03 December Sunday

ആരുടെ ‘ന്യൂസ്‌ റൂമു’കൾ

ദിനേശ്‌ വർമUpdated: Thursday Sep 14, 2023

ലോക്‌സഭയിൽ എ കെ ജിയുടെ പ്രസംഗം കേൾക്കാൻ പ്രധാനമന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്‌റു  ഉൾപ്പെടെയുള്ളവർ ഓടിയെത്തി കാതോർക്കുമായിരുന്നു. അക്കാലത്താണ്‌ ഉത്തരേന്ത്യയിലെ പല പ്രമുഖ മാധ്യമപ്രവർത്തകരും എ കെ ജിയെ ശ്രദ്ധിക്കാൻ തുടങ്ങിയത്‌. ഒരുദിവസം പാർലമെന്റിന്‌ പുറത്തുവച്ച്‌ മാധ്യമപ്രവർത്തകർ എ കെ ജിയോട്‌ ചില ചോദ്യങ്ങൾ ചോദിച്ചതും അതിന്‌ അദ്ദേഹം പറഞ്ഞ ഉത്തരവും മുതിർന്ന മാധ്യമപ്രവർത്തകർ പറഞ്ഞുകേട്ടിട്ടുണ്ട്‌. അതിലൊരു ചോദ്യം ഈ വിധത്തിലായിരുന്നു: ‘‘നിങ്ങൾ കമ്യൂണിസ്റ്റുകാർ വലിയ വലിയ കാര്യങ്ങൾ പറയുന്നവരാണ്‌. താത്വികമായതുൾപ്പെടെ നിരവധി വിഷയങ്ങൾ കൊണ്ടുവരുന്നു. പക്ഷേ, സാധാരണക്കാർക്ക്‌ ഇതൊക്കെ മനസ്സിലാകുമോ?’’
അപ്പോൾ എ കെ ജി പറഞ്ഞു: ‘‘ലോകത്ത്‌ ആർക്കും മനസ്സിലാകുന്ന കാര്യങ്ങളാണ്‌ കമ്യൂണിസ്റ്റുകാർ പറയുന്നത്‌. എല്ലാ മനുഷ്യർക്കും ഭക്ഷണം നൽകണം. എല്ലാവർക്കും കിടപ്പാടം ഉണ്ടാകണം. തൊഴിൽ കൊടുത്താൽ അവർ അതിലൂടെ ജീവിച്ചോളും. വിദ്യാസമ്പന്നരാക്കിയാൽ അവർ പരിഷ്‌കൃതസമൂഹമാകും. ഇതൊക്കെ അവരുടെ അവകാശമാണ്‌ എന്നും പഠിപ്പിക്കും. ’ ഈ പറഞ്ഞവയിൽ ഏതാണ്‌ നിങ്ങൾക്ക്‌ മനസ്സിലാകാത്തത്‌?’’
അന്ന്‌ മാധ്യമപ്രവർത്തകർക്ക്‌ ഉത്തരമുണ്ടായില്ല. ‌

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലും മാധ്യമങ്ങൾ ഉത്തരം കണ്ടെത്തേണ്ട ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്‌. എൽഡിഎഫിനുണ്ടായ പരാജയത്തിന്‌ മാധ്യമങ്ങൾ നൽകുന്ന ‘നരേറ്റീവ്‌’ അഥവാ വ്യാഖ്യാനങ്ങളുടെ സാഹചര്യത്തിൽ പ്രത്യേകിച്ചും.  സിപിഐ എം യാഥാർഥ്യബോധത്തോടെ കാര്യങ്ങൾ മനസ്സിലാക്കി തിരുത്തിപ്പോകുന്നില്ല, മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നില്ല –- ഇവയാണ്‌ പ്രധാന പ്രശ്നങ്ങളായി മാധ്യമങ്ങൾ ഉന്നയിക്കുന്നത്‌. ഈ വ്യാഖ്യാനങ്ങൾ തങ്ങളുടെ കച്ചവട–- രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്ക്‌ സിപിഐ എമ്മും സർക്കാരും വഴങ്ങാത്തതിലുള്ള നീരസമല്ല, മറിച്ച്‌ മെച്ചപ്പെടണമെന്ന അതിയായ ആഗ്രഹം കൊണ്ടാണെന്ന്‌ വാദത്തിനായി സമ്മതിക്കട്ടെ. അപ്പോഴും, പൊതുവായ കോർപറേറ്റ്‌– -മാധ്യമ താൽപ്പര്യങ്ങൾക്കുപുറമെ മലയാള മാധ്യമ മേഖലയ്ക്ക്‌ പ്രത്യേക താൽപ്പര്യങ്ങളുണ്ട്‌ എന്ന തിരിച്ചറിവുകൂടി വേണമെന്നും ഓർമിപ്പിക്കട്ടെ.

പുതുപ്പള്ളി വഴി
സഹതാപ തരംഗ സാഹചര്യമായിരുന്നു പുതുപ്പള്ളിയിലേത്‌ എന്നകാര്യത്തിൽ ആർക്കും തർക്കമുണ്ടാകാനിടയില്ല. 53 വർഷം പ്രതിനിധാനംചെയ്‌ത ഉമ്മൻ ചാണ്ടി മന്ത്രിയും മുഖ്യമന്ത്രിയും കാലങ്ങളോളം യുഡിഎഫിന്റെ അവസാന വാക്കുമായിരുന്നു. അപ്രകാരമുള്ള അന്തരീക്ഷം തീവ്രമായിത്തന്നെ നിലനിൽക്കുമ്പോഴാണ്‌ തെരഞ്ഞെടുപ്പുപ്രഖ്യാപനം. ഉമ്മൻ ചാണ്ടിയുടെ മകൻ സ്ഥാനാർഥിയും. ഒരു പ്രയാസവുമില്ലാത്ത സാഹചര്യം യുഡിഎഫിനു ലഭിച്ചു. ഈ യാഥാർഥ്യങ്ങൾ സിപിഐ എമ്മിനുമാത്രം മനസ്സിലായില്ല എന്നാണോ മാധ്യമങ്ങൾ വിലയിരുത്തിയിട്ടുള്ളത്‌? എങ്കിൽ തെറ്റി.

ചില വികസന യാഥാർഥ്യങ്ങൾ ചൂണ്ടിക്കാട്ടി രാഷ്‌ട്രീയമായ ചർച്ചയിലേക്ക്‌ പുതുപ്പള്ളിയെ കൊണ്ടുവരാൻ എൽഡിഎഫ്‌ ശ്രമിച്ചു.  മാധ്യമങ്ങൾ സ്വീകരിച്ച സമീപനമോ?  ‘പുതുപ്പള്ളിയല്ലേ, ഉമ്മൻ ചാണ്ടിയുടെ മകനല്ലേ’ എന്നായിരുന്നു. മാത്രമല്ല,  കുത്സിത താൽപ്പര്യങ്ങൾക്കൊപ്പമാണ്‌ ഭൂരിപക്ഷം മാധ്യമങ്ങളും നിന്നതെന്ന്‌ ഈ വേളയിലുണ്ടായ വിവാദങ്ങൾക്ക്‌ കൊടുത്ത പ്രാധാന്യം തെളിയിച്ചു. സതിയമ്മ വിഷയത്തിൽ സ്വീകരിച്ച നിലപാട്‌ ഒരു ഉദാഹരണം.  അച്ചു ഉമ്മനെ സൈബർ ഇടത്തിൽ ആക്രമിക്കുന്നുവെന്ന വിലാപം സിപിഐ എമ്മിനു നേരെ തിരിച്ചുവിടാൻ കാണിച്ച വ്യഗ്രത സമാന സാഹചര്യത്തിൽ മറുപക്ഷത്തോട്‌ കാണിച്ചില്ല.

സർക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ട്‌ എന്ന വസ്തുതയെ വികൃതമായി ചിത്രീകരിച്ച്‌ യുഡിഎഫിന്‌ നേട്ടം കൊയ്യാനാണ്‌ സഹായിച്ചത്‌. ഓണക്കിറ്റ്‌ വിതരണമില്ല, നെല്ലുസംഭരിച്ച തുക സംസ്ഥാന സർക്കാർ നൽകുന്നില്ല തുടങ്ങി മാരകമായ  ക്യാമ്പയിനാണ്‌ വോട്ടെടുപ്പിന്‌ തൊട്ടുമുമ്പ്‌ മത്സരബുദ്ധിയോടെ നടത്തിയത്‌. ഈവിഷയങ്ങളിലെ യാഥാർഥ്യം മാധ്യമങ്ങൾക്ക്‌ അറിയാത്തതാണോ? കേന്ദ്ര സർക്കാർ ഏതെല്ലാം ക്രൂരമായ വഴികളിലൂടെയാണ്‌ സംസ്ഥാനത്തെ ഞെരുക്കുന്നത്‌ എന്നതിന്‌ മാധ്യമങ്ങൾക്ക്‌ തെളിവുകളുടെ ആവശ്യമുണ്ടോ? 

സൃഷ്ടിക്കുന്നത്‌ വ്യാജരാഷ്‌ട്രീയം
സിപിഐ എമ്മിനെ തിരുത്താൻ ശ്രമിക്കുന്നവർ അതേ അളവിൽത്തന്നെ ‘ന്യൂസ്‌ റൂമുകളെ’ക്കൂടി വിലയിരുത്തുകയും വേണം. ആരോപണങ്ങൾ മേൽക്കീഴ്‌ നോക്കാതെ പകലന്തിയോളം ചർച്ചയുമാക്കുന്നവർക്ക്‌ അതിലെ  വസ്തുതകൾ പരിശോധിക്കാനുള്ള ബാധ്യതയില്ലേ? കമ്യൂണിസ്റ്റ്‌ വിരുദ്ധരാഷ്‌ട്രീയമാണ്‌ തങ്ങളുടേതെന്ന്‌ വ്യക്തമാക്കിയിട്ടുള്ള മനോരമയെ വിടാം. പക്ഷേ, അവരുടെ വാർത്തകൾ അതേപടി ഏറ്റുപിടിക്കുന്ന മറ്റു മാധ്യമങ്ങൾ അങ്ങനെയാകണോ?  അടുത്ത കാലങ്ങളിൽ കൊണ്ടുവന്ന ആരോപണങ്ങൾ ഓരോന്നായി എടുത്തോളൂ. ഇവയിൽ  ഭൂരിപക്ഷവും അസത്യങ്ങളായിരുന്നെന്ന്‌ തെളിഞ്ഞു. ചിലതിൽ അർധസത്യങ്ങളുണ്ട്‌. ചിലതിൽ സംവിധാനത്തിന്റെ ഭാഗമായി വരുന്ന സാങ്കേതികത്തകരാറുകളുണ്ട്‌.

കൊട്ടിഘോഷങ്ങൾക്കുശേഷം കോടതി വരാന്തയിൽത്തന്നെ പൊലിഞ്ഞുപോയ എത്ര സംഭവങ്ങൾ. പക്ഷേ, അവയെല്ലാം സർക്കാരിനെതിരായ ആക്ഷേപങ്ങൾ തന്നെയായി കുറെപ്പേരിൽ എങ്കിലും അവശേഷിപ്പിക്കാൻ മാധ്യമങ്ങൾക്ക്‌ കഴിഞ്ഞു. അടിസ്ഥാനമേതുമില്ലാത്ത ആരോപണം കൊണ്ടുവരിക, ഉത്തരത്തിനായി സമീപിക്കുക, ചർച്ച കൊഴുപ്പിക്കുകയെന്ന രീതിയിൽ  രാഷ്‌ട്രീയരംഗം മാറ്റുന്നതാണ്‌ കുറെനാളായി പതിവുള്ള രീതി. ആരോപണങ്ങളിലെ വസ്തുതകൾ പുറത്തുവന്നാലും അത്‌ വാർത്തയോ ചർച്ചയോ അല്ലാതാകുന്നു. അതിന്‌ ഏറ്റവും മികച്ച ഉദാഹരണമാണ്‌ മാത്യു കുഴൽനാടൻ എപ്പിസോഡ്‌. ‘ആധികാരിക’മായി  ആരോപണങ്ങൾ ഉന്നയിച്ച്‌ മേനിനടിച്ച്‌ ഒടുവിൽ ഗോൾ സ്വന്തം പോസ്റ്റിലേക്കായപ്പോൾ തിരിഞ്ഞോടി.  ഉത്തരവാദപ്പെട്ട ജനപ്രതിനിധിയായ കുഴൽനാടൻ മാധ്യമങ്ങളെയടക്കം കുരങ്ങുകളിപ്പിച്ചുനടന്നിട്ടും തിരിച്ച്‌ ഒരു ചോദ്യംചോദിച്ച എത്രപേരുണ്ട്‌? ക്രമക്കേടും വെട്ടിപ്പും കുഴൽനാടന്‌ മാധ്യമങ്ങൾ അനുവദിച്ചുകൊടുത്തതാണോ?

ഇത്‌ മാത്രമല്ല, തെറ്റായ പ്രചാരവേലയായിരുന്നെന്ന്‌ പിന്നീട്‌ തെളിഞ്ഞ എത്രയെത്ര സംഭവങ്ങളുണ്ടായി. ഖുർ ആനിലെ സ്വർണംമുതൽ ഓമനക്കുട്ടൻ, സതിയമ്മ, പുതുപ്പള്ളിയിൽ സിപിഐ എമ്മിനുവേണ്ടി കാവിപ്പട... തീരില്ല ഈ പട്ടിക. തിരുത്താനോ അത്‌ പ്രചരിപ്പിക്കാനോ ഏതെങ്കിലും മാധ്യമം തയ്യാറായോ?

രാഷ്‌ട്രീയലക്ഷ്യം വച്ചുള്ള ചോദ്യോത്തരപംക്തിക്ക്‌ തലവച്ചുകൊടുക്കേണ്ടതില്ലെന്ന്‌ സിപിഐ എം തീരുമാനിച്ചതോടെയാണ്‌ ‘മിണ്ടുമിണ്ടൂ’ എന്ന മാധ്യമ മുറവിളികൾ. മുഖ്യമന്ത്രി തുടർച്ചയായി വാർത്താസമ്മേളനം നടത്തിയ കാലത്ത്‌ അതിനെ പരിഹസിച്ച്‌ ഉല്ലസിച്ച വീഡിയോകൾ മാധ്യമ ലൈബ്രറികളിൽ പരതിയാൽ കിട്ടും, കണ്ടുനോക്കാവുന്നതാണ്‌.ലോകപ്രശസ്ത മാധ്യമപ്രവർത്തകനായ രവീഷ്‌ കുമാർ ഒരു പ്രസംഗത്തിൽ  പറഞ്ഞു; ‘‘വ്യാജ വാർത്തകളിന്മേൽ കെട്ടിപ്പൊക്കുന്ന സംവാദങ്ങളും വ്യാജമായിരിക്കും. അവ സൃഷ്ടിക്കുന്ന രാഷ്‌ട്രീയത്തിന്റെയും ഉള്ളടക്കവും വ്യാജമായിരിക്കും. അതിനിടയിൽ ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ കാണാൻ കഴിയാതെ പോകും. ’’

സ്വയം പ്രതിപക്ഷമായിക്കൊണ്ടുതന്നെ ക്രിയാത്മകവും അന്തസ്സുറ്റതുമായ ധർമമാണ്‌ പുലർത്തുന്നതെങ്കിൽ അതേ പരിഗണന എല്ലാ ജനങ്ങളും മാധ്യമങ്ങൾക്ക്‌ നൽകും. പുതുപ്പള്ളിയിലടക്കം കണ്ടത്‌ അതാണോ എന്ന ആലോചനയ്ക്ക്‌ ഇപ്പോൾ വലിയ പ്രസക്തിയുണ്ട്‌. ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകുക എന്നതുതന്നെയാണ്‌ സിപിഐ എമ്മും ഇടതുപക്ഷവും എല്ലാക്കാലത്തും എടുത്തിട്ടുള്ള സമീപനം. പുതുപ്പള്ളി ഫലത്തിനുശേഷം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കിയതും അതാണ്‌. എന്നാൽ, മേൽപ്പറഞ്ഞ സമീപനങ്ങൾ തിരുത്താൻ മാധ്യമങ്ങൾക്ക്‌ കഴിയുമോ? അതോ സംഘപരിവാർ അടക്കം പലവിധ താൽപ്പര്യക്കാർ നീട്ടിവച്ച കസേരയിലിരുന്ന്‌ റേറ്റിങ്‌ കൂട്ടാനുള്ള പാഴ്‌ കസർത്തുകൾ തുടരുമോ?

ഒടുവിൽ കേട്ടത്‌
പ്രമുഖ ചാനൽ മാധ്യമപ്രവർത്തകരുടെ തന്നെ ചർച്ചയിൽ തീർപ്പുകൽപ്പിച്ച കാര്യങ്ങൾ:
പിണറായി വിജയന്റെ പ്രളയ, കോവിഡ്‌ വാർത്താസമ്മേളനങ്ങൾ ഞങ്ങൾ ലൈവ്‌ കൊടുത്തതുകൊണ്ടാണ്‌ തുടർഭരണം ലഭിച്ചത്‌!
ഇ കെ നായനാർ ജനകീയനായത്‌ ഒരു ചാനലിലെ ഫോൺ ഇൻ പരിപാടി മൂലമാണ്‌!
ഹന്ത കാലമേ, നിങ്ങൾ എന്തറിയുന്നു?


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top