24 April Wednesday

മോദി ഭരണം
 അപകടത്തിന്റെ ചൂളംവിളി - കോടിയേരി
 ബാലകൃഷ്ണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jun 3, 2022

ഭരണത്തിന്റെ എട്ടാം വർഷത്തിലെത്തിയ മോദി സർക്കാരിനെ വാഴ്ത്തി അമിതമായ അവകാശവാദങ്ങളാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള മന്ത്രിമാരും ബിജെപി നേതാക്കളും ലേഖനങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും നിരത്തുന്നത്. ‘പുതിയ ഇന്ത്യ'യെ കെട്ടിപ്പടുക്കാനുള്ള വിജയകരമായ യാത്രയാണ് നടത്തുന്നതെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. ആർഎസ്എസും ബിജെപിയും ലക്ഷ്യമിടുന്ന ഹിന്ദുരാഷ്ട്രമെന്ന പാഠഭേദം പുതിയ ഇന്ത്യക്ക്‌ നൽകിയാൽ ഈ അവകാശവാദം ശരിയാകും. ബഹുസ്വരതയും മതനിരപേക്ഷതയുമുള്ള ഇന്ത്യയുടെ നിലനിൽപ്പിനെ അപകടത്തിലാക്കി എന്നതാണ് മോദി ഭരണത്തിന്റെ നേട്ടം.

ബിജെപി ഭരണത്തിൽ കണ്ടത് മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വിവേചനവും അസഹിഷ്ണുതയും ദളിത് വേട്ടയും ന്യൂനപക്ഷ പീഡനവുമാണ്. ഇതാണ് പൗരത്വഭേദഗതി നിയമം, കശ്മീർ, അയോധ്യ, മുത്തലാഖ് വിഷയങ്ങൾ, ബുൾഡോസർ രാജ് എന്നിവയിലെല്ലാം ദൃശ്യമായത്. ഇതാണോ ഇന്ത്യയുടെ യശസ്സ് വളർത്തുന്ന കരുത്തുറ്റ ശക്തിയാക്കി ഇന്ത്യയെ ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്ന ‘മോദി മാജിക്. യഥാർഥത്തിൽ ലോകത്തിനു മുന്നിൽ ഇന്ത്യയുടെ സൽപ്പേര് ഇടിയുകയാണ് ഇക്കാലയളവിൽ സംഭവിച്ചിട്ടുള്ളത്. ‘ലോകമേ തറവാട്’ എന്നതാണ് ഗാന്ധിജി ഉൾപ്പെടെയുള്ള മഹാത്മാരെല്ലാം ഉയർത്തിപ്പിടിച്ച ദർശനം. ഏതെങ്കിലും രാജ്യത്തെ നിത്യശത്രുവായി പ്രഖ്യാപിക്കലും അവരുമായി സംഘട്ടനങ്ങളിലോ സംഘർഷങ്ങളിലോ ഏർപ്പെടുന്നതും വാഴ്ത്തപ്പെടേണ്ട കാര്യമല്ല.

യഥാർഥ ഇന്ത്യക്കാരനാകണമെങ്കിൽ അന്ധമായ പാകിസ്ഥാൻ വിരോധിയാകണമെന്നതാണ് ബിജെപിയുടെ ഉപാധി. ഇതൊരു സൂത്രമാണ്. പാകിസ്ഥാന്റെ പേരുപറഞ്ഞ് രാജ്യത്ത് മുസ്ലിംവിരോധം വളർത്തുകയെന്ന ഗൂഢലക്ഷ്യമാണ് സംഘപരിവാറിനും അവരുടെ ഭരണത്തിനുമുള്ളത്. ഭരണകൂടം ഏതെങ്കിലും മതം സ്വീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ലെന്ന ഭരണഘടനാ തത്വത്തെ ലംഘിക്കുകയാണ് ആർഎസ്എസ്‌ നിയന്ത്രിക്കുന്ന കേന്ദ്രത്തിലെ ബിജെപി സർക്കാർ. ജനാധിപത്യ മതനിരപേക്ഷ ഇന്ത്യക്ക്‌ പകരം മതാധിഷ്ഠിത ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കാൻ അക്ഷീണം പ്രവർത്തിച്ചതാണോ മോദി ഭരണത്തിന്റെ മേന്മ. ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യം സ്ഥാപിക്കാൻ ഓരോനാൾ കഴിയുന്തോറും ഭരണകൂട നടപടികളും ഭരണകൂടത്തിന്റെ പിന്തുണയുള്ള സംഘങ്ങളുടെ ആക്രമണവും വർധിക്കുകയാണ്.


 

സമാധാനത്തിനുവേണ്ടിയും മതവിദ്വേഷത്തിനെതിരെയും പ്രസംഗിക്കുകയോ എഴുതുകയോ ചെയ്ത എത്രയോ പൗരാവകാശ പ്രവർത്തകരെയും മാധ്യമ പ്രവർത്തകരെയും സ്വതന്ത്ര ബുദ്ധിജീവികളെയും രാജ്യദ്രോഹക്കേസ് ചുമത്തി തടവറയിലാക്കി. പാളംതെറ്റിയ മോദി ഭരണത്തിന്റെ പോക്കിൽ സഹികെട്ടിട്ടല്ലേ സുപ്രീംകോടതിയുടെ  ഇടപെടൽ ഉണ്ടായിരിക്കുന്നത്. 152 വർഷം പഴക്കമുള്ള അത്യന്തം അനീതിയായ രാജ്യദ്രോഹ വകുപ്പുപ്രകാരമുള്ള കേസുകൾ നിർത്തിവയ്‌ക്കാൻ ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്, ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ ഐതിഹാസിക വിധിയാണ്. നിയമസംഹിതയെ ഭരണകൂട സ്വേച്ഛാധിപത്യത്തിനുവേണ്ടി അമിതമായി ദുർവിനിയോഗം ചെയ്തതുകൊണ്ടാണ് ഇത്തരമൊരു ഇടപെടലിന് സുപ്രീംകോടതി നിർബന്ധിതമായത്.

‘സബ്കാ സാത്ത് സബ് കാ വികാസ്'എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കാൻ പ്രവർത്തിച്ചെന്നതാണ് കേന്ദ്രഭരണക്കാരുടെ മറ്റൊരു അവകാശവാദം. എല്ലാവർക്കും വേണ്ടിയാണ് മോദി സർക്കാർ പ്രവർത്തിച്ചതെന്നും എല്ലാ പദ്ധതിയും എല്ലാ പൗരന്മാരെയും സഹായിക്കാനുള്ളതുമാണെന്ന അവകാശവാദം പെരുംനുണയാണ്. നോട്ടു പരിഷ്കാരത്തിലൂടെ ഇന്ത്യയുടെ ഡിജിറ്റൽ അടിത്തറ കെട്ടിപ്പടുത്തെന്നും പൊതുസേവനമുന്നേറ്റവും കള്ളപ്പണം തടയലും സാധ്യമാക്കിയെന്നുമാണ് മറ്റൊരു വമ്പുപറച്ചിൽ. മണ്ടൻ പരിഷ്കാരമായിരുന്നു നോട്ടുനിരോധനമെന്ന് ഇനിയെങ്കിലും പ്രധാനമന്ത്രി സമ്മതിക്കണം. നോട്ടുനിരോധനത്തിനു ശേഷമുള്ള മൂന്നുവർഷത്തെ അനുഭവം കള്ളനോട്ടിന്റെയും കള്ളപ്പണത്തിന്റെയും വർധനയാണെന്ന് ഉത്തരവാദപ്പെട്ട പല ഏജൻസിയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലും ‘പുതിയ ഇന്ത്യ'യെ കെട്ടിപ്പടുക്കാനുള്ള ശ്രമം തുടർന്നുവെന്നും അമിത് ഷാ പറയുന്നു. മഹാമാരിയുടെ സമയത്തുപോലും വിദ്വേഷ രാഷ്ട്രീയത്തിന് അവധി നൽകിയിരുന്നില്ല എന്നതാണ് യാഥാർഥ്യം. അതുകൊണ്ടാണല്ലോ രാജ്യത്ത് കോവിഡ് പരത്തിയത് ഡൽഹിയിലെ തബ്‌ലീഗ് സമ്മേളനമാണെന്ന പ്രചാരണം കെട്ടഴിച്ചുവിട്ടത്. ഈ വിദ്വേഷ പ്രചാരണത്തെ പിന്നീട് സുപ്രീംകോടതി പോലും രൂക്ഷമായി വിമർശിച്ചു.

135 കോടി ജനങ്ങളെ ഇരുട്ടിൽനിന്നും ദുരിതത്തിൽനിന്നും കരകയറ്റാൻ പ്രധാനമന്ത്രി ആത്മനിർഭർ ഭാരത് യോജന കൊണ്ടുവന്നു എന്ന് ബിജെപി മുൻ അധ്യക്ഷൻ കൊട്ടിഘോഷിച്ചുകൊണ്ട് പറയുന്നു. പക്ഷേ, കേന്ദ്രത്തിന്റെ കോവിഡുകാല പാക്കേജ് കോർപറേറ്റുകളെ സഹായിക്കുകയും പട്ടിണിക്കാരെ നിരാശപ്പെടുത്തുകയും ചെയ്തു എന്നതാണ് സംഭവിച്ചത്. ബിജെപി ഭരണമുള്ള സംസ്ഥാനങ്ങളിൽ എന്തുനടന്നു എന്നാരും മറന്നിട്ടില്ല. ഗംഗാനദിയിൽ കോവിഡ് മൃതദേഹങ്ങൾ ഒഴുകിനടന്നു. പലയിടത്തും മൃതദേഹങ്ങൾ കൂട്ടത്തോടെ ചുട്ടുകരിച്ചു. പ്രാണവായു കിട്ടാതെ പിടഞ്ഞുമരിച്ചവരേറെ. മറ്റു സംസ്ഥാനങ്ങളിൽ തൊഴിലിനു പോയ മറുനാടൻ തൊഴിലാളികൾ നടത്തിയ കൂട്ടപ്പലായനങ്ങളും ഉറങ്ങിക്കിടന്നവരുടെമേൽ ട്രെയിൻ കയറിയതുമെല്ലാം രാജ്യം നടുക്കത്തോടെ കണ്ടതാണ്. എന്നാൽ, കേരളത്തിൽ ഒരാളും പട്ടിണികിടക്കേണ്ടിവന്നില്ല. എല്ലാ വീട്ടിലും ഭക്ഷ്യക്കിറ്റുകൾ സർക്കാർ എത്തിച്ചു. ഓക്സിജൻ കുറവോ ചികിത്സയുടെ അപര്യാപ്തതയോ ഒരു ആശുപത്രിയിലും ഉണ്ടായില്ല. മറുനാടൻ തൊഴിലാളികളെ അതിഥിത്തൊഴിലാളികളായി കണ്ട് കേരളം സുരക്ഷ നൽകി. കോവിഡുകാലത്ത് കേരളത്തെപ്പോലെ നാടിനെ നയിക്കാൻ മോദി ഭരണത്തിനായില്ലെന്ന വസ്തുത ഇനിയെങ്കിലും തുറന്നുപറയുകയല്ലേ കേന്ദ്രഭരണക്കാർ ചെയ്യേണ്ടത്.
‘ഈസ് ഓഫ് ഡൂയിങ്‌’ സൂചികയിൽ ഇന്ത്യ 2015 ലെ 142–ാം സ്ഥാനത്തുനിന്ന് 63–ാം സ്ഥാനത്തേക്ക് മുന്നേറിയെന്നും ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപസൗഹൃദ കേന്ദ്രമായി രാജ്യം മാറിയെന്നും അമിത് ഷാ അവകാശപ്പെടുന്നുണ്ട്. സമൂഹത്തിലെ സാമ്പത്തിക അസമത്വം കുറച്ചുകൊണ്ടുവന്നു എന്ന വലിയ അസത്യവും അദ്ദേഹം വിളിച്ചുപറഞ്ഞു. പട്ടിണിസൂചികയിൽ അപമാനകരമായ 105–ാം സ്ഥാനത്താണ് ഇന്ത്യ എന്നത് തലതാഴ്ത്തിക്കൊണ്ടല്ലാതെ ഒരിന്ത്യക്കാരന് ഓർക്കാനാകുമോ.


 

മാധ്യമസ്വാതന്ത്ര്യ സൂചികയിൽ 180 രാജ്യത്തിൽ ഇന്ത്യയുടെ സ്ഥാനം 150–ാമത്തേതാണ്.  ഇതിൽ എന്തുകൊണ്ടാണ് ലജ്ജ തോന്നാത്തത്.  കോവിഡുകാലത്ത് ധനികവൽക്കരണവും ദാരിദ്യവൽക്കരണവുമാണ് ഇന്ത്യയിൽ നടന്നത്. കോവിഡുകാലത്തെ മാന്ദ്യത്താലും കോവിഡിനുശേഷമുള്ള വിലക്കയറ്റത്താലും നേട്ടം സമ്പന്നർക്കു മാത്രമാണ്. 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലക്കയറ്റത്തെയാണ് ഇന്ത്യ അഭിമുഖീകരിക്കുന്നത്. ഉപഭോക്തൃ വിലസൂചിക ഏപ്രിലിൽ 7.8 ശതമാനവും മൊത്തവില സൂചിക 15.05 ശതമാനവുമാണ്. ഇന്ധനവില വർധന, ഭക്ഷ്യധാന്യ കയറ്റുമതി, ഭക്ഷ്യ എണ്ണ ഇറക്കുമതി കുറഞ്ഞത്, കൽക്കരി ക്ഷാമം തുടങ്ങിയവയാണ് വിലക്കയറ്റത്തിന് മുഖ്യകാരണം. അവശ്യസാധന വിതരണത്തിൽ സർക്കാർ ഇടപെടലില്ല. എന്നാൽ, കേരളം സന്ദർഭോചിതമായി പൊതുമാർക്കറ്റിൽ ഇടപെട്ട് വില പിടിച്ചുനിർത്തുന്നതുകൊണ്ട് കേരളത്തിൽ ഉപഭോക്തൃവിലസൂചിക അഞ്ചു ശതമാനത്തിലാണ്.

എട്ടാം വാർഷികം ആഘോഷിക്കുമ്പോൾ ജനങ്ങളോട് അൽപ്പമെങ്കിലും ദയയുണ്ടെങ്കിൽ മോദി സർക്കാർ ചെയ്യേണ്ടത് പെട്രോളിന് 12 തവണയായി വർധിപ്പിച്ച 26.77 രൂപയും ഡീസലിന് കൂട്ടിയ 31.47 രൂപയും പൂർണമായി കുറയ്‌ക്കുകയാണ് . ഇപ്പോൾ പെട്രോളിന് എട്ടുരൂപയും ഡീസലിന് ആറുരൂപയും കുറച്ചതുകൊണ്ട് വിലക്കയറ്റം പിടിച്ചുനിർത്താനാകില്ല. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) വളർച്ച നിരക്കിൽ വൻ കുറവാണ്‌ ഉണ്ടായിരിക്കുന്നത്. 2021–22 സാമ്പത്തിക വർഷത്തിലെ മാർച്ചിൽ അവസാനിക്കുന്ന പാദത്തിൽ ജിഡിപി വളർച്ച 4.1 ശതമാനമായി കുറഞ്ഞു. മുൻപാദത്തിൽ 8.5 ശതമാനം വരെയായി. കോൺഗ്രസ് ഭരണകാലത്ത് രൂപയുടെ മൂല്യം ഇടിയുന്നതിനെതിരെ ചന്ദ്രഹാസം ഇളക്കിയ നേതാവായിരുന്നു നരേന്ദ്ര മോദി. പക്ഷേ, അദ്ദേഹത്തിന്റെ ഭരണത്തിലിന്ന് യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയ്ക്ക് എക്കാലത്തെയും വൻ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നു. ഇപ്പോൾ ഡോളറിനെതിരെ രൂപയുടെ നില 77.71 ആണ്. വർഷംതോറും രണ്ടുകോടി പുതിയ തൊഴിലവസരം മോദി സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, 12 കോടിയിലധികം തൊഴിൽ നഷ്ടമായി. തൊഴിലില്ലായ്മാനിരക്ക് കൂടി. ഔദ്യോഗിക കണക്ക് എട്ടു ശതമാനത്തിനുംമേലെയാണ്. കർഷകരും കർഷകത്തൊഴിലാളികളും വൻപ്രക്ഷോഭം നടത്തിയെങ്കിലും അവരുടെ ദുരിതങ്ങൾ മാറിയിട്ടില്ല. അദാനി, അംബാനി തുടങ്ങിയ ശതകോടീശ്വരന്മാർക്കു വേണ്ടി  ഭരണചക്രം തിരിക്കാനുള്ള തിരക്കിലാണ് മോദി സർക്കാർ. ഒരുഭാഗത്ത് കോർപറേറ്റുകൾക്കുവേണ്ടിയും മറുഭാഗത്ത് ഹിന്ദുവർഗീയതയ്ക്കു വേണ്ടിയുമാണ് ഇന്ത്യയുടെ അടിസ്ഥാന ഭരണഘടനാ സങ്കൽപ്പത്തെയും മൂല്യങ്ങളെയും എട്ടുവർഷത്തെ  മോദിഭരണം  തകർത്തത്. ഈ ഭരണം മുഴക്കുന്നത് അപകടത്തിന്റെ സൈറനാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top