17 August Wednesday

മോദിക്ക് കുടപിടിച്ച് കോൺഗ്രസ് - കെ പി അനിൽകുമാർ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 16, 2021


ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലാണ് ഏറ്റവും വലിയ ഇന്ധനക്കൊള്ള നടമാടുന്നത്. മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലേറുന്നതിനുമുമ്പ് പ്രധാനമായി പറഞ്ഞിരുന്ന വാഗ്ദാനം പെട്രോൾ, ഡീസൽ, പാചകവാതക വില കുറയ്‌ക്കുമെന്നായിരുന്നു. എന്നാൽ, അധികാരത്തിൽ കയറിയശേഷം നിരന്തരം ഇവയുടെ വില വർധിപ്പിക്കുകയാണ് മോദി ചെയ്തത്‌. ദിനേന ഇവയുടെ വില വർധിപ്പിച്ചുകൊണ്ട് ജനജീവിതം ദുസ്സഹമാക്കുകയാണ്‌. അന്താരാഷ്ട്രതലത്തിൽ ക്രൂഡ്ഓയിലിന് വൻ വിലക്കുറവ് ഉണ്ടായിട്ടും ഇവിടെ ഇന്ധനവില കുറയ്ക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ല. അതിനവർ പറഞ്ഞ ന്യായം കോവിഡ് മഹാമാരിയെ നേരിടാൻവേണ്ടി അധിക നികുതിയുടെ പണം വിനിയോഗിക്കുകയാണെന്നായിരുന്നു. എന്നാൽ, ഇത്തരത്തിൽ ഒരു പദ്ധതിയും കേന്ദ്രസർക്കാർ നടപ്പാക്കിയിട്ടില്ല. ഇതിനു തെളിവാണ് ലോകപട്ടിണി സൂചികയിൽ 105–-ാം സ്ഥാനത്തേക്ക് രാജ്യം പിന്തള്ളപ്പെട്ടത്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് ഓക്സിജൻക്ഷാമത്തെ തുടർന്ന്‌ ജനം ശ്വാസംകിട്ടാതെ മരിച്ചുവീണത്‌ ഇവർ പറയുന്നത് പച്ചക്കള്ളമാണെന്നതിന്റെ തെളിവാണ്. ഈ യാഥാർഥ്യങ്ങൾ നിലനിൽക്കെയാണ് കേരളത്തിലെ ഇടതുപക്ഷസർക്കാരിനെ വിമർശിക്കാനും ക്രൂശിക്കാനും ഇവിടത്തെ കോൺഗ്രസ് നേതൃത്വം മുന്നിട്ടിറങ്ങിയിരിക്കുന്നത്. മോദി ഭരണത്തിനെതിരെ നാവനക്കാത്തവർ ഇടതുപക്ഷത്തിനെതിരെ നാവുയർത്തുന്നത് കോൺഗ്രസിന്റെ സംഘപരിവാർ മുഖം വെളിവാക്കുന്നതാണ്.

അടുത്തുനടക്കുന്ന യുപി തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേന്ദ്രഅധികാരം നിലനിർത്താൻ കഴിയുമെന്നാണ് അമിത് ഷായുടെ നിലപാട്. കഴിഞ്ഞദിവസം ഇതുസംബന്ധിച്ച അഭിപ്രായം അമിത് ഷാ പാർടിനേതാക്കളും പ്രവർത്തകരുമായി പങ്കുവച്ചിരുന്നു. മോദിയുടെ തുടർഭരണമെന്നത് ഇന്ത്യൻ ജനാധിപത്യത്തിന് ചിന്തിക്കാൻക്കൂടി കഴിയാത്ത ഒന്നായിത്തീർന്നിരിക്കുന്നു. കോവിഡാനന്തര രാജ്യം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്‌. പ്രതിസന്ധികളെ വേണ്ടവിധം മനസ്സിലാക്കാനോ മാനുഷികമായ നിലയിൽ കൈകാര്യം ചെയ്യാനോ മോദി സർക്കാർ തയ്യാറാകുന്നില്ല. നിരന്തരം ജനവിരുദ്ധനയങ്ങൾ നടപ്പാക്കി മുന്നേറുകയാണ്. വർഗീയ പദ്ധതികൾകൊണ്ട് തെരഞ്ഞെടുപ്പുകൾ വിജയിക്കാമെന്ന ചിന്തയിലാണ് ബിജെപി. അതിൽ പലപ്പോഴും അവർ വിജയിക്കുന്നുമുണ്ട്. അതിനുകാരണം കോൺഗ്രസ് അടക്കമുള്ള ഇന്ത്യൻ പ്രതിപക്ഷത്തിന്റെ ഐക്യമില്ലായ്മയും നിലപാടുകളുടെ ശേഷിക്കുറവുമാണ്. ഇനിയുള്ളകാലം വർഗീയ പദ്ധതികൾകൊണ്ടുമാത്രം അധികാരം നേടാൻ കഴിയില്ലെന്ന്‌ ബിജെപിക്ക്‌ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ ലഭിച്ച തിരിച്ചടിയിൽനിന്ന്‌ മനസ്സിലാക്കിയിട്ടുണ്ട്‌. രാജ്യത്ത് നിത്യേന വർധിക്കുന്ന ഇന്ധനവില ജനജീവിതത്തെയാകെ പ്രതിസന്ധിയിലാക്കിക്കഴിഞ്ഞു. ഇതിന്റെ പ്രതിഫലനമായിരുന്നു ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടി.

പെട്രോൾ–-ഡീസൽ വിലവർധന നിയന്ത്രിക്കാൻ തങ്ങൾക്ക് അധികാരമില്ലെന്നുപറഞ്ഞ സർക്കാർതന്നെ പൊടുന്നനെ ചെറിയതോതിൽ വില കുറച്ചത്‌ ഉപതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടർന്നാണ്‌. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിക്കാനുമുള്ള മോദിയുടെയും കൂട്ടരുടെയും രാഷ്ട്രീയതന്ത്രവുമാണ്‌ ഈ വിലകുറയ്‌ക്കൽ. ഈ തന്ത്രം കൃത്യമായി തിരിച്ചറിഞ്ഞ് മറുപടി പറയാനും പ്രതിഷേധം ഉയർത്താനും മുന്നിട്ടുനിന്ന പ്രസ്ഥാനം ഇന്ത്യൻ ഇടതുപക്ഷമാണ്. ആ ഇടതുപക്ഷം ഭരിക്കുന്ന കേരളം കേന്ദ്രസർക്കാർ കുറച്ച ഇന്ധനവിലയ്ക്ക് ആനുപാദികമായ കുറവ് വരുത്തുകയും ചെയ്തു. അതു പോരാ, ഇനിയും സംസ്ഥാന സർക്കാർ വാറ്റ് നികുതി കുറയ്ക്കണമെന്നാണ് കോൺഗ്രസും ബിജെപിയും ആവശ്യപ്പെടുന്നത്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഇരുവരും തെരുവിൽ ഒരുമിച്ച് മുദ്രാവാക്യം വിളിക്കുന്ന, പ്രതിഷേധിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇടതുപക്ഷ തുടർഭരണം ഏൽപ്പിച്ച ആഘാതത്തിൽനിന്ന്‌ മുക്തമാകാത്ത പ്രതിപക്ഷം അന്ധമായ കമ്യൂണിസ്റ്റ് വിരോധത്തിന്റെ പേരിൽ നരേന്ദ്ര മോദിയുടെ രാഷ്ട്രീയതന്ത്രങ്ങൾക്ക് കുടപിടിക്കുകയാണ്.

അതേസമയം, കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രധാനമന്ത്രിക്ക്‌ ഇന്ധനവില ഇനിയും കുറയ്ക്കണമെന്നാവശ്യപ്പെട്ട്‌ കത്തെഴുതി. ഇപ്പോൾ നടപ്പാക്കിയ വിലക്കുറവ് ഇന്ത്യയിലെ ഫെഡറൽ സംവിധാനത്തെത്തന്നെ ഇല്ലാതാക്കുന്ന നിലയിലേക്ക് എത്തിക്കുമെന്നാണ് ഗെലോട്ട് പറഞ്ഞത്. കോൺഗ്രസിന്റെ ബൗദ്ധികമുഖമായ പി ചിദംബരം, കേരളത്തിന്റെ ധനമന്ത്രി കെ എൻ ബാലഗോപാലിനെ ശരിവയ്ക്കുന്ന അഭിപ്രായമാണ്‌ ഇതുസംബന്ധിച്ച് രേഖപ്പെടുത്തിയത്. പെട്രോൾ, ഡീസൽ വിലക്കുറവിൽ കേരളത്തിന്റെ നിലപാട്‌ ശരിയെന്നാണ് ചിദംബരത്തിന്റെ അഭിപ്രായം. എന്നാൽ, കേരളത്തിലെ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ, കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ എന്നിവരുടെ നിലപാടും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ അഭിപ്രായവും ഒന്നായിത്തീരുന്ന കാഴ്ചയാണ് കാണുന്നത്‌.

രാഷ്ട്രീയ വിദ്യാഭ്യാസവും സാമൂഹ്യബോധവും മതേതര കാഴ്ചപ്പാടും മനസ്സിലേറ്റുന്ന മലയാളി തീർച്ചയായും ഇതൊക്കെ കണ്ടുകൊണ്ടിരിക്കുകയാണ്. കോൺഗ്രസിന്റെ ഈ സംഘപരിവാർ നിലപാടിനെ അവർ ചെറുത്തുതോൽപ്പിക്കുകതന്നെ ചെയ്യും. രാജ്യം ജനാധിപത്യത്തെ ഇല്ലായ്മചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂടമായിത്തീരുമ്പോൾ അതിനെതിരായ രാഷ്ട്രീയ ചെറുത്തുനിൽപ്പുകൾ സജീവമാക്കേണ്ട കോൺഗ്രസ് കേരളത്തിൽ ബിജെപിക്കാരുടെ വേഷംകെട്ടുന്നത് എന്തിനുവേണ്ടിയാണെന്ന് മനസ്സിലാകുന്നില്ല. ഒരു കാര്യം ഉറപ്പാണ്. കോൺഗ്രസിനുള്ളിൽ ഏതാണ്ട് ബഹുഭൂരിപക്ഷം പേർക്കും സംഘപരിവാർ മാനസികനില വളർത്തിയെടുക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച്‌ സിപിഐ എമ്മിനൊപ്പം അണിചേർന്നപ്പോൾ എന്നോട് കോൺഗ്രസിനുള്ളിലെ പലരും ചോദിച്ചത് എന്തിനാണ് അവിടേക്ക് പോയത് ബിജെപിയിൽ പോകുന്നതല്ലേ നല്ലത് എന്നാണ്. അതിന്‌ കോൺഗ്രസ്‌ വിടേണ്ടതില്ലായിരുന്നല്ലോയെന്ന്‌ ഞാനവർക്ക്‌ മറുപടി നൽകി.

കോവിഡ് കേരളത്തിനുണ്ടാക്കിയ നഷ്ടം ചെറുതല്ല. കോവിഡിന്റെ ഭീകരതയെ കൃത്യമായ നിലപാടുകളോടെ വ്യക്തമായ പദ്ധതികളിലൂടെ നേരിടാൻ പിണറായി സർക്കാരിന് കഴിഞ്ഞതിന്റെ പ്രതിഫലനം കൂടിയായിരുന്നു തുടർഭരണം. കോവിഡാനന്തര കേരളത്തെ കെട്ടിപ്പടുക്കുന്നതിനായി ഇനിയുമേറെ പദ്ധതികൾ ചെയ്യേണ്ടിയിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ കേരളത്തിന്റെ വരുമാനമാർഗത്തെ ഇല്ലാതാക്കുന്ന മുദ്രാവാക്യങ്ങൾ പ്രതിപക്ഷം ഉയർത്തുന്നത് തീർച്ചയായും മോദിയുടെ രാഷ്ട്രീയതന്ത്രങ്ങൾക്ക് വഴിവെട്ടുക എന്നതായിരിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top