15 December Monday

ആധാറും ദാരിദ്ര്യനിർമാർജനത്തിന്റെ കേരള മാതൃകയും

ജി സാജൻUpdated: Friday Sep 8, 2023


ഞാൻ സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ എഴുതിയിട്ടുള്ളത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ ( MGNREG) പദ്ധതിയെക്കുറിച്ചാണ്. ജാൻ ഡ്രീസിന്റെ ‘സെൻസ് ആൻഡ് സോളിഡാരിറ്റി’ വായിച്ചതിനുശേഷമാണ് ഈ പദ്ധതിയോട് വല്ലാത്ത ആകർഷണം തോന്നിയത്. തൊഴിൽ അവകാശമാക്കി എന്നതാണ് ഈ പദ്ധതിയുടെ മേന്മയായി മനസ്സിലാക്കുന്നത്. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്താണ് തൊഴിൽ, വിവരം, ഭക്ഷണം, വനങ്ങളിൽ ആദിവാസി സമൂഹത്തിനുള്ള അധികാരം എന്നിവ അവകാശങ്ങളായി മാറിയത്.

പ്രധാനപ്പെട്ട ഒരു ദാരിദ്ര്യനിർമാർജന പദ്ധതിയായി ഇത് മാറി. ഈ പദ്ധതി ഏകദേശം 20 വർഷത്തിനുശേഷവും ഇന്ത്യൻ ഗ്രാമങ്ങളുടെ ചാലകശക്തിയായി തുടരുകയാണ്. ഇന്ത്യയിൽ എവിടെ യാത്ര ചെയ്താലും ഇവരുടെ ചെറിയ സംഘങ്ങൾ കാണാം. കൂടുതലും സ്ത്രീകൾ. കുടുംബശ്രീയിൽ എന്നപോലെ ഇവർക്കിടയിലും വലിയൊരു സൗഹൃദ കൂട്ടായ്മയുണ്ട്.  

മോദി സർക്കാർ തുടക്കംമുതലേ ഈ പദ്ധതിക്ക്‌ എതിരായിരുന്നു. സർക്കാരിന്റെ വലിയ പരാജയത്തിന്റെ സ്മാരകമായി ഇത് തുടരട്ടെ എന്നാണ് തുടക്കത്തിൽ മോദി പറഞ്ഞത്. കഴിഞ്ഞ ബജറ്റിൽ പദ്ധതിക്കായി നീക്കിവച്ച 60,000 കോടിരൂപ ഏറെ കുറവായിരുന്നു. എന്നാൽ, ഇപ്പോൾ സവിശേഷമായ ഒരു പ്രശ്നം ഉണ്ടായിരിക്കുന്നു. ആധാറും തൊഴിലുറപ്പുരേഖയുമായി ബന്ധിപ്പിച്ചാൽ മാത്രമേ വേതനം ലഭിക്കൂ എന്ന നിബന്ധന വന്നതിനുശേഷം 42 ശതമാനം തൊഴിലാളികൾക്കും വേതനം കിട്ടുന്നില്ലെന്നാണ്‌ റിപ്പോർട്ട്‌. അസം, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഇത്‌ ഏറ്റവും രൂക്ഷമായിരിക്കുന്നത്. ഇതുവരെ അഞ്ചുകോടി MGNREGA കാർഡുകൾ റദ്ദാക്കി. ഇത് രൂക്ഷമായ പ്രതിസന്ധിയിലേക്കാണ് നയിക്കുക. പദ്ധതി പൂർണമായും തകർന്നുപോയേക്കാം. ഇന്ത്യ പോലെ ഇത്രയേറെ സങ്കീർണമായ ഒരു രാജ്യത്ത് ആധാർ പോലുള്ള സാങ്കേതികവിദ്യകൾ ഒരു പരിഹാരവുമല്ലെന്ന് മാത്രമല്ല, വലിയ സാമൂഹ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുമെന്ന്‌ പല വിദഗ്‌ധരും ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോൾ, അതിന്റെ പ്രത്യാഘാതങ്ങൾ സമൂഹം അറിഞ്ഞുതുടങ്ങുന്നു.

സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോൾ നമ്മൾ അതിനൊപ്പം ചെയ്യേണ്ട ഏറ്റവും പ്രധാന കാര്യമെന്താണ്. അത്, സമൂഹത്തിൽ ഏറ്റവും ദരിദ്രരായ മനുഷ്യർക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെന്ന്‌ ഉറപ്പാക്കണം. ഇവിടെയാണ് കേരളത്തിൽ നടന്ന അതിതീവ്ര ദാരിദ്ര്യനിർമാർജന പ്രവർത്തനം പ്രസക്തമാകുന്നത്. ഈ പദ്ധതിയുടെ ഭാഗമായി 64,006 വീടുകൾ ഈ ഗണത്തിൽ ഉണ്ടെന്ന്‌ സർക്കാർ കണ്ടെത്തി. പക്ഷേ, നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ ഇ തൊന്നും കാണുന്നില്ല, ഗൗരവമായി എടുക്കുന്നില്ല.
സർക്കാർ കണ്ടെത്തിയ ഇത്രയും കുടുംബങ്ങളിൽ 12,763 കുടുംബങ്ങൾ പട്ടികജാതി വിഭാഗത്തിൽപ്പെടുന്നതാണ്. 3021 പട്ടികവർഗ കുടുംബങ്ങളും. ഇവരിൽ 34 ശതമാനം വീടുകൾ ആവശ്യത്തിന് വരുമാനം ഇല്ലാത്തതാണ്. 24 ശതമാനത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ട്. 21  ശതമാനത്തിന് ഭക്ഷണമില്ല. 15 ശതമാനത്തിന് വീടില്ല. എല്ലാ വീട്ടിലും വിവിധതരത്തിലുള്ള പ്രശ്നങ്ങളുണ്ട്. ഇവരെ 2026 നുള്ളിൽ ദാരിദ്ര്യത്തിൽനിന്ന് മോചിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ദൗത്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയുമാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നത്. ഈ കുടുംബങ്ങൾക്ക് പൂർണമായ സാമൂഹ്യസുരക്ഷ ഉറപ്പാക്കുക എന്നതാണ് പരിപാടി.

ആദ്യം ഉറപ്പുവരുത്തിയത് ഇവർക്കെല്ലാം കൃത്യമായ  വിലാസരേഖകൾ ഉണ്ടാക്കുകയെന്നതാണ്. അങ്ങനെ ഇപ്പോൾ 79 ശതമാനംപേർക്ക് ആധാർ കാർഡും 74 ശതമാനംപേർക്ക് റേഷൻ കാർഡും 72 ശതമാനംപേർക്ക് വോട്ടർ ഐഡിയും ഉറപ്പാക്കിക്കഴിഞ്ഞെന്ന്‌ സംസ്ഥാന പ്ലാനിങ്‌ ബോർഡ് അംഗം ഡോ. ജിജു പി അലക്സ് പറയുന്നു. ഇതിന്റെ ഭാഗമായുള്ള പദ്ധതികൾക്കായി ഈവർഷം 90.03 കോടി രൂപ സർക്കാർ മാറ്റിവച്ചിട്ടുണ്ട്. ഒരു ആധുനികസമൂഹം,  ഭരണനേതൃത്വം എങ്ങനെയാണ് പെരുമാറേണ്ടത് എന്നതിന്റെ നല്ല ഉദാഹരണമാണ്‌ കേരളത്തിന്റെ മാതൃക. ഇത്തരം പദ്ധതികൾ  ആവിഷ്‌കരിച്ചാൽ സാങ്കേതികവിദ്യകളാൽ പുറത്താകുന്ന വീടുകളെയും വ്യക്തികളെയും നമുക്ക് കണ്ടെത്താനും കൂടെ നിർത്താനും പറ്റും. ആ രീതിയിൽ ദേശീയമായി ശ്രദ്ധിക്കാവുന്ന ഒരു പരിപാടിയായി ഇത് മാറും.

(ശാസ്‌ത്രപ്രചാരകനായ ലേഖകൻ ദൂരദർശൻ
 തിരുവനന്തപുരം കേന്ദ്രം മുൻ പ്രോഗ്രാം മേധാവിയാണ്‌)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top