ലോകത്തിനുതന്നെ മാതൃകയായ സുശക്തമായ ആരോഗ്യസംരക്ഷണ സംവിധാനങ്ങളാണ് കേരളം കൈവരിച്ചിട്ടുള്ളത്. ചെറുഗ്രാമങ്ങളിലടക്കം ഡോക്ടർമാരുടെ സേവനവും രോഗനിർണയ പരിശോധനയും കൃത്യമായി നടക്കുന്നുണ്ട്. പക്ഷേ, ഇതോടൊപ്പം നീങ്ങേണ്ടതായ ഫാർമസി മേഖലയിൽ ഇപ്പോഴും ചില പോരായ്മകൾ നിഴലിക്കുന്നുണ്ട്. രോഗനിർണയം കഴിഞ്ഞ് ലഭിക്കുന്ന മരുന്നുകൾ എങ്ങനെ ഉപയോഗിക്കണമെന്ന് കൃത്യമായ അറിവ് ലഭിക്കാത്തത് ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
മരുന്നുകൾ വീടുകളിൽ സൂക്ഷിക്കേണ്ടത്, കഴിക്കുന്ന ഇടവേളകൾ, ഒന്നിച്ച് കഴിക്കുന്ന മറ്റു മരുന്നുകൾ, പാനീയങ്ങൾ, ഭക്ഷണങ്ങൾ തുടങ്ങിയ നിരവധിയായ കാര്യങ്ങളിൽ രോഗികൾ ശ്രദ്ധിക്കണം. മറ്റു മരുന്നുകളും ഭക്ഷണവും കഴിക്കുന്ന മരുന്നുമായി പ്രതിപ്രവർത്തിച്ച്, അനുബന്ധ രോഗങ്ങൾക്കും ജീവനുതന്നെ അപകടം വരുത്താനും കാരണമായേക്കാം. ആന്റിബയോട്ടിക്കുകൾ കൃത്യമായ ഇടവേളകളിലും കോഴ്സ് പൂർത്തീകരിച്ചും കഴിച്ചാൽ മാത്രമേ രോഗാണുവിനെ പൂർണമായി നശിപ്പിക്കാൻ കഴിയുകയുള്ളൂ. അല്ലാതെയായാൽ ആന്റിബയോട്ടിക് റസിസ്റ്റൻസ് എന്ന മാരകമായ പ്രതിഭാസത്തിന് കാരണമായേക്കും. വീടുകളിൽ ഉപയോഗശൂന്യമായ മരുന്നുകൾ എങ്ങനെ നശിപ്പിക്കണമെന്നറിയാതെ മണ്ണിലേക്കും ജലാശയത്തിലും കളഞ്ഞ് വീണ്ടും മനുഷ്യശരീരത്തിൽ എത്താൻ സാധ്യതയുണ്ട്.
സ്വയം ചികിത്സയും മരുന്നുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിന് പുറമെ ദുരുപയോഗങ്ങളും വർധിച്ചുവരികയാണ്. ചെറിയ അസുഖങ്ങൾക്കുപോലും ആന്റിബയോട്ടിക്കുകളും സ്റ്റിറോയ്ഡുകൾ അടങ്ങുന്ന മരുന്നുകളും സ്വയം വാങ്ങി കഴിക്കുന്നതും പതിവാണ്. വേദനസംഹാരികളും ചുമ മരുന്നുകളും ലഹരിക്കായി ഉപയോഗിക്കുന്നുണ്ട്. രോഗികളുടെ അനുപാതത്തിനനുസരിച്ച് ഫാർമസികളിൽ ഫാർമസിസ്റ്റും പേഷ്യന്റ് കൗൺസലിങ് സംവിധാനവും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ അത്യാവശ്യമാണ്. പക്ഷേ, ഫാർമസികളിലെ തിരക്കു കാരണം, ഫാർമസിസ്റ്റിന് മരുന്നുകളെക്കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ സമയം ലഭിക്കുന്നില്ല. ഗവേഷണമേഖലയിൽ പുതിയ ആന്റിബയോട്ടിക്കുകൾ കണ്ടെത്താൻ കഴിയാത്തത് ആരോഗ്യമേഖല നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്. വാക്സിനേഷൻ തെറാപ്പിയിലും മറ്റു പുതിയതരം അസുഖങ്ങൾ കണ്ടെത്തുന്നതിലും ഇതേ വെല്ലുവിളിയുണ്ട്. ആരോഗ്യപരിപാലന ചെലവും മരുന്നുകളുടെ വിലവർധനയും സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ടാകുകയാണ്. മരുന്നുകളുടെ യുക്തിസഹമായ ഉപയോഗം ഏറ്റവും ഉത്തരവാദിത്വത്തിൽ പ്രോത്സാഹിപ്പിക്കേണ്ട സ്വകാര്യമേഖലയിലെ ഫാർമസിസ്റ്റ്മാർക്ക് മതിയായ വേതനമല്ല ലഭ്യമാകുന്നത്. ഇക്കാരണത്താൽത്തന്നെ മേഖലയിൽ അരക്ഷിതാവസ്ഥ ഇപ്പോൾ വലുതായിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥ മാറ്റേണ്ടത് മേഖലയുടെമാത്രം ആവശ്യമല്ല, സമൂഹത്തിന്റെ അനിവാര്യതയാണ്. ഫാർമസിസ്റ്റുകളുടെ വൈദഗ്ധ്യം പൊതുജനങ്ങൾ ഫലപ്രദമായി വിനിയോഗിക്കുന്നുണ്ടോയെന്ന് എല്ലാവരും ചിന്തിക്കണം.
കഴിഞ്ഞ ദിവസത്തെ ഫാർമസിസ്റ്റ് ദിനാചരണത്തിന്റെ വിഷയം "ആരോഗ്യസംവിധാനങ്ങളെ ശക്തിപ്പെടുത്തുന്ന ഫാർമസിസ്റ്റുകൾ’ എന്നതായിരുന്നു. ആരോഗ്യസംരക്ഷണ ആവാസവ്യവസ്ഥയിൽ ഫാർമസിസ്റ്റ് വഹിക്കുന്ന നിർണായക പങ്കിനെ അത് അടിവരയിടുന്നു. ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കുന്നതിലും രോഗം തടയുന്നതിനും ആരോഗ്യസേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഫാർമസിസ്റ്റുകളുടെ അറിവും വൈദഗ്ധ്യവും അർപ്പണബോധവും ഒഴിച്ചുകൂടാനാകാത്തതാണ്.
(കേരള ഫാർമസി കൗൺസിൽ പ്രസിഡന്റാണ്
ലേഖകൻ)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..