25 April Thursday

മോദിയുടെ സന്ദർശനം ; ഇന്ത്യ യുഎസിന്റെ അടിമയോ

വി ബി പരമേശ്വരൻUpdated: Saturday Jun 10, 2023

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 22ന്‌ അമേരിക്ക സന്ദർശിക്കുകയാണ്‌. വൈറ്റ്‌ഹൗസിലെ അത്താഴവിരുന്നിൽ പങ്കെടുക്കുന്ന മോദി അമേരിക്കൻ കോൺഗ്രസിനെയും അഭിസംബോധന ചെയ്യുന്നുണ്ട്‌. ‘അബ്‌കി ബാർ ട്രംപ്‌ സർക്കാർ’ എന്ന്‌ പറഞ്ഞ്‌ ട്രംപിന്റെ വിജയത്തിനായി പ്രചാരണംപോലും നടത്തിയ പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാൻ ഒരുങ്ങുകയാണ്‌ ജോ ബൈഡൻ. അമേരിക്കയുടെ ലോകമേധാവിത്വത്തിന്‌ ചൈന ഉയർത്തുന്ന ശക്തമായ വെല്ലുവിളിയുടെ പശ്‌ചാത്തലത്തിലാണ്‌ മോദിയെ സ്വീകരിക്കാൻ ബൈഡൻ തയ്യാറാകുന്നത്‌. ഇതുവരെയും ചൈന അവരുടെ  സാമ്പത്തികവളർച്ചയിലും മറ്റുമാണ്‌ ശ്രദ്ധിച്ചിരുന്നത്‌. ലോകരാഷ്ട്രീയത്തിലും നയതന്ത്ര ബന്ധങ്ങളിലും അവർ വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചിരുന്നില്ല. എന്നാൽ, സമ്പൂർണ ദാരിദ്ര്യമുക്ത രാഷ്ട്രമായി പ്രഖ്യാപിക്കുകയും അടിസ്ഥാനവികസന സൂചികകളിൽ ഏറെ മുന്നിലെത്തുകയും ചെയ്‌ത ചൈന കഴിഞ്ഞ വർഷം ഒക്ടോബറിൽ ചേർന്ന 20–-ാം പാർടി കോൺഗ്രസിനുശേഷം സാർവദേശീയ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടുന്ന കാഴ്‌ചയാണ്‌ ദൃശ്യമാകുന്നത്‌. സൗദി അറേബ്യയും ഇറാനും തമ്മിൽ നയതന്ത്രബന്ധം പുനഃസ്ഥാപിച്ചതും സിറിയ അറബ്‌ ഉച്ചകോടിയിൽ തിരിച്ചെത്തിയതും മറ്റും ചൈന നടത്തിയ നയതന്ത്ര നീക്കത്തിന്റെ ഭാഗമായിരുന്നു. അതായത്‌ ലോകരാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധത്തിന്‌ ഉപരിയായി നയതന്ത്രബന്ധങ്ങളിലും ചൈന സജീവമായ താൽപ്പര്യം കാണിക്കാൻ തുടങ്ങിയിട്ടുണ്ട്‌. ഈയൊരു പശ്‌ചാത്തലത്തിൽ വേണം മോദിയും ബൈഡനും തമ്മിലുള്ള കൂടിക്കാഴ്‌ചയെയും സംഭാഷണങ്ങളെയും നോക്കിക്കാണേണ്ടത്‌. 

സോവിയറ്റ്‌ യൂണിയന്റെ തകർച്ചയ്‌ക്കുശേഷം ഏകധ്രുവലോകനായകനായി അമേരിക്ക വിരാജിക്കുന്ന കാഴ്ച‌യാണ്‌ ലോകം കണ്ടത്‌. ചൈനയുടെ കടന്നുവരവോടെ അത്തരമൊരു പ്രതിച്ഛായയാണ്‌ അമേരിക്കയ്‌ക്ക്‌ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്‌.  അത്‌ തിരിച്ചുപിടിക്കാൻ അമേരിക്കയ്‌ക്ക്‌ ഇന്ത്യയുടെ സഹായം ആവശ്യമാണ്‌. ഇതിനാലാണ് ഗുജറാത്ത്‌ വംശഹത്യയുടെ പേരിൽ മുഖ്യമന്ത്രിയായ മോദിക്ക്‌ വിസ നിഷേധിച്ച അമേരിക്ക ഇപ്പോൾ അദ്ദേഹത്തെ സ്വീകരിക്കാൻ ഒരു വിമുഖതയും കാട്ടാത്തത്‌. നാലുവർഷം തുടർച്ചയായി ഇന്ത്യയിൽ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുകയാണെന്ന്‌ അമേരിക്ക ആരോപിക്കുകയുണ്ടായി. ജമ്മു കശ്‌മീരിൽ  മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്നും പ്രതിഷേധ ശബ്ദങ്ങൾ അടിച്ചമർത്തപ്പെടുകയാണെന്നും ആക്ഷേപിച്ച അമേരിക്ക, ഇന്ത്യ  റഷ്യയുമായി തുടരുന്ന നല്ല ബന്ധത്തിൽ അതൃപ്‌തി പ്രകടിപ്പിക്കുകയും ചെയ്‌തു. എന്നാൽ, മോദിയുടെ സന്ദർശനത്തിനു മുന്നോടിയായി വൈറ്റ്‌ ഹൗസ്‌ വക്താവ്‌ ജോൺ കിർബി പറഞ്ഞത്‌ ‘ഇന്ത്യൻ ജനാധിപത്യം ഉർജസ്വലമാണെന്നാണ്‌’. കൊൽക്കത്തയിൽനിന്ന്‌ പ്രസിദ്ധീകരിക്കുന്ന  ‘ദ ടെലിഗ്രാഫ്‌’ പത്രം ശരിയായി വിലയിരുത്തിയതുപോലെ ‘ഇന്ത്യയോടുള്ള ആത്മാർഥമായ സ്‌നേഹപ്രകടനത്തേക്കാൾ രാഷ്ട്രീയ സാമ്പത്തിക നേട്ടങ്ങൾ ലക്ഷ്യമിട്ടുള്ള’നയതന്ത്ര നീക്കമാണ്‌ അമേരിക്കയുടേത്‌. (ജൂൺ 9, 2023) ഇത്‌ മനസ്സിലാക്കി ഇന്ത്യയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും അമേരിക്കയിൽനിന്ന്‌ വ്യാപാര–- വാണിജ്യ മേഖലകളിൽ കൂടുതൽ ആനുകൂല്യം നേടിയെടുക്കാനും ശ്രമിക്കുന്നതിനു പകരം അമേരിക്കയ്‌ക്ക്‌ പൂർണമായും വഴങ്ങുന്ന സമീപനമാണ്‌ മോദി സ്വീകരിക്കുന്നത്‌. അതിർത്തിയിൽ ചൈന തീർക്കുന്ന അസ്വാരസ്യങ്ങളുയർത്തിയാണ്‌ ഇന്ത്യ അമേരിക്കൻ പക്ഷത്തേക്ക്‌ ചായുന്നത്‌.

പ്രമുഖ നയതന്ത്ര വിദഗ്‌ധനായ സി രാജാമോഹൻ ‘ഇന്ത്യൻ എക്‌സ്‌പ്രസി’ൽ (മെയ് 24, 2023) എഴുതിയതുപോലെ ‘ഇന്ത്യൻ കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിൽനിന്ന്‌ ശാന്തസമുദ്രത്തിലേക്ക്‌ യാത്ര തിരിച്ചുകഴിഞ്ഞു’, അതായത്‌ ചൈനയ്‌ക്കെതിരെ അമേരിക്കൻ നയതന്ത്രത്തിന്റെ ആണിക്കല്ലായ ഇന്ത്യ‐പസഫിക് കൂട്ടുകെട്ടിന്റെ അവിഭാജ്യഘടകമായി ഇന്ത്യ മാറിക്കഴിഞ്ഞു. അതിൽ ഏറ്റവും പ്രധാനമാണ്‌ ‘ക്വാഡ്‌’ എന്ന ചതുർരാഷ്ട്ര സഖ്യം. അമേരിക്കയ്‌ക്കും ഇന്ത്യക്കും പുറമെ ജപ്പാനും ഓസ്‌ട്രേലിയയും ഇതിൽ അംഗങ്ങളാണ്‌. അതിന്റെ മൂന്നാമത്‌ ഉച്ചകോടി (നേരിട്ടുള്ള) ഹിരോഷിമയിൽ ജി ഏഴ്‌ ഉച്ചകോടിയുടെ പാർശ്വങ്ങളിൽ ചേരുകയുണ്ടായി. ഒരു സുരക്ഷാ സഖ്യത്തിലേക്കാണ്‌ ‘ക്വാഡ്‌’ നീങ്ങുന്നത്‌.

മെയ്‌ 15‐17 തീയതികളിൽ കലിഫോർണിയയിലെ സണ്ണിലാൻഡ്‌സിൽ നാലു രാജ്യത്തെയും സൈനികമേധാവികൾ യോഗം ചേർന്നത്‌ ഇതിന്റെ ഭാഗമാണ്‌. ഇന്ത്യൻ ചീഫ്‌ ഓഫ്‌ ഡിഫൻസ്‌ സ്റ്റാഫ്‌ ജനറൽ അനിൽ ചൗഹാനാണ്‌ ഇതിൽ പങ്കെടുത്തത്‌. അതിലൊരു ഇന്ത്യൻ ഉദ്യോഗസ്ഥൻ ചൈന നടത്തുന്ന അക്രമസ്വഭാവത്തോടെയുള്ള നീക്കങ്ങളെക്കുറിച്ച്‌ സംസാരിക്കുകയുമുണ്ടായി. അതായത് ചൈനയ്‌ക്കെതിരെ ഒരു സൈനിക സഖ്യമായി ‘ക്വാഡി’നെ മാറ്റാനുള്ള നീക്കമാണ്‌ അമേരിക്ക നടത്തുന്നത്‌. അതിനോട് ഇന്ത്യക്ക്‌ പൊതുവെ യോജിപ്പുമാണ്‌. തയ്‌വാൻ വിഷയത്തിൽ ചൈന യുദ്ധത്തിന്‌ തയ്യാറാകുന്ന പക്ഷം അമേരിക്കൻ സേനയ്‌ക്കൊപ്പം ഇന്ത്യൻ സൈന്യവും യുദ്ധം ചെയ്യണമെന്നാണ്‌ അമേരിക്കയുടെ ആവശ്യമെന്ന്‌ പ്രമുഖ അമേരിക്കൻ നയതന്ത്രവിദഗ്‌ധനായ ആഷ്‌ലി ജെ ടെല്ലിസ്‌ ‘ദ വയറിന്‌’ നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി. ഇന്ത്യയെ തന്ത്രപ്രധാന പങ്കാളിയും സഖ്യകക്ഷിയുമായാണ്‌ അമേരിക്ക വിലയിരുത്തുന്നത്‌. എന്നാൽ, അമേരിക്കയോടൊപ്പം തോളോടുതോൾ ചേർന്ന്‌ ഇന്ത്യയും വിദേശമണ്ണിൽ യുദ്ധം ചെയ്യാൻ തയ്യാറാകണമെന്നാണ്‌ വാഷിങ്‌ടൺ ആഗ്രഹിക്കുന്നതെന്നാണ്‌ ആഷ്‌ലി പറയുന്നത്‌. ഒന്നും രണ്ടും ഗൾഫ്‌ യുദ്ധത്തിൽ ഈ ആവശ്യം ഉന്നയിച്ചെങ്കിലും ഇന്ത്യ വഴങ്ങിയില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. ഇന്ത്യയെ സഖ്യകക്ഷിയാക്കുക ലക്ഷ്യംവച്ചാണ്‌ ഇന്ത്യ‐അമേരിക്ക ആണവകരാർ 2008ൽ ഒപ്പിട്ടത്‌. അതിനുശേഷം അമേരിക്ക ആവശ്യപ്പെട്ട നാല്‌ അടിസ്ഥാന കരാറിൽ ഇന്ത്യ ഇതിനകം ഒപ്പിട്ടു. മോദി അധികാരത്തിൽ വന്നതിനു ശേഷമാണ്‌ ഈ നാലു കരാറിലും ഇന്ത്യ ഒപ്പുവച്ചത്‌.

ഇതോടെ ഇരുരാജ്യവും തമ്മിലുള്ള പ്രതിരോധ സഹകരണം പതിന്മടങ്ങ്‌ വർധിച്ചു. അമേരിക്കയിൽനിന്നുള്ള ആയുധ ഇറക്കുമതി പതിന്മടങ്ങ്‌ വർധിച്ചു. അവസാനമായി ജെറ്റ്‌ എൻജിൻ കരാറിലും ഇന്ത്യ ഒപ്പുവയ്‌ക്കുകയാണ്‌. ജിഇഎഫ്‌414 ജെറ്റുകൾ സംയുക്തമായി നിർമിക്കാനും നൂറുശതമാനം സാങ്കേതികവിദ്യ കൈമാറാനുമാണ്‌ ഇരുരാജ്യവും തമ്മിൽ ധാരണയായിട്ടുള്ളത്‌. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ്‌ ലിമിറ്റഡും അമേരിക്കയിലെ ജനറൽ ഇലക്‌ട്രിക്കൽസും ചേർന്നാണ്‌ ഈ ജെറ്റ്‌ എൻജിൻ സംയുക്തമായി നിർമിക്കുക. മോദി അമേരിക്ക സന്ദർശിക്കുന്ന വേളയിൽ ഈ കരാറിൽ അന്തിമമായി ഒപ്പിടുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. അമേരിക്കൻ ഡിഫൻസ്‌ സെക്രട്ടറി ലിലോയ്ഡ്‌ ജെ ഓസ്റ്റിൻ കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ്ങുമായി ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ്‌ ജെറ്റ്‌ എൻജിൻ കരാറിലെത്തിയത്‌. അമേരിക്ക അവരുടെ സഖ്യ കക്ഷികൾക്കു മാത്രമാണ്‌ പ്രതിരോധരംഗത്തെ ഇത്തരം സാങ്കേതികവിദ്യകൾ പൂർണമായും കൈമാറാൻ തയ്യാറാകാറുള്ളൂ. ജെറ്റ്‌ എൻജിൻ സാങ്കേതികത കൈമാറുന്നതിൽനിന്ന്‌ ഇന്ത്യ അമേരിക്കൻ സഖ്യത്തിൽ ചേരാൻ തയ്യാറാണെന്നതിന്റെ വ്യക്തമായ സൂചനയായി വിലയിരുത്തപ്പെടുന്നതും അതുകൊണ്ടാണ്‌. മോദി സന്ദർശനം ഇന്ത്യയെ അമേരിക്കയുടെ സൈനികസഖ്യത്തിലേക്ക്‌ അതിവേഗം നയിക്കുന്നതിനുള്ള പാതയൊരുക്കുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top