20 April Saturday

വിവാഹപ്രായം: പതിയിരിക്കുന്ന ദുരൂഹത - ഡോ. പി എസ് ശ്രീകല എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Dec 20, 2021

പെൺകുട്ടികളുടെ വിവാഹപ്രായം പതിനെട്ടിൽനിന്ന് ഇരുപത്തിയൊന്ന് വയസ്സായി ഉയർത്തുന്ന നിയമം കൊണ്ടുവരാന്‍ കേന്ദ്രം ഒരുങ്ങുകയാണല്ലോ. ഇതുസംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നുവരുന്നുണ്ട്. പുരോഗമനവാദികളെന്ന് അവകാശപ്പെടുന്ന പലരും ഈ നിയമത്തെ അനുകൂലിക്കുന്നതായി കാണുന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ഉൾപ്പെടെയുള്ള ചില സംഘടനകൾ ഈ നിയമത്തോട് വിയോജിപ്പ് വ്യക്‌തമാക്കിയതിനെ ചിലർ വിമർശിക്കുന്നതായും കാണുന്നു.

പെൺകുട്ടിയുടെ വിവാഹപ്രായം  ആൺകുട്ടിയുടെ വിവാഹപ്രായത്തിന്‌ തുല്യമാക്കിയതിലൂടെ വലിയ സ്വീകാര്യത  ലഭിക്കും എന്നാകണം ആർഎസ്‌എസിനാൽ നയിക്കപ്പെടുന്ന കേന്ദ്രസർക്കാർ കരുതുന്നത്. ഇന്ധന വിലവർധന, നിത്യോപയോഗ സാധനങ്ങളുടെ അമിതവില, ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാരക്കുറവ് കാരണമുള്ള രോഗങ്ങളും മരണങ്ങളും സ്‌ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ, ദുരഭിമാനക്കൊലകൾ, ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണം, മതനിരപേക്ഷതയും പൗരാവകാശങ്ങളും നേരിടുന്ന വെല്ലുവിളി തുടങ്ങിയ ആഭ്യന്തര പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനും ഈ തീരുമാനം സഹായിക്കും എന്ന് കേന്ദ്രസർക്കാർ കരുതുന്നുണ്ടാകണം.

ആർഎസ്എസിനും അവർ നേതൃത്വം നൽകുന്ന സംഘപരിവാറിലെ  രാഷ്ട്രീയ പാർടിയായ ബിജെപിക്കും സ്‌ത്രീയോടുള്ള സമീപനം ബോധ്യമുള്ള ആർക്കും ഈ നിയമത്തെ സംശയരഹിതമായി സ്വീകരിക്കാൻ കഴിയില്ല. സ്‌ത്രീധന പീഡന നിരോധന നിയമമായ 498 (എ)സ്‌ത്രീകൾ ദുരുപയോഗിക്കുന്നു എന്നാരോപിച്ച് അതിൽ മാറ്റം വരുത്താൻ ശ്രമിച്ച സർക്കാരാണിത്. ആ സർക്കാർ വിവാഹപ്രായം ഉയർത്തിക്കൊണ്ട് സ്‌ത്രീപക്ഷ നിലപാട് സ്വീകരിക്കുന്നുവെന്ന് കരുതുന്നത് മൗഢ്യമാണ്. മാത്രമല്ല, ന്യൂനപക്ഷ മതവിഭാഗങ്ങളോട്, വിശേഷിച്ച്, മുസ്ലിങ്ങളോട് സംഘപരിവാറിന്റെ മനോഭാവം അറിയുന്നവർക്കും ഈ നിയമത്തെ പിന്തുണയ്ക്കാൻ കഴിയില്ല.

വഴിവിട്ട സ്‌ത്രീപുരുഷ ബന്ധങ്ങൾക്ക് വിരാമമാകുമെന്നും പെൺകുട്ടികൾക്ക് കുറച്ചുകൂടി പക്വത ഇരുപത്തിയൊന്നു വയസ്സോടെ ഉണ്ടാകുമെന്നും വാദിക്കുന്നവരുണ്ട്. പലപ്പോഴും പ്രായം പക്വതയുടെ മാനദണ്ഡമല്ല എന്നതാണ് നേര്. ഇനി അങ്ങനെ കരുതേണ്ട, ഇരുപത്തിയൊന്നു വയസ്സിൽ പക്വത എത്തുമെന്ന് കരുതിയാൽ, പതിനെട്ടു വയസ്സിൽ വോട്ട് ചെയ്യാൻ അവകാശമുള്ള ഒരു വ്യക്തി എന്ന നിലയിൽ പെൺകുട്ടിയുടെ ആ പ്രായത്തിലെ പക്വത പ്രസക്തമല്ലേ.

ഈ നിയമത്തെ അനുകൂലിക്കുന്നവരുടെ മറ്റൊരു വാദം, പോഷകാഹാരക്കുറവ് കാരണം പെൺകുട്ടികൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും ഗർഭാവസ്ഥയിലെ കുഴപ്പങ്ങളും അതുകാരണം നവജാത ശിശുവിനുണ്ടാകുന്ന പ്രശ്നങ്ങളും കുറയ്ക്കാനോ ഇല്ലാതാക്കാനോ ഈ നിയമം സഹായകമാകും എന്നാണ്. ഈ പ്രശ്നം പരിഹരിക്കാൻ വേണ്ടത്  - പെൺകുട്ടിക്കും ആൺകുട്ടിക്കും - പോഷകാഹാരം ഉറപ്പാക്കുക എന്നതാണ്. മിഡ് ഡേ  മീൽ സ്‌കീം (ഉച്ചഭക്ഷണ പദ്ധതി) സ്‌കൂളുകളിൽ നിർബന്ധമായും നടപ്പാക്കണം എന്ന് പറയുകയും അതിനുള്ള ഫണ്ട്‌ സംസ്ഥാനങ്ങൾക്ക് നൽകാതിരിക്കുകയോ   വെട്ടിക്കുറയ്ക്കുകയോ ചെയ്യുന്ന സമീപനമാണ് കേന്ദ്രസർക്കാരിന്റേത്. ഇതിലാണ് മാറ്റം വരുത്തേണ്ടത്. പതിനെട്ടു വയസ്സിൽ ജനാധിപത്യ പ്രക്രിയയിൽ നേരിട്ട് പങ്കാളിയാകുന്ന പെൺകുട്ടിക്ക് സ്വന്തം ഇണയെ തെരഞ്ഞെടുക്കാനുള്ള ജനാധിപത്യ അവകാശവും ഉണ്ടാകണം. വിവാഹത്തിന് താൽപ്പര്യമില്ലെങ്കിൽ ആ തീരുമാനം കൈക്കൊള്ളേണ്ടതും പെൺകുട്ടിയാണ്.  നിർബന്ധിച്ച് വിവാഹിതയാക്കാൻ രക്ഷിതാക്കൾക്ക് അവകാശമില്ല. ഇത് പെൺകുട്ടിയുടെയും സ്‌ത്രീകളുടെയും സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണ്.

ബാലവിവാഹം ഇല്ലാതാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഏറ്റവും കുറഞ്ഞ വിവാഹപ്രായം എന്നത് നിയമത്തിലൂടെ പ്രാബല്യത്തിൽ കൊണ്ടുവന്നത്. അപ്പോഴും ലോകത്ത് നടക്കുന്ന ബാലവിവാഹങ്ങളിൽ 40ശതമാനം ഇന്ത്യയിലാണ്. ഇവിടെ വ്യക്തിനിയമങ്ങളിൽ വിവാഹപ്രായത്തെക്കുറിച്ചും നിബന്ധനകളുണ്ട്. ഹിന്ദു വ്യക്തിനിയമത്തിൽ പെൺകുട്ടിക്ക് പതിനെട്ടും ആൺകുട്ടിക്ക് ഇരുപത്തിയൊന്നുമാണ് ഏറ്റവും കുറഞ്ഞ വിവാഹപ്രായം.
മുസ്ലിം വ്യക്തിനിയമത്തിൽ കൗമാരം പൂർത്തിയാകുന്നതാണ് പെൺകുട്ടിയുടെ ഏറ്റവും കുറഞ്ഞ വിവാഹപ്രായം. 1954 ലെ സ്‌പെഷ്യൻ മാര്യേജ് ആക്റ്റും 1955ലെ ഹിന്ദു വിവാഹ നിയമവും 2006ലെ ബാലവിവാഹനിരോധന നിയമവും പെൺകുട്ടിക്ക് 18 വയസ്സും ആൺകുട്ടിക്ക് 21 വയസ്സുമാണ് ഏറ്റവും കുറഞ്ഞ വിവാഹപ്രായമായി പറയുന്നത്. പുതിയ നിയമം നിലവിൽ വരുന്നതോടെ ഇതിലെല്ലാം മാറ്റം വരുത്തേണ്ടിവരും.

2020 ജൂണിൽ കേന്ദ്ര വനിതാ ശിശുവികസന വകുപ്പ് ഒരു കമ്മിറ്റിയെ നിയോഗിക്കുകയുണ്ടായി. സ്‌ത്രീകളിലെയും കുട്ടികളിലെയും പോഷകാഹാരക്കുറവ്, വിളർച്ച, മാതൃമരണനിരക്ക്, ശിശുമരണനിരക്ക് തുടങ്ങിയവയും വിവാഹപ്രായവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠിക്കുവാനാണ് കമ്മിറ്റിയെ നിയോഗിച്ചത്. ജയ ജയ്റ്റ്‌ലി അധ്യക്ഷയായ കമ്മിറ്റിയുടെ റിപ്പോർട്ടിലാണ് വിവാഹ പ്രായം ഉയർത്തണമെന്ന നിർദേശമുള്ളത്. സാമൂഹ്യബോധവൽക്കരണം പ്രധാനമാണെന്നും  നിർദേശിച്ചിട്ടുണ്ട്. എന്നാൽ സർക്കാരിന്റെ ഉത്തരവാദിത്വത്തെക്കുറിച്ച്  നിശബ്ദത പാലിച്ചു.

പെൺകുട്ടികൾക്ക് ആവശ്യമുള്ള പോഷകാഹാരവും വിദ്യാഭ്യാസ സൗകര്യങ്ങളും പൊതുസമൂഹത്തിൽ ഇടപെടാനുള്ള സ്വാതന്ത്ര്യവും ലഭ്യമാക്കാൻ സർക്കാർ തയ്യാറായാൽ മാത്രം പരിഹരിക്കാനാകുന്ന പ്രശ്നങ്ങൾക്ക് തികച്ചും അശാസ്ത്രീയമായ നിയമം രൂപപ്പെടുത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇതിലൂടെ പാർശ്വവൽകൃത വിഭാഗങ്ങൾക്കിടയിൽ, വിശേഷിച്ച്, പട്ടികജാതി - പട്ടിക വർഗ വിഭാഗങ്ങളെ നിയമലംഘകരായി കുറ്റവാളികളാക്കുകയാകും  ഫലം.  കാരണം,  ദരിദ്രരും സാമൂഹ്യമായി പിന്നാക്കം നിൽക്കുന്നവരുമായ വിഭാഗങ്ങൾക്കിടയിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസമോ തൊഴിലോ പോഷകാഹാരമോ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ വിമുഖത കാട്ടുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top