19 April Friday

"ഗുജറാത്ത്‌ മാതൃക’ പിന്തുടരണമോ?

സാജന്‍ എവുജിന്‍Updated: Monday Nov 21, 2022

രാജ്യത്തിന്‌ മാതൃകയാണ്‌ ഗുജറാത്തെന്ന്‌ അവകാശപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് കാലത്ത്‌ അദ്ദേഹത്തിന്റെ സ്വന്തം തട്ടകത്തിൽ നെട്ടോട്ടത്തിലാണ്‌. ഒക്ടോബർമുതൽ ഏതാണ്ട്‌  എല്ലാ ആഴ്‌ചയിലും ഗുജറാത്തിൽ എത്തുന്ന പ്രധാനമന്ത്രി വരുംനാളുകളിൽ സംസ്ഥാനത്ത്‌ തമ്പടിച്ച്‌ പ്രചാരണം നടത്തും. സംസ്ഥാനത്തെ 33 ജില്ലയിലും പ്രധാനമന്ത്രിയുടെ പരിപാടികളുണ്ട്‌. 2014ൽ മോദി ഒഴിഞ്ഞശേഷം ബിജെപിയുടെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ്‌ നിലവിലെ ഭൂപേന്ദ്ര പട്ടേൽ. എന്നിരുന്നാലും മോദിയെ ഉയർത്തിക്കാട്ടിയാണ്‌ ഇപ്പോഴും ബിജെപിയുടെ പ്രചാരണം. ഈ അവസ്ഥയ്‌ക്ക്‌ കാരണം എന്താണ്‌? കൊട്ടിഘോഷിക്കപ്പെടുന്ന ‘ഗുജറാത്ത്‌  മാതൃക’യ്‌ക്ക്‌ പിന്നിലുള്ള വാസ്‌തവം എന്താണ്‌?

മോദി പ്രധാനമന്ത്രിയായി പോയപ്പോൾ മുഖ്യമന്ത്രിസ്ഥാനം നൽകിയ ആനന്ദിബെൻ പട്ടേലിനെ രണ്ടു വർഷംമാത്രം പിന്നിട്ടപ്പോൾ ഭരണപരാജയത്തിന്റെയും ബിജെപിയിലെ അസ്വസ്ഥതകളുടെയും സാഹചര്യത്തിൽ തൽസ്ഥാനത്തുനിന്ന്‌ നീക്കി. തുടർന്ന്‌, അധികാരം ലഭിച്ച വിജയ്‌ റുപാണിയെ കഴിഞ്ഞവർഷം ഒഴിവാക്കി. കോവിഡ്‌ മഹാമാരി നേരിടുന്നതിൽ റുപാണി സർക്കാർ പൂർണമായും പരാജയപ്പെട്ടതായി പരാതി ഉയർന്നിരുന്നു. അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ ഉണ്ടായിരുന്ന ഒരാളെപ്പോലും പുതിയ സർക്കാരിൽ ഉൾപ്പെടുത്തിയില്ല. കഴിഞ്ഞ സെപ്‌തംബറിൽ ചുമതലയേറ്റ ഭൂപേന്ദ്ര പട്ടേൽ സർക്കാരിൽ എല്ലാവരും തുടക്കക്കാരാണ്‌. അതിശക്തമായ ഭരണവിരുദ്ധവികാരം മറികടക്കാനാണ്‌ മന്ത്രിസഭകൾ ഇത്തരത്തിൽ അഴിച്ചുപണിയുന്നതെന്ന്‌ ബിജെപി കേന്ദ്രങ്ങൾ സമ്മതിക്കുന്നു.

ഇത്‌ കേവലം രാഷ്ട്രീയ ആരോപണമല്ല. ഗുജറാത്ത്‌ സമ്പദ്‌ഘടന പരിശോധിച്ചാൽ സംസ്ഥാനം നേരിടുന്ന തിരിച്ചടി ബോധ്യമാകും. 2017–-18ൽ ഗുജറാത്ത്‌ സംസ്ഥാന ജിഡിപി (മൊത്തം ഉൽപ്പാദനം) വളർച്ച 10.7 ശതമാനമായിരുന്നു. ഇത്‌ 2018–-19ൽ  8.9 ശതമാനമായും 2019–-20ൽ 7.3 ശതമാനമായും കുറഞ്ഞു. 2020–-21ൽ 1.7 ശതമാനം ചുരുക്കമാണ്‌ ജിഡിപിയിൽ സംഭവിച്ചത്‌. 2020–-21ൽ അഖിലേന്ത്യാ ജിഡിപിയും ചുരുങ്ങിയല്ലോയെന്ന ചോദ്യം ഉയരാം. ഗുജറാത്ത്‌ മാതൃകയിലുള്ള നയങ്ങൾ രാജ്യത്താകെ നടപ്പാക്കിയതാണ്‌ ഇതിനു കാരണം. തൊഴിലാളി യൂണിയനുകളും സമരങ്ങളുമില്ലാത്ത സംസ്ഥാനമാണ്‌ ഗുജറാത്തെന്ന്‌ ബിജെപി അവകാശപ്പെടുന്നുണ്ട്‌. അങ്ങനെയുള്ള നാട്ടിൽ വളർച്ച ഇടിയാനും ചുരുങ്ങാനും കാരണമെന്താണ്‌? ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാർ ഉയർന്നുവരുന്ന സംസ്ഥാനവുമാണ്‌ ഗുജറാത്ത്‌. സമ്പത്തിന്റെ വിതരണം ഏറ്റവും അസമത്വം നിറഞ്ഞ നിലയിലാകുന്നതിന്‌ ഉദാഹരണമാണ്‌ ഈ സംസ്ഥാനം.

ഗുജറാത്തിലെ കുട്ടികളിൽ 39.7 ശതമാനം പേർ ഭാരക്കുറവുള്ളവരാണ്.   ഭാരക്കുറവ്‌ നേരിടുന്നവരാണ്‌. 39 ശതമാനം പേർ വളർച്ച മുരടിപ്പ്‌ അനുഭവിക്കുന്നു. അഞ്ച്‌ വയസ്സിൽ താഴെയുള്ള കുട്ടികളിൽ 25 ശതമാനത്തിലേറെ പേർ പോഷകാഹാരക്കുറവ്‌ ഉള്ളവരാണ്‌. ഈ സൂചകങ്ങളിൽ രാജ്യത്ത്‌  26–-ാം സ്ഥാനത്താണ്‌ ഗുജറാത്ത്‌. ശിശു മരണനിരക്ക് ഗുജറാത്തിൽ ആയിരത്തിന് 23 ആണ്; കേരളത്തിൽ ആയിരത്തിന് ആറും. യുവജനങ്ങളുടെ സ്ഥിതിയിലും ഗുജറാത്ത്‌ നല്ല മാതൃകയല്ല. 20–-24 പ്രായപരിധിയിൽ 12.49 ശതമാനമാണ്‌ തൊഴിലില്ലായ്‌മ. പരമ്പരാഗത വ്യാപാരവും കൃഷിയും തൊഴിലായി കാണുന്ന രീതിയുള്ളതിനാൽ യഥാർഥ തൊഴിലില്ലായ്‌മ ഇതിൽ കൂടുതലായിരിക്കാനാണ്‌ സാധ്യത.

കൃത്യമായ വരുമാനം കിട്ടാത്ത പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്ന പലരും തൊഴിൽ ചെയ്യുന്നവരായി സർവേ കണക്കുകളിൽ പരിഗണിക്കപ്പെടും. ആയിരം പുരുഷന്മാർക്ക്‌ 943 സ്‌ത്രീകൾ എന്നതാണ്‌ അഖിലേന്ത്യാ അനുപാതം എന്നിരിക്കെ ഗുജറാത്തിൽ ഇത്‌ ആയിരത്തിന്‌ 919 മാത്രമാണ്‌. പെൺകുട്ടികളിൽ തുടങ്ങുന്ന വിവേചനത്തിന്‌ തെളിവാണിത്‌. ബിൽക്കീസ്‌ ബാനു കൂട്ടബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ടവരുടെ ജയിൽമോചനത്തിന്‌ ശുപാർശ ചെയ്‌ത സമിതിയിൽ അംഗമായിരുന്ന സി കെ റൗൽജിക്ക്‌ ബിജെപി വീണ്ടും സീറ്റ്‌ നൽകിയിട്ടുണ്ട്‌.  കുറ്റവാളികളെ ‘സംസ്‌കാരമുള്ള ബ്രാഹ്‌മണർ’ എന്ന്‌ വിശേഷിപ്പിച്ചാണ്‌ റൗൽജി തന്റെ നിലപാടിനെ ന്യായീകരിച്ചത്‌. നരോദ പാട്യ വംശഹത്യ കേസിൽ ശിക്ഷിക്കപ്പെട്ട മനോജ്‌ കുൽക്കർണിയുടെ മകൾ പായൽ കുൽക്കർണിയെയും ബിജെപി സ്ഥാനാർഥിയാക്കി.

സംസ്ഥാനത്ത്‌ എന്ത്‌ സംഭവിച്ചാലും സർക്കാരിന്‌ ധാർമിക ഉത്തരവാദിത്വമില്ല. മോർബിയിൽ പുതുക്കിപ്പണിത തൂക്കുപാലം തകർന്ന്‌ 53 കുഞ്ഞുങ്ങളടക്കം  നൂറ്റിനാൽപ്പതോളം പേരുടെ ജീവൻ നഷ്ടമായി. പാലംനവീകരണ കരാറിലെ നിരുത്തരവാദിത്വം ഗുജറാത്ത്‌ ഹൈക്കോടതി ചൂണ്ടിക്കാട്ടി. താൽപ്പര്യപത്രം ക്ഷണിക്കലോ ടെൻഡറോ ഉണ്ടായില്ല. തുണ്ടുകടലാസിലാണ്‌ കരാർ എഴുതിയത്‌. ജോലിക്കുശേഷം ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റില്ലാതെ പാലം തുറന്നു. ദുരന്തത്തിനുശേഷം മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ മാധ്യമങ്ങളോട്‌ വിശദീകരിച്ചില്ല. ആരും ഖേദപ്രകടനം നടത്തിയില്ല. ആരും രാജിവച്ചില്ല. ഗുജറാത്ത്‌ രാജ്യത്തിന്‌ മുന്നിൽവയ്‌ക്കുന്ന മാതൃകകൾ ഇതൊക്കെയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top