09 December Saturday

മധുരജീവിതം - മോഹൻലാൽ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Sep 23, 2023

ഇന്ന് നവതിപൂർണതയിൽ എത്തിനിൽക്കുന്ന മധുസാറിന്റെ മുന്നിൽ ഇരിക്കുമ്പോൾ ഒരുപാട് ഓർമകൾ എന്നെ വന്നു പൊതിയുകയാണ്. എപ്പോൾ എവിടെ എങ്ങനെ എന്നൊന്നും ഓർത്തെടുക്കാനാകില്ലെങ്കിലും സിനിമയെ അറിഞ്ഞു തുടങ്ങിയ കാലംമുതൽ ഗഗനസമാനമായ കഥാപാത്രങ്ങളിലൂടെ മധു എന്ന വലിയ പേര് എന്റെ മനസ്സിലും വലിയ ഓളങ്ങൾ സൃഷ്ടിച്ചുതുടങ്ങിയിരുന്നു. മധുസാറിന്റെ ആദ്യചിത്രമായ "നിണമണിഞ്ഞ കാൽപ്പാടുകൾ' പ്രേക്ഷകർക്കു മുന്നിലെത്തുമ്പോൾ എനിക്ക്‌ മൂന്നുവയസ്സാണ്. മുപ്പതുവയസ്സിലേക്ക് എന്റെ ജീവിതം എത്തിച്ചേരുമ്പോഴേക്കും നിരവധി സിനിമകളിൽ അദ്ദേഹത്തിന്റെ മകനായി എനിക്ക്‌ അഭിനയിക്കാൻ കഴിഞ്ഞിരുന്നു. കൃത്യമായി പറയുകയാണെങ്കിൽ 43 വർഷത്തെ സൗഹൃദം. അതിനിടയിൽ ഒന്നിച്ചു ചെയ്ത ഒട്ടേറെ സിനിമകൾ, യാത്രകൾ, തമാശകളും പൊട്ടിച്ചിരികളുമായി പുലരാതെ പുലർന്ന രാവുകൾ.

മനസ്സു വേദനിച്ച ഘട്ടങ്ങളിലെല്ലാം ഒപ്പമുണ്ടെന്ന് പറയാതെ പറഞ്ഞ് ചേർത്തുപിടിച്ച നിമിഷങ്ങൾ. ഇതിൽ എവിടെയൊക്കയോ മധു എന്ന വലിയ മനുഷ്യൻ എനിക്ക്‌ ഏറ്റവും പ്രിയപ്പെട്ട ചങ്ങാതിയായി, ഗുരുതുല്യനായി, ചില നേരങ്ങളിൽ അദ്ദേഹത്തിന്റെ കണ്ണുകളിൽ ഒരു അച്ഛന്റെ സ്നേഹവാത്സല്യങ്ങൾ ഞാൻ കണ്ടു. മറ്റു ചിലപ്പോൾ ജ്യേഷ്ഠനെപ്പോലെ ഒരു വഴികാട്ടിയായി അദ്ദേഹം മാറി. അങ്ങനെ പതിറ്റാണ്ടുകൾ പിന്നിടുന്ന ഞങ്ങളുടെ ആത്മബന്ധത്തിന് പലപല നിർവചനങ്ങൾ എനിക്ക്‌ നൽകേണ്ടതായി വന്നിട്ടുണ്ട്. ആ അനുഭവത്തിന് എന്തെല്ലാം പേര് നൽകിയാലും ഒടുവിൽ, സ്നേഹം എന്ന വാക്കിൽമാത്രം മധു എന്ന രണ്ടക്ഷരത്തെ ഞാൻ കണ്ടെത്തുന്നു.

നവോദയയുടെ "പടയോട്ട'ത്തിന്റെ ചിത്രീകരണകാലത്താണ് മധുസാറുമായുള്ള എന്റെ സൗഹൃദം ആരംഭിക്കുന്നത്. പക്ഷേ, അതിനുമെത്രയോ മുമ്പ്‌ എന്നിലെ സിനിമാസ്വാദകനിലേക്ക് ചെമ്മീനിലെ പരീക്കുട്ടിയുടെ വേഷത്തിൽ മറക്കാനാകാത്ത ഒരു ദൃശ്യമായി അദ്ദേഹം കടന്നുവന്നിരുന്നു. അച്ഛനും അമ്മയ്ക്കും ജ്യേഷ്ഠനുമൊപ്പം"ചെമ്മീൻ' കാണാൻ പോയതിന്റെ നേരിയ ഓർമകൾ ഇന്നും മനസ്സിലുണ്ട്. പിന്നീട് കോളേജ് പഠനകാലത്തിനിടയിൽ കണ്ടുതീർത്ത മധുസാറിന്റെ ഒട്ടേറെ ചിത്രങ്ങൾ. അതിലദ്ദേഹമാടിയ വേഷങ്ങളെല്ലാം ഇന്നും ഓർത്തുവയ്‌ക്കുന്നത് അതെല്ലാം മലയാള സാഹിത്യത്തിലെ ഗംഭീര കഥാപാത്രങ്ങളായതുകൊണ്ടുകൂടിയാണ്. ഏതൊരു നടനും കൊതിച്ചു പോകുന്ന വേഷങ്ങളായിരുന്നു അവയെല്ലാം. ഭാർഗവീനിലയത്തിലെ സാഹിത്യകാരനും ചെമ്മീനിലെ പരീക്കുട്ടിയും ഉമ്മാച്ചുവിലെ മായനും ഓളവും തീരത്തിലെ ബാപ്പുട്ടിയും പ്രിയയിലെ ഗോപനുമെല്ലാമായി വെള്ളിത്തിര നിറഞ്ഞത് ഒരേയൊരു നടൻ മാത്രമാണെന്ന് ഓർക്കുമ്പോഴാണ്‌ മധു എന്ന പ്രതിഭയുടെ അഭിനയത്തിന്റെ കടലാഴങ്ങൾ എത്രയാണെന്ന് നമുക്ക് ബോധ്യപ്പെടുന്നത്‌. ഒരു ജീവിതത്തിൽ പല ജീവിതങ്ങൾ ആടിത്തീർക്കുകയെന്ന അഭിനേതാവിന്റെ കർമത്തിനപ്പുറം, അദ്ദേഹം ആടിത്തീർത്ത വേഷങ്ങൾ ഏതെന്ന്  ഓർക്കുമ്പോൾക്കൂടിയാണ് ആ കഥാപാത്രങ്ങളുടെ ശക്തിസ്രോതസ്സ് നമുക്ക് കാണാനാകുന്നത്.

സിനിമയിൽ ഇക്കോരനിലൂടെയും മായനിലൂടെയും മധുസാർ സൃഷ്ടിച്ച അനുഭൂതിയെ അരങ്ങിലേക്ക് പകർത്താനുള്ള ഭാഗ്യം എനിക്കുണ്ടായത് ഒരു നിയോഗമായി ഞാൻ കാണുന്നു.

കുറച്ചുദിവസങ്ങൾക്കു മുമ്പാണ് മധുസാറിന്റെ വീട്ടിൽ ഞാൻ പോയത്. എം ടി വാസുദേവൻ നായരുടെ ഓളവും തീരവും അമ്പതു വർഷംമുമ്പ്‌ മധുസാർ ചെയ്‌ത സിനിമയാണ്. പുതിയ കാലത്ത് പ്രിയദർശനിലൂടെ കറുപ്പിലും വെളുപ്പിലുമായി ആ സിനിമ വീണ്ടും പ്രദർശനത്തിനെത്തുമ്പോൾ ബാപ്പുട്ടിയായി അഭിനയിക്കാനുള്ള നിയോഗം എനിക്കായിരുന്നു. കണ്ണമ്മൂലയിലെ സാറിന്റെ വീട്ടിൽവച്ച്  പുതിയ ഓളവും തീരവും ഞങ്ങൾ കണ്ടു. ഒരു കഥ, രണ്ടുകാലങ്ങളിൽ ഞങ്ങൾ രണ്ടുപേരും അഭിനയിച്ചതിന്റെ ഓർമകൾ പങ്കുവച്ചു. സന്തോഷം നിറഞ്ഞ ആ രാത്രി അങ്ങനെ കടന്നുപോയി. മലയാള നോവൽ സാഹിത്യത്തിന്റെ നൂറാംപിറന്നാൾ വേളയിൽ ഞാനവതരിപ്പിച്ച "കഥയാട്ടം'എന്ന പരിപാടിയിൽ "നാടൻ പ്രേമ'ത്തിലെ ഇക്കോരന്റെയും "ഉമ്മാച്ചു'വിലെ മായന്റെയും വേഷങ്ങളും ഉണ്ടായിരുന്നു. സിനിമയിൽ ഇക്കോരനിലൂടെയും മായനിലൂടെയും മധുസാർ സൃഷ്ടിച്ച അനുഭൂതിയെ അരങ്ങിലേക്ക് പകർത്താനുള്ള ഭാഗ്യം എനിക്കുണ്ടായത് ഒരു നിയോഗമായി ഞാൻ കാണുന്നു.

നടനും സംവിധായകനും നിർമാതാവും തിരക്കഥാകൃത്തും വിതരണക്കാരനും സ്റ്റുഡിയോ ഉടമയുമൊക്കെയായി ഒരേസമയം നിലനിന്ന ബഹുമുഖപ്രതിഭയാണ് മധുസാർ. സിനിമാഭിനയം നൽകിയ സാമ്പത്തികനേട്ടങ്ങൾ സിനിമയ്ക്കായി വിനിയോഗിച്ച ആദ്യത്തെ മലയാളനടനും അദ്ദേഹംതന്നെ. ചലച്ചിത്ര മണ്ഡലത്തിൽ സർവവ്യാപിയായി നിറഞ്ഞ ഒരു ചരിത്രമുണ്ടായിട്ടും വേണ്ടത്ര അംഗീകാരം കിട്ടിയില്ല. ഈ നവതിയിലെങ്കിലും അർഹതപ്പെട്ട അംഗീകാരങ്ങൾ അദ്ദേഹത്തിന് നൽകാൻ നമുക്ക്‌ ബാധ്യതയുണ്ട്. അത് മലയാള സിനിമയോടും ഒരർഥത്തിൽ നമ്മുടെ ഭാഷയോടും സംസ്കാരത്തോടും നമ്മൾ കാണിക്കേണ്ട ഉത്തരവാദിത്വംകൂടിയാണ്.

സിനിമയെക്കുറിച്ചും നാടകത്തെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും സംഗീതത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചുമൊക്ക ആഴത്തിൽ മധുസാർ സംസാരിച്ച രാത്രികൾ. ഒരു രാത്രി മുഴുവൻ കേട്ടിരുന്നാലും മുഷിയുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ വാക്കുകൾ.

മധുസാറിന്റെ സാന്നിധ്യം ശരിക്കും ചരിത്രത്തെ തൊട്ടറിയുന്ന പോലെയാണ്. മലയാള സിനിമയുടെ അറുപതു വർഷത്തിന്റെ ചരിത്രം നമ്മുടെ മുന്നിൽ എത്തിയപോലുള്ള ഒരനുഭവം. ആ ചരിത്രത്തിനൊപ്പം ചേർന്നുനിൽക്കാനും ജീവിക്കാനും കഴിഞ്ഞു എന്നതാണ് നടനെന്ന നിലയിൽ എനിക്ക്‌ ലഭിച്ച മഹാ ഭാഗ്യങ്ങളിലൊന്ന്. പത്തുവർഷം മുമ്പ്‌ ഇന്ത്യൻ സിനിമയുടെ നൂറാം പിറന്നാൾ ചെന്നൈയിൽ ആഘോഷിച്ച സമയം മധു സാറിന്റെ എൺപതാം പിറന്നാൾ കൂടിയായിരുന്നു. കമൽഹാസനും മമ്മൂക്കയും ഞാനും ചേർന്നാണ് അന്ന് മധുസാറിനെ ഹാരമണിയിച്ചത്. അന്ന് രാത്രി നാഗേശ്വര റാവുസാറടക്കമുള്ള പ്രഗത്ഭർ നൽകിയ സ്നേഹാദരത്തിൽ പങ്കെടുത്തശേഷം മധുസാറിനൊപ്പം ഞങ്ങൾ ചെന്നൈയിലെ എന്റെ വീട്ടിൽ ഒത്തുചേർന്നു. ജീവിതത്തെക്കുറിച്ചുമാത്രം സംസാരിച്ച ആ പിറന്നാൾ രാത്രിയും മറക്കാനാകില്ല. അങ്ങനെ ഒരുപാട് രാത്രികൾ. സിനിമയെക്കുറിച്ചും നാടകത്തെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും സംഗീതത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചുമൊക്ക ആഴത്തിൽ മധുസാർ സംസാരിച്ച രാത്രികൾ. ഒരു രാത്രി മുഴുവൻ കേട്ടിരുന്നാലും മുഷിയുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ വാക്കുകൾ.

കടലിന്റെ പശ്ചാത്തലത്തിലുള്ള പല കഥാപാത്രങ്ങളെയും നമുക്ക് സമ്മാനിച്ച നടനാണ് മധുസാർ. കടൽ കാണുന്നത് എന്നും നമുക്ക് കൗതുകമാണ്. അതുതന്നെയാണ് മധു എന്ന മലയാളത്തിന്റെ മഹാപ്രതിഭയുടെ സാന്നിധ്യം ഓരോ മലയാളിയെയും അനുഭവപ്പെടുത്തുന്നത്. മലയാളിക്ക് മാത്രമല്ല, ഓരോ മനുഷ്യനും പാഠമാകേണ്ട വലിയൊരു ജീവിതമാണ് മധുസാറിന്റേത്. ജീവിതത്തിൽ താൻ കണ്ട സ്വപ്നങ്ങളിലേക്ക് പിടിച്ചു കയറാൻ അദ്ദേഹം നടത്തിയ തീവ്രപരിശ്രമങ്ങൾ ശരിക്കും ഒരു വിപ്ലവംതന്നെയാണ്. കലയ്ക്കു വേണ്ടിയുള്ള ആ വിപ്ലവം സ്വന്തം ജീവിതത്തിൽനിന്ന് തുടങ്ങുകയും അതിന്റെ സാക്ഷാൽക്കാരം സ്വന്തം പ്രതിഭകൊണ്ടുതന്നെ മലയാളിക്ക്‌ കാണിച്ചു കൊടുക്കുകയും ചെയ്ത മധുസാറിനെപ്പോലെ മറ്റൊരാൾ നമുക്കുമുന്നിലില്ല. സിനിമയുള്ളിടത്തോളം കാലം സാഹിത്യമുള്ളിടത്തോളം കാലം ഭാഷയുള്ളിടത്തോളം കാലം മലയാളത്തിൽ മധു എന്ന രണ്ടക്ഷരം ജ്വലിച്ചു കൊണ്ടിരിക്കും. അഭിനയത്തിലും ജീവിതത്തിലും ആ സ്നേഹത്തിനൊപ്പം ചേർന്നുനിൽക്കാൻ കഴിഞ്ഞത് എന്നിലെ നടനും മനുഷ്യനും ലഭിച്ച മഹാഭാഗ്യവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
-----
-----
 Top