28 March Thursday

മോദാനി മോഡലിന്റെ വിശ്വരൂപം

സാജൻ എവുജിൻUpdated: Wednesday Feb 8, 2023


‘മോദാനി മോഡലി’നെതിരെയാണ്‌ രാജ്യത്ത്‌ കർഷകസമരം പടർന്നത്‌. പ്രകൃതിവിഭവങ്ങളടക്കം കൊള്ളയടിക്കാൻ കോർപറേറ്റുകൾക്ക്‌ സൗകര്യം ചെയ്‌തുകൊടുക്കുന്ന മോദി– -അദാനി മോഡൽ ശിങ്കിടി മുതലാളിത്ത നയങ്ങൾക്കെതിരെ കർഷകർ സന്ധിയില്ലാസമരം നടത്തി. രാജ്യത്തിനെതിരായ സമരമെന്നാണ്‌ ബിജെപി അതിനെ വിശേഷിപ്പിച്ചത്‌. ഇപ്പോൾ, ന്യൂയോർക്ക്‌ ആസ്ഥാനമായ ഹിൻഡൻബർഗ്‌ റിസർച്ച്‌ അദാനി ഗ്രൂപ്പിന്റെ തട്ടിപ്പുകൾ പുറത്തുകൊണ്ടുവന്നപ്പോൾ ഇത്‌ ഇന്ത്യക്കെതിരായ ആസൂത്രിത ആക്രമണമാണെന്ന്‌ അദാനി ആരോപിക്കുന്നു. ഒരേ തൂവൽപക്ഷികൾക്ക്‌ ഒരേ നിലപാട്‌.

രാജ്യസ്‌നേഹമാണ്‌ സമരത്തിൽ ഉറച്ചുനിൽക്കാൻ കർഷകരെയും അവർക്ക്‌ പിന്തുണ നൽകിയവരെയും പ്രേരിപ്പിച്ചത്‌. ഒടുവിൽ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ നിർബന്ധിതരായി. കൃഷിയും അനുബന്ധമേഖലകളും പൂർണമായും കോർപറേറ്റുവൽക്കരിക്കാനുള്ള നീക്കം പരാജയപ്പെട്ടു. ഇതിനുശേഷം അദാനിഗ്രൂപ്പിനു നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണ്‌ ഹിൻഡൻബർഗ്‌ വെളിപ്പെടുത്തൽ.

മോദിസർക്കാരിന്റെ കാലത്താണ്‌ അദാനിഗ്രൂപ്പ്‌ ‘ദേശീയ ചാമ്പ്യൻ’ എന്ന നിലയിലേക്ക്‌ ഉയർത്തപ്പെട്ടത്‌. പ്ലാസ്റ്റിക്‌ സാമഗ്രികളുടെ നിർമാണത്തിനുള്ള അസംസ്‌കൃത  വസ്‌തുക്കളുടെ ചെറുകിട ഇറക്കുമതിക്കാരനായിരുന്ന ഗൗതം അദാനി ഗുജറാത്തിൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായശേഷം കുതിച്ചുകയറിയതിന്റെ വിവരണം 2013ൽ ‘ഇക്കണോമിക്‌ ടൈംസ്‌’ പത്രം പ്രസിദ്ധീകരിച്ചിരുന്നു. കോർപറേറ്റുകൾ പൊതുവെ കോൺഗ്രസിനാണ്‌ കൂടുതൽ പണം നൽകിയിരുന്നത്‌. അക്കാലത്ത്‌ ബിജെപിക്കായി മുഖ്യമായും ഫണ്ട്‌ ശേഖരിച്ചിരുന്ന പ്രമോദ്‌ മഹാജനെ ആശ്രയിക്കാൻ മോദി താൽപ്പര്യപ്പെട്ടില്ലെന്നും പത്രം വിശദീകരിച്ചു. റിലയൻസ്‌ അടക്കിവാണ ഗുജറാത്തിൽ വളരാൻ അവസരം കാത്തു കഴിയുകയായിരുന്നു അദാനി.

2018ൽ അദാനിഗ്രൂപ്പിന്റെ  ലാഭം 3455 കോടി രൂപയായിരുന്നു. ഇവർ പ്രഖ്യാപിച്ചത്‌ 1,67,000 കോടി രൂപയുടെ പുതിയ പദ്ധതികളും. മൂല്യം പെരുപ്പിച്ച്‌ കാട്ടിയ ഓഹരികൾ പണയംവച്ച്‌ ബാങ്ക്‌ വായ്‌പകൾ എടുത്തു.

മോദിഭരണത്തിൽ ഗുജറാത്തിൽ അദാനി  കുതിച്ചുയർന്നു. മുന്ധ്ര തുറമുഖത്തിന്റെ നിയന്ത്രണം ലഭിച്ചത്‌ അദാനി ഗ്രൂപ്പിന്‌ തന്ത്രപരമായ ആധിപത്യം നൽകി. അന്നത്തെ യുപിഎ സർക്കാരും അദാനിയെ പലവിധത്തിൽ സഹായിച്ചു. 2014ൽ മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റതോടെ അദാനി ഗ്രൂപ്പിന്റെ വളർച്ച അസ്വാഭാവിക തോതിലായി. പാപ്പർ കേസുകളിലായിരുന്ന കമ്പനികളുടെ ആസ്‌തികൾ അദാനിഗ്രൂപ്പ്‌ ഏറ്റെടുത്തു. ഇവർക്ക്‌ പണം എവിടെനിന്ന്‌ കിട്ടുന്നുവെന്നത്‌ ഉത്തരമില്ലാത്ത സമസ്യയായി. ഉദാഹരണത്തിന്‌ 2018ൽ അദാനിഗ്രൂപ്പിന്റെ  ലാഭം 3455 കോടി രൂപയായിരുന്നു. ഇവർ പ്രഖ്യാപിച്ചത്‌ 1,67,000 കോടി രൂപയുടെ പുതിയ പദ്ധതികളും. മൂല്യം പെരുപ്പിച്ച്‌ കാട്ടിയ ഓഹരികൾ പണയംവച്ച്‌ ബാങ്ക്‌ വായ്‌പകൾ എടുത്തു.

സർക്കാരിന്റെ സഹായവും യഥേഷ്ടം കിട്ടി. അദാനി പവറിനെ പാപ്പർ നടപടികളിൽനിന്ന്‌ രക്ഷിച്ചു. ശ്രീലങ്കയിൽ അദാനിക്ക്‌ പദ്ധതി ലഭിക്കാൻ ഗോതബായ രജപക്‌സെയോട്‌ മോദി ശുപാർശ ചെയ്‌തുവെന്ന്‌ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്‌. ഇന്ത്യയിൽ വിമാനത്താവളങ്ങളുടെ നടത്തിപ്പ്‌ അദാനിഗ്രൂപ്പിന്‌ നൽകാൻ ചട്ടങ്ങൾ വഴിമാറി. ഈ മേഖലയിൽ അദാനിഗ്രൂപ്പിന്‌  മുൻപരിചയം തീരെയില്ലായിരുന്നു. കൽക്കരി ഇറക്കുമതിയിലെ  ക്രമക്കേടു സംബന്ധിച്ച്‌ ഡയറക്ടറേറ്റ്‌ ഓഫ്‌ റവന്യു ഇന്റലിജൻസിന്റെ അന്വേഷണം ആവിയായി. 2014ൽ ബിജെപി സർക്കാർ വന്നപ്പോൾ റിലയൻസിന്റെ രാഷ്‌ട്രീയ സ്വാധീനം തകർക്കാൻ നാലഞ്ച്‌ വൻകിട കോർപറേറ്റുകൾ രാജ്യത്ത്‌ പുതുതായി രൂപംകൊള്ളുമെന്ന്‌ പ്രചാരണമുണ്ടായി.

ഖനനത്തിൽ വേദാന്ത, നിർമാണമേഖലയിൽ ദിലീപ്‌ ബിൽഡ്‌കോൺ, ഉരുക്കുമേഖലയിൽ ജെഎസ്‌ഡബ്ല്യു,  അടിസ്ഥാനസൗകര്യ രംഗത്ത്‌ അദാനി എന്ന നിലയിലായിരുന്നു മത്സരം. രണ്ടായിരത്തിപത്തൊമ്പതോടെ അദാനി എല്ലാവരെയും നിഷ്‌പ്രഭരാക്കി. ഹരിത ഊർജരംഗത്ത്‌ അദാനി ഗ്രൂപ്പ്‌ ഇന്ത്യയുടെ പ്രതീകമായി. പ്രതിരോധനിർമാണം, ഡ്രോൺ എന്നീ മേഖലകളിലും അദാനി ഗ്രൂപ്പ്‌ സ്ഥാപനങ്ങൾ കടന്നുകയറി. അദാനിയുടെ കുതിപ്പിനെ കോർപറേറ്റ്‌ മാധ്യമങ്ങൾ വാഴ്‌ത്തിയപ്പോഴും ഈ വളർച്ചയ്‌ക്കു പിന്നിലുള്ള സാമ്പത്തിക ഉറവിടം സംശയകരമായി തുടർന്നു.

ഇത്തരത്തിൽ തടിച്ചുകൊഴുത്ത അദാനിഗ്രൂപ്പിന്റെ തട്ടിപ്പുകൾ ഹിൻഡൻബർഗ്‌ ചൂണ്ടിക്കാട്ടിയപ്പോൾ ദേശീയതയുടെ കവചമണിഞ്ഞ്‌ ഇരവാദം ഉയർത്തുകയാണ്‌ അവർ. ഹിൻഡൻബർഗ്‌ ഉന്നയിച്ച 88ൽ 62 ചോദ്യത്തിനും അദാനി ഗ്രൂപ്പ്‌ വ്യക്തമായ മറുപടി നൽകിയില്ല. ഗൗതം അദാനിയുടെ സഹോദരൻ വിനോദ്‌ അദാനിയും അദ്ദേഹത്തിന്റെ കടലാസ്‌ കമ്പനിയും നൂറുകണക്കിന്‌ കോടി ഡോളർ സംശയകരമായി ഗ്രൂപ്പ്‌ കമ്പനികളിൽ നിക്ഷേപിച്ചത്‌ ഹിൻഡൻബർഗ്‌ ചൂണ്ടിക്കാട്ടിയിരുന്നു. വിനോദ്‌ അദാനിക്ക്‌ അദാനിഗ്രൂപ്പുമായി ബന്ധമില്ലെന്നും അതിനാൽ ഈ നിക്ഷേപങ്ങളിൽ കുഴപ്പമില്ലെന്നുമാണ്‌ ഗൗതം അദാനി മറുപടി നൽകിയത്‌. മൗറീഷ്യസ്‌, യുഎഇ, സിംഗപ്പുർ, കരീബിയൻ ദ്വീപുകൾ എന്നിവിടങ്ങളിൽനിന്നാണ്‌ വിനോദ്‌ അദാനിയുടെ നിക്ഷേപം ഒഴുകിവന്നത്‌. കള്ളപ്പണം വൻതോതിൽ എത്തിച്ചേരുന്ന  കേന്ദ്രങ്ങളാണ്‌ ഇവ. അവിടെനിന്ന്‌ പണം തിരിച്ചൊഴുകിയെത്തിയെന്ന വസ്‌തുത നിഷേധിക്കാൻ ഗൗതം അദാനിക്ക്‌ കഴിഞ്ഞില്ല. ‘അവർക്ക്‌ പണം എവിടെനിന്ന്‌ കിട്ടിയെന്ന്‌ ഞങ്ങൾ അന്വേഷിക്കേണ്ട കാര്യമില്ല’ എന്ന പ്രതികരണമാണ്‌ ഗൗതം അദാനിയിൽനിന്ന്‌  ഉണ്ടായത്‌. കള്ളപ്പണക്കാരെ മൊത്തത്തിൽ പിടികൂടുമെന്ന്‌ അവകാശപ്പെട്ട്‌ അധികാരത്തിൽവന്ന സർക്കാരിന്റെ കാലത്താണ്‌ ഇതെല്ലാം നടന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top