08 December Friday

പാഴ്‌വാഗ്‌ദാനങ്ങളുടെ തനിയാവർത്തനം - എം വി ഗോവിന്ദൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 7, 2023

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സ്ഥാനമേറ്റശേഷം ഇന്ത്യയിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കാൻ ഇതുവരെ  തയ്യാറായിരുന്നില്ല. എന്നാൽ, ജി 20 ഉച്ചകോടിക്ക് മുന്നോടിയായി രാജ്യത്തെ പ്രധാന വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ്‌ ഓഫ് ഇന്ത്യക്ക് (പിടിഐ) അഭിമുഖം നൽകാൻ മോദി തയ്യാറായി. അഭിമുഖം എന്നാണ് പിടിഐ അവകാശപ്പെടുന്നതെങ്കിലും മറ്റൊരു മൻ കി ബാത്തായി മാറിയെന്ന് അത് വായിക്കുന്നവർക്ക് ബോധ്യമാകും. മോദി സർക്കാരിനെ അലോസരപ്പെടുത്തുന്ന ഒരു ചോദ്യംപോലും ഇല്ലെന്ന് മാത്രമല്ല,   സുഖിപ്പിക്കുന്ന ചോദ്യങ്ങൾ മാത്രമാണ്‌ ഉണ്ടായിരുന്നത്‌.  ഏതായാലും ലോക നേതാക്കളെ ബോധ്യപ്പെടുത്താനായെങ്കിലും മോദി ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യങ്ങളോട് പ്രതികരിച്ചിരിക്കുന്നു.

ഇനി മുഖാമുഖത്തിൽ മോദി പറഞ്ഞ കാര്യങ്ങൾ പരിശോധിക്കാം. അടുത്തവർഷം നടക്കുന്ന പൊതുതെരഞ്ഞടുപ്പ് ലക്ഷ്യമാക്കി പുതിയ വാഗ്ദാനങ്ങൾ ചൊരിയാൻ മോദി ഒരു പിശുക്കും കാണിച്ചിട്ടില്ല. സ്വപ്നങ്ങളുടെ മൊത്തവ്യാപാരിയെന്ന സ്ഥാനം ആർക്കും വിട്ടുകൊടുക്കില്ലെന്ന വാശിയിലാണ് മോദിയെന്ന് തോന്നുന്നു. 2014ലെ തെരഞ്ഞെടുപ്പിൽ മോദി നൽകിയ ഏറ്റവും പ്രധാന വാഗ്ദാനമായിരുന്നു വിദേശത്തുള്ള കള്ളപ്പണം പിടിച്ചെടുത്ത് ഓരോ പൗരന്റെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ നൽകുമെന്നത്. കള്ളപ്പണക്കാർ കൂട്ടത്തോടെ ഇന്ത്യയിൽനിന്ന്‌ രക്ഷപ്പെട്ടതൊഴിച്ചാൽ മോദിയുടെ മോഹനവാഗ്ദാനം നടപ്പായില്ല. അതുപോലെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നതും  ഒരോ വർഷവും രണ്ടു കോടി പേർക്ക് തൊഴിൽ നൽകുമെന്നതും കടലാസിൽ ഒതുങ്ങി.  42 വർഷത്തെ ഉയർന്ന നിരക്കിലാണ്‌ ഇപ്പോൾ തൊഴിലില്ലായ്മ. കേന്ദ്ര സർക്കാരിൽ 10 ലക്ഷം ഒഴിവുകൾ നികത്താതെ കിടക്കുന്നു. ഇപ്പോഴിതാ പുതിയ വാഗ്ദാനവുമായി മോദി  ഇറങ്ങിയിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 100–-ാം വർഷത്തിൽ, അതായത് 2047ൽ ഇന്ത്യയെ ഒരു വികസിത രഷ്ട്രമാക്കുമെന്നാണ്‌ പ്രഖ്യാപനം.  ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഒരുപങ്കും വഹിക്കാത്തവരാണ് ഇപ്പോൾ എങ്ങനെയെങ്കിലും അതിന്റെ ഭാഗമാകാൻ ശ്രമിക്കുന്നത്.

സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽത്തന്നെ മൂന്നാമത് പ്രധാനമന്ത്രിയാകുമ്പോൾ ലോകത്തിലെ മൂന്നാം സമ്പദ് വ്യവസ്ഥയായി രാജ്യത്തെ മാറ്റുമെന്ന്‌ മോദി പ്രഖ്യാപിച്ചിരുന്നു. മുംബൈയിൽ മോദിയുടെ ഉറ്റ ചങ്ങാതി ഗൗതം അദാനി നടത്തിയ പ്രവചനമാണ് മോദിയും ആവർത്തിച്ചത്. മൊത്തം ജിഡിപിയുടെ അടിസ്ഥാനത്തിൽ നിലവിൽ അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ, 2047ൽ അത് വികസിത സമ്പദ്‌വ്യവസ്ഥയാകുമെന്നാണ് ഇപ്പോൾ  പറഞ്ഞിരിക്കുന്നത്.

മൊത്തം ജിഡിപി കണക്കാക്കി മൂന്നാംസ്ഥാനത്ത് എത്തിയാലും വികസിത സമ്പദ്‌വ്യവസ്ഥയാകണമെങ്കിൽ മറ്റു ചില മാനദണ്ഡങ്ങൾ കൂടി പാലിക്കേണ്ടതുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യവികസനം എന്നിവയിലും മുന്നിലെത്തണം. എന്നാൽ, പട്ടിണിയും ദാരിദ്ര്യവും പിന്നാക്കാവസ്ഥയും വേട്ടയാടുന്ന ഇന്ത്യ ഈ സൂചികയിലെല്ലാം വളരെ പിന്നിലാണ്‌ എന്നതാണ് വസ്തുത. ജിഡിപി കണക്കിൽ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥയാണെങ്കിലും ആളോഹരി വരുമാനത്തിന്റെ കണക്കെടുത്താൽ 139–-ാം സ്ഥാനത്താണ്‌. വികസിത രാഷ്ട്രം ആകണമെങ്കിൽ ആളോഹരി വരുമാനത്തിൽ നിലവിലുള്ളതിന്റെ എട്ടിരട്ടിയെങ്കിലും നേടണമെന്നാണ് ഐഎംഎഫിന്റെ കണക്ക്.

ലോകത്തെ 121 രാജ്യത്തെ ഉൾപ്പെടുത്തിയിട്ടുള്ള ആഗോള പട്ടിണിസൂചികയിൽ ഇന്ത്യയുടെ സ്ഥാനം 107 ആണ്. 23 കോടി പേർ ഇന്നും കൊടുംപട്ടിണിയിലാണ്.

ലോകത്തിൽ ഏറ്റവും കൂടുതൽ ദരിദ്രരുള്ള രാജ്യം ഇന്ത്യയാണ്.  ബ്രിക്‌സ് രാജ്യങ്ങളിലായാലും ജി 20 രാജ്യങ്ങളിലായാലും  ഏറ്റവും കൂടുതൽ ദരിദ്രർ ജീവിക്കുന്ന രാജ്യം ഏതാണെന്ന് ചോദിച്ചാൽ അതിന് ഉത്തരം മോദി ഭരിക്കുന്ന ഇന്ത്യ എന്നാണ്. 100 കോടി വിശക്കുന്ന വയറുകളുമായി ഇന്ത്യയെ ഇപ്പോൾ ആരും കാണുന്നില്ലെന്ന പ്രധാനമന്ത്രിയുടെ  അവകാശവാദം പൊള്ളയാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. ലോകത്തെ 121 രാജ്യത്തെ ഉൾപ്പെടുത്തിയിട്ടുള്ള ആഗോള പട്ടിണിസൂചികയിൽ ഇന്ത്യയുടെ സ്ഥാനം 107 ആണ്. 23 കോടി പേർ ഇന്നും കൊടുംപട്ടിണിയിലാണ്. ബംഗ്ലാദേശും പാകിസ്ഥാനും അഫ്ഗാനിസ്ഥാൻപോലും ഇന്ത്യയേക്കാൾ മുന്നിലാണ്. 2014ൽ മോദി അധികാരമേൽക്കുമ്പോൾ 55–--ാം സ്ഥാനത്തായിരുന്നു ഇന്ത്യ. അതാണ്‌ ഇപ്പോൾ 52 സ്ഥാനം പിന്നിലായി 107ൽ എത്തിയത്. മോദിയുടെ ഒമ്പതുവർഷക്കാലത്തെ ഭരണത്തിനിടയിൽ പട്ടിണിസൂചികയിൽ മാത്രമല്ല, പല സൂചികകളിലും ഇന്ത്യ ദയനീയമായി പിന്നിലാണ്.

ഇതിൽ ഏറെ പ്രധാനം, വികസിത രാഷ്ട്രമായി കണക്കാക്കാൻ ഏറ്റവും ആവശ്യമുള്ള മനുഷ്യവികസന സൂചികയിലും ഇന്ത്യ ഏറെ പിന്നിലാണ്‌ എന്നതാണ്‌. ആയുർദൈർഘ്യം, പഠനകാലയളവ്, ദേശീയവരുമാനം എന്നീ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള മനുഷ്യവികസന സൂചികയിൽ 132 –-ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. സാമ്പത്തിക സമത്വ സൂചികയിൽ 123 –-ാം സ്ഥാനവും. കണക്കുകൾ ഇനിയും ഏറെ നിരത്താനുണ്ട്. അതൊക്കെ കാണിക്കുന്നത് വികസിത രാഷ്ട്രം ആകണമെങ്കിൽ ഇന്ത്യ ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട്‌ എന്നാണ്. ആ ലക്ഷ്യം നേടണമെങ്കിൽ ആദ്യം വേണ്ടത് രാജ്യത്തെ പട്ടിണിയും ദാരിദ്യവും സാമ്പത്തിക അസമത്വവും അവസാനിപ്പിക്കലാണ്. എന്നാൽ, നവ ഉദാരവാദനയം പിന്തുടരുന്ന മോദി സർക്കാരിന് അതിന് താൽപ്പര്യമില്ല

പിടിഐക്ക് നൽകിയ അഭിമുഖത്തിൽ വികസിതരാഷ്ട്രം ആകണമെങ്കിൽ ചില വിട്ടുവീഴ്ചകൾക്ക് തയ്യാറാകാൻ മോദി ആഹ്വാനം നൽകുന്നുണ്ട്. അത് ഇതാണ്,  നിരുത്തരവാദപരമായ സാമ്പത്തിക ആനുകൂല്യങ്ങളും ജനങ്ങളെ ആകർഷിക്കുന്ന നടപടികളും ഉപേക്ഷിക്കാൻ തയ്യാറാകണം.  ജനങ്ങൾക്ക് ആശ്വാസംനൽകുന്ന നടപടികൾ ഹ്രസ്വകാല രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ (വോട്ട് നേടാൻ) സഹായിക്കുമെങ്കിലും സാമൂഹ്യ–- സാമ്പത്തിക മേഖലയിൽ അതിന് വലിയവില നൽകേണ്ടിവരുമെന്നാണ് മോദിയുടെ മുന്നറിയിപ്പ്. 

ജനങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ - ആത് പെൻഷനായാലും റേഷനായാലും ലൈഫ് പദ്ധതിയിലെ വീടായാലും രാജ്യത്തിന് ബാധ്യതയാണെന്നും അതിനാൽ ഇത്തരം ജനക്ഷേമ പരിപാടികളിൽനിന്നും സർക്കാർ പിന്തിരിയണമെന്നുമാണ് മോദി ഉപദേശിക്കുന്നത്

നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങിയ തോൽവിയാണ് ഇക്കാര്യം പറയാൻ മോദിയെ പ്രേരിപ്പിച്ചത്. സാമ്പത്തിക അച്ചടക്കം പാലിക്കാൻ ശ്രദ്ധിക്കണമെന്ന് സംസ്ഥാന സർക്കാരുകൾക്ക് സാരോപദേശം നൽകാനും പ്രധാനമന്ത്രി തയ്യാറായി. ബിജെപി സർക്കാരിന്റെ ജനവിരുദ്ധനയങ്ങളാണ് മോദി ഇവിടെ ആവർത്തിച്ചത്. ജനങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ - ആത് പെൻഷനായാലും റേഷനായാലും ലൈഫ് പദ്ധതിയിലെ വീടായാലും രാജ്യത്തിന് ബാധ്യതയാണെന്നും അതിനാൽ ഇത്തരം ജനക്ഷേമ പരിപാടികളിൽനിന്നും സർക്കാർ പിന്തിരിയണമെന്നുമാണ് മോദി ഉപദേശിക്കുന്നത്. പാവപ്പെട്ട ജനങ്ങൾക്ക് ജീവൻ മുന്നോട്ടുകൊണ്ടുപോകാനായി സർക്കാരുകൾ നൽകുന്ന ഇളവുകളും സബ്സിഡികളും രാജ്യത്തിന്റെ വളർച്ച മുരടിപ്പിക്കുമെന്നും അതിനാൽ സബ്സിഡികളും ഇളവുകളും കോർപറേറ്റുകൾക്കായി വഴിമാറ്റണമെന്നുമാണ് മോദി പറയുന്നത്.  ഈ നയമാണ് സാമ്പത്തികാസമത്വം രൂക്ഷമാക്കുന്നത്.

രാജ്യത്തിന്റെ 40 ശതമാനത്തിലധികം സമ്പത്തും ഇന്ന് കൈയാളുന്നത് ഒരു ശതമാനം മാത്രംവരുന്ന സമ്പന്നരാണ്. ഈ ഘട്ടത്തിലാണ് ജനങ്ങളെ മറക്കൂ അദാനിമാരെയും അംബാനിമാരെയു മാത്രം ഓർമിക്കൂ എന്ന് മോദി പറയുന്നത്. രാജ്യം എന്നത് നാട്ടിലെ ജനങ്ങളല്ല ഏതാനും കോർപറേറ്റുകൾ മാത്രമാണെന്ന പ്രഖ്യാപനമാണ്‌ ഇത്. ഇത്‌ അംഗീകരിക്കാൻ കഴിയില്ല. ജനക്ഷേമം ഉറപ്പുവരുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് സർക്കാരിന്റെ പ്രാഥമിക കടമ. സമത്വമെന്ന ആശയത്തിനാണ് ഏതൊരു ഭരണാധികാരിയും മുൻഗണന നൽകേണ്ടത്. എന്നാൽ, മോദിക്ക് ഇതൊന്നും ബാധകമല്ല. കോർപറേറ്റ് വളർച്ചയിലൂടെ സാമ്പത്തിക മുന്നേറ്റമെന്ന തലതിരിഞ്ഞ, ജനാധിപത്യ വിരുദ്ധമായ നവഉദാരവാദ യുക്തിയാണ്  മോദി മുന്നോട്ടുവയ്‌ക്കുന്നത്. ഈ നയത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് കാലം  ആവശ്യപ്പെടുന്നത്. കോർപറേറ്റ് - വർഗീയ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തിയാലേ ജനക്ഷേമവും വികസനവും ഉറപ്പുവരുത്താനാകൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
-----
-----
 Top