25 April Thursday

സമത്വത്തിനായി ഐക്യപോരാട്ടം - മറിയം ധാവ്‌ളെ
 സംസാരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jan 6, 2023

 

"സമത്വത്തിനായി ഐക്യപോരാട്ടം’ എന്ന മുദ്രാവാക്യവുമായി ജനാധിപത്യ മഹിളാ അസോസിയേഷൻ 13–--ാമത് അഖിലേന്ത്യ സമ്മേളനം ജനുവരി 6 മുതൽ 9 വരെ തിരുവനന്തപുരത്ത് ചേരുകയാണ്‌.   96,31,116 അംഗങ്ങളെ പ്രതിനിധാനംചെയ്‌ത്‌ 850 പേർ പങ്കെടുക്കും. 1986ലെ തിരുവനന്തപുരം സമ്മേളനത്തിനുശേഷം ഇത് രണ്ടാം തവണയാണ് കേരളത്തിൽ അഖിലേന്ത്യ സമ്മേളനം നടക്കുന്നത്.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ഫ്യൂഡലിസത്തിനും എതിരായ വനിതാ പോരാട്ടങ്ങളാലും പോരാളികളാലും സമൃദ്ധമാണ്‌ കേരളമണ്ണ്‌. പ്രമുഖ വനിതാ നേതാവും സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയുമായ സഖാവ് സുശീല ഗോപാലന്റെ നാടാണിത്‌. രാജ്യത്തെ ഏറ്റവും വലുതും ശക്തവുമായ സംസ്ഥാനഘടകവും ഇവിടെയാണ്‌.

രാജ്യവ്യാപകമായ ചർച്ച
രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് യൂണിറ്റ് സമ്മേളനങ്ങൾക്കും നൂറുകണക്കിന് ജില്ലാ സമ്മേളനങ്ങൾക്കും 22 സംസ്ഥാന സമ്മേളനത്തിനും ശേഷമാണ് അഖിലേന്ത്യ സമ്മേളനം ചേരുന്നത്. മോദി സർക്കാരിന്റെ സ്ത്രീവിരുദ്ധ, ജനവിരുദ്ധ, വർഗീയ നയങ്ങളുടെ ആഘാതം ഈ സമ്മേളനങ്ങളിൽ, സ്വന്തം പ്രായോഗിക അനുഭവങ്ങളുടെ പശ്‌ചാത്തലത്തിൽ നൂറുകണക്കിന് സ്ത്രീകൾ അവലോകനം ചെയ്‌തു. അന്ധവിശ്വാസങ്ങൾ രൂ--ഢമൂലമാക്കുന്ന ആർഎസ്എസ് പ്രചാരണത്തെ ചെറുക്കേണ്ടതിന്റെ ആവശ്യകത അവർ പ്രകടിപ്പിച്ചു. മദ്യം, മയക്കുമരുന്ന്‌ എന്നിവയുടെ വ്യാപനം യുവാക്കളെ നശിപ്പിക്കുകയാണ്‌. ഇതിനെ തുറന്നുകാട്ടി മെച്ചപ്പെട്ട ലോകത്തിനായി പോരാടാനും മഹിളാ പ്രസ്ഥാനം മുന്നോട്ട് വരണമെന്ന് സമ്മേളനങ്ങൾ തീരുമാനിച്ചു.

സ്ത്രീകളിൽ ഇന്ന്‌ രോഷത്തോടൊപ്പം നിരാശയുമുണ്ട്. മാന്യമായി ജീവിക്കാൻ കഴിയാതെ, വഞ്ചിക്കപ്പെട്ടുവെന്ന വികാരത്തിലാണ്‌ സ്ത്രീകൾ. കേന്ദ്ര ബിജെപി സർക്കാർ തങ്ങളുടെ ദുരിതം കാണുന്നതിൽ പരാജയപ്പെട്ടതിലും സ്ത്രീകൾ രോഷാകുലരാണ്‌. അതേസമയം അവരുടെ അവസ്ഥയിൽ ഒരു പുരോഗതിയും ഉണ്ടാകില്ലെന്ന് ഭയപ്പെടുന്നതിനാൽ നിരാശരുമാണ്‌. നിലനിൽപ്പുതന്നെ വലിയ വെല്ലുവിളിയായി മാറിയതോടെ പ്രതിസന്ധി രൂക്ഷമാകുന്നു. യോജിച്ച സമരങ്ങൾ കെട്ടിപ്പടുക്കുന്നതിലൂടെ മാത്രമേ മാറ്റം കൊണ്ടുവരാൻ കഴിയൂ എന്ന പ്രതീക്ഷയോടെയാണ് അവർ മഹിളാപ്രസ്ഥാനത്തിലേക്ക്‌ വരുന്നത്.


 

ജീവനോപാധികൾക്ക് നേരെയുള്ള ക്രൂരമായ ആക്രമണങ്ങൾ, വിനാശം വിതച്ച കോവിഡ് മഹാമാരി, മോദി സർക്കാരിന്റെ നവഉദാര സാമ്പത്തിക നയങ്ങൾ എന്നിവ  രാജ്യത്തെ സ്ത്രീകളുടെ ജീവിതം തകർത്തു. അവശ്യസാധനങ്ങളുടെയും പെട്രോൾ, ഡീസൽ, പാചകവാതകത്തിന്റെ  വൻ വിലക്കയറ്റം അടിസ്ഥാന ഭക്ഷ്യവസ്തുക്കൾപോലും പാവപ്പെട്ടവർക്ക്‌ അന്യമാക്കുന്നു. തൊഴിലില്ലായ്മ രൂക്ഷമായി. അസംഘടിത മേഖലകളിൽ സ്ത്രീകൾ അങ്ങേയറ്റം ചൂഷണവിധേയമാകുന്നു. സ്ത്രീകൾക്കിടയിൽ കടബാധ്യത വർധിച്ചുവരുന്നു. ഈ ഘടകങ്ങൾ വനിതകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം അങ്ങേയറ്റം പരിതാപമാക്കുന്നു.

കേന്ദ്ര ബിജെപി–- -ആർഎസ്എസ് സർക്കാർ എത്രയെത്ര കള്ള വാഗ്ദാനങ്ങളാണ്‌ നൽകിയത്‌. ‘കാവൽക്കാരൻ, നല്ലദിനങ്ങൾ, ഓരോ ബാങ്ക് അക്കൗണ്ടിലും 15 ലക്ഷം രൂപ, 2 കോടി തൊഴിലവസരം, പെൺകുട്ടികളെ രക്ഷിക്കൂ, പെൺമക്കളെ പഠിപ്പിക്കൂ’ തുടങ്ങിയവ സ്ത്രീകൾ ഇപ്പോഴും ഓർക്കുന്നു. പാവങ്ങളുടെ ദാരിദ്ര്യത്തെ പരിഹസിക്കുകയാണ് ഭരണാധികാരികൾ. വാഗ്‌ദാനങ്ങളുടെ വഞ്ചന ജനങ്ങൾ, സ്‌ത്രീകൾ തിരിച്ചറിയുമ്പോൾ  ജനങ്ങളെ വർഗീയമായി ചേരിതിരിക്കുകയെന്ന    അപകടകരമായ ആയുധങ്ങൾ പുറത്തെടുക്കുന്നു.  കോർപറേറ്റ് വർഗീയതയാണ് ഇന്ന് ബിജെപി-–- ആർഎസ്എസ് മുഖമുദ്ര.

വർഗീയ, മനുവാദി ആക്രമണങ്ങൾ
അതിക്രമങ്ങളുടെ, പ്രത്യേകിച്ച് ഗാർഹിക പീഡനങ്ങളുടെ വൻ വർധന സ്ത്രീകളുടെ ജീവിതത്തെ വളരെ അരക്ഷിതമാക്കിയിരിക്കുന്നു. ജാതിയും പുരുഷാധിപത്യ ധാർഷ്ട്യവും എത്രത്തോളം തീവ്രമാകുന്നുവെന്ന് കാണിക്കുന്നതാണ് ‘അഭിമാനത്തിന്റെ’ പേരിൽ നടക്കുന്ന കൊലപാതകങ്ങൾ. ബിജെപി സംസ്ഥാന സർക്കാരുകൾ ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധമായി ജാതി-മതാന്തര വിവാഹങ്ങൾക്കെതിരെ നിയമങ്ങൾ കൊണ്ടുവന്നു. സ്വയം തെരഞ്ഞെടുക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നു. വർഷങ്ങളായി വനിതാ പ്രസ്ഥാനം നേടിയെടുത്ത അവകാശങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നു.

2002-ലെ ഗുജറാത്ത് വംശഹത്യയിലെ ബിൽക്കിസ് ബാനു കേസിലെ 11 കൂട്ടബലാത്സംഗക്കാരെയും കൂട്ടക്കൊലയാളികളെയും മോചിപ്പിക്കാനുള്ള  നടപടിയാണ് ബിജെപി ഗുജറാത്ത് സംസ്ഥാന സർക്കാർ മോദി സർക്കാരിന്റെ ഒത്താശയോടെ കൈക്കൊണ്ടത്. ഇന്ത്യയെ ഇരുണ്ട യുഗത്തിലേക്ക് വലിച്ചിഴയ്ക്കാൻ ആഗ്രഹിക്കുന്ന വർഗീയ, മനുവാദി ശക്തികളെ സ്ത്രീകൾ ഒറ്റക്കെട്ടായി പരാജയപ്പെടുത്തണം.

ഹാഥ്‌രസ്, ഉന്നാവ്‌, ലഖിംപൂർ ഖേരി, ഡെറാഡൂൺ, ഡൽഹി തുടങ്ങി രാജ്യത്തുടനീളം സ്ത്രീകൾക്കെതിരെ നടക്കുന്ന മനുഷ്യത്വരഹിതമായ അതിക്രമങ്ങൾ രാജ്യം കണ്ടതാണ്. ഈ ആക്രമണത്തെ പരാജയപ്പെടുത്താൻ എല്ലാവരെയും ഒന്നിപ്പിക്കുക എന്നതാണ് വെല്ലുവിളി. സമത്വ സമൂഹം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത വിശദീകരിക്കുന്നതിനുള്ള ബദൽ പ്രചാരണങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്.

ജനാധിപത്യം അപകടത്തിൽ
ഗുജറാത്ത് വംശഹത്യയിൽ ക്രൂരമായി കൊല്ലപ്പെട്ട എംപി സാകിയ ജാഫ്രിയുടെ ഭാര്യ എഫ്‌സാൻ ജാഫ്രിയുടെ കേസിൽ സുപ്രീംകോടതിയുടെ നിരീക്ഷണങ്ങൾക്കുശേഷം അവർക്ക്‌ നീതി കിട്ടിയില്ലെന്ന്‌ മാത്രമല്ല, മറിച്ച് ജനാധിപത്യത്തിനും മതനിരപേക്ഷതയ്‌ക്കും വേണ്ടിയുള്ള അക്ഷീണ പോരാളിയായ ടീസ്‌ത സെതൽവാദിന്റെ അറസ്‌റ്റിലേക്കും നയിച്ചു. ഡൽഹി വർഗീയ കലാപത്തിന് പ്രേരിപ്പിച്ചവരെ ഒഴിവാക്കി. എന്നാൽ നതാഷ നർവാൾ, ദേവാംഗന കലിത തുടങ്ങിയ പെൺകുട്ടികളെ ജയിലിലടച്ചു. ചരിത്രപരമായ കർഷക സമരത്തിനിടെ, യുവ വനിതാ ആക്ടിവിസ്റ്റുകളായ ദിശ രവി, നോദീപ് കൗർ എന്നിവരെയും  ജയിലിലടച്ചു.  ദളിത് യുവതിയെ ഹാഥ്‌രസിൽ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട്‌ ചെയ്യാൻ പോയ മാധ്യമപ്രവർത്തകൻ   സിദ്ദിഖ് കാപ്പനെ രണ്ട് വർഷത്തിലേറെ ജയിലിലടച്ചു. ഭീമാ കൊറേഗാവ് കേസിൽ സുധ ഭരദ്വാജും മറ്റ് 15 പേരും മൂന്ന് വർഷത്തോളം ജയിലിൽ കിടന്നു. ജസ്യൂട്ട്‌ വൈദികനായ സ്റ്റാൻ സ്വാമി ജയിലിലാണ് മരിച്ചത്.   ബിജെപി–-- ആർഎസ്എസ് സർക്കാരിനു കീഴിൽ ജനാധിപത്യംതന്നെ അപകടത്തിലാണ്.

ഈ കടുത്ത വെല്ലുവിളികൾ സമ്മേളനം ചർച്ച ചെയ്യും. സ്ത്രീകൾക്കിടയിൽ രാഷ്ട്രീയ -പ്രത്യയ ശാസ്ത്ര പ്രചാരണങ്ങൾ തീവ്രമാക്കാനും തീരുമാനിക്കും. സാമൂഹ്യവും സാമ്പത്തികവും ലിംഗപരവും രാഷ്ട്രീയവുമായ വിവേചനങ്ങളില്ലാത്ത സമത്വ ലോകത്തിൽ മാത്രമേ സ്ത്രീകൾക്ക് തുല്യ മനുഷ്യരായി ജീവിക്കാനും അഭിവൃദ്ധി പ്രാപിക്കാനും കഴിയൂ. അതുകൊണ്ടാണ് "സമത്വത്തിനായുള്ള ഐക്യപോരാട്ടത്തിലേക്ക്‌’ മഹിളാ അസോസിയേഷൻ നീങ്ങുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top