29 March Friday

ചർച്ചയാകുന്ന തൊഴിൽ പ്രശ്നങ്ങൾ... മാധ്യമഭാഷ്യം, സർക്കാർ നിലപാട്

അഭിജിത് സി വിUpdated: Saturday May 13, 2023

കഴിഞ്ഞ ദിവസം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ആയിരുന്ന ഡോ. വന്ദന ദാസിന്റെ കൊലപാതകം എല്ലാവരിലും സങ്കടകരമായ അവസ്ഥ സൃഷ്‌ടിച്ചിട്ടുണ്ട്. വിഷയത്തിൽ അന്നേ ദിവസം തന്നെ മുഖ്യമന്ത്രി, വിവിധ വകുപ്പ് മന്ത്രിമാർ എന്നിവരുടെ കൂടിയാലോചനയോടെ സമഗ്രമായ അന്വേഷണത്തിന് തീരുമാനിക്കുകയും ചെയ്‌തു. എന്നാൽ ആ ദിവസം കേരളത്തിലെ പ്രധാന മാധ്യമങ്ങൾ വൈകുന്നേരം വരെ രണ്ട് ആഖ്യാനരീതികളാണ് അവലംബിച്ചു വന്നത്.

'പ്രതിയെ നിരീക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും പൊലീസ് സംവിധാനത്തിന് ആകെ വീഴ്ച ഉണ്ടായി' എന്നും ഉച്ചയോടെ 'വകുപ്പ് മന്ത്രി യുവഡോക്ടർക്ക് എക്സ്പീരിയൻസ് ഇല്ലാത്തതാണ് സംഭവത്തിനു കാരണം ആയതെന്നു പ്രതികരിച്ചു' എന്നും മറ്റൊന്ന്. ആദ്യത്തേത് എ ഡി ജി പി  എം ആർ അജിത്കുമാറിന്റെ വിശദീകരണത്തോടെ നിലനിൽക്കാത്ത വാദങ്ങൾ ആയി. രണ്ടാമത്തേതിൽ മന്ത്രിയുടെ പ്രതികരണം റിപ്പോർട്ട് ചെയ്‌തത് ശരിയായ രീതിയിൽ ആയില്ലെന്നും അതിൽ പിഴവ് സംഭവിച്ചുവെന്നും മാധ്യമങ്ങൾ തന്നെ വൈകുന്നേരത്തോടെ ഏറ്റുപറഞ്ഞു.

തൊട്ടടുത്ത ദിവസം മാധ്യമ വിവരണങ്ങൾ മറ്റൊരു തലത്തിലായിരുന്നു- ഡോക്ടർമാരുടെ തൊഴിൽ സ്ഥലത്തെ സുരക്ഷിതത്വം, തൊഴിൽ അവകാശങ്ങൾ എന്നിവയെക്കുറിച്ച്. ഗൗരവമായ വിഷയം തന്നെയാണ്. സംഭവത്തിനു പിറ്റേന്ന് തന്നെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേഗദതി വരുത്തുവാനും നിയമ ഭേദഗതി സംബന്ധിച്ച ഓർഡിനൻസ് അടുത്ത മന്ത്രിസഭാ യോഗത്തിൽ കൊണ്ടുവരാനും സർക്കാർ തീരുമാനിച്ചു. എന്നാൽ മാധ്യമങ്ങളുടെ മേൽസൂചിപ്പിച്ച ഭാഷ്യങ്ങൾക്ക് ഒപ്പം നൽകിയത് സംസ്ഥാനത്ത് ഡോക്ടർമാരുടെയും മെഡിക്കൽ വിദ്യാർഥികളുടെയും അതാത്‌ ഇടങ്ങളിൽ ഉണ്ടായ സമരങ്ങളായിരുന്നു. വളരെ വികാരപരമായ അവരുടെ  പ്രതികരണങ്ങളാണ് അന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത് (ആരോഗ്യപ്രവർത്തകർ മുമ്പേ ഉന്നയിക്കുന്ന ഈ വിഷയം വേണ്ട പ്രാധാന്യത്തോടെ മുമ്പ് റിപ്പോർട്ട് ചെയ്‌തുവോ എന്നത് ഓർമിക്കേണ്ടതാണ്).

രാഷ്ട്രീയ നേതൃത്വത്തോടെ അല്ലാതെ സംഘടിപ്പിക്കപ്പെട്ട ഈ സമരങ്ങളിൽ ഉയർന്നു കേട്ട പ്രധാന രണ്ട് വാക്യങ്ങൾ ഇവ ആയിരുന്നു- System has failed us, രാപ്പകൽ സേവനം നൽകുന്ന ഞങ്ങൾ തൊഴിൽ ഇടങ്ങളിൽ സുരക്ഷിതർ അല്ല. രണ്ടാമത്തെ വിഷയം ഏറെ ശ്രദ്ധ അർഹിക്കുന്ന വിഷയം ആണ്, ആരോഗ്യപ്രവർത്തകരുടെ എന്നു മാത്രമല്ല തൊഴിലിടങ്ങളിൽ കൃത്യമായ സുരക്ഷ ലഭിക്കുക എന്നത് തൊഴിൽ എടുത്തു ജീവിക്കുന്ന എല്ലാവരുടെയും അവകാശം ആണ്. കാരണം അധ്വാനിക്കുന്നവരുടെ സുരക്ഷ ലംഘിക്കപ്പെടുന്നതും ചൂഷണത്തിന്റെ വ്യാഖ്യാനം തന്നെയാണ്, അത് അധ്വാന ശക്തിക്ക് വില കല്പിക്കാത്ത ചൂഷണ വ്യവസ്ഥയുടെ തലം കൂടിയാണ്. എന്നാൽ ആത്മാർത്ഥമായി തന്നെ ആരോഗ്യപ്രവർത്തകർ ഉന്നയിക്കുന്ന ഈ വിഷയങ്ങൾ 'അതേ ആത്മാർത്ഥതയോടെ' ആണ് മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നത് എന്നു കരുതുന്നുണ്ടോ ? എന്നെങ്കിലും തൊഴിലാളി സംഘടന- തൊഴിൽ അവകാശസൗഹൃദമായ നിലപാട് അവർ എടുക്കുമെന്ന് കരുതുന്നുണ്ടോ ?എന്നാൽ ഒരു കാലത്തും ഈ വലതുപക്ഷ മാധ്യമങ്ങളുടെ ഭാഷ അതല്ല. വളരെ ചെറിയൊരു ഉദാഹരണത്തിന്, കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യപ്രവർത്തകരുടെ കൂടെ ആണ് ഞങ്ങൾ എന്നു തോന്നിപ്പിക്കുന്ന മാധ്യമങ്ങൾ തന്നെ മുൻകാലങ്ങളിൽ 'ചികിത്സയിൽ പിഴവെന്ന് ആരോപണം...' എന്ന രൂപത്തിൽ എത്ര വാർത്തകൾ നൽകി തെറ്റിദ്ധാരണ ബന്ധുക്കളിൽ അടക്കം ജനിപ്പിച്ചിട്ടുണ്ട് എന്നു പരിശോധിച്ചാൽ മതി.

ശ്രദ്ധ ചെലുത്തേണ്ടുന്ന വിഷയം ഇതിന്റെ ഭാഗമായി ഉയർന്നുവന്ന തൊഴിലിടത്തെ സുരക്ഷയും അവകാശങ്ങളെയും കുറിച്ചുള്ളതാണ്. അത്യധികം ഗൗരവത്തോടെ സമീപിക്കേണ്ട കാര്യവും ആണത്. എന്നാൽ വൈകാരികമായ സമവാക്യങ്ങളോടെ സംഘടിക്കാനോ പ്രശ്നം നിർദ്ധാരണം ചെയ്യാനോ കഴിയുന്ന ഒരു രൂപമല്ല തൊഴിലാളി അവകാശ പ്രശ്നങ്ങളിൽ ഉള്ളത്. തൊഴിൽ മേഖലയിൽ നിങ്ങൾക്ക് അനുഭവിക്കേണ്ടി വരുന്ന സാമ്പത്തിക അസമത്വം, സാമൂഹികമായ അനീതി, അക്രമങ്ങൾ എന്നിങ്ങനെയുള്ള അവകാശലംഘനങ്ങൾ എല്ലാം ചൂഷണ വ്യവസ്ഥയുടെ വിവിധ തലങ്ങൾ ആണ്. 'System has failed us' എന്നതുകൊണ്ട് അതാണ് വിനിമയം ചെയ്യുന്നതെങ്കിൽ തികച്ചും ശരിയാണ്. എന്നാൽ കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങൾ ഈ ടാഗ് ലൈൻ ഗവണ്മെന്റിന് നേരെ പ്രയോഗിക്കാൻ ആണ് തിടുക്കം കാണിച്ചത്. അതിനാലാണ് ആരോഗ്യരംഗത്തെ ഡോക്ടർമാർ, നേഴ്‌സുമാർ, അറ്റണ്ടർമാർ, ഫാർമസിസ്റ്റുകൾ, ടെക്‌നീഷ്യന്മാർ, ആശവർക്കർമാർ തുടങ്ങി ക്ളീനിംഗ് സ്റ്റാഫുകൾ വരെ രാഷ്ട്രീയമായി സംഘടിക്കേണ്ടതിന്റെ ആവശ്യകത തെളിഞ്ഞു വരുന്നത്. കാരണം 'അസമത്വം തടയുക' എന്ന മുദ്രാവാക്യം രാഷ്ട്രീയമായും ശാസ്ത്രീയമായും അല്ലാതെ സഫലീകരിക്കാൻ കഴിയില്ല.

അങ്ങനെ സംഘടിക്കാൻ ആരംഭിച്ചാൽ ഈ മാധ്യമങ്ങൾ അതിനൊപ്പം ഉണ്ടാകണം എന്നുമില്ല; അതിന് വലിയൊരു തെളിവാണ് മാസങ്ങൾക്കു മുമ്പ് മാത്രം നടന്ന ഇടതുപക്ഷ ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന അഖിലേന്ത്യാ പണിമുടക്കിനോട് ഇവിടെയുള്ള വലതുപക്ഷ മാധ്യമങ്ങൾ എടുത്ത സമീപനം. ആരോഗ്യപ്രവർത്തകരുടെ കാര്യത്തിലേക്ക് തന്നെ വന്നാൽ മേൽപറഞ്ഞ ജോലിക്കാരിൽ ഡോക്ടർമാർ ഒഴികെയുള്ള ബാക്കി വിഭാഗം താരതമ്യേന കൂടിയ അളവിൽ സാമ്പത്തിക അസമത്വം കൂടി തൊഴിൽ സ്ഥലങ്ങളിൽ അനുഭവിക്കുന്നവർ ആണ്. ആശവർക്കർമാരെ ഇപ്പോഴും തൊഴിലാളികളായി അല്ല കണക്കാക്കി പോരുന്നത്, അവരുടെ സേവനത്തിന് വേതനമല്ല മറിച്ചൊരു ഓണറേറിയം മാത്രമാണ് ലഭിക്കുന്നത്. ഇത് സർക്കാർ ഉത്തരവോടുകൂടി ഈ ഭരണകാലയളവിൽ ഇടതുപക്ഷ സർക്കാർ വർധിപ്പിച്ചതുമാണ്; വരും വർഷങ്ങളിലും ക്രമാനുഗതമായ വർധനവ് ഉണ്ടാവുകയും ചെയ്യണം.

വീണ്ടും തെറ്റായ ആശങ്കകൾ പടർത്താൻ ശ്രമിക്കുന്നത് തൊഴിൽപ്രശ്നങ്ങളിലെ സർക്കാർ നയങ്ങളെയും ഇടപെടലുകളെയും കുറിച്ചാണ്. പക്ഷെ സർക്കാർ നിലപാടുകൾ ഇത്തരം ഓരോ വിഷയങ്ങളിലും വളരെ വ്യക്തവുമാണ്. 2018 തൊട്ടു തുടങ്ങിയാൽ ആ വർഷം ജൂലൈ മാസം ആണ് കട കമ്പോള വാണിജ്യ സ്ഥാപന നിയമങ്ങളിൽ ഭേദഗതി കൊണ്ടുവരുകയും സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളിലും ശുചിമുറി, ഇരിക്കുവാനുള്ള സംവിധാനം, അടിസ്ഥാന ശമ്പളം, 8 മണിക്കൂർ ജോലി, ഉച്ചയൂണിനും ചായക്കുമായി ഇടവേളകൾ തുടങ്ങിയ സൗകര്യങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരുകയും ചെയ്തത്. വളരെ അടുത്തുണ്ടായ ചില ഇടപെടലുകൾ നോക്കാം - തിരുവനന്തപുരം ബൈജൂസ് ആപ്പ് ഓഫീസിലെ 170 പേർക്ക് മുന്നറിയിപ്പ്   നൽകാതെ ജോലിയിൽ നിന്നും പിരിച്ചുവിട്ട സംഭവത്തിൽ സർക്കാർ തൊഴിൽ വകുപ്പ് ഇടപെട്ട് മുടങ്ങിയ വേതനത്തോടു കൂടി മുഴുവൻ പേരെയും തിരിച്ചെടുക്കാൻ തീരുമാനമായി, പരമ്പരാഗത തൊഴിൽ മേഖലയുടെ വികസനത്തിനായി 90 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തി, സമഗ്ര ശിക്ഷ കേരളയിൽ പാർട്ട് ടൈം സ്‌പെഷ്യലിസ്റ്റ് ടീച്ചർമാരായി ജോലി ചെയ്തുവരുന്നവർക്കുള്ള വേതന വർധനവ് വകുപ്പ് മുഖേന നടപ്പിലാക്കി, കേരളം ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങളുടെ അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കുന്നതിന്റെയും വിതരണം ചെയ്യുന്നതിന്റെയും ഉദ്ഘാടനം എന്നിങ്ങനെ നീളുന്നു ആ ഉദാഹരണങ്ങൾ.

തൊഴിൽ പ്രശ്നങ്ങളോടുള്ള സമീപനത്തിൽ തൊഴിൽ വിഭവങ്ങളുടെ ഉപയോഗം, തൊഴിലാളികൾക്ക് ലഭിക്കേണ്ടുന്ന സാമൂഹികനീതി, സാമ്പത്തിക അസമത്വം ഇല്ലാതാക്കൽ എന്നിങ്ങനെയുള്ള വിഷയങ്ങളിൽ ശാസ്ത്രീയമായ പഠനവും പരിഷ്കാരവും കാലനുസൃതമായി നടക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായി ഒക്കെയാണ് സർക്കാരും ഐ എൽ ഒ യും ചേർന്ന്  ഇന്റർനാഷണൽ ലേബർ കോൻക്ലേവ് മെയ് 24 മുതൽ 26 വരെ തിരുവനന്തപുരത്തു വെച്ച് നടത്തുന്നത്. കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതുൾപ്പെടെ വിവിധ സമകാലിക തൊഴിൽ സംബന്ധിയായ വിഷയങ്ങളിൽ കോൺക്ലേവിൽ സെഷനുകൾ ഉണ്ടായിരിക്കും; ഗാർഹിക, സ്കീം, കെയർ തൊഴിലാളികളുടെ ക്ഷേമ പ്രശ്നങ്ങൾ; അതുപോലെ ഗിഗ് തൊഴിലാളികളുടെ പ്രശ്നങ്ങൾ എന്നിവയും ചർച്ചയാകും. ഈ മേഖലയിൽ നയങ്ങൾ രൂപീകരിക്കുന്നതിൽ സർക്കാരിനെ സഹായിക്കുന്ന ആശയങ്ങൾ സൃഷ്ടിക്കുന്നതിനാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. ഇത്തരത്തിൽ ഗൗരവതരമായ വിഷയങ്ങളിൽ വസ്തുതാപരമായ വിശകലനം നടത്തുന്നത് നമ്മുടെ തൊഴിൽ അവകാശപോരാട്ടങ്ങളെ മുന്നോട്ട് നയിക്കാൻ സഹായിക്കുക തന്നെ ചെയ്യും; അല്ലാതെയുള്ള ഓരോ പുകമറയും അതിനെ പിന്നോട്ട് അടിപ്പിക്കുകയും ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top