03 December Thursday

കേന്ദ്രഭരണത്തിലെ കോർപറേറ്റ്‌ സാന്നിധ്യം

ജോർജ്‌ ജോസഫ്‌Updated: Saturday Aug 1, 2020


സ്വർണക്കടത്ത് വിവാദങ്ങളെ പിൻപറ്റി, സർക്കാരുമായി നേരിട്ട് ബന്ധമില്ലാത്ത, ഖജനാവിൽനിന്ന് ശമ്പളം നൽകുകയും ചെയ്യാത്ത ചില നിയമനങ്ങളാണ് മുഖ്യധാരാമാധ്യമങ്ങൾക്ക് ഇപ്പോൾ പ്രധാന വാർത്താ വിഷയം. വാർത്താചാനലുകളിലെ അന്തിച്ചർച്ചകളുടെയും ദേശീയ - മുത്തശ്ശിപത്രങ്ങളുടെയും പ്രധാന വിഷയമാണ് ഇത്. നിയമവിരുദ്ധമായി ആരെങ്കിലും അർഹതപ്പെടാത്ത പദവികളിൽ എത്തിയിട്ടുണ്ടെങ്കിൽ അതിന്മേൽ നടപടി ഉണ്ടാകണം എന്ന കാര്യത്തിൽ ആർക്കും ഒരു തർക്കവും ഉണ്ടാകാനിടയില്ല. വിവാദനിയമനങ്ങളിൽ നടപടിയെടുക്കാൻ സർക്കാർ തയ്യാറായി എന്നതും നിഷേധിക്കാൻ പറ്റാത്ത വസ്തുതയാണ്. എന്നാൽ, സ്വകാര്യകമ്പനികളിലെ ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്നവരെ പിൻവാതിൽവഴി കേന്ദ്രസർക്കാരിനു കീഴിലെ വളരെ ഉയർന്ന തസ്തികകളിൽ നിയമിക്കുന്നതിനുള്ള ഒരു പദ്ധതി മോഡി സർക്കാർ 2018ൽ പ്രഖ്യാപിച്ചിരുന്നു. ഏറ്റവും സീനിയറായ സിവിൽ സർവീസ് ഉദ്യോഗസ്ഥരെമാത്രം നിയമിച്ചുപോന്നിരുന്ന ജോയിന്റ് സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, വിവിധ സ്ഥാപനങ്ങളുടെ ഡയറക്ടർമാർ തുടങ്ങിയ തസ്തികകളിലേക്കാണ് ‘ലാറ്ററൽ എൻട്രി റിക്രൂട്ട്മെന്റ്'  എന്ന ഓമനപ്പേരിൽ കോർപറേറ്റ് സ്ഥാപനങ്ങളിലെ പ്രൊഫഷണലുകളെ, എല്ലാ നിയമനചട്ടങ്ങളും കാറ്റിൽപറത്തി കേന്ദ്രം നിയമിക്കുന്നത്. ഇതൊന്നും ദേശീയപത്രത്തിനോ മുത്തശ്ശിപത്രത്തിനോ ഒരു സിംഗിൾ കോളം വാർത്തപോലുമല്ല. ലക്ഷക്കണക്കിനു രൂപ ശമ്പളവും പുറമെ മറ്റ് ആനുകൂല്യങ്ങളും നൽകി നാൽപ്പതോളം പേരെയാണ് ഇത്തരത്തിൽ നിർണായകമായ താക്കോൽ തസ്തികകളിൽ തിരുകി കയറ്റിയിരിക്കുന്നത്.


 

ഭരണതലത്തിൽ കൂടുതൽ പ്രൊഫഷണൽ വൈദഗ്‌ധ്യം കൊണ്ടുവരുക എന്ന വാദംനിരത്തി 2018ലാണ് മോഡി സർക്കാർ ഈ പദ്ധതി പ്രഖ്യാപിച്ചത്. 2017ൽ നിതി ആയോഗും കേന്ദ്ര സെക്രട്ടറിമാരുടെ സമിതിയും നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ലാറ്ററൽ എൻട്രി റിക്രൂട്ട്‌മെന്റിന് തുടക്കമാകുന്നത്. 40 പേരെ ഇങ്ങനെ ഉന്നത പദവികളിൽ നിയമിക്കണം എന്നതായിരുന്നു ശുപാർശ. ഇതനുസരിച്ച് 2019 ഏപ്രിലിൽ സ്വകാര്യകമ്പനികളിൽ ഉയർന്ന ഉദ്യോഗം വഹിച്ചിരുന്ന ഏഴുപേരടക്കം ഒമ്പതുപേരെ ജോയിന്റ് സെക്രട്ടറി തസ്തികയിൽ നിയമിച്ചു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ കോർപറേറ്റ് പ്രൊഫഷണലുകളെ ഭരണത്തിന്റെ നിയന്ത്രാക്കളായി പിൻവാതിലിലൂടെ നിയമിക്കുന്നത്. മുമ്പ്‌ വഴിവിട്ട മാർഗങ്ങളിലൂടെ കോർപറേറ്റ് ഭീമന്മാർ വിവിധ മന്ത്രാലയങ്ങളെ പരോക്ഷമായി നിയന്ത്രിച്ചിരുന്നെങ്കിൽ ഇതോടെ അവർക്ക് നേരിട്ട് തീരുമാനങ്ങൾ എടുക്കാനും ഉത്തരവുകൾ നൽകാനും കഴിയും എന്ന സ്ഥിതി വന്നുചേർന്നു.

ഇങ്ങനെ നിയമിക്കപ്പെട്ടവരെ ഒന്ന് പരിചയപ്പെടാം.

1. ആംബർ ദുബെ: -ജോയിന്റ് സെക്രട്ടറി, സിവിൽ ഏവിയേഷൻവകുപ്പ്
പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സുപോലെ മറ്റൊരു പ്രമുഖ കൺസൾട്ടിങ് കമ്പനിയായ കെപിഎംജിയിൽ 2002 മുതൽ ഉയർന്ന തസ്തികയിൽ ജോലിചെയ്തിരുന്ന വ്യക്തി. വിവിധ കോർപറേറ്റ് സ്ഥാപനങ്ങളിൽ 26 വർഷത്തെ ജോലി പരിചയം. ജിഎംആർ ഇൻഫ്രാസ്ട്രക്‌ചർ, പ്രമുഖ എയർലൈൻ കമ്പനിയായ വിസ്താര തുടങ്ങിയവയുടെ ഉപദേഷ്ടാവുകൂടിയായിരുന്നു അദ്ദേഹം.

2.ദിനേശ് ജഗ്‌ഡെൽ: - റിന്യുവബിൾ എനർജിവകുപ്പിൽ ജോയിന്റ് സെക്രെട്ടറി
പനാമ റിന്യൂവബിൾ എനർജി ഗ്രൂപ്പിൽ ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും. അതിനുമുമ്പ്‌ എനെർക്കോൺ ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയുടെ ഡെപ്യൂട്ടി ജനറൽ മാനേജർ. ക്രോംപ്‌ടൺ ഗ്രീവ്സ് എന്ന കമ്പനിയിൽ മാർക്കറ്റിങ് എക്സ്ക്യൂട്ടീവ്.

3.കാകൊളി ഘോഷ്: - അഗ്രികൾച്ചർവകുപ്പിൽ ജോയിന്റ് സെക്രട്ടറി
സ്വകാര്യമേഖലയിൽ കാർഷികവിദഗ്‌ധ എന്ന നിലയിൽ പ്രവർത്തനപരിചയം.

4.രാജീവ് സക്‌സേന: - ജോയിന്റ് സെക്രട്ടറി, ഇക്കണോമിക് അഫയേഴ്‌സ്
സാർക് ഡെവലപ്മെന്റ് ഫണ്ടിന്റെ ഡയറക്ടർ ആയിരുന്ന ഇദ്ദേഹം വിവിധ സ്വകാര്യകമ്പനികളിൽ പ്രവർത്തിച്ചിട്ടുണ്ട്.

5.ഭൂഷൺ കുമാർ: ജോയിന്റ് സെക്രട്ടറി, ഷിപ്പിങ് മന്ത്രാലയം
ദുബായ് ആസ്ഥാനമായ സറഫ് ഗ്രൂപ്പിന്റെ ഭാഗമായ ഡയമണ്ട് ഷിപ്പിങ്ങിന്റെ മാനേജിങ്‌ ഡയറക്ടറും സിഇഒയും. മെസ്‌ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, കാലേബ് ബ്രെറ്റ് ഇന്ത്യ തുടങ്ങിയ സ്വകാര്യകമ്പനികളിൽ ഉയർന്ന തസ്തികകളിൽ പ്രവൃത്തിപരിചയം.

6.അരുൺ ഗോയൽ: -ജോയിന്റ് സെക്രട്ടറി, വാണിജ്യമന്ത്രാലയം
സീമെൻസ് കോർപറേറ്റ് റിസർച്ച്, സിറ്റി ഗ്രൂപ്പ് എന്നീ സ്ഥാപനങ്ങളിലൂടെ കരിയർ ആരംഭിച്ച ഇദ്ദേഹം പിന്നീട് അമേരിക്കയിലെ ലെ മാൻ ബ്രദേഴ്സിൽ സീനിയർ കൺസൾട്ടന്റായി. ന്യൂയോർക്ക്‌ ആസ്ഥാനമായി അരോമ കമ്യൂണിക്കേഷൻസ് എന്ന സ്ഥാപനം തുടങ്ങി. ഗ്രോവെൽത്ത്‌ ക്യാപിറ്റൽ, എവിപി ബാർക്ലെയ്‌സ് ക്യാപിറ്റൽ എന്നീ ആഗോള കോർപറേറ്റ് സ്ഥാപനങ്ങളിൽ പ്രവർത്തിച്ചശേഷം മൂഡീസ്, ഷോപ്ക്ലൂസ് എന്നീ സ്ഥാപനങ്ങളുടെ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു.

7.സൗരഭ് മിശ്ര: -ജോയിന്റ് സെക്രട്ടറി, ഫിനാൻസ്
വില്ലിസ് ടവേഴ്സ് വാട്സൺ എന്ന കമ്പനിയുടെ ഡയറക്ടറായിരുന്നു. നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ ഡയറക്ടർ, വിവിധ സർക്കാർ സ്ഥാപനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

8.സുമൻ പ്രസാദ് സിങ്‌: ജോയിന്റ് സെക്രട്ടറി , ട്രാൻസ്‌പോർട്ട് മന്ത്രാലയം
നാഷണൽ ഹൈവേ അതോറിറ്റിയിൽ പ്രോജക്ട്‌ ഡയറക്ടറായിരുന്നു. ദാമോദർ വാലി കോർപറേഷനിലും പ്രവർത്തിച്ചിട്ടുണ്ട്.

9.സുജിത്കുമാർ ബാജ്പേയി: -ജോയിന്റ് സെക്രട്ടറി, വനം, പരിസ്ഥിതിവകുപ്പ്
പവർ ജനറേഷൻരംഗത്ത് പ്രവർത്തിക്കുന്ന നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷനിൽ ഡെപ്യൂട്ടി ജനറൽ മാനേജർ. മനോജ് ബാജ്പേയി എന്ന പ്രമുഖ സിനിമാനടന്റെ ഇളയ സഹോദരൻകൂടിയാണ് ഇദ്ദേഹം.

ഇതിൽ  ഏഴുപേരും ബഹുരാഷ്ട്ര കോർപറേറ്റ് സ്ഥാപനങ്ങളിലെ പ്രവർത്തന പരിചയത്തിനുശേഷമാണ് സർക്കാരിലെ ഉന്നത തസ്തികകളിൽ ജോയിൻ ചെയ്യുന്നത് എന്നുകാണാം. അതായത്, ബ്യൂറോക്രസിയുടെ അത്യുന്നതതലങ്ങളിൽ ആഗോള കോർപറേറ്റ് ഭീമന്മാരുടെ താൽപ്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്നവരെ  വാഴിച്ചിരിക്കുന്നു എന്ന് ചുരുക്കം. ഇന്ദിര ഗാന്ധി പ്രധാനമന്ത്രി ആയിരുന്ന ഘട്ടംവരെ പാർലമെന്റിൽ കുത്തക കമ്പനികളുടെ താൽപ്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന അംഗങ്ങൾ ഉണ്ടായിരുന്നു എന്നത് കാണാം. കുത്തകകളുടെ പേ റോളിൽ ഇടംപിടിച്ചിരുന്ന ഈ എംപിമാർ വിവിധ പാർടികളിൽനിന്നുള്ളവർ ആയിരുന്നു. പാർലമെന്റിലെ ചർച്ചകളിൽ വ്യവസായ ഭീമന്മാരുടെ ജിഹ്വകളാവുക എന്നതായിരുന്നു ഇവരുടെ ചുമതല. കോർപറേറ്റുകൾ പരോക്ഷമായാണ് അന്ന് സർക്കാരിൽ സ്വാധീനം ചെലുത്തിയിരുന്നത്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോൾ കോർപറേറ്റ് പ്രൊഫഷണലുകൾ ഭരണത്തിൽ നേരിട്ട് കൈകടത്താൻ തുടങ്ങി.


 

അരുൺ നെഹ്‌റു ഉൾപ്പെടെയുള്ള അന്നത്തെ മന്ത്രിമാർ ഈ വിഭാഗത്തിൽ പെടുന്നു. എന്നാൽ, തൊണ്ണൂറുകളിലെത്തുമ്പോൾ കഥ മാറുകയാണ്. ശതകോടീശ്വരന്മാർ നേരിട്ട് നിയമനിർമാണത്തിന്റെ ഭാഗമായി മാറി. ലോക്‌സഭയിലും രാജ്യസഭയിലും വ്യവസായികളുടെയും കോടീശ്വരന്മാരുടെയും പ്രാതിനിധ്യം കാര്യമായി ഉയർന്നു. ഇപ്പോൾ ഇന്ത്യൻ പാർലമെന്റ് പരിശോധിക്കുമ്പോൾ പകുതിയോളം പേരെങ്കിലും ശതകോടീശ്വരന്മാരാണ്‌. അതിനനുസരിച്ച് തൊഴിലാളികളുടെയും കർഷകരുടെയും പ്രാതിനിധ്യം അത്യുന്നത നിയമനിർമാണസഭയിൽ കുറയുകയും ചെയ്തു. പാർലമെന്റ് തങ്ങളുടെ താല്പര്യങ്ങൾക്ക് അപ്പുറം പോകില്ലെന്ന് ഉറപ്പാക്കാനായെങ്കിലും തീരുമാനങ്ങൾ നടപ്പാക്കുന്ന ഉന്നത ഉദ്യോഗസ്ഥവൃന്ദം പൂർണമായും വരുതിക്ക് നിൽക്കേണ്ടത് ആവശ്യമാണെന്ന വിലയിരുത്തലിന്റെ പ്രാഗ്‌രൂപമാണ് ലാറ്ററൽ റിക്രൂട്ട്‌മെന്റ് ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ്, ഐആർഎസ് യോഗ്യത ഉള്ളവരെയാണ് പരിഗണിച്ചിരുന്നത്. എന്നാൽ, മോഡി സർക്കാർ അതെല്ലാം അവഗണിച്ച് ഭരണത്തിൽ അതിസമ്പന്നർക്ക് നേരിട്ട് ഇടപെടുന്നതിനുള്ള വാതിൽ തുറന്നുകൊടുക്കുകയാണ് ഇതുവഴി ചെയ്തത്.

ഇനി ജോയിന്റ് സെക്രട്ടറിതലത്തിലെ ശമ്പളം പരിശോധിക്കാം. കേന്ദ്ര സർക്കാർ ശമ്പള സ്കെയിലിൽ ലെവൽ 14 നിരക്കിലാണ് ഇവരുടെ ശമ്പളം. അലവൻസുകളും മറ്റുമടക്കം ഇത് 2,18,000 രൂപയ്ക്കു മുകളിൽ വരും. അവിടെ പൂരം നടക്കുമ്പോൾ ഇവിടെ  ഇക്കിളിക്കഥയുമായി നടക്കുന്ന മാധ്യമപ്രവർത്തകർക്ക് കാര്യങ്ങൾ അറിയാൻ പാടില്ലാത്തതുകൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്. അന്തിച്ചർച്ചയ്‌ക്ക് വരുന്ന കേന്ദ്രഭരണകക്ഷിയുടെ പ്രതിനിധികളോട് അലോസരമുളവാക്കുന്ന ചോദ്യം ഉന്നയിച്ചാൽ ചാനൽ ഇരുട്ടിലാകുമെന്നും കള്ളക്കടത്ത് സ്വർണം എങ്ങോട്ട് പോകുന്നുവെന്ന് അന്വേഷിച്ചാൽ ഉള്ള അന്നവും മുട്ടുമെന്ന നല്ല ബോധ്യം ഉള്ളതുകൊണ്ടും ഇതിലും തരംതാണ മാധ്യമപ്രവർത്തനത്തിനേ ഇനിയങ്ങോട്ട്  സാധ്യതയുള്ളൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top