27 May Monday

മനോരമയും മരിയുപോളും - എ എം ഷിനാസ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023

മലയാള മനോരമയെ സംബന്ധിച്ചിടത്തോളം വ്ലാദിമിർ പുടിൻ ഭരിക്കുന്ന റഷ്യ ഇപ്പോഴും സ്റ്റാലിന്റെയോ ബ്രഷ്‌നേവിന്റെയോ ആന്ദ്രോപോവിന്റെയോ കാലത്തെ മുൻ കമ്യൂണിസ്റ്റ് സോവിയറ്റ് യൂണിയനാണ്.  1991 ഡിസംബർ മുതൽ റഷ്യ ഒരു കമ്യൂണിസ്റ്റ്‌ രാജ്യമല്ല എന്ന വസ്തുത മനോരമ മറന്നുപോയിരിക്കുന്നു. മനോരമയുടെ ഈ സ്ഥലജലവിഭ്രമം 2022 ഫെബ്രുവരി 24ന് റഷ്യ ഉക്രയ്നിൽ ആരംഭിച്ച ‘സ്പെഷ്യൽ  മിലിട്ടറി ഓപ്പറേഷൻ’ എന്ന് മോസ്കോ വിളിക്കുന്ന സാക്ഷാൽ യുദ്ധംമുതൽ കാണാം. ഈ യുദ്ധം അക്ഷരാർഥത്തിൽ  ഇപ്പോൾ 30 അംഗരാജ്യങ്ങളുള്ള പാശ്ചാത്യ സൈനികസഖ്യമായ നാറ്റോയും റഷ്യയും തമ്മിലാണ്. ഉക്രയ്ൻ ഈ ഭൗമരാഷ്ട്രീയ ബലാബലത്തിലെ കേവലമൊരു മരപ്പാവമാത്രം. റഷ്യയെ അസ്ഥിരീകരിക്കുകയാണ് പാശ്ചാത്യചേരിയുടെ ലക്ഷ്യം. അതിനായി ഇന്നേവരെ ഒരു രാജ്യത്തിനും നൽകാത്തത്ര പടക്കോപ്പും പണവും ഈ റഷ്യ–- ചൈന വിരുദ്ധചേരി ഉക്രയ്ന് നൽകി കഴിഞ്ഞു. റഷ്യ നേരിട്ട ചില തിരിച്ചടികളെ ഉക്രയ്ന്റെ ഭരണത്തലവൻ വ്ലാദിമിർ സെലൻസ്കിയേക്കാൾ ഹർഷാരവത്തോടെ ആഘോഷിക്കുന്ന  ജയഘോഷവാർത്തകളിൽനിന്ന് തുടങ്ങി പുടിന് മാരകരോഗമുണ്ടെന്നും ഏതു നിമിഷവും ആ ‘അഭിശപ്‌ത അധ്യായം’ അവസാനിച്ചേക്കാമെന്നുംവരെയുള്ള വാർത്തകൾ ഈ പത്രത്തിൽ  വലിയ പ്രാധാന്യത്തോടെ പലപാട് പ്രത്യക്ഷപ്പെട്ടു. പുടിനുശേഷം ആര് എന്ന മട്ടിലുള്ള ഊഹാപോഹ വ്യായാമങ്ങളിലും മനോരമ മുഴുകി. അമേരിക്കൻ സാമ്രാജ്യത്വചേരിക്ക് പാദസേവ നടത്തുന്ന പാശ്ചാത്യ മാധ്യമങ്ങളിൽ വരുന്ന വാർത്ത തൊണ്ടതൊടാതെ വിഴുങ്ങുമ്പോൾ സംഭവിക്കുന്നതാണ്‌ ഇത്.

പുടിനെതിരെ രാജ്യാന്തര കോടതി  ‘യുദ്ധകുറ്റകൃത്യം’ ചുമത്തി അറസ്റ്റ് വാറന്റ്‌ പുറപ്പെടുവിച്ചപ്പോൾ മനോരമയുടെ മനോരഥം മറ്റൊരു മലയാളപത്രവും കാണിക്കാത്തവിധം പുളകിതമായി. രാജ്യാന്തര കോടതിയെയോ അതിന്റെ വിധിപ്രസ്താവങ്ങളെയോ റഷ്യ അംഗീകരിക്കാറില്ലെന്ന് പറഞ്ഞപ്പോൾ യാങ്കി അനുകൂല മാധ്യമങ്ങളെപ്പോലെ മനോരമയും ഒരു വസ്തുത പറഞ്ഞില്ല. രാജ്യാന്തര കോടതിയെ അമേരിക്കയും അംഗീകരിക്കുന്നില്ലെന്ന പരമാർഥമാണത്. പുടിൻ ‘യുദ്ധക്കുറ്റം’ ചെയ്തു എന്നാണല്ലോ ആരോപണം. 21–-ാം നൂറ്റാണ്ടിൽ, കൃത്യമായി പറഞ്ഞാൽ 2003ൽ ഏറ്റവും ഭീകരമായ യുദ്ധ കുറ്റകൃത്യം നടത്തിയത് സാക്ഷാൽ  ജോർജ് ബുഷാണ്.  ഇറാഖിന് സർവനശീകരണ ആയുധങ്ങൾ ഉണ്ടെന്ന പെരുംനുണയുണ്ടാക്കി ആ രാജ്യത്ത് അധിനിവേശം നടത്തി ആയിരക്കണക്കിന് ഇറാഖികളെ വധിക്കുന്നതിനും അബുഗരിബ് പോലുള്ള പ്രാകൃത തുറുങ്കുകൾക്കകത്ത് ഇറാഖി പൗരൻമാരെ ചിത്രവധം നടത്തുന്നതിനും കാർമികത്വം വഹിച്ച ജോർജ് ഡബ്ല്യു ബുഷാണ് ഈ നൂറ്റാണ്ട് കണ്ട ഏറ്റവും രക്തദാഹിയായ യുദ്ധക്കുറ്റവാളി. പുടിനെതിരെ ഇപ്പോൾ പ്രദർശിപ്പിക്കുന്ന ധാർമികരോഷത്തിന്റെ ആയിരത്തിലൊരു മാത്രപോലും അക്കാലത്ത് മനോരമയുടെ താളുകളിൽ  കണ്ടിരുന്നില്ല. പുലിറ്റ്‌സർ പുരസ്കാരജേതാവായ വിഖ്യാത പത്രപ്രവർത്തകൻ സെയ്മോർ ഹെർഷ് ചൂണ്ടിക്കാട്ടിയ ഒരു കാര്യമുണ്ട്. റഷ്യയോട് പൊതുവിലും പുടിനോട് പ്രത്യേകിച്ചും അമേരിക്കൻ ഭരണാധികാരികൾക്കുള്ള വെറുപ്പും വൈരാഗ്യവുമാണ് വൈറ്റ്ഹൗസിനെ നയിക്കുന്നതെന്നും ഇപ്പോഴത്തെ അമേരിക്കൻ വിദേശനയം പരിപൂർണ മൂഢത്വമാണെന്നുമാണ് ഹെർഷ് പറഞ്ഞത്. അമേരിക്കയുടെ ഏകധ്രുവലോക വ്യാമോഹത്തിന് തടസ്സം നിൽക്കുന്ന രണ്ട് പ്രധാന ലോകനേതാക്കൾ പുടിനും ഷി ജിൻപിങ്ങുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുടിനോടുള്ള പക മനോരമയുടെ  റിപ്പോർട്ടുകളിലും നുരച്ചുപതയുന്നത് കാണാം.

ഇനി മരിയുപോളിലേക്ക് വരാം. 2016 വരെ ‘നവനാസി സമാന്തര സൈനിക വിഭാഗ’മായി വിലയിരുത്തി അമേരിക്കയും 2019 വരെ ‘ആപൽക്കരമായ സംഘടന’ എന്ന് വിശേഷിപ്പിച്ച് ഫെയ്‌സ്ബുക്കും നിരോധിച്ചിരുന്ന, പിന്നീട് ഉക്രയ്ൻ നാഷണൽ ഗാർഡിനോട് ചേർക്കപ്പെട്ട അസോവ് ബറ്റാലിയൻ ആയിരുന്നു  മരിയുപോളിനെ അടക്കിഭരിച്ചിരുന്നത്. 2022 ഏപ്രിലിലാണ് അതിരൂക്ഷ ഉപരോധത്തിനും യുദ്ധത്തിനുംശേഷം അസോവിൽനിന്ന് മരിയുപോളിനെ അടർത്തി റഷ്യൻ ഫെഡറേഷനിലേക്ക് കൂട്ടിച്ചേർത്തത്. ‘മാരകരോഗി’യും ‘മരണാസന്നനു’മായ പുടിൻ ക്രീമിയ സന്ദർശിച്ചശേഷം മാർച്ച് 19ന്‌ മരിയുപോളിൽ എത്തിയപ്പോൾ സ്വാഭാവികമായും ലോകത്തെ എല്ലാ മാധ്യമങ്ങളും അത് വാർത്തയാക്കി.

‘രക്തപ്പുഴയൊഴുകിയ നഗരം കണ്ട് പുടിൻ’ എന്ന ശീർഷകത്തിൽ അതേപ്പറ്റിയുള്ള മനോരമ വാർത്ത തുടങ്ങുന്നത് ഇങ്ങനെയാണ്: ‘ഇവിടത്തെ ജീവിതം എങ്ങനെയുണ്ട്’ എന്ന് പുടിന്റെ ചോദ്യം. യുദ്ധം തകർത്തെറിഞ്ഞ മരിയുപോൾ നഗരത്തിലെ വീട്ടമ്മ മറുപടി നൽകി. ‘സ്വർഗതുല്യമായ സ്ഥലത്ത് താമസിക്കുന്നതുപോലെയുണ്ട്.’ ഈ വാർത്താ തുടക്കം റഷ്യൻ ടിവി പുറത്തുവിട്ട ദൃശ്യങ്ങളാണെന്നും മനോരമ സാക്ഷ്യപ്പെടുത്തുന്നു. പരിഹാസവും നിന്ദയും ആവോളം ചാലിച്ച ഇങ്ങനെയുള്ള ഒരു തുടക്കം ബോധപൂർവമാണ്. പുടിന്റെ മരിയുപോൾ സന്ദർശനത്തെപ്പറ്റിയുള്ള ഹിന്ദു ദിനപത്രത്തിന്റെ വാർത്തയുടെ മധ്യത്തിൽ ഇതേ കാര്യം ഇങ്ങനെയാണ് വിവരിക്കുന്നത് : ‘ We are praying for you”  a resident told Mr. Putin, referring to the city as a little piece of paradise.’ഒരു വാർത്താശകലത്തെ ഉള്ളടക്കത്തിൽ വലിയ മാറ്റമില്ലാതെ എങ്ങനെ പരിഹാസത്തിന്റെ കൂരമ്പാക്കി മാറ്റാമെന്ന് മനോരമ കാണിച്ചുതരുമ്പോൾ ‘ദ ഹിന്ദു’ അതിൽ അപഹാസമോ അവഹേളനമോ കളിയാക്കലോ അതിവൈകാരികതയോ നാടകീയതയോ കലർത്തുന്നില്ല. ഒരുപക്ഷേ, മരിയുപോളിലെ എത്‌നിക് റഷ്യക്കാരോട് അസോവ് കാണിച്ച നവനാസി ക്രൗര്യം കണ്ട ഒരു റഷ്യൻ വീട്ടമ്മയായിരിക്കില്ലേ അവർ.

(എറണാകുളം മഹാരാജാസ് കോളേജിലെ 
ചരിത്രവിഭാഗം അധ്യാപകനാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top