26 April Friday

ശ്രീലങ്കയും ഇറ്റലിയും നൽകുന്ന സന്ദേശം

വി ബി പരമേശ്വരൻUpdated: Saturday Jul 30, 2022

ശ്രീലങ്കൻ സർക്കാരിനു പിറകെ യൂറോപ്പിലെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയായ ഇറ്റലിയിലെ മരിയോ ദ്രാഗി സർക്കാരും നിലംപൊത്തിയിരിക്കുന്നു.  തീവ്ര സിംഹള ദേശീയതയ്‌ക്കായി നിലകൊള്ളുന്ന പാർടിയാണ്‌ ശ്രീലങ്ക ഭരിച്ചിരുന്നതെങ്കിൽ തീവ്രദേശീയത മുഖമുദ്രയാക്കിയ കക്ഷികളുടെ പിന്തുണയോടെയുള്ള സർക്കാരായിരുന്നു ഇറ്റലിയിലേത്‌. ഇരു സർക്കാരും നവഉദാര സാമ്പത്തികനയം ആവേശത്തോടെ നടപ്പാക്കിയവരുമാണ്‌. ഇന്ത്യയിൽ മോദി സർക്കാരിനെപ്പോലെ ശ്രീലങ്കൻ പാർലമെന്റിൽ രജപക്‌സെ കുടുംബ സർക്കാരിന്‌ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നു. എന്നിട്ടും പിടിച്ചുനിൽക്കാനായില്ല. എന്നാൽ, സമ്പന്നരെ അതിസമ്പന്നരും ദരിദ്രരെ കൂടുതൽ ദരിദ്രരും ആക്കുന്ന നവഉദാര സാമ്പത്തികനയവും അതിന്‌ സംരക്ഷണവലയം തീർക്കാൻ തീവ്രദേശീയതയും ഊതിക്കത്തിച്ച്‌ എല്ലാ കാലത്തേക്കും ഭരണക്കസേരയിൽ ഇരിക്കാൻ കഴിയില്ലെന്ന്‌ ഈ രണ്ട്‌ സർക്കാരിന്റെ പതനവും വ്യക്തമാക്കുന്നു. തീവ്രദേശീയ വികാരം ഭക്ഷിച്ച്‌ ജീവിക്കാനാകില്ലല്ലോ?

ശ്രീലങ്കൻ പ്രതിസന്ധിയെക്കുറിച്ച്‌ നേരത്തേ ഈ പേജിൽ ഏതാനും ലേഖനം പ്രസിദ്ധീകരിച്ചതിനാൽ അതിലേക്ക്‌ വീണ്ടും കടക്കുന്നില്ല. ഇറ്റലിയെക്കുറിച്ചുമാത്രം അൽപ്പം വിശദീകരിക്കാം. കോവിഡ്‌ മഹാമാരിയും ഉക്രയ്‌ൻ യുദ്ധവും സൃഷ്ടിച്ച സാമ്പത്തിക അനിശ്‌ചിതത്വമാണ്‌ ഇറ്റാലിയൻ സർക്കാരിന്റെ രാജിക്ക്‌ കാരണം. അവശ്യസാധനങ്ങളുടെ വിലക്കയറ്റവും ഊർജപ്രതിസന്ധിയുമാണ്‌ ദ്രാഗി സർക്കാരിന്റെ പതനം അനിവാര്യമാക്കിയത്‌. 17 മാസംമുമ്പ്‌ രാജ്യത്തെ സാമ്പത്തിക–-രാഷ്ട്രീയ പ്രതിസന്ധിയിൽനിന്ന്‌ രക്ഷിക്കാനായാണ്‌ പ്രമുഖ ബാങ്കറായ ദ്രാഗിയെ പ്രധാനമന്ത്രിക്കസേരയിലിരുത്താൻ ഇറ്റലിയിലെ പ്രമുഖ വലതുപക്ഷ രാഷ്ട്രീയ കക്ഷികൾ തയ്യാറായത്‌. ബാങ്ക്‌ ഓഫ്‌ ഇറ്റലിയുടെയും യൂറോപ്യൻ  സെൻട്രൽ ബാങ്കിന്റെയും മേധാവിയായിരുന്ന ദ്രാഗി ഇറ്റലിയെ രക്ഷിക്കുമെന്ന പ്രതീക്ഷയിലാണ്‌ പ്രമുഖ രാഷ്ട്രീയ കക്ഷികൾ ഐക്യ സർക്കാരിന്‌ രൂപം നൽകാൻ തയ്യാറായത്‌.

പത്ത്‌ വർഷംമുമ്പ്‌ യൂറോപ്യൻ യൂണിയൻ കറൻസിയായ യൂറോ പ്രതിസന്ധി നേരിട്ടപ്പോൾ ദ്രാഗിയുടെ നടപടികളാണ്‌ തുണയായതെന്ന വിലയിരുത്തലിന്റെ ബലത്താലാണ്‌ അദ്ദേഹത്തെ പ്രധാനമന്ത്രി പദത്തിലേക്ക്‌ ക്ഷണിച്ചത്‌. എന്നാൽ, യൂറോയെ രക്ഷിച്ച ‘സൂപ്പർ മരിയോക്ക്‌’ സ്വന്തം രാജ്യത്തെ പ്രതിസന്ധിയിൽനിന്ന്‌ രക്ഷിക്കാനായില്ല. ആദ്യം പിന്തുണച്ച പല കക്ഷികളും ദ്രാഗിയിൽനിന്ന്‌ അകലം പാലിക്കാൻ തുടങ്ങി. ജൂലൈ രണ്ടാം വാരംതന്നെ രാജി സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും പ്രസിഡന്റ്‌ രാജി സ്വീകരിച്ചില്ല. പല സംഘടനകളും ദ്രാഗിക്കുവേണ്ടി രംഗത്തെത്തുകയും ചെയ്‌തു. എന്നാൽ, ഫൈവ്‌ സ്‌റ്റാർ മൂവ്‌മെന്റും വലതുപക്ഷ ലെഗയും മുൻ പ്രധാനമന്ത്രി സിൽവിയോ ബർലുസ്‌കോനി നയിക്കുന്ന ഫോഴ്‌സ ഇറ്റാലിയയും വിശ്വാസവോട്ടെടുപ്പിൽനിന്ന്‌ വിട്ടുനിൽക്കുമെന്ന്‌ പറഞ്ഞതോടെയാണ്‌ ദ്രാഗി സർക്കാർ ജൂലൈ 20ന്‌ രാജിവച്ചത്‌. രണ്ടാം ലോകയുദ്ധത്തിനുശേഷം അധികാരമേറ്റ 67–-ാമത്തെ പ്രധാനമന്ത്രിയും രാജിവച്ചതോടെ ഇറ്റലി തെരഞ്ഞെടുപ്പിലേക്കാണ്‌ നീങ്ങുന്നത്‌. സെപ്‌തംബർ 25ന്‌ തെരഞ്ഞെടുപ്പ്‌ നടക്കാനാണ്‌ സാധ്യത. തെരഞ്ഞെടുപ്പ്‌ നടന്നാൽ തീവ്രവലതുപക്ഷം അധികാരത്തിൽ വരാനുള്ള സാധ്യത തള്ളിക്കളഞ്ഞുകൂടാ. ജിയോർജിയ മെലണി നേതൃത്വം നൽകുന്ന ബ്രദേഴ്‌സ്‌ ഓഫ്‌ ഇറ്റലി എന്ന തീവ്രവലതുപക്ഷ പാർടിയും മധ്യ ഇടതുപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് പാർടിയും തമ്മിലായിരിക്കും പ്രധാന മത്സരം. എന്നാൽ, ഈ കക്ഷികൾക്കും ഇറ്റലി ഇന്ന്‌ അഭിമുഖീകരിക്കുന്ന പ്രതിസന്ധിക്ക്‌ പരിഹാരം കാണാൻ കഴിയില്ലെന്ന വിലയിരുത്തലാണ്‌ പൊതുവെ ഉയരുന്നത്‌. അതായത്‌, ഇറ്റലിയിലെ സാമ്പത്തിക–-രാഷ്ട്രീയ അനിശ്‌ചിതത്വം തുടരാനാണ്‌ സാധ്യത. അത്‌ യൂറോപ്പിന്റെ ആശങ്ക വർധിപ്പിക്കും.


 

ഇറ്റലിയിൽ മാത്രമല്ല, മറ്റ്‌ രാജ്യങ്ങളിലും സർക്കാർവിരുദ്ധ പ്രക്ഷോഭത്തിന്‌ തിരികൊളുത്തിക്കഴിഞ്ഞിട്ടുണ്ട്‌. ഹംഗറിയിൽ നടന്നുവരുന്ന പ്രക്ഷോഭം അതിന്‌ ഉദാഹരണമാണ്‌. ചെറുകിട ബിസിനസുകാരെ ഹനിക്കുന്ന നികുതി ബിൽ പരിഷ്‌കാരമാണ്‌ ആ വിഭാഗം ജനങ്ങളെ ബുഡാപെസ്‌റ്റിന്റെ തെരുവിലേക്ക്‌ നയിച്ചത്‌. രൂക്ഷമായ വിലക്കയറ്റംകൊണ്ട്‌ പൊറുതിമുട്ടുന്ന സമയത്താണ്‌ ജീവനോപാധിതന്നെ ഇല്ലാതാക്കുംവിധം നികുതിപരിഷ്‌കരണം നടത്താൻ തീവ്രവലതുപക്ഷ വിക്‌ടർ ഓർബൻ സർക്കാർ തയ്യാറായിട്ടുള്ളത്‌. നവഉദാര നയത്തിന്റെ ചുവടുപിടിച്ചാണ്‌ ഈ പുതിയ നിയമനിർമാണം.  ഇതിനെതിരെയാണ്‌ ഇപ്പോൾ ഹംഗറിയിൽ പ്രക്ഷോഭം നടക്കുന്നത്‌. ഇംഗ്ലണ്ടിൽ റെയിൽവേ ജീവനക്കാരും ജർമനിയിൽ ലുഫ്‌താൻസ എയർ ജീവനക്കാരും സമരത്തിലാണ്‌. നോർദ്‌സ്‌ട്രീം പൈപ്പ്‌ലൈനിലൂടെ വാതകത്തിന്റെ അളവ്‌ റഷ്യ കുറച്ചതോടെ ഇന്ധവില കുതിച്ചുയരുകയാണ്‌. യൂറോപ്പ്‌ കടുത്ത സാമ്പത്തികപ്രതിസന്ധിയിലേക്കാണ്‌ നീങ്ങുന്നത്‌. ഇത്‌ കൂടുതൽ പ്രക്ഷോഭങ്ങളെ ക്ഷണിച്ചുവരുത്തും.

ശ്രീലങ്കയുടെയും ഇറ്റലിയുടെയും അനുഭവത്തിൽനിന്ന്‌ ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാഷ്ട്രങ്ങൾക്ക്‌ ഏറെ പാഠം ഉൾക്കൊള്ളാനുണ്ട്‌. വിലക്കയറ്റത്തിൽ നട്ടം തിരിയുന്ന ജനങ്ങളെ സഹായിക്കാൻ സർക്കാരുകൾ മുന്നോട്ടുവരാത്തപക്ഷം ജനങ്ങൾ അവരുടെ അവസാനത്തെ ആയുധമായ സമരമാർഗം പുറത്തെടുക്കുമെന്നതാണ്‌ ആ പാഠം. ജനരോഷത്തിനു മുമ്പിൽ ഒരു സർക്കാരിനും പിടിച്ചുനിൽക്കാനാകില്ലെന്ന്‌ ശ്രീലങ്കൻ അനുഭവം വ്യക്തമാക്കുന്നു. രൂപയുടെ മൂല്യത്തകർച്ചയും വിലക്കയറ്റവുംകൊണ്ട്‌ പൊറുതിമുട്ടുന്ന ഘട്ടത്തിൽത്തന്നെ ഭക്ഷ്യസാധനങ്ങൾക്കുമേൽ
അഞ്ച്‌ ശതമാനം ജിഎസ്‌ടി ചുമത്തിയ മോദി സർക്കാരിന്റെ നടപടിയും ജനങ്ങളെ രോഷാകുലരാക്കിയിട്ടുണ്ട്‌. വിവിധ സംഘടനകൾ പ്രക്ഷോഭത്തിന്റെ പാതയിലാണ്‌. പാർലമെന്റിൽ അതാണ്‌ പ്രതിഫലിക്കുന്നത്‌. പാർലമെന്റ്‌ അംഗങ്ങളെ സസ്‌പെൻഡ്‌ ചെയ്‌ത്‌ അവരുടെ  വായമൂടിക്കെട്ടിയതുകൊണ്ടുമാത്രം ജനരോഷത്തെ തടഞ്ഞുനിർത്താനാകില്ല. ഈ ചുമരെഴുത്ത്‌ വായിക്കാൻ മോദിക്കായില്ലെങ്കിൽ രജപക്‌സെമാർക്കുണ്ടായ അനുഭവംതന്നെ മോദിക്കും ഏറ്റുവാങ്ങേണ്ടിവരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top