26 April Friday

ചരിത്രനീതി - അഡ്വ. മുകുന്ദ് പി ഉണ്ണി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday May 12, 2022


ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124എ വകുപ്പ്‌ മുഖേന ചുമത്തിയിട്ടുള്ള രാജ്യദ്രോഹക്കുറ്റക്കേസുകൾ മരവിപ്പിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് രാജ്യത്തെ പുരോഗമന, പൗരാവകാശ പ്രസ്ഥാനങ്ങൾക്ക് വലിയ വിജയമാണ് നേടിക്കൊടുത്തിരിക്കുന്നത്. ഇന്നലത്തെ ഉത്തരവോടു കൂടി ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124എ എന്ന വകുപ്പിന്റെ മരണമണി മുഴങ്ങി എന്നുതന്നെ പറയാം. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ അടിച്ചമർത്താൻ ബ്രിട്ടീഷുകാർ നിർമിച്ച വകുപ്പാണിത്‌. കോളനിവാഴ്ചക്കാലത്തെ അവശേഷിപ്പായ ഈ കരിനിയമം മരവിപ്പിക്കാനുള്ള ഇടപെടലുണ്ടാകാൻ ഇന്ത്യ സ്വതന്ത്രമായതിനുശേഷംഎഴുപത്തിയഞ്ചു വർഷമെടുത്തുവെന്നതും ശ്രദ്ധേയമാണ്‌. മാറിമാറി വന്ന കോൺഗ്രസ്‌–- -ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരുകൾ രാജ്യദ്രോഹക്കുറ്റമെന്ന കരിനിയമത്തിനെതിരെ നിലപാടെടുത്തിരുന്നില്ലെന്നു മാത്രമല്ല, ഈ നിയമം നിലനിർത്താനും പ്രയോഗിക്കാനും പല പല ന്യായീകരണങ്ങൾ നിരത്തുകയാണ്  ചെയ്തു വന്നിരുന്നത്.

ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2014 മുതൽ 2019 വരെയുള്ള കാലയളവിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട കേസുകളുടെ എണ്ണത്തിൽ 165ശതമാനമാണ്‌ വർധന. കേന്ദ്രസർക്കാർതന്നെ പുറത്തു വിട്ട ഈ റിപ്പോർട്ട്‌ പ്രകാരം 2010നു ശേഷം 10,938 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിൽ 65ശതമാനം പേരും 2014നുശേഷം നടപടി നേരിടേണ്ടി വന്നവരാണ്. ബാലഗംഗാധര തിലകും മഹാത്മാ ഗാന്ധിയും സ്വാതന്ത്ര്യത്തിനു മുന്നേ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട്‌ ജയിലിലടയ്‌ക്കപ്പെട്ടവർ ആണ്. എന്നാൽ സ്വാതന്ത്ര്യത്തിനുശേഷം സർക്കാരുകളുടെ ജനവിരുദ്ധനയങ്ങൾക്കെതിരെ സമരം ചെയ്യുന്നവരെ വരെ ഈ കുറ്റം ചുമത്തി ജയിലിലടയ്ക്കാൻ പല ഭരണകൂടങ്ങളും ഈ വകുപ്പ് ദുരുപയോഗം ചെയ്തു. പ്രധാനമന്ത്രിയുടെ കോവിഡ് നിയന്ത്രണം പാളി എന്ന് പോസ്റ്റ് ഇട്ടവർക്കെതിരെയും ക്രിക്കറ്റ് മത്സരത്തിൽ പാകിസ്ഥാനെ പിന്തുണച്ചുവെന്ന കാരണം പറഞ്ഞും രാജ്യദ്രോഹക്കുറ്റം നേരിടുന്ന ആളുകൾ ഇന്ന്‌ ഈ രാജ്യത്തുണ്ട്. കർഷകസമരത്തിന് പിന്തുണയർപ്പിക്കാൻ ട്വിറ്റർ പോസ്റ്റുകൾക്ക് ടൂൾകിറ്റ് ഉണ്ടാക്കി എന്ന കുറ്റം ചുമത്തിയാണ് 22 വയസ്സുകാരിയായ വിദ്യാർഥിനിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. പൗരത്വസമരം നയിച്ചതിനും വിദ്യാർഥികൾ ഉൾപ്പെടെയുള്ള പുരോഗമനപ്രസ്ഥാനത്തിന്റെ ഭാഗഭാക്കായിട്ടുള്ള നിരവധിയാളുകൾക്കെതിരെ രാജ്യദ്രോഹക്കേസുകൾ ഡൽഹിയിലെ കോടതികളിൽ നിലനിൽക്കുന്നുണ്ട്. ആൾക്കൂട്ട കൊലപാതകം വർധിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച്‌ മണിരത്നം, ശ്യാം ബെനേഗൽ, രാമചന്ദ്ര ഗുഹ, അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെ 49 പേർ 2019ൽ പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയപ്പോൾ  മുസാഫാർപുർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ടിന്റെ നിർദേശപ്രകാരം രാജ്യദ്രോഹക്കുറ്റത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്.

രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത 1962ലെ കേദാർനാഥ് വേഴ്സസ് സ്റ്റേറ്റ് ഓഫ് ബിഹാർ എന്ന കേസിൽ പരമോന്നതകോടതിയുടെ പരിഗണനയ്‌ക്കു വന്നിരുന്നു. ഇതിലെ ഹർജിക്കാരൻ ബിഹാറിലെ ബെഗുസരായിൽ പ്രവർത്തിച്ചിരുന്ന ഒരു കമ്യൂണിസ്റ്റുകാരനായിരുന്നു. കേദാർനാഥ് അന്നത്തെ കോൺഗ്രസ് സർക്കാരിനെ നിശിതമായി വിമർശിച്ചുവെന്നതിന്റെ പേരിലാണ് രാജ്യദ്രോഹക്കുറ്റം ചാർത്തപ്പെട്ടത്. കോൺഗ്രസ് നികുതിയേർപ്പെടുത്തി കർഷകരുടെ രക്തമൂറ്റിക്കുടിക്കുന്നുവെന്നും അമേരിക്കൻ ഡോളറിനെ ആശ്രയിക്കുന്നുവെന്നും കോൺഗ്രസിനെ ഈ സ്ഥാനത്തെത്തിച്ചത് സാമ്രാജ്യത്വവും മുതലാളിത്തവും ആണെന്നുമാണ് കേദാർനാഥിന്റെ വിമർശം. എന്നാൽ, ഈ വിമർശത്തിന് കേദാർനാഥിനു വലിയ വില നൽകേണ്ടി വന്നു. അന്നത്തെ കോൺഗ്രസ്‌ ഭരണകൂടം അദ്ദേഹത്തെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിൽ അടച്ചു. പിന്നീട് കേസ് സുപ്രീംകോടതിയിൽ എത്തിയപ്പോൾ രാജ്യദ്രോഹക്കുറ്റം ഭരണഘടനാപരമാണ് എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

പിന്നീടുള്ള സർക്കാരുകൾക്ക് ഈ വകുപ്പ് ദുരുപയോഗം ചെയ്യാനുള്ള ഊർജവും ഈ വിധിയിലൂടെ സ്വായത്തമായി. ഭരണഘടന നൽകുന്ന അഭിപ്രായ-ആവിഷ്കാരസ്വാതന്ത്ര്യത്തിനു മേലുള്ള നിയന്ത്രണം ആണ് 124എ വകുപ്പ് എന്ന് പറഞ്ഞുവയ്ക്കുമ്പോഴും അത്തരം നിയന്ത്രണം ഭരണഘടനയുടെ 19 (2) അനുച്ഛേദം പ്രകാരം അനുവദനീയം ആണെന്നാണ് സുപ്രീംകോടതി പറഞ്ഞത്. പക്ഷെ അന്നും കോടതി പറഞ്ഞത് സർക്കാരുകൾക്കെതിരെയുള്ള വിമർശങ്ങൾ രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയിൽ വരില്ല എന്നു തന്നെയാണ്. കലാപത്തിന് ആഹ്വാനം നൽകാത്തിടത്തോളവും പൊതുക്രമത്തിനു വിപരീതമായി പ്രവർത്തിക്കാത്തിടത്തോളവും പൗരർക്ക് തങ്ങളുടെ സർക്കാരുകൾക്കെതിരെ എന്തും എഴുതാനും പറയാനുമുള്ള അവകാശമുണ്ട് എന്നു കോടതി അസന്ദിഗ്ധമായി പറഞ്ഞിരുന്നു. വിധിയിലെ ഈ അവ്യക്തത മുതലെടുത്താണ് സർക്കാരുകൾ ഇക്കാലമത്രയും രാജ്യദ്രോഹക്കുറ്റം വിമർശകർക്കുമേൽ ചുമത്തിക്കൊണ്ടിരുന്നത്.

അഭിപ്രായസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ആണിക്കല്ലാണ്‌. വിമർശകർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുക വഴി ജനാധിപത്യത്തെത്തന്നെയാണ് ഇല്ലാതെയാക്കുവാൻ ശ്രമിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിൽ രാജ്യദ്രോഹക്കുറ്റം കൂട്ടിച്ചേർത്ത ബ്രിട്ടീഷുകാർ തന്നെ അവരുടെ നാട്ടിൽ ഈ വകുപ്പ് റദ്ദാക്കിയിട്ടുണ്ട്. ഇന്ന് ലോകത്തു നിലവിലുള്ള ഒരു പുരോഗമനസമൂഹത്തിലും അഭിപ്രായസ്വാതന്ത്യ്രത്തെ ഹനിക്കുന്ന രാജ്യദ്രോഹക്കുറ്റം പോലുള്ള വകുപ്പ് നിലവിലില്ല. ലോ കമീഷന്റെ 2018ലെ റിപ്പോർട്ടിലും രാജ്യദ്രോഹക്കുറ്റം പുനഃപരിശോധിക്കപ്പെടണം എന്ന് നിർദേശിക്കുന്നുണ്ട്.

ഒരു ക്രിമിനൽ നിയമം ഭരണഘടനാദത്തമാകണമെങ്കിൽ വ്യക്തത വേണം എന്ന് ശ്രേയ സിംഗാൾ കേസിൽ സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്‌. ഭരണകൂടത്തിനെതിരെ വിപ്രതിപത്തി സൃഷ്ടിച്ചാൽ രാജ്യദ്രോഹക്കുറ്റമാകില്ല. ഐടി നിയമത്തിലെ 66എ വകുപ്പ് പ്രകാരം സൈബർ ഇടങ്ങൾ വഴിയുള്ള ദുഷ്‌പ്രചാരണം, വ്യക്തതക്കുറവ് ചൂണ്ടിക്കാണിച്ചുകൊണ്ട്‌ സുപ്രീംകോടതി റദ്ദ് ചെയ്തിരുന്നു. ഈ വിധി 2015ൽ വന്നതിനു വർഷങ്ങൾക്കു ശേഷവും രാജ്യത്തെ പല പൊലീസ് സ്റ്റേഷനുകളിലും ഐടി നിയമത്തിലെ 66എ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ പതിനൊന്നു സംസ്ഥാനത്ത് 66എ വകുപ്പു പ്രകാരമുള്ള 745 കേസ് ഇപ്പോഴും നിലനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ സുപ്രീംകോടതി സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും ശക്തമായ താക്കീതു നൽകി. രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ച ഈ ഉത്തരവ് അതിന്റെ എല്ലാ അർഥത്തിലും നടപ്പാക്കാൻ രാജ്യത്തെ ഭരണസംവിധാനങ്ങൾ തയ്യാറാകണം. രാജ്യത്തെ ജയിലുകളിൽ ഇപ്പോഴും വിചാരണ കാത്തു കിടക്കുന്ന രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട തടവുകാർ നിരവധിയാണ്. അവരെ എത്രയും പെട്ടന്ന് വിട്ടയക്കാനും ഭരണകൂടം നടപടിയെടുക്കണം.

ചരിത്രപരമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന കോടതിയുടെ ഈ ഇടപെടൽ, ഇന്ത്യൻ ജനാധിപത്യം കടുത്ത വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തിൽ, എല്ലാ ജനാധിപത്യവിശ്വാസികൾക്കും ആശ്വാസമേകുന്ന ഒന്നാണെന്ന് ഉറപ്പിച്ചു പറയാം.

(സുപ്രീംകോടതി അഭിഭാഷകനാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top