24 April Wednesday

ഫോർത്ത്‌ എസ്‌റ്റേറ്റോ റിയൽ എസ്‌റ്റേറ്റോ?

അനിൽകുമാർ എ വിUpdated: Saturday Apr 30, 2022

ബുൾഡോസർ ദേശീയതയും ഫാസിസ്റ്റ്‌ കോർപറേറ്റിസവും ചേർന്നതാണ്‌ മോദിണോമിക്‌സ്‌. ഡൽഹിയിൽ അനധികൃത നിർമാണങ്ങൾ രാകേഷ് അസ്താന ബുൾഡോസറുകളാൽ തകർക്കുകയാണെന്നാണ്‌ ചില മാധ്യമങ്ങളുടെ സമാധാനം. ഡൽഹിയിലാണ് രാജ്യത്ത്‌  ഏറ്റവുമധികം അനധികൃത ക്ഷേത്രങ്ങൾ.  റിയൽ എസ്‌റ്റേറ്റ് മാഫിയ സർക്കാർ ഭൂമി കൈയേറുന്നതിന് ഉപയോഗിക്കുന്ന തന്ത്രമാണത്‌.  ആരുടെയും കണ്ണിൽപ്പെടാത്ത കൊച്ചുക്ഷേത്രം പണിയുക. പെട്ടെന്ന്‌ കോൺക്രീറ്റിലേക്ക്‌ വളരുന്ന അതിന്റെ മുകളിലാണ് ഫ്ലാറ്റ് നിർമാണം.

താഴത്തെനിലയിൽ ക്ഷേത്രമുള്ള ഫ്ലാറ്റുകളുടെ രേഖകൾ പരിശോധിക്കാനും നടപടിയെടുക്കാനും പൊലീസിന്‌ ധൈര്യമില്ല. കൽക്കാജി ക്ഷേത്രത്തോടു ചേർന്ന നിർമാണങ്ങൾ പൊളിക്കണമെന്ന് കോടതി ഉത്തരവിട്ടിട്ട് എത്രകാലമായി? ബുൾഡോസർ ദേശീയതയെ തുറന്നുകാണിച്ചത്‌ ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിൽ സിപിഐ എമ്മാണ്‌. അവിടെ ഒച്ചപ്പാടുകൾ അടങ്ങിയശേഷമാണ്‌ കോൺഗ്രസ്‌ സഖ്യന്മാർ ഇഴഞ്ഞെത്തിയത്‌. ഗുജറാത്ത് ദളിത്‌ എംഎൽഎ ജിഗ്നേഷ്‌ മേവാനിയെ രണ്ടുവട്ടം അറസ്റ്റുചെയ്‌തത്‌ നിസ്സാരമല്ല. സ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്ന് സൂചിപ്പിച്ച്‌  അസം സ്വദേശി അനുപ് കുമാർ ദേ നൽകിയ പരാതി മറയാക്കിയാണ്‌ ഗുവാഹത്തി പൊലീസ് അറസ്റ്റുചെയ്തത്‌. പ്രധാനമന്ത്രിയടക്കം ഏവരെയും സഭ്യത ലംഘിക്കാതെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്. മോദി ഗോഡ്സേയെ ദൈവമായി കരുതുന്നുവെന്ന പ്രസ്താവന രാഷ്ട്രീയ വിമർശമാണ്. അത് ദുർവ്യാഖ്യാനം ചെയ്‌താണ്‌ അറസ്റ്റ്. അദ്ദേഹത്തിന്റെ  ചില ട്വീറ്റ്‌, ബ്ലോക്ക് ചെയ്യപ്പെട്ടത്‌ സംഘപരിവാര സമ്മർദഫലമായിരുന്നു. മോദിയുടെ ജനാധിപത്യവിരുദ്ധ നടപടികളും ന്യൂനപക്ഷവേട്ടയും തുറന്നുകാണിക്കാൻ കോൺഗ്രസിന്‌ ശേഷിയില്ലാതായി. അത്‌ മേവാനിയുടെ കാര്യത്തിലും തെളിഞ്ഞു. അക്കാര്യത്തിലും വീറോടെ പൊരുതിയത്‌ സിപിഐ എമ്മാണ്‌. അദ്ദേഹത്തെ കാണാൻ ജയിലിലെത്തിയ അസം  സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മനോരഞ്ജൻ താലൂക്ക്ദാറി എംഎൽഎയെ കടത്തില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. തുടർന്ന് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്നു. മൂന്നു മണിക്കൂറിന്‌ ഒടുവിൽ കീഴടങ്ങി; ജിഗ്നേഷിനെ കാണാൻ അനുവദിക്കുകയുംചെയ്തു. ബംഗാളും ത്രിപുരയും പോയി.  പാർലമെന്റിന്റെ ഇരുസഭയിലും കാര്യമായ പ്രാതിനിധ്യമില്ല.  ബൂത്തിൽ ഇരിക്കാൻ ആളില്ല, നോട്ടയ്‌ക്കും പിറകിൽ എന്നിങ്ങനെയെല്ലാം ശകാരിക്കപ്പെടുന്ന സിപിഐ എമ്മാണ്‌ ജനങ്ങൾക്കുവേണ്ടി സംസാരിക്കാനും സംഘർഷസ്ഥലത്തേക്ക്‌ ഇറങ്ങാനും ഉണ്ടായത്.


 

കേരളത്തിൽ ഒച്ചവയ്‌ക്കുന്ന പരിസ്ഥിതി പ്രണയത്തിന് മുതലാളിത്ത‐സാമ്രാജ്യത്വവിരുദ്ധ ഉള്ളടക്കമല്ലാത്തതിനാൽ  ശത്രുവായി കണക്കാക്കുന്നത് കല്ലുവെട്ട്‌ പണയുടെ ഉടമയെയും  തൊഴിലാളി‐കർഷക ജനവിഭാഗങ്ങളെയുമാണ്‌. മുതലാളിത്തത്തിനകത്ത് പരിസ്ഥിതി സൗഹൃദമായ  ജീവിതം കരുപ്പിടിപ്പിക്കാനാകില്ല. ഏതുവിധേനയും ലാഭം ഇരട്ടിപ്പിക്കുകയാണ്‌ അതിന്റെ ആന്തരിക യുക്തി. അത്‌ തീർത്തും പ്രകൃതിവിരുദ്ധമാണെന്ന്‌ വായാടികൾ തിരിച്ചറിയുന്നില്ല. മന്തിലി റവ്യു എഡിറ്റർ  ജോൺ ബെല്ലമി ഫോസ്റ്ററിന്റെ  ‘വാട്ട്‌ എവരി എൻവയോൺമെന്റലിസ്റ്റ്‌ നീഡ്‌സ്‌ ടു നോ എബൗട്ട്‌ ക്യാപിറ്റലിസം: എ സിറ്റിസൺസ്‌ ഗൈഡ്‌ ടു ക്യാപിറ്റലിസം ആൻഡ്‌ എൻവയോൺമെന്റ്‌ ’(2012)എന്ന ലഘുകൃതി മാത്രംമതി വായനയ്‌ക്ക്‌.

ഫോർബ്‌സിന്റെ പുതിയ കണക്കനുസരിച്ച്‌  വൻകിട നിക്ഷേപകനായ വാറൻ ബഫറ്റിനെ പിന്തള്ളി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ലോകത്തിലെ അഞ്ചാമത്തെ ധനികനായി. ബഫറ്റിന്റെ ആസ്തി 12,170 കോടി  ഡോളറാണ്.  12,370 കോടി  ഡോളറോടെ അദാനി  ഇന്ത്യയിലെ ഏറ്റവും ധനികനുമായി. ഔദ്യോഗിക സംവിധാനങ്ങൾ വിട്ടുകൊടുത്ത്‌ വികസിപ്പിച്ചതാണ് രാഷ്ട്രീയ ചങ്ങാതിയുടെ  വ്യവസായം. ഫിനാൻഷ്യൽ ടൈംസ് എഴുതി: "മോദി സ്ഥാനമേറ്റപ്പോൾ അദാനിയുടെ ജെറ്റിൽ ഗുജറാത്തിൽനിന്ന് ഡൽഹിയിലേക്ക് പറന്നു. - ഒരേസമയം  അധികാരത്തിലേക്കുള്ള അവരുടെ ഉയർച്ച പ്രതീകവൽക്കരിച്ച സൗഹൃദത്തിന്റെ തുറന്ന പ്രദർശനം. മോദി അധികാരത്തിൽ വന്നശേഷം, സർക്കാർ ടെൻഡറുകൾ നേടുകയും രാജ്യത്തുടനീളം അടിസ്ഥാനസൗകര്യ വികസനപദ്ധതികൾ നിർമിക്കുകയും ചെയ്തതിനാൽ അദാനിയുടെ ആസ്തി 230 ശതമാനം വർധിച്ചു. കോവിഡ് കാലത്ത് ദരിദ്രർ പാപ്പരീകരിക്കപ്പെടുംനേരം അദാനി, തഴച്ചുവളരുകയായിരുന്നു. വിമാനത്താവളങ്ങളും ഊർജമേഖലയും  മാത്രമല്ല, രാജ്യംതന്നെ തീറെഴുതുമോ എന്ന് കണ്ടറിയാം.

കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ അഹമ്മദാബാദിലെ നിറംമങ്ങിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സിപിഐ എം സംസ്ഥാന  കമ്മിറ്റി ഓഫീസ് ചൂണ്ടി പല മാധ്യമവും പല്ലിളിച്ചു. റിസോർട്ട് രാഷ്ട്രീയം അരങ്ങുതകർക്കുമ്പോഴും ഗാന്ധിജി പിറന്ന മണ്ണിൽ ചെങ്കൊടിയുടെ സ്ഥിതിയാണ്‌ പരിഹസിക്കപ്പെട്ടത്‌. എന്നാൽ, ഗുജറാത്തിൽനിന്നുള്ള വാർത്ത ആവേശകരമാണ്‌. അങ്കണവാടി  വർക്കർമാറും ഹെൽപ്പർമാരും ഗ്രാറ്റുവിറ്റിക്ക് അർഹരാണെ സുപ്രീംകോടതി വിധിക്ക്‌ ആധാരം സിഐടിയുവിനു കീഴിലെ ഗുജറാത്ത് അംഗൻവാടി  വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് യൂണിയൻ നടത്തിയ  പോരാട്ടമാണ്. ഗാന്ധിജി രൂപീകരിച്ച മജുർമഹാജൻ സംഘിന്റെ സഹായവും ഉണ്ടായി. സംഘടനകളെ സാമൂഹ്യദ്രോഹികളാക്കി രസിക്കുന്നവർ കോട്ടുവായിട്ട് ഒഴിവാക്കുന്ന വാർത്തയാണത്‌. ഗുജറാത്ത്‌ നടപ്പാക്കിയ സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട് പ്രസന്റേഷൻ നടത്തുന്നു. എല്ലാ സംസ്ഥാനത്തിനും ക്ഷണം. കേരളത്തിൽനിന്ന്‌ രണ്ട് ഉദ്യോഗസ്ഥർ പോകാൻ തയ്യാറെടുത്തു. കമ്പനികൾ പുതിയ ഇറക്കുമ്പോഴുള്ള  ഏർപ്പാടാണത്. "ഗുജറാത്ത് മാതൃക പഠിക്കാൻ കേരളം സംഘം’ എന്നായി പത്രശീർഷകം. വ്യാജവാർത്തകൾ ഒഴുകിനടന്നു. ഇതാണ് സത്യനാന്തര കാലം. ഗുജറാത്തിലെ ഇ–-ഗവേണൻസ് പദ്ധതി സംബന്ധിച്ച് പ്രസന്റേഷൻ നടത്തുന്നു. അതിലേക്ക്‌  ചീഫ് സെക്രട്ടറിയും മറ്റൊരു ഉദ്യോഗസ്ഥനും പോകുന്നു. അതിന് അനുവദിച്ച ഉത്തരവ് വളച്ചൊടിച്ച് ഗുജറാത്ത് വികസന മോഡൽ പഠിക്കാൻ കേരളത്തിലെ ഉദ്യോഗസ്ഥർ പോകുന്നുവെന്ന് വ്യാജവാർത്തയാക്കി.  പദ്ധതി നിർവഹണം നിരീക്ഷിക്കാൻ പ്ലാൻ സ്പെയ്സ് പോലുള്ള സങ്കേതങ്ങൾ കേരളത്തിലുണ്ട്. മെച്ചപ്പെടുത്തലിന്‌ സമാന സങ്കേതങ്ങൾ പഠിക്കുന്നത്‌  അപരാധമാണോ? വിവിധ സംസ്ഥാനത്തെ ഇ–-ഗവേണൻസ്  സംബന്ധിച്ച് കേന്ദ്രത്തിന്റെ റാങ്കിങ്ങിൽ ഒന്നാമത്‌  കേരളമാണ്‌.

താൻ കോൺഗ്രസിൽ 101 ശതമാനം തൃപ്തനാണെന്നും അതിൽ കൂടുതൽ എന്താണ് പാർടിയും ജനങ്ങളും നൽകാനുള്ളതെന്നുമുള്ള എ കെ ആന്റണിയുടെ ചോദ്യം പൂത്തിരി കത്തിച്ച മനോരമാദികൾ അദ്ദേഹം നിറവേറ്റിയ കടമകൾ പറയുമ്പോൾ നനഞ്ഞ പടക്കമായി.  താൻ ദേശീയ രാഷ്ട്രീയത്തിൽ ശോഭിക്കാൻ കാരണം നെഹ്‌റു ‐ഗാന്ധി കുടുംബമാണെന്നു പറഞ്ഞ ആന്റണി, ഇനി പദവികളിലേക്കില്ലത്രെ. ‘വഴികാട്ടി, ഇനി നാട്ടുവഴികളിൽ’ എന്ന ഉപശീർഷകം സ്വയം ചിരിക്കാനിടയുണ്ട്‌. കോൺഗ്രസിനെ ദേശീയ രാഷ്‌ട്രീയത്തിൽ ഇത്രഗതികേടിൽ എത്തിച്ചതിൽ പ്രധാന പങ്കുണ്ട്‌ ആന്റണിക്ക്‌. 2022 വരെ നീണ്ട 17 വർഷം രാജ്യസഭാംഗമായി വാ പൂട്ടിയ പാരമ്പര്യം അപാരംതന്നെ. ഭരണഘടന പിച്ചിച്ചീന്തിയ മോദി  നയത്തിനെതിരെ ഒരു ചോദ്യവും ഉന്നയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.  തുടർച്ചയായി രണ്ടു തെരഞ്ഞെടുപ്പിൽ ജനങ്ങൾ തൊഴിച്ചെറിഞ്ഞ കേരളത്തിലെ കോൺഗ്രസിൽ മൗനരാഗം ഏശില്ലെന്നും ആന്റണിക്ക്‌ അറിയാം. അതിനാലാണ്‌ ആരെയും തിരുത്താനുള്ള ശക്തിയില്ലെന്ന്‌ വിനയംകൊള്ളുന്നത്‌.

ഭീകരവാദ സംഘടനകൾ ആയുധമെടുത്ത്‌ മരണം ഉറപ്പിച്ചാലും അക്രമരാഷ്ട്രീയ ചർച്ചയിൽ  സിപിഐ എമ്മിനെ മാധ്യമങ്ങൾ സമർഥമായി പ്രതിസ്ഥാനത്ത്‌ തിരുകിവയ്‌ക്കും. സിപിഐ എം ആയുധം താഴെയിടണം, ആ പാർടി  സമാധാനത്തിന് ഭീഷണി, അണികളെ കൊലയ്ക്ക് കൊടുക്കുന്ന നേതാക്കൾ, രക്തസാക്ഷി കുടുംബങ്ങളെ സംരക്ഷിക്കുന്ന രീതി കൂടുതൽ പേരെ കൊല്ലപ്പെടാൻ പ്രേരിപ്പിക്കുന്നു എന്നിങ്ങനെയാകും വായ്‌ത്താരികൾ. യുഡിഎഫ് ഭരണകാലം. ഇതര പാർടി  പ്രവർത്തകൻ കൊല്ലപ്പെടുന്നു. പ്രതികൾ സിപിഐ എം അല്ലെങ്കിലും പ്രതികരണങ്ങൾ അച്ചിലിട്ടെടുത്തപോലെ തന്നെ. സിപിഐ എം ശൈലിയിലുള്ള പ്രവർത്തനങ്ങളിൽനിന്ന് മറ്റു കക്ഷികൾ പിന്മാറണം. ഈ രീതി രൂപപ്പെടുത്തിയത് സിപിഐ എം എന്നിങ്ങനെയാകും വാദങ്ങൾ. എൽഡിഎഫ് ഭരണകാലത്തും സിപിഐ എം പ്രവർത്തകർ തുടർച്ചയായി വധിക്കപ്പെടുന്നു.

പ്രതികരണങ്ങൾ: അതിൽ രാഷ്ട്രീയമില്ല. അമ്പലത്തിലെ വാക്കുതർക്കം. വഴിപ്രശ്നം. വ്യക്തിവിരോധം. ഇരന്നുവാങ്ങിയ മരണം. കൊല്ലപ്പെട്ടവൻ ആ നേരം അവിടെയെത്തിയത് സംശയാസ്പദം. സംഘർഷത്തിനു കാരണം സിപിഐ എമ്മിന്റെ ധാർഷ്ട്യം. മൃതദേഹസംസ്കാരത്തിന് സ്ഥലംവാങ്ങിയതിൽ ദുരൂഹത. അക്രമം തടയുന്നതിൽ ആഭ്യന്തരം പരാജയം എന്നിങ്ങനെ പടർന്ന്‌ പിണറായി രാജിവയ്‌ക്കണമെന്ന ചൊല്ലി പഠിച്ച സ്‌തോത്രത്തിൽ നിൽക്കും.

പാലക്കാട്ട്‌ എസ്‌ഡിപിഐ‐ ആർഎസ്‌എസ്‌ പ്രവർത്തകർ  വധിക്കപ്പെട്ടപ്പോൾ പത്രങ്ങളേക്കാൾ ദൃശ്യമാധ്യമങ്ങളാണ്‌ സമാധാനാന്തരീക്ഷം കുത്തിക്കിളച്ചത്‌. മൃതദേഹങ്ങളുടെ ആവർത്തിച്ചുള്ള വിഷ്വലുകൾ, വൈകാരികത ഒപ്പിയെടുത്ത കാമറകൾ, പ്രകോപന മുദ്രാവാക്യങ്ങൾ, സംഘർഷം സജീവമാക്കി നിർത്താനുള്ള നേതാക്കളുടെ പ്രതികരണം എന്നിങ്ങനെ പള്ളിയിലെ മതവിളികളും ജയ്‌ശ്രീറാം  മറുപടിയുംവരെ നീണ്ടു. ഇത്തരം ഘട്ടങ്ങളിൽ പാലിക്കേണ്ട ഒരുവിധ സംയമനവും ദൃശ്യമാധ്യമങ്ങൾ പുലർത്തിയില്ല. വർഗീയത വളർത്തുന്നതാര്? എന്ന ചോദ്യവുമായുള്ള  ഏഷ്യാനെറ്റ് ചർച്ചയിൽ കാവി ബ്രിഗേഡിന്റെ ‘താത്വികാചാര്യ’നായ ശ്രീജിത്ത് പണിക്കരും പരിവാർ ന്യായങ്ങൾക്ക്‌ സേഫ്‌റ്റിവാൽവ്‌ ഒരുക്കുന്ന എ ജയശങ്കറും ന്യൂനപക്ഷ തീവ്രവാദത്തെ തഴുകാറുള്ള  ഒ അബ്ദുള്ളയും അവതാരകനായി പി ജി സുരേഷ് കുമാറുമായിരുന്നു. ഇറച്ചിവെട്ടുയന്ത്രത്തിനുള്ളിൽ സ്വർണം കടത്തിയ കേസിൽ ലീഗ് നേതാവിന്റെ മകൻ അറസ്റ്റിലായ വാർത്ത ആരും കണ്ടില്ല.

തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ എ എ ഇബ്രാഹിംകുട്ടിയുടെ മകൻ ഷാബിനാണ് അറസ്റ്റിലായത്. തേഞ്ഞിപ്പലത്ത് ലീഗ് നേതാവിന്റെ മകൻ രണ്ട് യുവതികളെ മർദിച്ച സംഭവത്തിൽ  മനോരമയിൽ  ലീഗ് ബന്ധമേയില്ല.  ക്രിമിനൽ പ്രതി  "മർദിച്ചയാൾ’ മാത്രമായി.  പിണറായി വിജയന്റെ വീടിന്റെ ഇടവഴിയിലൂടെ 200 മീറ്റർ  നടന്നാൽ തലശേരി ഹരിദാസൻ വധക്കേസിലെ പ്രതിയെ സംരക്ഷിച്ച ആളുടെ  വീടെത്തുമെന്ന് സ്കെച്ച് വരച്ച പത്രമാണത്‌. മാധ്യമങ്ങളുടെ ഒളിച്ചുവയ്‌പുകൾ ആപത്താണ്. നിഷ്പക്ഷ മാധ്യമ പ്രവർത്തനമല്ല, ബിസിനസാണ് ഇന്നുള്ളത്. ജനാധിപത്യത്തിന്റെ നാലാം തൂണ്‌ ( ഫോർത്ത്‌ എസ്‌റ്റേറ്റ്‌) റിയൽ എസ്‌റ്റേറ്റ്‌ ആകുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top