28 March Thursday

എല്ലാം വിൽക്കാനൊരു കേന്ദ്രം - എ വിജയരാഘവൻ എഴുതുന്നു

എ വിജയരാഘവൻUpdated: Friday Sep 10, 2021

ജനങ്ങളെ ഭിന്നിപ്പിച്ച് അവരിൽ വിദ്വേഷം കുത്തിവയ്ക്കുന്ന ഹിന്ദുത്വ പദ്ധതിയോടൊപ്പം സാമ്പത്തിക ഉദാരവൽക്കരണവും മോദി സർക്കാർ തീവ്രമായി മുമ്പോട്ടു കൊണ്ടുപോവുകയാണ്. സകല മേഖലകളിലും വൻതോതിലുള്ള സ്വകാര്യവൽക്കരണമാണ് രണ്ടാം മോദി സർക്കാർ നടപ്പാക്കുന്നത്. നല്ല ലാഭമുണ്ടാക്കുന്നതും കാര്യക്ഷമമായി പ്രവർത്തിക്കുന്നതുമായ പൊതുമേഖലാ കമ്പനികളെ തുച്ഛവിലയ്ക്ക് കൈമാറുന്ന കാര്യത്തിൽ മുൻ കോൺഗ്രസ് സർക്കാരുകളെ മോദിഭരണം ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ്‌.

സർക്കാരിന്റെ ആസ്തി വിറ്റുതുലയ്ക്കുന്ന നയത്തിനെതിരെ തൊഴിലാളികളിൽനിന്നും ഇടതുപക്ഷ പാർടികളിൽനിന്നും പ്രതിഷേധം ശക്തമാകുന്നതിനിടെ പുതിയ പരിപാടിയുമായി കേന്ദ്രസർക്കാർ രംഗത്തുവന്നിരിക്കയാണ്. പേര് ‘നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ’. ഈ പേരിൽ നിന്ന് എന്താണ് സാധാരണ ജനങ്ങൾക്ക് പിടികിട്ടുക? ആസ്തി സ്വകാര്യമേഖല്‌ക്ക് കൈമാറുന്നതിന് കണ്ടെത്തിയ പദങ്ങളാണിത്. ഇതിൽ സ്വകാര്യവൽക്കരണമോ വിൽപ്പനയോ ഓഹരി കൈമാറ്റമോ ഒന്നുമില്ല. ദേശീയ താൽപ്പര്യത്തിന് പണം സമാഹരിക്കാൻ കണ്ടെത്തിയ ഉപാധിയെന്ന് തോന്നിയേക്കാം. എന്നാൽ ഇത് പച്ചയായ ആസ്തി വിൽപ്പനയാണ്‌. എൻഎംപിയിലൂടെ നാലുവർഷം കൊണ്ട് ആറ് ലക്ഷം കോടി രൂപ സമാഹരിക്കുമെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് സർക്കാർ കെട്ടിപ്പടുത്തതെല്ലാം ചുളുവിലയ്ക്ക് കൈമാറുകയാണ്. ഹൈവേ–26,700 കിലോമീറ്റർ, റെയിൽവേ സ്റ്റേഷൻ–400 എണ്ണം, പാസഞ്ചർ ട്രെയിൻ–150 എണ്ണം, മലയോര റെയിൽവേ–4, വൈദ്യുതിലൈൻ– 42,300 സർക്ക്യൂട്ട് കിലോമീറ്റർ, 5000 മെഗാവാട്ടിന്റെ ജല–താപ–കാറ്റാടി വൈദ്യുത നിലയങ്ങൾ, വാതക പൈപ്പ് ലൈൻ–8000 കീ.മീറ്റർ, ഐഒസിയുടെയും എച്ച്പിസിഎല്ലിന്റെയും പൈപ്പ്‌ ലൈൻ –4000 കീ.മീറ്റർ, വിമാനത്താവളങ്ങൾ–21, തുറമുഖങ്ങൾ–31, കൽക്കരി ഖനി പദ്ധതികൾ–160, സ്റ്റേഡിയങ്ങൾ–2– ഇങ്ങനെ പോകുന്നു പട്ടിക.

ഇത് ആസ്തി വിൽപ്പനയോ സ്വകാര്യവൽക്കരണമോ അല്ലെന്നാണ് നിർമല സീതാരാമനും നിതി ആയോഗും വാദിക്കുന്നത്. കാരണം, ഇതിന്റെയൊക്കെ ഉടമാസ്ഥാവകാശം സർക്കാരിൽ തന്നെ നിലനിൽക്കുമത്രെ. നമ്പൂതിരിയുടെ പണപ്പെട്ടി കള്ളൻ കൊണ്ടുപോയ കഥയുണ്ട് . ആശങ്കയും സഹതാപവും പ്രകടിപ്പിച്ചവരോട് നമ്പൂതിരി പറഞ്ഞു: പെട്ടി അവൻ കൊണ്ടുപോകട്ടെ. താക്കോൽ എന്റെ കൈയിലല്ലേ. ഇതാണ് ഉടമസ്ഥാവകാശം സംബന്ധിച്ച സർക്കാർ അവകാശവാദത്തിന്റെയും കഥ.

അടിസ്ഥാന സൗകര്യ വികസന രംഗത്തെ കോർപറേറ്റ് ഭീമൻമാരെ സഹായിക്കുന്നതിന് പ്രത്യേകം മെനഞ്ഞുണ്ടാക്കിയ പദ്ധതിയാണ് എൻഎംപി. ഓഹരി വിൽപ്പനയല്ലാത്തതുകൊണ്ട് ഏറ്റെടുക്കുന്ന സ്വകാര്യകമ്പനിക്ക് ബാധ്യത കുറയും. പൊതു–സ്വകാര്യ പങ്കാളിത്തത്തിൽ ഒട്ടേറെ പശ്ചാത്തല സൗകര്യ വികസന പദ്ധതികൾ ഉണ്ടായിട്ടുണ്ട്. പുതിയ പദ്ധതിയാകുമ്പോൾ സ്വകാര്യ മേഖലയ്ക്ക് നഷ്ടസാധ്യത (റിസ്ക്) ഉണ്ട്. ബിഒടി (ബിൽഡ്, ഓപറേറ്റ്, ട്രാൻസ്ഫർ) മാതൃകയിലും പണം മുടക്കുന്നവർക്ക് നഷ്ടസാധ്യതയുണ്ട്. കാരണം, അവർ ഭൂമി വാങ്ങണം, പദ്ധതി കെട്ടിപ്പൊക്കണം. പ്രവർത്തിപ്പിച്ച് ലാഭത്തിലാക്കണം. പ്രതികൂല ഘടകങ്ങൾ ഏറെ. എല്ലാ പ്രതികൂല ഘടകങ്ങളിൽ നിന്നും നഷ്ടസാധ്യതകളിൽ നിന്നും സ്വന്തക്കാരായ കോർപറേറ്റുകളെ സംരക്ഷിച്ച് അവർക്ക് സർക്കാർ ആസ്തി കൈമാറുന്ന പരിപാടിയാണ് എൻഎംപി. സർക്കാർ നിക്ഷേപത്തിന് കോർപറേറ്റുകൾക്ക് ജനങ്ങൾ യൂസേഴ്സ് ഫീ കൊടുക്കേണ്ട അവസ്ഥയാണ് വരാൻ പോകുന്നത്.

എൻഎംപിയിലെ ചതിക്കുഴികൾ അല്ലെങ്കിൽ സർക്കാർ മറച്ചുപിടിക്കുന്ന വസ്തുതകൾ കാണേണ്ടതുണ്ട്. ‘സർക്കാരിന്റെ കൈയിൽ വെറുതെ കിടക്കുന്ന ആസ്തിയുടെ മൂല്യത്തിന്റെ കെട്ടഴിക്കുന്നതാണ്’ എൻഎംപിയെന്നാണ് അവകാശവാദം. ഒന്നാമത്തെ കാര്യം, ഇതൊന്നും വെറുതെ കിടക്കുന്നതല്ല. ഹൈവേയും വിമാനത്താവളങ്ങളും തുറമുഖവും വൈദ്യുതി വിതരണവും വാതക വിതരണവുമെല്ലാം നല്ല നിലയിൽ നടത്തിക്കൊണ്ടിരിക്കയാണ്. നിശ്ചിത കാലാവധി കഴിയുമ്പോൾ ആസ്തികൾ സർക്കാരിൽ തിരിച്ചെത്തുമെന്ന വാദത്തിനും അടിസ്ഥാനമില്ല. ആസ്തികൾ വീണ്ടും വീണ്ടും ലേലത്തിലേക്ക് പോകും. ഉടമസ്ഥർ എന്ന് പറയുന്ന സർക്കാരിന് നടത്തിപ്പിൽ ഒരു പങ്കും ഉണ്ടാകില്ല.

രണ്ടാമത്തെ കാര്യം, സ്വകാര്യ മേഖല ഏറ്റെടുക്കുന്നതിൽ നിന്ന് അവർ പ്രതീക്ഷിക്കുന്ന വരുമാനം കിട്ടുന്നില്ലെങ്കിൽ സർക്കാർ ആ വിടവ് നികത്തേണ്ടിവരും. സർക്കാരിന്റെ ഉള്ള വരുമാനവും നഷ്ടപ്പെടും. റോഡോ വിമാനത്താവളമോ തുറമുഖമോ ഏറ്റെടുക്കുന്ന കമ്പനി അവർക്ക് പരമാവധി ലാഭം കിട്ടുന്ന രീതിയിലായിരിക്കും യൂസർ ഫീ ചുമത്തുക. ഇപ്പോഴുള്ള പൊതുതാൽപ്പര്യം അപ്രത്യക്ഷമാകും. എൻഎംപിയുടെ വലിയ ആപത്ത് വരാനിരിക്കുന്നതേയുള്ളു എന്ന് ചുരുക്കം. വൈദ്യുതി, ടെലികോം, വാതകം, പെട്രോളിയം തുടങ്ങിയ എല്ലാ രംഗങ്ങളിലും ഉപഭോക്താക്കൾക്ക് ഇരുട്ടടിയാണ് കിട്ടാൻ പോകുന്നത്. ഈ അപകടം മറച്ചുവച്ചാണ് നിതി ആയോഗ് റിപ്പോർട്ട് തയ്യാറാക്കിയതും ധനമന്ത്രി പ്രഖ്യാപനം നടത്തിയതും. മറ്റൊരു അപകടം, അടിസ്ഥാന സൗകര്യ പദ്ധതികൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ചെലവ് കുറയ്ക്കാൻ സ്വകാര്യ കമ്പനികൾ മുതിരും എന്നതാണ്. അവർക്ക് ലാഭം വർധിപ്പിക്കണം. തൊഴിലാളികൾക്കുള്ള ചെലവായിരിക്കും ആദ്യം വെട്ടിക്കുറയ്ക്കുക. വേതനം കുറയ്ക്കൽ ഇതിന്റെ ഭാഗമായി വരും. പൊതുമേഖല ന്യായമായ വേതനം നൽകുന്നത്, സംഘടിത മേഖലയിൽ സ്വകാര്യ മേഖലയെ സ്വാധീനിക്കുന്നുണ്ട്. ആ സ്ഥിതിയാണ് സർക്കാർ ഇല്ലാതാക്കുന്നത്. സ്വകാര്യ കമ്പനികൾ നൽകുന്ന സേവനത്തിന് നിലവാരം ഉറപ്പാക്കുന്നതിനും സർക്കാരിന് കഴിയില്ല എന്ന പ്രശ്നം വേറെയുണ്ട്. നഷ്ടം സർക്കാരിനും ജനങ്ങൾക്കും; ലാഭം സ്വകാര്യകമ്പനിക്ക്–ഇതാണ് എൻഎംപിയുടെ മാതൃക.

പദ്ധതികൾ ലേലം ചെയ്യുന്നതിന് മുമ്പു തന്നെ –അതിൽ നിന്ന് കിട്ടാവുന്ന വരുമാനം എത്രയെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട് – 6 ലക്ഷം കോടി രൂപ. തുക നേരത്തേ പ്രഖ്യാപിച്ച് ലേലത്തിന് പോകുമ്പോൾ എന്താണ് സംഭവിക്കുകയെന്ന് സാമാന്യ വിവരമുള്ളവർക്ക് മനസ്സിലാകും. കിട്ടാവുന്ന വരുമാനം പരമാവധി താഴ്‌ത്തി വച്ചിരിക്കയാണ്. അഞ്ചുവർഷം കൊണ്ട് പശ്ചാത്തല സൗകര്യ വികസന മേഖലയിൽ 111 (നൂറ്റിപ്പതിനൊന്ന്) ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്നാണ് സർക്കാർ പറയുന്നത്. നാലുവർഷം കൊണ്ട് ആസ്തി വിൽപ്പനയിൽ നിന്ന് കിട്ടുന്നതോ? വെറും 6 ലക്ഷം കോടി. ചെലവഴിക്കുമെന്ന് പറയുന്നതിന്റെ അഞ്ച് ശതമാനം പോലും അതു വരില്ല.

സ്വകാര്യമേഖലയിൽ പൊതു ഉപയോഗപദ്ധതികൾ എത്തുമ്പോൾ എന്താണ് സംഭവിക്കുക എന്നതിന്റെ കയ്പേറിയ അനുഭവങ്ങൾ ജനങ്ങളുടെ മുമ്പിലുണ്ട്. ഡൽഹിയിൽ വൈദ്യുതി വിതരണം കോൺഗ്രസ് ഭരണകാലത്ത് സ്വകാര്യമേഖലയ്‌ക്ക് കൈമാറിയതിന്റെ കെടുതി ജനങ്ങൾ അനുഭവിച്ചതാണ്. വൈദ്യുതി നിരക്ക് താങ്ങാനാവാത്തവിധം ഉയർന്നു. ആംആദ്മി സർക്കാർ വന്നശേഷം സബ്സിഡിയിലൂടെ നിരക്ക് നിയന്ത്രിച്ചു. സബ്സിഡിയും ജനങ്ങളുടെ നികുതിപ്പണം തന്നെ. സ്വകാര്യമേഖലയിൽ നിന്ന് മൂലധനവും കാര്യക്ഷമതയും കൊണ്ടുവന്ന് പൊതുമേഖലയിലെ നിക്ഷേപത്തിന്റെ മൂല്യം ഉപയോഗപ്പെടുത്താമെന്നാണ് നിതി ആയോഗിന്റെ ഭാവന. പൊതുമേഖല കാര്യക്ഷമമല്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൂട്ടൽ. എന്നാൽ അതല്ല വസ്തുത. 2018–19ലെ കണക്കനുസരിച്ച് 28 ശതമാനം പൊതുമേഖലാ കമ്പനികളാണ് നഷ്ടത്തിലുണ്ടായിരുന്നത്. എന്നാൽ, ഇതേ കാലയളവിൽ 51 ശതമാനം വൻകിട സ്വകാര്യ കമ്പനികൾ നഷ്ടത്തിലായിരുന്നു. എൻഎംപിയിലൂടെ കാര്യക്ഷമത വരുമെന്നത് വെറും അവകാശവാദമാണ്. സർക്കാരിന്റെ സ്വന്തക്കാരായ കോർപറേറ്റുകൾക്ക് കൈനനയാതെ മീൻപിടിയ്ക്കാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്.

പൊതുമേഖല ഇല്ലാതാകുമ്പോൾ സംഭവിക്കാൻ പോകുന്ന മറ്റൊരു വിപത്ത് സാമൂഹ്യനീതിനിഷേധമാണ്. പൊതുമേഖലയിൽ ജോലിക്ക് സാമൂഹ്യ സംവരണമുണ്ട്. സ്വകാര്യമേഖലയിൽ സംവരണം ബാധകമല്ലെന്ന് സർക്കാർ തന്നെ വ്യക്തമാക്കുന്നുണ്ട്. കേന്ദ്രമേഖലയിൽ എട്ടുലക്ഷത്തിലേറെ തസ്തിക ഒഴിഞ്ഞുകിടക്കുന്നു. നിയമനം നടത്താതെ പുറം കരാർ നടപടിയിലാണ് കേന്ദ്രം. സാമ്പത്തിക മാന്ദ്യം മൂലം കാർഷിക–വ്യവസായ മേഖലകളിൽ വൻപ്രതിസന്ധിയാണ്. തൊഴിലവസരങ്ങൾ കുറഞ്ഞു. തൊഴിലില്ലായ്മ ഏറ്റവും ഉയർന്ന നിരക്കിലാണ്. അതിനിടയിലാണ് സകല മേഖലകളിലെയും സ്വകാര്യവൽക്കരണം.

ബാങ്കിങ്‌, ഇൻഷുറൻസ് തുടങ്ങിയ ധനകാര്യമേഖലകളിലും ദേശീയതാൽപ്പര്യം ബലികഴിച്ചുള്ള സ്വകാര്യവൽക്കരണമാണ്. രാജ്യത്തിന്റെ വികസനത്തിന് നിർണായക സംഭാവന നൽകുന്ന എൽഐസിയുടെ ഓഹരികളും വിൽക്കാൻ തീരുമാനിച്ചു. കഴിഞ്ഞ വർഷം 1.84 ലക്ഷം കോടി രൂപയാണ് പ്രീമിയത്തിലൂടെയുള്ള എൽഐസിയുടെ വരുമാനം. സാധാരണ ജനങ്ങളുടെ വിശ്വാസം ആർജിച്ച് വളർന്ന് പന്തലിച്ച ഈ സ്ഥാപനത്തിന് ഇപ്പോൾ 33 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ട്. ഇത്തരം ദേശദ്രോഹപരമായ നയങ്ങൾക്ക് എതിരെ വലിയ ജനകീയപ്രതിരോധം ഉയർന്നു വരേണ്ടതുണ്ട്.

കേരളത്തിൽ പൊതുമേഖലയിൽ കൂടുതൽ തൊഴിലവസരങ്ങളാണ് ഉണ്ടാകുന്നത്. മാത്രമല്ല, കേന്ദ്രം വിൽക്കാൻ വച്ച പല കമ്പനികളും സംസ്ഥാന സർക്കാർ ഏറ്റെടുത്തു.

പൊതുമേഖല വിൽക്കാതെ വികസനത്തിന് പണം സമാഹരിക്കാൻ സർക്കാരിന് കഴിയില്ലേ എന്നതാണ് പ്രസക്തമായ ചോദ്യം. 2019–20ൽ ജിഡിപിയുടെ 17.4 ശതമാനമാണ് നികുതിയായി പിരിച്ചത്. ഈ വരുമാനം വർധിപ്പിച്ചാൽ തന്നെ വികസനത്തിനും ജനക്ഷേമത്തിനും പണം കണ്ടെത്താം. ഇതിനായി കോർപറേറ്റ് നികുതികൾ വർധിപ്പിക്കുന്നതിന് പകരം കുറച്ചുകൊണ്ടുവരികയാണ് ചെയ്യുന്നത്.

പൊതുമേഖലാ സംരക്ഷണ കാര്യത്തിൽ വിജയകരമായ ബദൽ മാതൃകയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ അവതരിപ്പിക്കുന്നത്. ഒരു പൊതുമേഖലാ സ്ഥാപനവും സ്വകാര്യവൽക്കരിക്കില്ലെന്ന് ഒന്നാം പിണറായി സർക്കാർ പ്രഖ്യാപിച്ചിരുന്നു. നഷ്ടത്തിലോടുന്ന ഒട്ടേറെ സ്ഥാപനങ്ങൾ ലാഭത്തിലേക്ക് കൊണ്ടുവന്നു. മറ്റുള്ളവയുടെ നഷ്ടം കുറച്ചു. പുതിയ പദ്ധതികൾ ആവിഷ്കരിച്ചു. ഇതേ നയവുമായി രണ്ടാം പിണറായി സർക്കാർ മുമ്പോട്ടുപോവുകയാണ്. കേരളത്തിൽ പൊതുമേഖലയിൽ കൂടുതൽ തൊഴിലവസരങ്ങളാണ് ഉണ്ടാകുന്നത്. മാത്രമല്ല, കേന്ദ്രം വിൽക്കാൻ വച്ച പല കമ്പനികളും സംസ്ഥാന സർക്കാർ ഏറ്റെടുത്തു. കാസർകോട്‌ ബിഎച്ച് ഇഎൽഇഎംഎൽ കേന്ദ്രം പൂട്ടി സ്വകാര്യവൽക്കരിക്കാൻ ശ്രമിച്ചപ്പോൾ സംസ്ഥാനം ഏറ്റെടുത്ത് പൊതുമേഖലയിൽ നിലനിർത്തി. തൊഴിലാളികൾക്ക് 14 കോടി രൂപയുടെ കുടിശ്ശികയും നൽകി. പാലക്കാട് ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് ഏറ്റെടുക്കാനും ധാരണയായിട്ടുണ്ട്‌. സംസ്ഥാനം ഏറ്റെടുക്കുന്നതുപോലും തടസ്സപ്പെടുത്തുന്ന നയമാണ് കേന്ദ്രം തുടരുന്നത്. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാൻ തീരുമാനിച്ചപ്പോൾ ഏറ്റെടുക്കാൻ കേരളം സന്നദ്ധമായിരുന്നു. എന്നാൽ കേന്ദ്രം അനുവദിച്ചില്ല. സ്വകാര്യവൽക്കരണത്തിന് ബദൽ സാധ്യമാണ് എന്ന് തെളിയിക്കുന്ന നടപടികളുമായാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ മുന്നോട്ട് പോകുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top