27 April Saturday

ആരുടെ ‘നരേറ്റീവ്‌ ’ - ദിനേശ്‌വർമ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jul 29, 2022

ബുധനാഴ്‌ച രാവിലെ മുതൽ മലയാളത്തിലെ പ്രമുഖ വാർത്താചാനൽ തിരുവനന്തപുരം, കോഴിക്കോട്‌ മാർക്കറ്റുകളിലെ കടകളിലെ ജീവനക്കാരിൽനിന്ന്‌ പ്രതികരണമടക്കം എടുത്ത്‌ സ്ഥാപിക്കാൻ ശ്രമിച്ചത്‌ എന്താണെന്നോ ? ’ നിത്യോപയോഗ സാധനങ്ങൾക്ക്‌ നിഷ്കരുണം കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ജിഎസ്‌ടി കേരളത്തിൽ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം തെറ്റാണ്‌ എന്ന്‌! ’ എക്കാലത്തെയും ഇടതുവിരുദ്ധ പത്രത്തിന്റെ ലീഡ്‌ വാർത്തയും ഇതു തന്നെയായിരുന്നു; ‘ ഈ ജിഎസ്‌ടി നടപ്പാക്കി തുടങ്ങിയിരിക്കുന്നുവത്രെ ! ’  ഇവർ പറയുന്നത്‌ വാദത്തിനായി അംഗീകരിച്ചാലും, ഇനി അത്‌ ഈടാക്കില്ല എന്ന ജനകീയവും ഏറ്റവും മാനവികവുമായ തീരുമാനത്തിന്റെ പ്രാധാന്യം  എന്തുകൊണ്ട്‌ മറച്ചുവയ്ക്കുന്നു. ഏറ്റവും സാധാരണക്കാരന്റ മുതുകിൽ കനത്ത ഭാരം അടിച്ചേൽപ്പിക്കുന്ന കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ എന്തുകൊണ്ട്‌ വാർത്തയും വിശകലനവും ചർച്ചയും നടത്തി തുറന്നുകാണിക്കാൻ ഈ മാധ്യമങ്ങൾ തയ്യാറാകുന്നില്ല. ആരുടെ ‘നരേറ്റീവ്‌ ’ ആണ്‌ കേരളത്തിലെ മാധ്യമങ്ങൾ ശിരസ്സാവഹിക്കുന്നത്‌ എന്നതാണ്‌ പ്രശ്നം. ‘ ഈഫ്‌ ഇറ്റ്‌ ബ്ലീഡ്‌സ്‌, ഇറ്റ്‌ ലീഡ്‌സ്‌ ’ എന്ന്‌ മാധ്യമ പ്രവർത്തനത്തെക്കുറിച്ച്‌ ഒരു ചൊല്ല്‌ തന്നെയുണ്ട്‌. മലയാള മാധ്യമങ്ങൾ അതിൽ രാഷ്ട്രീയാന്ധതയുടെ ചേരുവ കൂടി ചേർത്തുവച്ചു. ഇരിക്കുന്ന കൊമ്പ്‌ മുറിക്കുന്ന പണിയാണ്‌ എന്ന്‌ അറിഞ്ഞുകൊണ്ട്‌ തന്നെ !

കഴിഞ്ഞ ദിവസം പ്രമുഖപത്രത്തിലെ ലേഖനം തമിഴ്‌നാട്ടിലെ വികസനം കാണുന്നില്ലേ എന്നായിരുന്നു. വികസന പദ്ധതികളോട്‌ തമിഴ്‌നാട്ടിലെ മാധ്യമങ്ങളുടെ നിലപാടും കാണേണ്ടതല്ലേയെന്ന ചോദ്യമാണ്‌ ഇന്ന്‌ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്‌. സിൽവർ ലൈൻ പദ്ധതിക്കെതിരെ എത്ര ആവേശത്തോടെയാണ്‌  മാധ്യമങ്ങൾ നിറഞ്ഞാടിയതെന്ന്‌ ഓർക്കണം. കേരളത്തിന്‌ അവശ്യം വേണ്ട ഒരു വേഗപാത അനിശ്ചിതത്വത്തിലാക്കിയതിന്റെ ഉത്തരവാദിത്വം നമ്മുടെ മാധ്യമങ്ങൾക്കുമാണ്‌. ലേശം പോലും അനുഭാവം ആർക്കുമുണ്ടാകരുതെന്ന തീവ്രതാൽപ്പര്യത്തോടെ‘ ഫോർവേഡായി ’ കേറി കളിച്ചു. കുറ്റിപറിക്കൽ സമരത്തിനിടെ അങ്കമാലിയിൽനിന്ന്‌  ചാനൽ ലേഖകൻ റിപ്പോർട്ട്‌ ചെയ്തു;  ‘‘ ഇന്ന്‌ സമരം അൽപ്പം പിന്നോട്ടാണെങ്കിലും നാളെ അടുത്ത പോയിന്റിൽ ഗംഭീര സമരമുണ്ടാകുമെന്ന ഉറപ്പ്‌ കിട്ടിയിട്ടുണ്ട്‌, നാളെ രാവിലെ അത്‌ റിപ്പോർട്ട്‌ ചെയ്യാനാകും ’’ !

ഇത്തരം വാർത്താസൃഷ്ടിയെ ‘ ബ്ലീഡ്‌സ്‌ ’ എന്നല്ല,   ‘ ഇറ്റ്‌ കിൽസ്‌ ’ എന്നേ പറയാനാകു.  നാടിനെത്തന്നെ കൊല്ലുകയാണ്‌.  സിൽവർലൈന്‌ അപാകതകളുണ്ടെങ്കിൽ അത്‌ പരിഹരിച്ചു നടപ്പാക്കാമെന്നും കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണന തടസ്സമെന്നും ജനങ്ങളോട്‌ പറയാനുള്ള ബാധ്യത ഇവർക്കുണ്ട്‌. ഗതാഗതസൗകര്യം വർധിക്കട്ടെ എന്ന പൊതു ആവശ്യത്തിനൊപ്പമാണ്‌ നിൽക്കേണ്ടത്‌. ചെന്നൈ– -ബംഗളൂരു എക്സ്‌പ്രസ്‌ വേ,  ഹൈ സ്പീഡ് റെയിൽ നെറ്റ്‌വർക്ക്‌, ചരക്ക്‌ ഇടനാഴി തുടങ്ങി തമിഴ്‌നാട്ടിലെ ഏറ്റവും പുതിയ വൻകിട പദ്ധതികളോട്‌  മാധ്യമങ്ങൾ എടുത്ത പൊതുസമീപനം ഇവർ അന്വേഷിക്കേണ്ടതുമാണ്‌.

ദേശീയപാത വികസനം തടയാനാണ്‌ വയൽക്കിളി സമരം മാധ്യമങ്ങൾ കത്തിച്ചത്‌. ലോക വിനോദസഞ്ചാര മേഖലകളിൽ ടൈം മാഗസിൻ പട്ടികയിൽ കേരളം ഇടം നേടിയതിന്‌ എന്ത്‌ പ്രാധാന്യമാണ്‌ നമ്മുടെ മാധ്യമങ്ങൾ നൽകിയത്‌. ഒന്നും പാടിപ്പുകഴ്‌ത്തണ്ട, പക്ഷേ, നാടിന്റെ പൊതുനന്മയെ തകർക്കരുതെന്ന ബോധ്യമെങ്കിലും തിരിച്ചു പിടിക്കേണ്ടതല്ലേ. മാധ്യമ ആഖ്യാനങ്ങളിൽ നാടിന്റെ സ്വപ്നത്തിനും ഇടമില്ലേ ?


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top