06 December Wednesday

ആശയങ്ങൾ കുറ്റകൃത്യമാകുമ്പോൾ

സാജൻ എവുജിൻUpdated: Tuesday Aug 29, 2023

അക്ഷരങ്ങളെയും ആശയങ്ങളെയും സംവാദങ്ങളെയും മോദിസർക്കാർ ഭയക്കുന്നുവെന്നത് 2014 മുതൽ പ്രകടമായ വസ്‌തുതയാണ്‌. സർക്കാരിനെതിരായ വിമർശങ്ങളെ രാജ്യദ്രോഹമായി വിശേഷിപ്പിച്ച്‌ ധൈഷണികരെയും പൊതുപ്രവർത്തകരെയും നിരന്തരം വേട്ടയാടുന്നു. മാധ്യമപ്രവർത്തകർ, സാമൂഹ്യപ്രവർത്തകർ, പൗരാവകാശ പ്രവർത്തകർ, മതനിരപേക്ഷവാദികൾ എന്നിവർക്കെല്ലാം നേരെയുള്ള ആസൂത്രിത നീക്കങ്ങൾക്ക്‌ കഴിഞ്ഞ വർഷങ്ങൾ സാക്ഷ്യംവഹിച്ചു. അഭിപ്രായപ്രകടന സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ലാണ്‌. മാധ്യമസ്വാതന്ത്ര്യത്തിന്‌ അടിസ്ഥാനവും ഈ ഭരണഘടന വ്യവസ്ഥയാണ്‌. ഇപ്പോൾ അഭിപ്രായപ്രകടന സ്വാതന്ത്ര്യം വ്യാപകമായി നിഷേധിക്കപ്പെടുന്നുവെന്ന്‌ മാത്രമല്ല,  ഭരണഘടനതന്നെ കാലഹരണപ്പെട്ടതാണെന്ന്‌ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്‌ ബിബേക്‌ ദേബ്‌റോയ്‌  ഈയിടെ പറയുകയും ചെയ്‌തു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രണ്ടു സംഭവം ഈ പശ്ചാത്തലത്തിൽ ഏറെ ഗൗരവതരമാണ്‌. ഹരിയാന കേന്ദ്രമായി പ്രവർത്തിക്കുന്ന അശോക സർവകലാശാലയിലെ അധ്യാപകർക്കുനേരെ ബിജെപി നടത്തുന്ന നീക്കങ്ങളും ഡൽഹി ഹർകിഷൻസിങ്‌ സുർജിത്‌ ഭവനുനേരെ ഉണ്ടായ പൊലീസ്‌ അതിക്രമവും കേന്ദ്രഭരണാധികാരികളുടെ അമിതാധികാര പ്രയോഗത്തിനും ഭിന്നാഭിപ്രായങ്ങളെ അടിച്ചമർത്താനുള്ള നീക്കങ്ങൾക്കും ഉദാഹരണമാണ്‌. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജയിക്കാൻ ബിജെപി ഉപായങ്ങൾ പ്രയോഗിച്ചെന്ന്‌ ചൂണ്ടിക്കാട്ടി അശോക സർവകലാശാല സാമ്പത്തികശാസ്‌ത്ര വിഭാഗം അധ്യാപകൻ സബ്യസാചി ദാസ്‌ എഴുതിയ ഗവേഷണ പ്രബന്ധമാണ്‌ ഭരണാധികാരികളെ ചൊടിപ്പിച്ചത്‌.

ഇതേച്ചൊല്ലി രാഷ്‌ട്രീയവിവാദം പൊട്ടിപ്പുറപ്പെട്ടതിനു തൊട്ടുപിന്നാലെ ബിജെപി നേതാക്കൾ സബ്യസാചിയെ കടന്നാക്രമിച്ചു. അശോക സർവകലാശാല മാനേജ്‌മെന്റിൽ പങ്കാളികളായ വ്യവസായികൾക്ക്‌ പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന്‌ ഫോൺ വിളികൾ എത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും സർവകലാശാല അധികൃതരെ ബന്ധപ്പെട്ടു. ഇതേത്തുടർന്ന്‌ അധ്യാപകനെ കൈയൊഴിഞ്ഞ്‌ സർവകലാശാല വാർത്താക്കുറിപ്പ്‌ ഇറക്കി. അക്കാദമിക്‌ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടതിൽ പ്രതിഷേധിച്ച്‌ സബ്യസാചിയും ഇദ്ദേഹത്തിനു പിന്തുണയായി സഹഅധ്യാപകൻ പുലാപ്ര ബാലകൃഷ്‌ണനും രാജിവച്ചു. ഒരു രാഷ്‌ട്രീയ പാർടിക്ക്‌ ബുദ്ധിമുട്ട്‌ സൃഷ്ടിക്കുന്ന ഗവേഷണം നടത്തിയെന്ന പേരിൽ അധ്യാപകനെ ഒറ്റപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച്‌ മുന്നൂറോളം അക്കാദമിക്‌ വിദഗ്‌ധർ സംയുക്തപ്രസ്‌താവന ഇറക്കി. വിദ്യാർഥികളും സർവകലാശാല അധികൃതരുടെയും സർക്കാരിന്റെയും നിലപാടിൽ പ്രതിഷേധിച്ചു.

കേന്ദ്രസർക്കാരിന്റെയോ ബിജെപിയുടെയോ രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്ക്‌ നിരക്കാത്ത പഠന  ഗവേഷണ പ്രവർത്തനങ്ങൾ അടിച്ചമർത്തുമെന്ന വ്യക്തമായ സന്ദേശമാണ്‌ ഇതുവഴി അധികാരികൾ നൽകുന്നത്‌.

ഭരണാധികാരികൾ വെറുതെയിരുന്നില്ല. രഹസ്യാന്വേഷണ ബ്യൂറോ ഉദ്യോഗസ്ഥർ സർവകലാശാലയിൽ അധ്യാപകരെ തെരഞ്ഞെത്തി. അവരുടെ കൈവശം ഈ വിഷയത്തിൽ വന്ന പത്രവാർത്തകളുടെ പകർപ്പുണ്ടായിരുന്നു. അവർ സബ്യസാചിയെ അന്വേഷിച്ചെങ്കിലും അദ്ദേഹം പുണെയിലായിരുന്നു. സഹഅധ്യാപകരോട്‌ രഹസ്യാന്വേഷണ ബ്യൂറോ ഉദ്യോഗസ്ഥർ വിവരങ്ങൾ ആരാഞ്ഞെങ്കിലും അവർ സഹകരിച്ചില്ല. ആരെയെങ്കിലും ചോദ്യംചെയ്യാനോ കസ്റ്റഡിയിൽ എടുക്കാനോ പൊലീസിനോ ഇതര അന്വേഷണ ഏജൻസികൾക്കോ ഉള്ള അധികാരം രഹസ്യാന്വേഷണ ബ്യൂറോയ്‌ക്ക്‌ ഇല്ല. വീണ്ടും എത്തുമെന്ന്‌ അറിയിച്ച്‌ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ മടങ്ങി. കേന്ദ്രസർക്കാരിന്റെയോ ബിജെപിയുടെയോ രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്ക്‌ നിരക്കാത്ത പഠന  ഗവേഷണ പ്രവർത്തനങ്ങൾ അടിച്ചമർത്തുമെന്ന വ്യക്തമായ സന്ദേശമാണ്‌ ഇതുവഴി അധികാരികൾ നൽകുന്നത്‌. കേന്ദ്രസർക്കാർ നേരിട്ടും അല്ലാതെയും അശോക സർവകലാശാല അധികൃതരെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്‌. സ്വകാര്യ സർവകലാശാലകളെ പ്രോത്സാഹിപ്പിക്കുമെന്ന്‌ വീമ്പ്‌ പറയുന്നവർ അനുവദിക്കുന്ന അക്കാദമിക്‌ സ്വാതന്ത്ര്യം ഇത്രമാത്രം. നേരത്തേ ജെഎൻയു അടക്കമുള്ള പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കേന്ദ്രം ഇടപെട്ടിരുന്നെങ്കിൽ രണ്ടാം മോദിസർക്കാർ അക്കാദമിക്‌ മേഖലയിൽ രാഷ്‌ട്രീയ ഇടപെടൽ തീവ്രമായ തോതിലാക്കുന്നു.

ജി–20 ഉച്ചകോടിയിൽ ചർച്ചചെയ്യുന്ന വിഷയങ്ങൾക്ക്‌ ബദലായി ഹർകിഷൻസിങ്‌ സുർജിത്‌ ഭവനിൽ ബദലായി സംഘടിപ്പിച്ച സെമിനാർ– -ശിൽപ്പശാല തടയാൻ ഡൽഹി പൊലീസ്‌ ശ്രമിച്ചത്‌ അങ്ങേയറ്റം ആശങ്കാജനകമായ കടന്നുകയറ്റമാണ്‌. സിപിഐ എം ഉടമസ്ഥതയിലുള്ള സുർജിത്‌ ഭവനിൽ പാർടി പഠന ക്ലാസുകൾക്കും സെമിനാറുകൾക്കും പുറമെയുള്ള പരിപാടികളും സംഘടിപ്പിക്കാറുണ്ട്‌. സ്വകാര്യ മന്ദിരങ്ങളിൽ സംഘടിപ്പിക്കുന്ന  ഇത്തരം പരിപാടികൾക്കോ സെമിനാറുകൾക്കോ അനുമതി വാങ്ങുന്ന പതിവില്ല. ഗതാഗതം തടഞ്ഞോ ഉച്ചഭാഷിണി കെട്ടിയോ നടത്തുന്ന പരിപാടികളല്ല. എന്നാൽ, മുൻകൂർ അനുമതി വാങ്ങിയില്ലെന്ന പേരിൽ പൊലീസ്‌ പരിപാടി തടയാനെത്തി. സുർജിത്‌ ഭവനുമുന്നിൽ വൻസന്നാഹത്തോടെ നിലയുറപ്പിച്ചു. ഉള്ളിലേക്കോ പുറത്തേക്കോ സഞ്ചരിക്കാൻ ആരെയും അനുവദിച്ചില്ല. ക്രമസമാധാനപ്രശ്‌നവും ഗതാഗത തടസ്സവും ചൂണ്ടിക്കാട്ടിയാണ്‌ പൊലീസ്‌ ഇടപെട്ടത്‌. ഇതോടെ അവസാന ദിവസത്തെ സെഷനുകൾ പരിപാടിയുടെ സംഘാടകർ ഉപേക്ഷിച്ചു. ജി–-20 ഉച്ചകോടിയിൽ ജനകീയ പരിസ്ഥിതി വിഷയങ്ങളും ചർച്ചയാകണമെന്ന്‌ പ്രമേയം പാസാക്കി ജനകീയ ഉച്ചകോടി പിരിഞ്ഞു. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവരെല്ലാം പിരിഞ്ഞുപോയോ എന്നറിയണമെന്നും പരിശോധിക്കണമെന്നും പൊലീസ്‌ ആവശ്യപ്പെട്ടത്‌ പ്രതിഷേധത്തിന്‌ കാരണമായി. ജനകീയ ചർച്ചകൾക്ക്‌ വിലങ്ങിടുന്ന അവസ്ഥയിലേക്ക്‌ രാജ്യത്തെ എത്തിക്കുകയാണ്‌ ബിജെപി ഭരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top