത്തിൽപ്പെട്ട വൈറസ്‌ പരത്തുന്ന രോഗമാണ്‌ വാനര വസൂരി. ആഫ്രിക്കയിലെ പല ഭാഗങ്ങളിലുമാണ്‌ ഈ രോഗം കണ്ടുവന്നത്‌. ആദ്യമായി കുരങ്ങുകളിൽ  കണ്ടെത്തിയതിനാലാണ് മങ്കിപോക്സ്‌ എന്ന പേരുവന്നത്‌. പക്ഷേ, പ്രധാനമായും കുരങ്ങുകളിൽ നിന്നല്ല ഈ  വൈറസ്‌ അധികമായി  കാണപ്പെടുന്നത്‌. എലി, അണ്ണാൻ പോലെ ആഹാരം കാർന്നുതിന്നുന്ന ചെറുമൃഗങ്ങളാണ്‌ പ്രധാനപ്പെട്ട രോഗവാഹകർ. ഈ ജീവികളിൽനിന്ന്‌ വനത്തിലുള്ള മറ്റ്‌ മൃഗങ്ങളിലേക്ക്‌ രോഗം പകരുന്നത്‌ പതിവാണ്‌. ജീവനുള്ളതോ ചത്തതോ ആയ മൃഗങ്ങളുടെ ശരീരം കൈകാര്യം ചെയ്യുന്നതിലൂടെ വൈറസ്‌ മനുഷ്യശരീരത്തിലേക്ക്‌ കടക്കും. വൈറസ്‌ മനുഷ്യശരീരത്തിൽ ഉണ്ടാക്കുന്ന ഈ രോഗം "സെൽഫ്‌ ലിമിറ്റഡ്‌' ആണ്‌, അതായത്‌ താനെ ഇത്‌ ഭേദമാകും. രണ്ടുമുതൽ നാലാഴ്ചവരെ നീണ്ടുനിൽക്കുന്ന ഈ രോഗം വളരെ അപൂർവമായി ഒരു ശതമാനംമുതൽ പരമാവധി പത്തുശതമാനം പേരിൽ മാത്രമാണ്‌ ഗുരുതരമാകുക.

ആഫ്രിക്കയ്ക്ക്‌ പുറമെ മറ്റ്‌ വിവിധ രാജ്യങ്ങളിലും വാനര വസൂരി സ്ഥിരീകരിച്ചെങ്കിലും അധികമരണം എവിടെയും ഉണ്ടായിട്ടില്ല. സാധാരണ വൈറൽ പനിക്ക്‌ സമാനമായി പനി, കടുത്ത തലവേദന എന്നിവയ്ക്ക്‌ പുറമെ രണ്ടുമുതൽ നാലുദിവസത്തിനുള്ളിൽ ശരീരത്തിൽ കാണുന്ന പൊങ്ങലുകൾ/ കുമിളകൾ പ്രധാന ലക്ഷണമാണ്‌. ചിക്കൻപോക്സിന്‌ സമാനമാണെങ്കിലും ഈ കുമിളകൾക്ക്‌ കട്ടി കൂടുതലായിരിക്കും. നടുവിൽ ചെറിയ കുത്തും കാണാം. കഴലവീക്കം മറ്റൊരു പ്രധാന ലക്ഷണമാണ്‌. അണുബാധയുണ്ടായി നാലാഴ്ചയ്ക്കുള്ളിലാണ്‌ ലക്ഷണങ്ങൾ പ്രകടമാകുക.
കുമിളകൾ പ്രത്യക്ഷപ്പെടുന്നതിന്റെ തൊട്ടുമുമ്പെയുള്ള ദിവസംമുതൽ രോഗം പകരാൻ സാധ്യതയുണ്ട്‌. കുമിളകൾ പൊട്ടിവരുന്ന സ്രവങ്ങൾ‌, ശ്വസനത്തിലൂടെ പുറത്തുവരുന്ന കണികകൾ എന്നിവയൊക്കെ രോഗം പകർത്തും. സ്വന്തമായി സംശയം തോന്നുകയാണ്‌ ഏറ്റവും പ്രധാനം. രോഗം തനിയെ ഭേദമാകുമെന്ന്‌ പറയുമ്പോഴും എല്ലാ പ്രതിരോധവും ഉറപ്പാക്കണം. പോഷകഗുണമുള്ള ആഹാരം, പാനീയങ്ങൾ, ലക്ഷണങ്ങൾക്ക്‌ അനുസരിച്ച്‌ മരുന്നുകൾ കഴിക്കുകയും വേണം. പൂർണമായും സമ്പർക്കവിലക്കിൽ ഇരുന്നുവേണം ചികിത്സ നടത്താൻ. കോവിഡിനായി ക്രമീകരിച്ച സജ്ജീകരണങ്ങൾ വാനര വസൂരിയെ പ്രതിരോധിക്കാൻ നമ്മെ സഹായിക്കുമെന്നത്‌ വലിയ കാര്യമാണ്‌. വ്യാപകപ്പകർച്ച ഇല്ലെങ്കിലും ഈ സംവിധാനങ്ങൾ അങ്ങേയറ്റം ഉപകരിക്കും.


 

സാധാരണഗതിയിൽ ഒരു പ്രത്യേക മരുന്ന്‌ വാനര വസൂരിക്ക്‌ ആവശ്യമില്ല. എന്നാൽ, ഗുരുതര സാഹചര്യമുണ്ടായാൽ  അത്യാവശ്യഘട്ടങ്ങളിൽ ടീകോവിരിമാറ്റ്‌ എന്ന മരുന്ന്‌ ഉപയോഗിക്കാറുണ്ട്‌. വാനര വസൂരിക്കെതിരായി ഒരു പ്രത്യേക വാക്സിനില്ല. എന്നാൽ, ഇതേ രീതിയിലുള്ള രോഗങ്ങൾക്കായി ചില പരീക്ഷണ വാക്സിനുകൾ തയ്യാറാക്കിയിരുന്നു. വസൂരിക്കെതിരായി മുൻതലമുറയിൽപ്പെട്ടവർ എടുത്ത വാക്സിൻ വാനര വസൂരിയെ ഒരു പരിധിവരെ പ്രതിരോധിക്കുമെന്നും പഠനങ്ങൾ തെളിയിക്കുന്നുണ്ട്‌. കുട്ടികൾ ഈ വാക്സിൻ എടുക്കാത്തതിനാൽ അവരിൽ പ്രതിരോധം കുറവായിരിക്കും. എന്നാൽ, വ്യാപനനിരക്ക്‌ കുറവായതിനാൽ അക്കാര്യത്തിലും പേടിവേണ്ട.

പുതിയൊരു രോഗം സ്ഥിരീകരിച്ചെന്നുകരുതി ആശങ്കയുടെയോ എടുത്തുചാട്ടത്തിന്റെയോ ആവശ്യമില്ല. അതേസമയം, ജാഗ്രത പുലർത്തുകയും രോഗത്തെപ്പറ്റി അറിഞ്ഞിരിക്കുകയും വേണം. അതിവേഗവ്യാപനമുള്ള കോവിഡിനെപ്പോലും പരമാവധി പിടിച്ചുനിർത്താൻ കേരളത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. അതിനാൽ വാനര വസൂരിയുടെ കാര്യത്തിൽ ആശങ്കവേണ്ട. രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്കോ രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നെത്തിയവർക്കോ സംശയം തോന്നിയാൽ നേരിട്ട്‌ ആശുപത്രിയിൽ പോകാതെ ദിശയുടെ  104, 1056, 0471 2552056 നമ്പരുകളിൽ ബന്ധപ്പെടുന്നതാണ്‌ ഉത്തമം. ദിശയിലൂടെ അതത്‌ ജില്ലയുടെ മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരെ ബന്ധപ്പടാം. ഉദ്യോഗസ്ഥരുടെ മാർഗനിർദേശങ്ങൾക്കനുസരിച്ച്‌ ഭാവികാര്യങ്ങൾ തീരുമാനിക്കുകയും ചെയ്യാം. ലക്ഷണങ്ങളിൽ സംശയം തോന്നിയാൽ ഇ–-സഞ്ജീവനി വഴി ഡോക്ടറെ ബന്ധപ്പെടാനും അവസരമുണ്ടെന്ന്‌ ഓർക്കുക. സംസ്ഥാന ആരോഗ്യവകുപ്പ്‌ പൂർണമായും രോഗികൾക്കൊപ്പംനിന്ന്‌ രോഗപ്രതിരോധം ഉറപ്പാക്കും.

(എച്ച്‌1എൻ 1, കോവിഡ്‌ ദേശീയ 
ആരോഗ്യമിഷൻ സംസ്ഥാന നോഡൽ 
ഓഫീസറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top