20 April Saturday

മതത്തെ രാഷ്‌ട്രീയനേട്ടത്തിന്‌ ഉപയോഗിക്കരുത്‌ - മാർ ജോസഫ്‌ പാംപ്ലാനി സംസാരിക്കുന്നു

തയ്യാറാക്കിയത്‌: പി ദിനേശൻUpdated: Wednesday Apr 20, 2022

തലശേരി അതിരൂപതയുടെ ആർച്ച്‌ ബിഷപ്പായി മാർ ജോസഫ്‌ പാംപ്ലാനി ബുധനാഴ്‌ച ചുമതലയേൽക്കുകയാണ്‌. കുടിയേറ്റക്കാരുടെ അതിരൂപതയ്ക്ക് കുടിയേറ്റക്കാരുടെ ഇടയനെ ലഭിച്ചുവെന്ന ആഹ്ലാദത്തിലാണ്‌ മലയോര ജനത. ബൈബിൾ, ദൈവശാസ്ത്ര പണ്ഡിതനായ മാർ ജോസഫ് ഇരിട്ടിക്കടുത്ത് ചരൾ ഇടവകയിലെ പാംപ്ലാനി പി ഡി തോമസ് -–-മേരി ദമ്പതികളുടെ മകനാണ്‌. രാഷ്‌ട്രീയം, മതം, വർഗീയത തുടങ്ങി ഏത്‌ വിഷയത്തിലും കൃത്യമായ നിലപാടും വീക്ഷണവുമുള്ള ആർച്ച്‌ ബിഷപ്പാണ്‌ അദ്ദേഹം. ദേശാഭിമാനിക്ക്‌ അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സമകാലിക പ്രശ്‌നങ്ങളിൽ തന്റെ നിലപാട്‌ 
ആർച്ച്‌ ബിഷപ് തുറന്നു പറയുന്നു

സിൽവർ ലൈനിന്റെ പേരിൽ വൻവിവാദമാണ്‌ നടക്കുന്നത്‌. വികസനത്തെക്കുറിച്ച്‌ സഭയുടെ നിലപാടെന്താണ്‌?
വികസനകാര്യത്തിൽ സഭയ്‌ക്ക്‌ എന്നും തുറന്ന സമീപനമാണ്‌. നാടിന്റെ വികസനത്തിൽ എന്നും മുന്നിൽനിന്ന്‌ പ്രവർത്തിച്ചതാണ്‌ സഭയുടെ ചരിത്രം. മലയോരത്ത്‌ ഇന്നു കാണുന്ന ഒട്ടേറെ റോഡുകളും  സ്‌കൂളുകളും വൈദികരുടെയും കുടിയേറ്റ കർഷകരുടെയും നേതൃത്വത്തിൽ നിർമിച്ചതാണ്‌. വികസനത്തിന്റെ പക്ഷത്താണ്‌ സഭ എക്കാലവും നിന്നത്‌. എല്ലാരംഗത്തും വികസനം സമഗ്രമായി സംഭവിക്കേണ്ടതാണ്‌. എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള ഇടപെടലിലാണ്‌ ദേശീയപാത വികസനം സാധ്യമാക്കിയത്‌. ഗെയിൽ നടപ്പാക്കിയതും പിണറായി സർക്കാരിന്റെ വലിയ നേട്ടമാണ്‌. മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട്‌ ഇക്കാര്യം അറിയിച്ചതാണ്‌. അദ്ദേഹത്തെപ്പോലെ ഇച്ഛാശക്തിയുള്ള ഭരണകർത്താവിനുമാത്രം നടപ്പാക്കാൻ കഴിയുന്നതാണത്‌.

യൂറോപ്പിൽ പഠിക്കുന്ന കാലത്ത്‌ സ്‌പീഡ്‌ ട്രെയിനുകൾ കണ്ടതാണ്‌. മണിക്കൂറിൽ 400 കിലോമീറ്റർ വേഗത്തിൽ പോകുന്ന ബ്രസൽസ്‌–-പാരീസ്‌ ട്രെയിനിൽ യാത്രചെയ്യുമ്പോൾ ഇതുപോലുള്ള സംവിധാനം നമ്മുടെ നാട്ടിൽ വരുന്നതിനെക്കുറിച്ചും സ്വപ്‌നം കണ്ടിരുന്നു. അതിവേഗത്തിൽ ഓടുന്ന ട്രെയിൻ വരുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടാകുമെന്ന്‌ കരുതുന്നില്ല. വേണ്ടത്ര ബോധവൽക്കരണം ഇല്ലാത്തതുകൊണ്ടാണ്‌ എതിർപ്പ്‌. ജനങ്ങളുടെ ആശങ്ക പരിഹരിക്കേണ്ടതുണ്ട്‌. കൃത്യമായി റൂട്ട്‌ നിശ്‌ചയിച്ച്‌, ഭൂമി നഷ്‌ടപ്പെടുന്നവരെ ബോധ്യപ്പെടുത്തണം. കൃത്യത വരുത്തി വേണം ഭൂമിയിൽ കല്ലിടാൻ. ഇത്ര ഭൂമി നഷ്‌ടപ്പെടും, ഇത്രരൂപ നഷ്‌ടപരിഹാരം നൽകും എന്നൊക്കെ  അറിയിക്കണം. വ്യക്തത വരുത്തിയാൽ ജനപിന്തുണയോടെ പദ്ധതി നടപ്പാകാനാവും. ആശങ്കകൾ പരിഹരിച്ച്‌ പദ്ധതി നടപ്പാക്കണം.

കമ്യൂണിസ്‌റ്റ്‌പ്രസ്ഥാനത്തോടുള്ള പഴയ സമീപനം മാറിയോ?

കമ്യൂണിസവുമായി കത്തോലിക്ക സഭയ്‌ക്കുള്ളത്‌ സൈദ്ധാന്തിക അകലം മാത്രമാണ്‌. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കമ്യൂണിസ്‌റ്റ്‌പാർടിയുടെ നിലപാടുകൾ പാർടി വിശദീകരിച്ചിട്ടുണ്ട്‌. മതവിശ്വാസം നിലനിർത്തി പാർടി പ്രവർത്തനത്തിൽ സജീവ പങ്കാളിയാവാം എന്നത്‌ കമ്യൂണിസ്‌റ്റ്‌പാർടിയുടെ തുറന്ന സമീപനത്തിന്റെ ഭാഗമാണ്‌. സമാനമായ തുറന്ന നിലപാട്‌ സഭയ്‌ക്കുമുണ്ട്‌. കമ്യൂണിസ്‌റ്റുകാരുമായി കത്തോലിക്ക വിശ്വാസികൾ അടുക്കാൻ പാടില്ലെന്ന പഴയ നിലപാടുകൾ മാറി. ജനാധിപത്യ സംവിധാനത്തിൽ വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന എല്ലാ രാഷ്‌ട്രീയപാർടികളോടും സമദൂരം പാലിച്ചുള്ള നിലപാടാണ്‌ സഭയ്‌ക്കുള്ളത്‌.

ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ സംരക്ഷകരാകണമെന്നാണ്‌ മാർപാപ്പ ആഹ്വാനം ചെയ്‌തത്‌.  രാജ്യത്ത്‌ ന്യൂനപക്ഷങ്ങൾ നിരന്തരം ആക്രമിക്കപ്പെടുന്നതിനെക്കുറിച്ച്‌?
ഹംഗറിയിലെ ബുഡാപെസ്‌റ്റിൽ ചേർന്ന ദിവ്യകാരുണ്യ കോൺഗ്രസിലാണ്‌ മാർപാപ്പ ഇക്കാര്യം പറഞ്ഞത്‌. ആ യോഗത്തിൽ ഞാനുമുണ്ടായിരുന്നു. ദിശാബോധം പകരുന്നതായിരുന്നു പാപ്പയുടെ വാക്കുകൾ. മതത്തെ രാഷ്‌ട്രീയ നേട്ടത്തിന്‌ ഉപയോഗിക്കുന്നതാണ്‌ പ്രശ്‌നം. രാഷ്‌ട്രീയലക്ഷ്യത്തിനായി മതത്തെ ഉപയോഗിക്കാൻ തുടങ്ങിയപ്പോഴാണ്‌ ഭൂരിപക്ഷത്തിന്റെ ആൾബലത്തിൽ ന്യൂനപക്ഷങ്ങൾ അവഗണിക്കപ്പെടുന്നു എന്ന തോന്നൽ ശക്തിപ്രാപിച്ചത്‌. ഹൈന്ദവസമൂഹം രാജ്യത്ത്‌ ഭൂരിപക്ഷമാണ്‌. രാജ്യത്തേക്ക്‌ കടന്നുവന്ന എല്ലാ വിശ്വാസധാരകളെയും ഇരുകൈയും നീട്ടി സ്വീകരിച്ചതാണ്‌ നമ്മുടെ പാരമ്പര്യം. ഐക്യത്തോടെ ജീവിച്ചുവന്നവരിലാണ്‌ ചില രാഷ്‌ട്രീയ പ്രസ്ഥാനങ്ങൾ ഭിന്നത സൃഷ്‌ടിക്കുന്നത്‌. വർഗീയമായി ചിന്തിക്കാൻ പരിശീലിപ്പിക്കുന്ന സംവിധാനം രാഷ്‌ട്രീയമായും സാമൂഹ്യമായും രൂപപ്പെട്ടിട്ടുണ്ട്‌. അതിനെ പ്രതിരോധിക്കാനെന്ന പേരിൽ ന്യൂനപക്ഷങ്ങൾക്കിടയിലും വർഗീയ ധ്രുവീകരണം സംഭവിക്കുന്നുണ്ട്‌. സാമുദായിക ധ്രുവീകരണം രാജ്യത്തിന്‌ അങ്ങേയറ്റം ദോഷകരമാണ്‌. മതനേതാക്കളും രാഷ്‌ട്രീയ നേതാക്കളും ഇക്കാര്യം ചർച്ച ചെയ്യണം. വർഗീയ ശക്തികളുടെ പിന്തുണ തങ്ങൾക്ക്‌ ആവശ്യമില്ലെന്നും മാനവസാഹോദര്യത്തിന്റെ പക്ഷത്താണ്‌ തങ്ങളെന്നും പറയാൻ എല്ലാ പാർടികളും തയ്യാറാകണം.

സഭയ്‌ക്ക്‌ അപകീർത്തികരമായ  സമീപകാല സംഭവങ്ങളെക്കുറിച്ച്‌?
ദൈവാരൂപിയോട്‌ ചേർന്ന്‌ പ്രവർത്തിക്കുന്നവരാണ്‌ സഭയിലെ 99 ശതമാനത്തിലേറെ വൈദികരും സന്യസ്‌തരും സമർപ്പിതരും അൽമായരും. ഒരു ചെറുവിഭാഗത്തിന്റെ ദുഷ്‌ചെയ്‌തികൾ ചർച്ച ചെയ്യുന്നു. ബഹുഭൂരിപക്ഷം വരുന്ന നന്മയുടെ മുഖങ്ങളും അവരുടെ ത്യാഗവും സമൂഹത്തിന്‌ നൽകുന്ന സേവനവും അവഗണിക്കപ്പെടുന്നു. ഒരു തെറ്റിനോടും സഭയ്‌ക്ക്‌ ഒത്തുതീർപ്പുണ്ടാവില്ല. തെറ്റു ചെയ്‌തവരെ നിയമനടപടിക്ക്‌ വിധേയമാക്കണം. അവർക്ക്‌ ഒരു സംരക്ഷണവും പാടില്ലെന്ന ഫ്രാൻസിസ്‌ മാർപാപ്പയുടെ കർക്കശമായ ശൈലിയാണ്‌ സഭയ്‌ക്കുള്ളത്‌.

കാർഷിക മേഖലയിലെ പ്രതിസന്ധിയെക്കുറിച്ച്‌?
കർഷകർ വളരെയേറെ പ്രതിസന്ധിയിലാണ്‌. ഉൽപ്പന്നങ്ങൾക്ക്‌ വിലയില്ല. വന്യമൃഗങ്ങളുടെ ആക്രമണം നേരിടുന്നു. കർഷകരുടെ ആവശ്യങ്ങളോട്‌ കേന്ദ്ര–-സംസ്ഥാന സർക്കാരുകളിൽനിന്ന്‌ ആത്മാർഥമായ പ്രതികരണമുണ്ടാകണം. ആറളംഫാമിന്‌ ചുറ്റും ആനമതിൽ നിർമിക്കാൻ നേരത്തേ ഫണ്ട്‌ വകയിരുത്തിയിരുന്നു. ആനമതിൽ ഇന്നും ഫയലിൽ കുടുങ്ങി കിടക്കുകയാണ്‌. കാട്ടുപന്നിയെ ഉപദ്രവകാരിയായ ജീവിയായി പരിഗണിക്കണമെന്ന്‌ കേരളം അഭ്യർഥിച്ചിട്ടും കേന്ദ്രം ഫയൽ മടക്കി. കേന്ദ്ര വനംപരിസ്ഥിതി മന്ത്രിയെ മെത്രാൻ സമിതി കണ്ടപ്പോൾ പരിഹരിക്കാമെന്ന്‌ പറഞ്ഞു. കാട്ടുപന്നിയെ വെടിവയ്‌ക്കാൻ അനുമതി ലഭിച്ചത്‌ നല്ല കാര്യമാണ്‌. അതുകൊണ്ടുമാത്രം കാര്യമായില്ല. കൃഷിഭൂമിയിലിറങ്ങുന്ന കാട്ടുപന്നിയെ ഏത്‌ അവസരത്തിലും പ്രതിരോധിക്കാനുള്ള അവകാശം കർഷകന്‌ ലഭിക്കണം. എം എസ്‌ സ്വാമിനാഥൻ കമ്മിറ്റി ശുപാർശ ചെയ്‌തതുപോലെ താങ്ങുവില പ്രഖ്യാപിച്ച്‌ കർഷകന്റെ ഉപജീവനവഴി ഉറപ്പുവരുത്താൻ കേന്ദ്രവും സംസ്ഥാനവും ശ്രദ്ധിക്കണം.

അജപാലന ദൗത്യത്തെക്കുറിച്ച്‌
സഭയെന്നത്‌ വലിയൊരു കൂട്ടായ്‌മയാണ്‌. എല്ലാ അംഗങ്ങളും കുടുംബങ്ങളും തമ്മിൽ പരസ്‌പര സാഹോദര്യത്തിന്റെ അന്തരീക്ഷമുണ്ടാക്കും. ഇതര മതസ്ഥരുമായും വിവിധ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുമായും സൗഹൃദം വളർത്തും. കൂട്ടായ്‌മയുടെ ശുശ്രൂഷയാണ്‌ മെത്രാൻ ശുശ്രൂഷ. അതിനെ നവീകരിക്കുകയും ബലപ്പെടുത്തുകയും ചെയ്യും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top