പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജറിൽ കഴിഞ്ഞ ഇരുപത്താറിനാണ് അട്ടിമറി നടന്നത്. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽവന്ന മുഹമ്മദ് ബസൂമിനെയാണ് പ്രസിഡൻഷ്യൽ ഗാർഡുകൾ അറസ്റ്റ് ചെയ്‌തത്. സൈന്യം ഈ നീക്കത്തെ എതിർക്കുമെന്ന് പാശ്ചാത്യമാധ്യമങ്ങളും മറ്റും പ്രചരിപ്പിച്ചുവെങ്കിലും അതുണ്ടായില്ല. ജനറൽ അബ്‌ദൗ സുദിക്കോൻ ഇസ ജൂലൈ 27ന് ഇറക്കിയ പ്രസ്‌താവനയിൽ പറഞ്ഞത് ‘രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ നിലവിലുള്ള സാഹചര്യവുമായി ഒത്തുപോകാൻ സൈന്യം തയ്യാറാണ്’ എന്നായിരുന്നു. പ്രസിഡൻഷ്യൽ ഗാർഡുകളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ സ്വപ്‌നം കണ്ടവർക്ക് കനത്ത തിരിച്ചടിയായിരുന്നു ഈ പ്രസ്‌താവന. സൈന്യത്തിന്റെ പിന്തുണ ഉറപ്പായതോടെയാണ് പുതിയ പ്രസിഡന്റായി ബ്രിഗേഡിയർ ജനറൽ അബ്ദുറഹ്മാനെ ചിയാനി സ്വയം പ്രഖ്യാപിച്ചത്.
അട്ടിമറി ജനാധിപത്യത്തിന് തിരിച്ചടിയാണെങ്കിലും പുത്തൻ കൊളോണിയലിസത്തിനും പാശ്ചാത്യ ശക്തികൾക്കുമെതിരെ വൻ വിമർശവും ഇതോടൊപ്പം ഉയർന്നുവരുന്നുണ്ട്. സാമ്രാജ്യത്വ ശക്തികൾക്കെതിരെയുള്ള, പുത്തൻ കൊളോണിയലിസത്തിനെതിരെയുള്ള ജനങ്ങളുടെ അമർഷമാണ് അട്ടിമറിയിലേക്ക് നയിച്ചത് എന്ന ആഖ്യാനമാണ് പുറത്തുവരുന്നത്. 2020ൽ ഇതേ മേഖലയിലെ മാലിയിൽ തുടങ്ങിയ അട്ടിമറി പിന്നീട് ബുർകിന ഫാസോയിലും ഗിനിയിലും ആവർത്തിച്ചു. ഇപ്പോൾ നൈജറിലും.
ഫ്രാൻസിന്റെ കോളനിയായിരുന്നു സഹേൽ മേഖലയിലെ പ്രമുഖ രാഷ്ട്രമായ നൈജർ. ഫ്രാൻസിൽനിന്ന് സ്വാതന്ത്ര്യം നേടിയെങ്കിലും സമ്പൂർണ പരമാധികാരം കൈയാളാൻ നൈജറിലെ ഭരണാധികാരികൾക്ക് കഴിഞ്ഞിരുന്നില്ല. മുൻ കോളനി മേധാവിയും പാശ്ചാത്യശക്തികളായ അമേരിക്കയും യൂറോപ്യൻ യൂണിയനും മറ്റും അവരുടെ രാഷ്ട്രീയ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കാനായി നൈജറിനെപ്പോലുള്ള മുൻ കോളനികളെ സമർഥമായി ഉപയോഗിക്കുന്നത് തുടർന്നു. ധാതുലവണങ്ങൾ ഖനനം ചെയ്യുന്ന ബഹുരാഷ്ട്ര കുത്തകകൾ അവരുടെ ചൂഷണം സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു ശേഷവും നിർബാധം തുടർന്നു. നൈജർ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പ്രകൃതി, ധാതു സമ്പത്ത് തന്നെയാണ് സാമ്രാജ്യത്വ ശക്തികളെ പ്രധാനമായും അവിടെ നിൽക്കാൻ പ്രേരിപ്പിച്ചത്. ഉദാഹരണത്തിന് ഏറ്റവും ഗുണമേന്മയുള്ള യുറേനിയം നിക്ഷേപത്തിന്റെ കേന്ദ്രമാണ് നൈജർ. സ്വർണവും എണ്ണയും ഇവിടെയുണ്ട്. ലോകത്തെ യുറേനിയം ഉൽപ്പാദനത്തിന്റെ അഞ്ചുശതമാനവും ഈ രാജ്യത്തു നിന്നാണ്. ഫ്രാൻസിന്റെ പ്രധാന ഊർജസ്രോതസ്സ് എന്നു പറയുന്നത് നൈജറിൽനിന്നു ലഭിക്കുന്ന യുറേനിയംതന്നെയാണ്. മുൻ കോളനി മേധാവിയെന്ന നിലയിൽ നൈജറിനെ ചൂഷണം ചെയ്യാൻ അധികാരമുണ്ടെന്ന രീതിയിലാണ് ഫ്രാൻസിന്റെ പെരുമാറ്റം. നാലു ദശാബ്‌ധത്തിനിടയിൽ 50 തവണയെങ്കിലും ആഫ്രിക്കയിൽ ഫ്രാൻസ് സൈനികമായി ഇടപെട്ടിരുന്നു.
കോളനി മേധാവിത്വം അവസാനിച്ചെങ്കിലും ഇന്നും ഫ്രഞ്ച് സൈന്യം നൈജറിൽ നിലയുറപ്പിച്ചിട്ടുണ്ട്. തങ്ങളുടെ രാഷ്ട്രീയ‐ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഈ സൈനികശേഷി ഉപയോഗിക്കുന്നതിൽ ഫ്രാൻസ് ഒരിക്കലും മടിച്ചുനിന്നിട്ടില്ല. പ്രധാനമായും പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുന്നതിനാണ് ഈ സൈനികശേഷിയെ ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് യുറേനിയം കുഴിച്ചെടുക്കുന്ന ഫ്രഞ്ച് കമ്പനിയായ ഒറാനോയുടെ സംരക്ഷണത്തിനു വേണ്ടിയാണ് ഇർലിറ്റ് നഗരത്തിൽ ഫ്രഞ്ച് സേന നിലയുറപ്പിച്ചിട്ടുള്ളത്. ഫ്രഞ്ച് ചൂഷണത്തിന്റെ മറ്റൊരു രൂപമാണ് ഫ്രഞ്ച്‐ നൈജർ സംയുക്ത സംരംഭമായ സോമയർ കമ്പനി. ഫ്രാൻസിന്റെ അറ്റോമിക് എനർജി കമീഷനും രണ്ടു ഫ്രഞ്ച് സ്വകാര്യ കമ്പനിക്കുമാണ് സോമയറിലെ 85 ശതമാനം ഓഹരികളും ഉള്ളത്. നൈജർ സർക്കാരിന് വെറും 15 ശതമാനം ഓഹരി പങ്കാളിത്തം മാത്രമാണുള്ളത്. 42 ശതമാനം ജനങ്ങളും ദാരിദ്ര്യരേഖയ്‌ക്ക് കീഴിൽ കഴിയുന്ന യുഎൻ മനുഷ്യവികസന സൂചികയിൽ 189–-ാം സ്ഥാനത്തുള്ള രാജ്യത്താണ് മുൻ കോളനി മേധാവിയുടെ ഈ കടുത്ത ചൂഷണം നടക്കുന്നത്. |
ഇത് നൈജറിന്റെമാത്രം ദുർഗതിയായിരുന്നില്ല. ഫ്രാൻസ് അടക്കി ഭരിച്ച ആഫ്രിക്കയിലെ മിക്ക രാജ്യങ്ങളുടെയും സ്ഥിതിയാണിത്. അമേരിക്കയാകട്ടെ ഈ പുത്തൻ കൊളോണിയൽ താൽപ്പര്യത്തിന് വേണ്ടത്ര പ്രോത്സാഹനവും നൽകി. ഫ്രാൻസിന് നൈജറിൽ ഉള്ളതിനേക്കാൾ സൈനിക സാന്നിധ്യം അമേരിക്കയ്‌ക്കുണ്ട്. ലോകത്തിലെതന്നെ ഏറ്റവും വലിയ ഡ്രോൺ കേന്ദ്രങ്ങളിൽ ഒന്ന് അമേരിക്ക നിർമിച്ചത് നൈജറിലെ അഗാദേസിലാണ്. ഇതടക്കം മൂന്നു സൈനികത്താവളം അമേരിക്കയ്‌ക്കുണ്ട്. ഫ്രാൻസും അമേരിക്കയും യൂറോപ്യൻ യൂണിയനും പാശ്ചാത്യശക്തികൾക്ക് ചൂട്ടുപിടിക്കുന്ന ഇക്കോണമിക് കമ്യൂണിറ്റി ഓഫ് വെസ്റ്റ് ആഫ്രിക്കൻ കൺട്രീസ് (ഇക്കോവാസ്) തുടങ്ങിയ സംഘടനകളുമാണ് നൈജറിന്റെ പരമാധികാരം ചവിട്ടിമെതിക്കുന്നത്.
സ്വാഭാവികമായും ഇതിനെതിരെ ആഫ്രിക്കയിലെമ്പാടും പ്രതിഷേധം ഉയർന്നു. ഫ്രഞ്ച് കോളനിയായിരുന്ന മാലിയിലും ഗിനിയയിലും ബുർകിന ഫാസോവിലുമടക്കം അട്ടിമറികൾ നടന്നു. ഈ അട്ടിമറികളൊക്കെ ഏറിയും കുറഞ്ഞും ഫ്രാൻസിന്റെ ഇപ്പോഴും തുടരുന്ന ആധിപത്യം കുടഞ്ഞെറിയാനായിരുന്നു.
ലോകരാഷ്ട്രീയത്തിൽ അമേരിക്കയുടെ പിടി അയയുകയാണ് എന്നതിന്റെ ലക്ഷണം കൂടിയാണ് ഈ അധികാരമാറ്റങ്ങൾ. ചൈനയ്‌ക്കും റഷ്യക്കും ആഫ്രിക്കയിൽ വർധിച്ചുവരുന്ന സ്വാധീനവും ഇതിനു കാരണമാണ്. നൈജറിൽ അട്ടിമറി നടന്ന ഉടൻതന്നെ അമേരിക്കയും ഫ്രാൻസും യൂറോപ്യൻ യൂണിയനും അതിനെ അപലപിച്ച് രംഗത്ത് വന്നിരുന്നു. ആഫ്രിക്കൻ സംഘടന പുതിയ ഭരണാധികാരിക്ക് അധികാരം ഒഴിയാൻ അന്ത്യശാസനവും നൽകി. പാശ്ചാത്യശക്തികൾ നൈജറിൽ ഇടപെടുമെന്നും ശ്രുതി പരന്നു. എന്നാൽ, ഒന്നും സംഭവിച്ചില്ല. നൈജറിലെ പുതിയ ഭരണാധികാരികൾ ഫ്രാൻസിനോട് സൈന്യത്തെ ഒരു മാസത്തിനകം പിൻവലിക്കാൻ ആവശ്യപ്പെട്ടു. ഫ്രാൻസിന് യുറേനിയം കയറ്റുമതി ചെയ്യുന്നത് അവസാനിപ്പിക്കുമെന്ന പ്രസ്‌താവനയും പുറത്തുവന്നു. നൈജറിൽ ഫ്രാൻസിന്റെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റുകയായിരുന്നു. അട്ടിമറിക്ക് സൈനിക പിന്തുണ ഉണ്ടാകില്ലെന്ന കണക്കുകൂട്ടൽ ആദ്യമേ തെറ്റി. ജനങ്ങൾ അട്ടിമറിയെ പിന്തുണയ്‌ക്കില്ലെന്ന് ഫ്രാൻസ് കരുതിയെങ്കിലും പുതിയ ഭരണാധികാരിക്ക് ദിനംതോറും ജനപിന്തുണ വർധിക്കുന്ന കാഴ്‌ച മാക്രോണിനെ തളർത്തി. മാത്രമല്ല, പാശ്ചാത്യശക്തികളുടെ ഇടപെടലിനെതിരെ അൾജീരിയ ഉൾപ്പെടെയുള്ള രാഷ്ട്രങ്ങൾ പരസ്യമായി രംഗത്ത് വരികയും ചെയ്‌തു. പാശ്ചാത്യശക്തികളുടെ കൈയിൽനിന്ന് നൈജർ തെന്നിപ്പോകുകയാണെന്ന് വാഷിങ്‌ടൺ പോസ്റ്റ് വിലയിരുത്തി.
നൈജറിൽ അട്ടിമറി നടന്നതിന്റെ തൊട്ടടുത്ത ദിവസമാണ് റഷ്യ‐ ആഫ്രിക്ക ഉച്ചകോടി സെന്റ് പീറ്റേഴ്‌സ് ബർഗിൽ നടന്നത്. 18 രാഷ്ട്രത്തലവന്മാർ ഉൾപ്പെടെ 46 ആഫ്രിക്കൻ രാജ്യത്തെ പ്രതിനിധികൾ ഈ ഉച്ചകോടിയിൽ പങ്കെടുത്തു. ആഫ്രിക്കൻ രാഷ്ട്രങ്ങൾ റഷ്യക്ക് നൽകാനുള്ള 23 ബില്യൺ ഡോളറിന്റെ 90 ശതമാനവും എഴുതിത്തള്ളുമെന്ന റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ പ്രസ്‌താവന റഷ്യയും ആഫ്രിക്കയും തമ്മിൽ ശക്തമാകുന്ന ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. മാലിക്കും ബുർകിനോഫാസോക്കുമടക്കം ആറ് രാഷ്ട്രത്തിന് 50,000 ടൺ ധാന്യം സൗജന്യമായി നൽകുമെന്ന പ്രഖ്യാപനവും പുടിൻ നടത്തി. ഇതെല്ലാം വിരൽ ചൂണ്ടുന്നത് ആഫ്രിക്കയെ പഴയപോലെ ചൂഷണം ചെയ്യാൻ പാശ്ചാത്യശക്തികൾക്ക് ഇനി കഴിയില്ലെന്നാണ്. ബഹുധ്രുവലോകം ആഫ്രിക്കയ്‌ക്കു മുമ്പിൽ വലിയ സാധ്യതകളാണ് തുറന്നിടുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..