02 May Thursday

അജൻഡ പൊളിഞ്ഞ സന്ദർശന മാമാങ്കം - എം വി ഗോവിന്ദൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Apr 28, 2023

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട്‌ ദിവസത്തെ കേരള സന്ദർശനത്തെ ഭൂരിപക്ഷം മാധ്യമങ്ങളും അവതരിപ്പിച്ചത്‌ ബിജെപി കേരളം പിടിക്കാൻ പോകുന്നുവെന്ന മട്ടിലായിരുന്നു. ‘കേരളവും മാറും’ എന്ന മോദിയുടെ പ്രസംഗം കൂടിയായപ്പോൾ പല മാധ്യമങ്ങൾക്കും പിടിവിട്ടമാതിരിയായി. ‘കേരളം അതിവേഗം വളരാനുള്ള നടപടികളുമായാണ്‌’ പ്രധാനമന്ത്രി കൊച്ചിയിൽ വിമാനമിറങ്ങിയതെന്നും ജനമനസ്സുകളെ കീഴടക്കി ‘ഒറ്റനടത്ത’മാണ്‌ മോദി നടത്തിയതെന്നും ഇത്‌ അദ്ദേഹത്തിന്റെ ‘മാസ്‌ എൻട്രി’യാണെന്നുംവരെ ആവേശത്തിമിർപ്പിൽ അവർ പറഞ്ഞുവച്ചു. കേരളം വർഗീയശക്തികളുടെ വിളനിലമായാലും തരക്കേടില്ല, സിപിഐ എമ്മുകാരും മതനിരപേക്ഷ വാദികളും തോറ്റുകണ്ടാൽ മതിയെന്ന വികാരപ്രകടനമാണ്‌ ഈ മാധ്യമങ്ങൾ കാട്ടിയത്‌. ഗോദി മാധ്യമങ്ങളാകാൻ തങ്ങൾക്കും കഴിയുമെന്ന്‌ കേരളത്തിലെ ഭൂരിപക്ഷം മാധ്യമങ്ങളും തെളിയിച്ചു.

എന്നാൽ, മാധ്യമങ്ങളും സംഘപരിവാറും കരുതിയതുപോലെ ഒരു അത്ഭുതവും സൃഷ്ടിക്കാൻ മോദിയുടെ സന്ദർശനത്തിന്‌ കഴിഞ്ഞില്ലെന്ന്‌ മാത്രമല്ല, ബിജെപിയുടെ പൊള്ളയായ അവകാശവാദങ്ങളും കള്ളത്തരങ്ങളും കേരളത്തിലെ ജനങ്ങൾക്ക്‌ കൂടുതൽ വ്യക്തമാകാൻ പ്രധാനമന്ത്രിയുടെ സന്ദർശനം ഉപകരിക്കുകയും ചെയ്‌തു. കേരളത്തിലെ വികസനത്തേക്കാൾ പാർടിയുടെ വികസനമായിരുന്നു മോദിയുടെ മുഖ്യ അജൻഡയെന്ന്‌ അദ്ദേഹം നടത്തിയ റോഡ്‌ഷോകൾ ഒരു സംശയവുമില്ലാതെ തെളിയിച്ചു. ഏറെ കൊട്ടിഘോഷിക്കപ്പെട്ട പരിപാടിയായിരുന്നു കൊച്ചിയിലെ ‘യുവം’. കേരളത്തിലെ യുവജനങ്ങളോട്‌ പ്രധാനമന്ത്രി സംവദിക്കുമെന്നും അത്‌ അവരെ ബിജെപിയുമായി അടുപ്പിക്കുമെന്നും മാധ്യമങ്ങൾ വെണ്ടക്ക നിരത്തി ഘോഷിച്ചു. എന്നാൽ, എന്തായിരുന്നു യഥാർഥത്തിൽ സംഭവിച്ചത്‌. ‘യുവം’ പരിപാടിക്ക്‌ സ്വമേധയാ എത്തിയത്‌ യുവമോർച്ചക്കാരും ബിജെപിയുമായി ബന്ധമുള്ളവരും മാത്രമായിരുന്നു. വിദ്യാർഥികളും മറ്റും എത്തിയത്‌ സ്ഥാപനം നടത്തിപ്പുകാരുടെ നിർബന്ധംമൂലമാണെന്ന്‌ പലരും സാമൂഹ്യമാധ്യമങ്ങളിലും മാധ്യമ അഭിമുഖങ്ങളിലും വ്യക്തമാക്കി. പ്രധാനമന്ത്രിയോട്‌ ചോദ്യം ചോദിക്കാനുള്ള അസുലഭ അവസരം തുടങ്ങിയ വാഗ്‌ദാനങ്ങൾവരെ നൽകിയാണ്‌ വിദ്യാർഥികളെ കൊച്ചിയിലെത്തിച്ചത്‌. എന്നാൽ, സംവാദത്തിന്‌ പകരം നടന്നത്‌ മോദിയുടെ രാഷ്ട്രീയ പ്രസംഗം മാത്രമാണ്‌. അതു കഴിഞ്ഞ ഉടൻ അദ്ദേഹം വേദിയിൽനിന്ന്‌ ഇറങ്ങിപ്പോകുകയും ചെയ്‌തു.

ഒമ്പത്‌ വർഷത്തിനിടയിൽ മാധ്യമങ്ങളുമായി സംസാരിക്കാൻ തയ്യാറാകാത്ത മോദിയുടെ സംവാദം വൺ വേ ട്രാഫിക് മാത്രമാണെന്ന്‌ ഒരിക്കൽക്കൂടി തെളിഞ്ഞു. ചോദ്യങ്ങളെ ഭയക്കുന്ന പ്രധാനമന്ത്രിയാണ്‌ മോദിയെന്ന്‌ കേരളീയർക്ക്‌ നേരിട്ട്‌ ബോധ്യമാകാൻ ‘യുവം’ പരിപാടി അവസരമൊരുക്കി. അദാനി, പുൽവാമ, ഗുസ്‌തിതാരങ്ങളുടെ സമരം തുടങ്ങി പ്രധാനമന്ത്രിയെ അലോസരപ്പെടുത്തുന്ന വിഷയങ്ങളിൽ ചോദ്യങ്ങൾ ഉയർന്നാൽ അത്‌ മോദിക്കും ബിജെപിക്കും വലിയ ക്ഷീണമുണ്ടാക്കും. കേരളത്തിന്റെ മതനിരപേക്ഷ മണ്ണിൽ നിന്നാകുമ്പോൾ ആ ചോദ്യങ്ങൾക്ക്‌ കനം കൂടും. അതിനാലായിരിക്കണം പ്രധാനമന്ത്രി പ്രസംഗം നടത്തി ഉടൻ സ്ഥലംവിട്ടത്‌.

ഡൽഹിയിലെ സേക്രട്ട്‌ ഹാർട്ട്‌ ദേവാലയം സന്ദർശിച്ച പ്രധാനമന്ത്രി അതിന്റെ തുടർച്ചയെന്നോണമാണ്‌ കേരളത്തിലെ മതമേലധ്യക്ഷന്മാരുമായി ചർച്ച നടത്തിയത്‌. ഇതുവഴി കേരളത്തിലെ ക്രിസ്‌ത്യൻ മതവിഭാഗങ്ങളുടെ വോട്ട്‌ പെട്ടിയിലാക്കാൻ കഴിയുമെന്നാണ്‌ മോദിയും ബിജെപിയും കണക്ക്‌ കൂട്ടുന്നതെങ്കിൽ അവർ വിഡ്ഢികളുടെ ലോകത്താണ്‌ ജീവിക്കുന്നതെന്നു മാത്രമേ പറയാനുള്ളൂ

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ മറ്റൊരു പ്രധാന പരിപാടി ക്രിസ്‌ത്യൻ മതമേലധ്യക്ഷരുമായി നടത്തിയ ചർച്ചയാണ്‌. പ്രധാനമന്ത്രി കാര്യാലയത്തിന്റെ പ്രത്യേക ക്ഷണമനുസരിച്ചാണ്‌ മോദിയുമായുള്ള മുഖാമുഖം ചർച്ചയ്‌ക്ക്‌ ഇവർ എത്തിയത്‌. രാജ്യത്താകമാനം ക്രിസ്‌ത്യാനികൾക്കെതിരെ സംഘപരിവാർ നടത്തുന്ന ആക്രമണങ്ങളാണ്‌ ക്രൈസ്‌തവസമൂഹം നേരിടുന്ന ഏറ്റവും പ്രധാന വിഷയങ്ങളിൽ ഒന്ന്‌. അതോടൊപ്പം റബറിന്റെ വിലത്തകർച്ചയും ദളിത്‌ ക്രൈസ്‌തവർക്ക്‌ സംവരണവും അവർ ഉന്നയിക്കുന്ന പ്രധാന വിഷയങ്ങളാണ്‌. ഇതിൽ ഒന്നിൽപ്പോലും ആശ്വാസകരമായ ഒരു മറുപടി പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന്‌ ഉണ്ടായില്ല. 15 മിനിറ്റ്‌ മാത്രമാണ്‌ കൂടിക്കാഴ്‌ച നീണ്ടതെന്നും അതിനാൽ പല പ്രധാന വിഷയങ്ങളും എഴുതി നൽകാൻ മാത്രമാണ്‌ കഴിഞ്ഞതെന്നും മതനേതാക്കൾ വെളിപ്പെടുത്തി. എല്ലാവർക്കും അവരുടെ ആവലാതികൾ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി എഴുതി നൽകാൻപോലും കഴിഞ്ഞില്ലെന്നും ചില മാധ്യമവാർത്തകളിൽ കണ്ടു. അതായത്‌ മോദിയെ സംബന്ധിച്ച്‌ മതമേലധ്യക്ഷന്മാരുമായുള്ള ചർച്ച വെറും രാഷ്ട്രീയ നാടകമാണ്‌. ഈസ്റ്റർ ദിനത്തിൽ ഡൽഹിയിലെ സേക്രട്ട്‌ ഹാർട്ട്‌ ദേവാലയം സന്ദർശിച്ച പ്രധാനമന്ത്രി അതിന്റെ തുടർച്ചയെന്നോണമാണ്‌ കേരളത്തിലെ മതമേലധ്യക്ഷന്മാരുമായി ചർച്ച നടത്തിയത്‌. ഇതുവഴി കേരളത്തിലെ ക്രിസ്‌ത്യൻ മതവിഭാഗങ്ങളുടെ വോട്ട്‌ പെട്ടിയിലാക്കാൻ കഴിയുമെന്നാണ്‌ മോദിയും ബിജെപിയും കണക്ക്‌ കൂട്ടുന്നതെങ്കിൽ അവർ വിഡ്ഢികളുടെ ലോകത്താണ്‌ ജീവിക്കുന്നതെന്നു മാത്രമേ പറയാനുള്ളൂ. ഏതെങ്കിലും മതമേലധ്യക്ഷമാർ ഇറക്കുന്ന തീട്ടൂരമനുസരിച്ചല്ല കേരളത്തിലെ ഒരു മതവിഭാഗത്തിൽപ്പെട്ടവരും വോട്ട്‌ ചെയ്യുന്നത്‌. സ്വന്തം ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ്‌ അവർ സമ്മതിദാനാവകാശം ഉപയോഗിക്കുന്നത്‌. ക്രിസ്‌ത്യാനികളെ ആഭ്യന്തരഭീഷണിയായി പ്രഖ്യാപിച്ച്‌ വേട്ടയാടുകയും കേരളത്തിൽ രാഷ്ട്രീയ നിലനിൽപ്പിനായി അവരുടെ പിന്തുണയ്‌ക്കായി കേഴുകയും ചെയ്യുന്ന രാഷ്ട്രീയ ഇരട്ടത്താപ്പ്‌ മനസ്സിലാക്കാനുള്ള അറിവും വിവേകവും കേരളത്തിലെ ജനങ്ങൾക്കുണ്ട്‌. അതിൽനിന്ന്‌ ക്രിസ്‌ത്യാനികളും വ്യത്യസ്‌തരല്ല. നവ ഉദാരവൽക്കരണ നയത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ട ആസിയൻ കരാറിന്റെ തിക്തഫലമാണ്‌ റബറിന്റെ വിലയിടിവിന്‌ കാരണം. ഈ നയം ആവേശത്തോടെ നടപ്പാക്കുന്ന സർക്കാരാണ്‌ ഇന്ന്‌ കേന്ദ്രം ഭരിക്കുന്നത്‌. അതിനാൽ കരാറിൽനിന്ന്‌ പിന്മാറാൻ മോദി സർക്കാർ തയ്യാറാകില്ല. അതിനർഥം റബർ വിലയിടിവ്‌ പരിഹരിക്കപ്പെടില്ല എന്നാണ്‌. റബറിന്‌ 300 രൂപ താങ്ങുവില പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്താകുന്നതും അതുകൊണ്ടാണ്‌. അതുപോലെതന്നെ ദളിത്‌ ക്രൈസ്‌തവർക്ക്‌ സംവരണത്തിന്റെ ആനുകൂല്യം നൽകണമെന്നാവശ്യപ്പെട്ട രംഗനാഥ്‌ മിശ്ര കമീഷൻ ശുപാർശയെ ശക്തമായി എതിർക്കുന്നവരാണ്‌ ബിജെപിക്കാർ. മോദിയുടെ നയവും ഇതുതന്നെ. അതിനാൽ അനുകൂലമായ തീരുമാനം പ്രതീക്ഷിക്കാനാകില്ല.

സംഘപരിവാറിന്റെ വാട്‌സാപ് യൂണിവേഴ്‌സിറ്റികൾ പടച്ചുവിടുന്ന കള്ളങ്ങളുടെ മലവെള്ളപ്പാച്ചിലിലും പിടിച്ചുനിൽക്കാൻ കരുത്തുള്ള വസ്‌തുതകളുടെ പിൻബലമുണ്ട്‌ കേരളത്തിലെ വികസന പ്രവർത്തനങ്ങൾക്ക്‌. ഇതുകൊണ്ടായിരിക്കണം എൽഡിഎഫിന്റെ സ്വപ്‌നപദ്ധതിയായ സിൽവർലൈൻ പദ്ധതിക്ക്‌ കേന്ദ്രം എതിരല്ലെന്ന്‌ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിന്‌ പറയേണ്ടിവന്നത്‌

ഇനി മോദി നടത്തിയ പ്രസംഗത്തെക്കുറിച്ച്‌ പരിശോധിക്കാം. സംസ്ഥാനം വികസനകാര്യത്തിൽ ഏറെ പിന്നാക്കമാണെന്നാണ്‌ കൊച്ചിയിലെ ‘യുവം’ സമ്മേളനത്തിൽ മോദി പ്രസംഗിച്ചത്‌. എന്നാൽ, 24 മണിക്കൂറിനകംതന്നെ അത്‌ അദ്ദേഹത്തിന്‌ തിരുത്തി പറയേണ്ടിവന്നു. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ വിവിധ പദ്ധതികൾ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ നടത്തിയ പ്രസംഗത്തിൽ മോദി പറഞ്ഞത്‌ കൊച്ചി ജലമെട്രോയും ഡിജിറ്റൽ സയൻസ്‌ പാർക്കുമടക്കമുള്ള കേരളത്തിന്റെ വികസന പദ്ധതികൾ മറ്റ്‌ സംസ്ഥാനങ്ങൾക്ക്‌ മാതൃകയാണെന്നാണ്‌. കേന്ദ്രം ഒരു പൈസപോലും മുടക്കാത്ത പദ്ധതികളാണ്‌ ജല മെട്രോയും ഡിജിറ്റൽ സയൻസ്‌ പാർക്കും. രാജ്യത്തെ ആദ്യത്തെ ടെക്‌നോപാർക്കും ഡിജിറ്റൽ സർവകലാശാലയും തുടങ്ങിയ കേരളംതന്നെയാണ്‌ ഇവ രണ്ടും തുടങ്ങിയത്‌. വസ്‌തുത ഇതായിരിക്കെ കേരളത്തെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി നിർബന്ധിതനായി. ബിജെപിയുടെയും ആർഎസ്‌എസിന്റെയും സാധാരണ പ്രവർത്തകരെപ്പോലെ പ്രധാനമന്ത്രി കൊച്ചിയിൽ തട്ടിവിട്ട കള്ളം അദ്ദേഹത്തിനുതന്നെ തിരുവനന്തപുരത്തെത്തുമ്പോൾ തിരുത്തേണ്ടിവന്നു. കേരളത്തിലെ പിണറായി സർക്കാരിന്റെ കരുത്താണ്‌ ഇതു തെളിയിക്കുന്നത്‌. സംഘപരിവാറിന്റെ വാട്‌സാപ് യൂണിവേഴ്‌സിറ്റികൾ പടച്ചുവിടുന്ന കള്ളങ്ങളുടെ മലവെള്ളപ്പാച്ചിലിലും പിടിച്ചുനിൽക്കാൻ കരുത്തുള്ള വസ്‌തുതകളുടെ പിൻബലമുണ്ട്‌ കേരളത്തിലെ വികസന പ്രവർത്തനങ്ങൾക്ക്‌. ഇതുകൊണ്ടായിരിക്കണം എൽഡിഎഫിന്റെ സ്വപ്‌നപദ്ധതിയായ സിൽവർലൈൻ പദ്ധതിക്ക്‌ കേന്ദ്രം എതിരല്ലെന്ന്‌ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിന്‌ പറയേണ്ടിവന്നത്‌. സമർപ്പിച്ച ഡിപിആറിൽ ചിലപ്രശ്‌നങ്ങളുണ്ടെന്നും അത്‌ പരിഹരിച്ച്‌ വിശദ റിപ്പോർട്ട്‌ സമർപ്പിച്ചാൽ പരിഗണിക്കാമെന്നും വൈഷ്‌ണവ്‌ അറിയിച്ചത്‌ സിൽവർലൈൻ പദ്ധതിയെ നഖശിഖാന്തം എതിർക്കുന്ന സംസ്ഥാന ബിജെപി ഘടകത്തിന്‌ തിരിച്ചടിയായി. സിൽവർലൈൻ വിനാശകരമായ പദ്ധതിയാണെന്നും വന്ദേഭാരത്‌ വന്നതോടെ സിൽവർലൈൻ എന്ന ആശയംതന്നെ അപ്രസക്തമായെന്നും ‘ജന്മഭൂമി’ മുഖപ്രസംഗം എഴുതുമ്പോഴാണ്‌ കേന്ദ്ര മന്ത്രിയുടെ ഈ പ്രതികരണം.
കേരളത്തിന്‌ ഏറെ സമ്മാനങ്ങളുമായാണ്‌ പ്രധാനമന്ത്രി വന്നതെന്നാണ്‌ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞത്‌. എയിംസ്‌, കോച്ച്‌ ഫാക്ടറി, വാഗൺ ഫാക്ടറി, തിരുവനന്തപുരം റെയിൽവേ സോൺ തുടങ്ങി ഏതെങ്കിലും ഒന്നെങ്കിലും പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ്‌ കരുതിയത്‌. എന്നാൽ, കേരളത്തെ തീർത്തും നിരാശപ്പെടുത്തിയാണ്‌ പ്രധാനമന്ത്രി കേരളം വിട്ടത്‌. കടുത്ത ഈ കേന്ദ്ര അവഗണനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുകതന്നെ വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top