20 April Saturday

ആരോഗ്യരംഗവും സുരക്ഷയും

ഡോ. ദീപ നായർUpdated: Sunday May 14, 2023

ഓരോ ആരോഗ്യപ്രവർത്തകർ ആക്രമിക്കപെടുമ്പോഴും, അത് വാർത്തയാകുമ്പോഴും മനസ്സിൽ തോന്നാറുള്ളത് സങ്കടവും, ദേഷ്യവും, നിസ്സഹായാവസ്ഥയുമൊക്കെ ഇടകലർന്ന ഒരു വികാരമാണ്. ആരോഗ്യമേഖലയിൽ ഉള്ള ആളുകൾക്ക് ഈ വികാരം മനസ്സിലാക്കാൻ പ്രയാസമില്ല. പുറത്തുള്ള എല്ലാവർക്കും അത് മനസിലായിക്കൊള്ളണമെന്നില്ല. ചിലർ മനസ്സിലാക്കും, മറ്റു ചിലർക്കു സന്ദിഗ്ധമായ അഭിപ്രായമായിരിക്കും, ചുരുക്കം ചിലർ അതിനെ ന്യായീകരിക്കും. എത്ര കണ്ടു വിശദീകരിച്ചാലും പൂർണ്ണമായി നമ്മുടെ ചിന്താധാരയും, അവസ്ഥയും മറ്റൊരാൾ മനസ്സിലാക്കണം എന്നില്ലല്ലോ. എപ്പോഴുമെന്ന പോലെ വാർത്തയും, സാമൂഹ്യ മാധ്യമങ്ങളിലെ രോഷവും, സമരവും ഒക്കെ കെട്ടടങ്ങുമ്പോൾ ഇത് സ്ഥിതിവിവരപ്പട്ടികയിൽ ഒതുങ്ങി പോകും. ആക്രമണം നേരിട്ടവർ ഒഴികെ മറ്റെല്ലാരും ഇത് മറക്കും. വീണ്ടും മറ്റൊരു വാർത്ത വരും. ആരോരും അറിയാതെ പോകുന്നവയാണ് അധികവും. എന്നാൽ ഡോക്‌ടർ വന്ദനയ്‌ക്കു സംഭവിച്ചത് ഒരിക്കലും മറക്കാനും മായ്‌ക്കാനും പറ്റുന്ന ഒന്നല്ല. സമൂഹത്തിന് ഒരു ഡോക്ടറെക്കാളുപരി, ഒരച്ഛനും അമ്മയ്‌ക്കും അവരുടെ കുഞ്ഞിനെ ആണ് നഷ്‌ടപ്പെട്ടത്.

ഇരുപതു വർഷത്തോളമായി കേരളത്തിലും, യുഎഇയിലും ഉള്ള ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ ജോലി ചെയ്‌തിട്ടുള്ള ഒരാളെന്ന നിലയിൽ പല രീതിയിലുള്ള സംഘർഷാവസ്ഥകളും തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്. സുരക്ഷ അപകടത്തിലാകുമായിരുന്ന സന്ദർഭങ്ങളിൽ നിന്നും ഭാഗ്യം കൊണ്ട് രക്ഷപെട്ടിട്ടുണ്ട്. ഇരുപത്തിരണ്ടു വയസ്സുവരെ സമൂഹത്തിലെ ക്രിമിനൽ വ്യക്‌തിത്വങ്ങളെയും സാമൂഹ്യവിരുദ്ധരെയുമൊക്കെ മുഖാമുഖം നേരിടേണ്ട ആവശ്യമോ പരിചയമോ ഇല്ലാത്ത ഒരു വ്യക്തി പൊടുന്നനെ, ദിവസേന ഇവരെ നേരിടേണ്ട അവസ്ഥ ഉണ്ടാക്കുന്നത് ചെറിയ തോതിലുള്ള സമ്മർദ്ദമല്ല എന്നോർക്കണം. ഇത് ഡോക്‌ടർമാരുടെ മാത്രം അവസ്ഥയല്ല, മറിച്ച് നഴ്‌സുമാരുടെയും ആരോഗ്യരംഗത്തു പ്രവർത്തിക്കുന്ന ഓരോ മനുഷ്യരുടെയും അനുഭവമാണ്. ക്രിമിനലുകൾ, അക്രമാസക്തരാകുന്നവർ, മദ്യം, ലഹരി എന്നിവ ഉപയോഗിക്കുന്നവർ, ലൈംഗിക അപരാധങ്ങൾ ചെയ്യുന്നവർ, ഇങ്ങനെ സമൂഹത്തിന്റെ പരിച്ഛേദത്തിലുള്ള പലതരം വ്യക്തികളുമായി ഇടപഴകേണ്ടിവരും.

രാത്രിസമയത്തു ജോലി ചെയ്യുന്നവർക്ക് അപകടസാധ്യത ഒന്നുകൂടി കൂടതലാണ്. ആരോഗ്യപ്രവർത്തനരംഗത്തുള്ള ഓരോരുത്തർക്കും എന്തെങ്കിലും ദുരാനുഭവങ്ങൾ ജീവിതത്തിൽ എപ്പോഴെങ്കിലും നേരിടേണ്ട സന്ദർഭമുണ്ടായിട്ടുണ്ട്. ഇത് മറ്റു ജോലികളെ അപേക്ഷിച്ചു വളരെ കൂടുതലാണ്. ഇതിൽ മദ്യാസക്‌തിയിലോ ലഹരിക്കടിമയായോ അക്രമാസക്തരാകുന്ന രോഗികളുടെ എണ്ണം വലുതാണ്. ഇവർക്ക് നമ്മൾ പ്രതീക്ഷിക്കാത്ത എന്തും ആയുധമായി ഉപയോഗിക്കാം. മേശയിൽ ഇരിക്കുന്ന പേനയോ പെൻസിലോ വരെ. ശാന്തരായി വന്നു ആരും പ്രതീക്ഷിക്കാതെ തന്നെയാണ് പലപ്പോഴും ഇവർ അക്രമാസക്തരാകുന്നത്. അതിനാൽ തന്നെ ഡോക്‌ടർ വന്ദനയുടേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല.

ഇത് ആർക്കു വേണമെങ്കിലും സംഭവിച്ചു കൂടായിരുന്നോ? വന്ദനയ്‌ക്കു പകരം അയാൾ റോഡിലോ അയല്പക്കത്തൊ ഉള്ള ആരെ വേണമെങ്കിലും കുത്താമായിരുന്നല്ലോ? എന്ന ചോദ്യങ്ങൾക്ക് ഒരുത്തരമേ ഉള്ളൂ. ആർക്കു വേണമെങ്കിലും സംഭവിക്കാമായിരുന്നു, പക്ഷെ ആശുപത്രികളിൽ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മദ്യത്തിനും ലഹരിക്കും അടിമയായിട്ടുള്ളവർ പലപ്പോഴും ചികിത്സ തേടി അത്യാഹിതവിഭാഗത്തിൽ വരുന്നത് ഇവയുടെ സ്വാധീനത്തിന്റെ മൂർദ്ധന്യത്തിലോ വിത്‌ഡ്രോവൽ സമയത്തോ ഒക്കെ ആകും. പലപ്പോഴും ഇവർ സംഘർഷത്തിനൊടുവിലോ , അത്യാഹിതങ്ങളിൽ പെട്ട് ഗൗരവമുള്ള മുറിവുകളോടെയോ മറ്റോ ആകും വരുക. മുറിവിലും അവരുടെ ജീവൻ നിലനിർത്തുന്നതിലും ഒക്കെ ആകും ഡോക്‌ടറും നഴ്സും മറ്റു ജീവനക്കാരും ശ്രദ്ധിക്കുന്നത്. ഇതിനിടെയാണ് പലരും അക്രമാസക്തരാകുന്നതും. ജീവൻ രക്ഷിക്കുകയാണെന്നോ, മുറിവ് തുന്നുകയാണെന്നോ രോഗിക്ക് മനസ്സിലാക്കാനുള്ള അവസ്ഥ ആകണമെന്നില്ല. അതിനാൽ തന്നെ ആശുപത്രികളിൽ വെച്ചുള്ള ആക്രമണങ്ങൾ അധികമാകുന്നു.

പ്രതീക്ഷാത്ത ആക്രമണം പരിശീലനമൊന്നുമില്ലാത്ത ആളുകൾ നേരിടുന്നത് ഒരു പോലെ ആകണമെന്നില്ല. ചിലർ തിരിച്ചു ആക്രമിക്കും, ചിലർ ഓടും, ചിലർ സ്തംഭിച്ചു നിൽക്കും. ഇതെല്ലാം തന്നെ നമ്മുടെ ശരീരത്തിന്റെ ഇച്ഛാപൂർവ്വമല്ലാത്ത പ്രതികരണങ്ങളാണ്. ഇങ്ങനെയുള്ള അവസരങ്ങളിൽ ശരീരം എപ്പോൾ എങ്ങനെ പ്രതികരിക്കുമെന്നത് പറയാൻ സാധിക്കുന്ന ഒന്നല്ല. രോഗിയെ ചികിത്സിക്കാനുള്ള ഏകാഗ്രത, നിമിഷനേരത്തിലെടുക്കേണ്ട പ്രധാനപ്പെട്ട തീരുമാനങ്ങൾ, ചികിത്സിക്കുന്ന സ്റ്റാഫ് അംഗങ്ങൾ തമ്മിലുള്ള സമന്വിതമായ ആശയവിനിമയം എന്നിങ്ങനെ പലതും ചേർന്നുള്ള ഒരു ടീം വർക്ക് ആണ് അത്യാഹിത വിഭാഗങ്ങളിൽ നടക്കുന്നത്. മാനസിക സമ്മർദ്ദത്തിനൊപ്പം ഭയം ഉണ്ടാകുന്ന അവസ്ഥ വന്നാൽ തീരുമാനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ എടുക്കാനുള്ള കഴിവിനെ തീർച്ചയായും ബാധിക്കും. മൂർച്ചയുള്ള ഉപകരണങ്ങൾ തുടങ്ങി ആയുധമായി ഉപയോഗിക്കാൻ പറ്റുന്ന പലതും രോഗിക്ക് എളുപ്പം ലഭ്യമാകുന്ന ഒരു സ്ഥലമാണത്. സെക്യൂരിറ്റി സ്റ്റാഫ് അംഗങ്ങളുടെ സേവനം ലഭ്യമാണെങ്കിലും തിരക്കുള്ള ആശുപത്രികളിൽ, അല്ലെങ്കിൽ പരിശീലനം ഇല്ലാത്തതു കാരണമോ ഒക്കെ അക്രമാസക്‌തരാകുന്ന രോഗിയെ കീഴ്പ്പെടുത്താൻ അവർക്കു സാധിക്കാതെ വന്നേക്കാം. വിഭ്രാന്തി, അസ്വസ്ഥത എന്നിവ കാണപ്പെടുന്ന രോഗികളെ ആശുപത്രിയിൽ കൊണ്ട് വരുമ്പോൾ, പ്രത്യേകിച്ച് ലഹരി ഉപയോഗിക്കുന്ന ശീലമുള്ളവരാണെങ്കിൽ, അവർ അക്രമാസക്തരല്ലെങ്കിൽ പോലും മതിയായ സുരക്ഷ ഉറപ്പു വരുത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഇത് മനസ്സിലാക്കാനുള്ള പരിശീലനം, രോഗിയെ അപായപ്പെടുത്താതെ കീഴ്പ്പെടുത്താൻ സഹായിക്കുന്ന പെപ്പർ സ്പ്രേ, വൈദ്യുത തോക്ക് എന്നിവ ഉത്തരവാദിത്വപരമായി ഉപയോഗിക്കാനുള്ള പരിശീലനം എന്നിവ ലഭിച്ച സെക്യൂരിറ്റി ജീവനക്കാരുടെ സാന്നിദ്ധ്യം ആശുപത്രികളിൽ അത്യാവശ്യം വേണ്ടതാണ്.

ആശുപത്രി ആക്രമണങ്ങൾ ലോകത്ത് എവിടെയും സംഭവിക്കാവുന്ന ഒന്നാണ്. രോഗി ആരായാലും രോഗിയുടെ അവസ്ഥ എന്തായാലും ചികിൽസിക്കേണ്ട ഉത്തരവാദിത്വം ആരോഗ്യപ്രവർത്തകർക്കുണ്ട്. ബോധത്തോടെ വരുന്ന രോഗികൾ കാണിക്കുന്ന ആക്രമണങ്ങളിൽ നിന്ന് ഈ സംഭവം വ്യത്യസ്തമാണ്. ബോധമുള്ള രോഗികൾക്ക് അവകാശങ്ങൾ ഉള്ളത് പോലെ തന്നെ ഉത്തരവാദിത്വങ്ങളും ഉണ്ട്. പുറം രാജ്യങ്ങളിൽ പലയിടത്തും ഇവ ആശുപത്രിയിൽ തന്നെ എഴുതി വെച്ചിരിക്കുന്നത് കാണാനാകും. അവിടങ്ങളിൽ ഇതിനെ പറ്റിയുള്ള പരിജ്ഞാനം അവർ സമൂഹത്തിനു നൽകാറുണ്ട്. അതിലൊന്നാണ്, സ്റ്റാഫിനോടും മറ്റു രോഗികളോടും ബഹുമാനത്തോടെ പെരുമാറണമെന്നതും പെരുമാറ്റമര്യാദ കാണിക്കണമെന്നതും. എല്ലാവരും എപ്പോഴും ഇത് പാലിച്ചില്ലെങ്കിലും, അതിരു വിട്ട പെരുമാറ്റരീതി, അധിക്ഷേപം എന്നിവ ശിക്ഷാർഹമാണ്. തിരിച്ചു ആരോഗ്യപ്രവർത്തകർക്കും ഇത് ബാധകമാണ്. ഇത് രണ്ടു കൂട്ടരെയും ഒരു പരിധി വിട്ടു പ്രകോപിതരാകാതിരിക്കാൻ സഹായിക്കും. അക്രമാസക്തരാകുകയോ, ആക്രമിക്കുകയോ ചെയ്യുകയാണെങ്കിൽ, സമയതാമസമില്ലാതെ തക്ക ശിക്ഷയും നൽകാറുണ്ട്.

അസ്വാഭാവിക സാഹചര്യങ്ങളിൽ അത്യാഹിതവിഭാഗത്തിൽ പുതിയൊരു രോഗിയെ ആണ് കൊണ്ടുവരുന്നതെങ്കിൽ കൂടി, അവർ എത്ര സമാധാനമായി ആണ് പെരുമാറുന്നതെങ്കിലും, കൊണ്ട് വരുന്ന എമർജൻസി മെഡിക്കൽ ടെക്‌നീഷ്യന്മാരോ പോലീസുകാരോ രോഗികൾക്ക് ഉണ്ടായേക്കാവുന്ന അവസ്ഥകളെ പറ്റി ജാഗ്രതയുള്ളവരായിരിക്കും. അവർ അക്രമാസക്തരായാൽ അവരെ നിഷ്‌ക്രിയരാക്കാൻ പരിശീലനം ലഭിച്ചവരുമായിരിക്കും. ആശുപത്രികളിൽ തന്നെ, ആക്രമണം നടത്താൻ സാധ്യതയുള്ള രോഗികളെ നേരിടാനും നിയന്ത്രിക്കാനും തയ്യാറായ പരിശീലനം ലഭിച്ച, വേണ്ടത്ര സജ്ജീകരണങ്ങളോടുകൂടിയ ഒരു സംഘം കാണും. രോഗിയെ പരിശോധനയ്‌ക്കു വിധേയമാക്കുന്നതിനു മുൻപ് ഇവരുടെ സേവനം അഭ്യർത്ഥിക്കാം. അവർ വ്യവസ്ഥാനുസൃതമായി പ്രവർത്തിക്കാൻ പരിജ്ഞാനം ഉള്ളവരാണ് . രോഗിയെ ഇവരുടെ സാന്നിധ്യത്തിൽ പരിശോധിക്കാം.

ഏതൊരു സംവിധാനത്തെയും പോലെ തന്നെ പൂർണ്ണമായി കുറ്റമറ്റതല്ലെങ്കിലും ഇവരൊക്കെ അടുത്തുള്ളപ്പോൾ രോഗിയുടെ പക്കൽ നിന്ന് എന്തെങ്കിലും അപകടം സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്. അത് സ്റ്റാഫിന് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. സുരക്ഷാപോരായ്‌മകൾ, നിർദ്ദേശങ്ങൾ എന്നിവ നമുക്ക് വേണ്ടപ്പെട്ടവരെ ബോധിപ്പിക്കാം. വേണ്ട മാറ്റങ്ങൾ കൊണ്ടുവരാം. അത്യാഹിത വിഭാഗങ്ങളിൽ സുരക്ഷയ്‌ക്കായുള്ള മാറ്റങ്ങൾക്കു കാലതാമസം ഉണ്ടാകാറില്ല എന്ന് മാത്രമല്ല അവിടെ ജോലി ചെയ്യുന്നവർക്ക് മറ്റാരേക്കാളും പ്രായോഗിക നിർദ്ദേശങ്ങൾ മാറ്റങ്ങൾ എന്നിവ കൊണ്ട് വരാനുള്ള മുൻഗണനയും ലഭിക്കാറുണ്ട്. രോഗിയുടെ ജീവൻ എന്ന പോലെ തന്നെ നമ്മുടെ ജീവനും നമുക്ക് വിലപ്പെട്ടതാണല്ലോ.

ഇന്നാട്ടുകാർ ഞങ്ങളെ പലപ്പോഴും അഭിസംബോധന ചെയ്യുന്നത് കേരളാ ഡോക്‌ടർ, കേരളാ നേഴ്‌സ് എന്നാണ്. പേര് അറിയാഞ്ഞിട്ടല്ല. അറബ് ഡോക്ടർമാർ, മറ്റു പാശ്ചാത്യ ഡോക്ടർമാർ എന്നിവർ ഉണ്ടെങ്കിലും ചിലരെങ്കിലും ഞങ്ങളെ തേടി, ഞങ്ങളുടെ ഡ്യൂട്ടി സമയത്താണ് വരാറുള്ളത്. അവരെക്കാളും ഞങ്ങൾ മികവുള്ളവരായതു കൊണ്ടുമല്ല. കേരളത്തിൽ ചികിത്സക്ക് വേണ്ടി മാത്രം മാസങ്ങളോളം പോയി താമസിക്കുന്നവരുണ്ട്. ഒരിക്കൽ ഞാനും കുടുംബവും ഒരു യൂറോപ്യൻ രാജ്യത്തു പോയപ്പോൾ പരിചയപ്പെട്ട ഒരു നാട്ടുകാരൻ ഞങ്ങൾ കേരളത്തിൽ നിന്നാണെന്നറിഞ്ഞ് അക്കമിട്ടു നമ്മുടെ സ്‌ത്രീ സാക്ഷരതയെക്കുറിച്ചും, ആരോഗ്യരംഗത്തെ മുന്നേറ്റത്തെപ്പറ്റിയുമൊക്കെ പറഞ്ഞു കേട്ടപ്പോൾ തോന്നിയ അഭിമാനം ചെറുതല്ല. ഇതിനെല്ലാം കാരണം ആരോഗ്യരംഗത്തു മാറ്റം ലക്ഷ്യം വെച്ചുള്ള ക്രിയാത്മകമായ രാഷ്‌ട്രീയനയങ്ങളും അത് പ്രാവർത്തികമാക്കുന്ന നമ്മുടെ ആരോഗ്യപ്രവർത്തകരുമാണെന്നു നമ്മളെ പോലെ തന്നെ അവർക്കും നല്ല ബോധ്യമുണ്ട്.

നമ്മുടെ യുവതലമുറ അവരുടെ സുരക്ഷയെപ്പറ്റിയും അവകാശങ്ങളെപ്പറ്റിയും ഭാവി അവസരങ്ങളെപ്പറ്റിയും പരിജ്ഞാനമുള്ളവരാണ്. ഭയം കൂടാതെ, ഇന്നോ നാളെയോ, ഒരു സമ്മിശ്ര സമൂഹത്തിനു ചികിത്സ നൽകേണ്ടവരാണ്. മറ്റാരൊക്കെ മറന്നാലും ഈ സംഭവം അവരുടെ മനസ്സിൽ ഉണങ്ങാത്തൊരു മുറിവായി അവശേഷിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഓരോ രോഗി കടന്നു വരുമ്പോഴും അവരുടെ ഉള്ളിൽ ഈ ഭയം കാണും. അത് ബാധിക്കുന്നതു ഡോക്‌ടർ- രോഗി ബന്ധത്തെയും വിശ്വാസത്തെയുമാണ്. ഇത് രണ്ടും ചികിത്സയുടെ അടിത്തറയാണ്. അവർക്കു ഭയക്കാതെ ജോലി ചെയ്യാനുള്ള സുരക്ഷ ഒരുക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. അവരുടെ മാതാപിതാക്കൾക്ക് നൽകുന്ന ഉറപ്പു കൂടിയാവണം അത്. അവരുടെ മാത്രമല്ല, കേരളത്തിലെ ആരോഗ്യരംഗത്തെ ഒന്നാമതാക്കാൻ പരിശ്രമിച്ച എല്ലാ ആരോഗ്യപ്രവർത്തകരുടെയും അവകാശമാണത്.

ന്യൂനതകൾക്കനുസരിച്ച് വ്യവസ്ഥിതികൾക്ക് മാറ്റം വരുത്തിക്കൊണ്ടാണ് മുമ്പോട്ടു പോകേണ്ടത്. മാറ്റം അനിവാര്യമാണ്, എവിടെയായാലും.

(അബുദാബിയിൽ എമർജൻസി മെഡിക്കൽ ഓഫീസറാണ് ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top