20 April Saturday
ഇന്ന്‌ മന്നത്ത് 
പദ്മനാഭന്റെ 53–--ാമത് ചരമവാർഷികദിനം

സാമൂഹ്യപരിഷ്‌കർത്താവായ മന്നം

പ്രൊഫ. വി 
കാർത്തികേയൻ നായർUpdated: Saturday Feb 25, 2023

പൗരാവകാശം നേടിയെടുക്കുന്നതിനായി അവർണനുവേണ്ടി അവർണനും സവർണനുവേണ്ടി സവർണനും പോരാടിക്കൊണ്ടിരിക്കുമ്പോഴാണ് അവർണരുടെ അവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേണ്ടി ഒരു സവർണൻ സ്വജീവിതത്തെയും താൻ സ്ഥാപിച്ച സംഘടനയെയും പൂർണമായി സമർപ്പിക്കുന്നത്.  പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലെ ആദ്യപാദത്തിലുമായി കേരളത്തിൽ നടന്ന സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങളെല്ലാംതന്നെ തുടങ്ങുന്നത് സ്വസമുദായത്തിനകത്തുണ്ടായിരുന്ന ആചാരങ്ങളെ അനാചാരങ്ങളാണെന്ന് തിരിച്ചറിഞ്ഞ് അവ അവസാനിപ്പിക്കുന്നതിനുവേണ്ടി സമരം ചെയ്‌താണ്. ആചാരവാദികളും ആചാരനിഷേധികളും തമ്മിലുള്ള സാംസ്‌കാരികമായ ഒരു സമരമായിരുന്നു അത്. ആദ്യതലം ആചാരനിഷേധമായിരുന്നുവെങ്കിൽ രണ്ടാംതലം മാനവികതയുടെ അടിസ്ഥാനത്തിലുള്ള ഒരു പൊതുസമൂഹത്തിന്റെ സൃഷ്ടിക്കുവേണ്ടിയുള്ള സമരമായിരുന്നു. അവിടെയാണ് സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങൾ നവോത്ഥാന മൂല്യങ്ങളുടെ ഉൽപ്പാദകരായി മാറുന്നത്. സാമുദായിക സംഘടനകൾ രാഷ്ട്രീയവൽക്കരിക്കപ്പെടുകയും അധികാരാരോഹണത്തിനുവേണ്ടിയുള്ള നിവർത്തന പ്രക്ഷോഭം തിരുവിതാംകൂറിൽ ആരംഭിക്കുകയും ചെയ്തപ്പോൾ അത് മൂന്നാംഘട്ടത്തിന് തുടക്കംകുറിച്ചുവെന്ന് പറയാം. മേൽപ്പറഞ്ഞ പ്രതിഭാസത്തിന്റെ രണ്ടാംഘട്ടത്തിൽ വച്ചാണ് മന്നത്ത് പദ്മനാഭനും സഹയാത്രികരും അവർണരുടെ പൗരാവകാശത്തിനു വേണ്ടിയുള്ള പൊതുബോധ നിർമിതിക്കും പൗരസമൂഹ നിർമിതിക്കുംവേണ്ടി ഇടപെടുന്നത്. മന്നത്ത് പദ്മനാഭന്റെ 53–--ാമത് ചരമവാർഷികദിനമാണ്‌ ശനിയാഴ്‌ച. 1970 ഫെബ്രുവരി 25നാണ്‌ അദ്ദേഹം അന്തരിച്ചത്‌.

വഴിനടക്കുന്നതിനും ക്ഷേത്രാരാധനയ്‌ക്കും അധികാരസ്ഥാനങ്ങളിൽ ഇടംപിടിക്കുന്നതിനും നായന്മാർക്ക് തിരുവിതാംകൂറിൽ ഒരു വിലക്കുമില്ലായിരുന്നു. അത്തരത്തിലുള്ള വരേണ്യജാതിയിൽപ്പിറന്ന മന്നത്ത് പദ്മനാഭൻ അവർണരോടൊത്ത് ഭക്ഷണം കഴിക്കുകയും കുടുംബക്ഷേത്രത്തിൽ അവരെ പ്രവേശിപ്പിക്കുകയും മഹാക്ഷേത്രങ്ങളുടെ പരിസരത്തുകൂടി അവർക്ക് സഞ്ചരിക്കാനുള്ള അവകാശത്തിനുവേണ്ടി സവർണജാഥ നയിക്കുകയും അവരുടെ ക്ഷേത്രപ്രവേശനത്തിനുവേണ്ടി പ്രത്യക്ഷ സമരത്തിലേർപ്പെടുകയും ചെയ്തുവെന്നുള്ളതാണ് യഥാർഥ മഹത്വം. അതിനാലാണ് അദ്ദേഹം നവോത്ഥാന നായകനാകുന്നത്. ഈ പ്രവർത്തനങ്ങളെല്ലാംതന്നെ സ്വസമുദായാംഗങ്ങളിൽ സവർണബോധം ഉച്ചാടനം ചെയ്യുന്നതിനും അവർണരിൽ ആത്മവിശ്വാസവും സമരവീര്യവും പ്രദാനംചെയ്യുന്നതിനും രാസത്വരകമായി ഭവിച്ചു. സാമൂഹ്യശ്രേണിയിൽ നമ്പൂതിരിയും നായരും സവർണരായിരുന്നുവെങ്കിലും അവരിൽ ബഹുഭൂരിപക്ഷവും പരമദരിദ്രരായിരുന്നു. ഈ ദാരിദ്ര്യ ദുഃഖമാണ് സവർണത്വത്തിന്റെ മൃതഭാണ്ഡം വലിച്ചെറിയാൻ പരിഷ്‌കർത്താക്കളെ പ്രേരിപ്പിച്ച ഘടകം. ഈഴവരാദി അവർണ വിഭാഗത്തിൽ സമ്പന്നരായ ഒരു ന്യൂനപക്ഷമുണ്ടായിരുന്നെങ്കിലും അവരിലെ മഹാഭൂരിപക്ഷവും പരമദരിദ്രരായിരുന്നു. ദാരിദ്ര്യത്തിന്റെ കാര്യത്തിൽ സവർണാവർണ ഭേദമില്ലെന്ന തിരിച്ചറിവാണ് മന്നത്തിനെയും സഹയാത്രികരെയും മാനവികതയിലേക്ക് നയിച്ചത്.


 

ബ്രിട്ടീഷ് ഭരണത്തിന്റെ നേരിട്ടുള്ള ചൂഷണത്തിലമർന്നിരുന്ന മലബാറിൽ സമ്പത്തിന്റെ കേന്ദ്രബിന്ദുവായ ഭൂമിയിൽനിന്ന്‌ ഒഴിപ്പിക്കലിനെതിരെ പാട്ടക്കുടിയാന്മാർ സമരത്തിലേർപ്പെട്ടിരുന്ന കാലത്താണ് തിരുവിതാംകൂറിൽ 1865-ൽ സർക്കാർവക പാട്ടഭൂമിയിലെ കുടിയാന്മാർക്ക് ഉടമസ്ഥാവകാശവും പിന്തുടർച്ചാവകാശവും കൈമാറ്റാവകാശവും സിദ്ധിക്കുന്ന പണ്ടാരപ്പാട്ട വിളംബരം ഉണ്ടാകുന്നത്. കേരളത്തിലെ ആദ്യത്തെ ഭൂപരിഷ്‌കാര നിയമമായിരുന്നു അത്. പിന്തുടർച്ചാവകാശം കിട്ടിയപ്പോൾ അത് അനന്തരവർക്കു നൽകണോ മക്കൾക്കു നൽകണോയെന്നുള്ള നായർ തറവാടുകളിലെ കാരണവന്മാരുടെ സന്ദേഹമാണ് മരുമക്കത്തായത്തിനെതിരായ മനോഭാവം ചെറുപ്പക്കാരിൽ വളരാനിടയാക്കിയത്. മരുമക്കത്തായ കമീഷനും നായർ റഗുലേഷനും ഉണ്ടാകുന്നത് ഈ പശ്ചാത്തലത്തിലാണ്. കോടതി വ്യവഹാരങ്ങളുടെ ഘോഷയാത്ര ആരംഭിക്കുന്നതും ഇതോടുകൂടിയാണ്. പിതൃസ്വത്തിൽ മക്കൾക്ക് അവകാശം കിട്ടണമെന്ന വാദം എൻഎസ്എസ് മുന്നോട്ടുവച്ചപ്പോൾ സംബന്ധത്തിനായി അലഞ്ഞുനടക്കുകയായിരുന്ന ബ്രാഹ്മണർക്കും അപകടം മനസ്സിലായി. സ്വന്തം തറവാട്ടിൽ പിതൃസ്വത്തിനവകാശവും സംബന്ധത്തിനു പോകുന്ന തറവാട്ടിൽ മാതൃസ്വത്തിനാണ് മക്കൾക്കവകാശവുമെന്ന നമ്പൂതിരിമാരുടെ ഇരട്ടത്താപ്പ് വെളിച്ചത്തു കൊണ്ടുവരുന്നതിൽ മന്നവും എൻഎസ്എസും വിജയിച്ചതുകൊണ്ടാണ്‌ മരുമക്കത്തായം അവസാനിക്കാനിടയായത്. ""എടുത്തെറിയെടാ കിണ്ടിയും വെള്ളവും'' എന്ന മന്നത്തിന്റെ ആക്രോശം ബ്രാഹ്മണ്യത്തിന്റെ കരണക്കുറ്റിക്കുകൊടുത്ത കനത്ത പ്രഹരമായിരുന്നു.

ഇരുട്ടിൽനിന്ന്‌ വെളിച്ചത്തിലേക്കും മയക്കത്തിൽനിന്ന്‌ ഉണർവിലേക്കും ഇരുട്ടു കട്ടപിടിച്ച ജാത്യാചാരങ്ങളുടെ കൽത്തുറുങ്കിൽനിന്ന്‌ തെളിഞ്ഞു പരന്ന വിശാലമായ വിഹായസ്സിലേക്ക് മനുഷ്യസമൂഹത്തെ നയിക്കുന്നതിൽ കേരളത്തിലെ സാമൂഹ്യപരിഷ്‌കരണ സംഘടനകൾ നടത്തിയ സേവനം നിസ്തുലമാണ്. വസ്ത്രധാരണത്തിനുള്ള അവകാശം, വഴിനടക്കാനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം, തൊഴിൽ ലഭിക്കാനുള്ള അവകാശം എന്നിത്യാദി പൗരാവകാശങ്ങൾ നേടിയെടുക്കുന്നതിൽ ഈ സംഘടനകൾ വിജയിക്കുകയും ചെയ്തു. സമൂഹത്തെ രാഷ്‌ട്രീയവൽക്കരിക്കുന്നതിനും രാഷ്ട്രീയത്തെ ജനാധിപത്യവൽക്കരിക്കുന്നതിനുംവേണ്ടി രാഷ്ട്രീയകക്ഷികൾക്കൊപ്പം സാമുദായിക സംഘടനകളും ഇടപെടാൻ തുടങ്ങിയതോടുകൂടി സ്വാതന്ത്ര്യലബ്ധിക്കുശേഷം കേരളരാഷ്ട്രീയത്തിൽ ദിശാമാറ്റം സംഭവിച്ചു. പ്രായപൂർത്തി വോട്ടവകാശം നിലവിൽ വരികയും ഒരാൾക്ക് ഒരുവോട്ട് എന്ന തത്വം പ്രാവർത്തികമാകുകയും ചെയ്തപ്പോൾ സംഖ്യാബലത്തിന് പ്രാധാന്യം കൈവന്നു. എല്ലാ സംഘടനകളുടെയും പിന്നിലണിനിരന്നിരുന്ന ദരിദ്രജനലക്ഷങ്ങൾ രാഷ്ട്രീയ കക്ഷികളുടെ തെരഞ്ഞെടുപ്പു മാനിഫെസ്റ്റോക്കു പിന്നാലെ പോകുന്നതു കണ്ട് മതസാമുദായിക സംഘടനകൾ അമ്പരന്നുവെന്നത് വാസ്തവമായിരുന്നു. ആ അമ്പരപ്പായിരുന്നു 1959-ലെ വിമോചന സമരമെന്ന ജനാധിപത്യവിരുദ്ധ സമരത്തിനിടയാക്കിയത്. ആ സമരത്തിന്റെ നേതൃസ്ഥാനത്തേക്ക് മന്നത്ത് പദ്മനാഭൻ അവരോധിതനായപ്പോൾ സ്വസമുദായാംഗങ്ങളിൽ ഭൂരിപക്ഷത്തിനും അമ്പരപ്പാണുണ്ടായത്. എന്തെന്നാൽ കുടിയൊഴിപ്പിക്കൽ നിരോധന നിയമത്തിന്റെ ഗുണഭോക്താക്കളിൽ ലക്ഷക്കണക്കിനുള്ള നായർ സമുദായാംഗങ്ങളുമുണ്ടായിരുന്നു. വിദ്യാഭ്യാസനിയമത്തിന്റെ ഫലമായി അധ്യാപകർക്ക്‌ ശമ്പളം നേരിട്ടുനൽകാൻ സർക്കാർ തീരുമാനിച്ചപ്പോൾ അതിന്റെ ഗുണഭോക്താക്കളുടെ കൂട്ടത്തിലും നായർ സമുദായാംഗങ്ങളുണ്ടായിരുന്നു.

എയിഡഡ് സ്‌കൂൾ അധ്യാപക നിയമനം പിഎസ്‌സിക്കു വിട്ടുകഴിഞ്ഞാൽ ആ മേഖലയിലെ ഭൂരിപക്ഷം വരുന്ന കത്തോലിക്ക സഭയുടെ സ്‌കൂളുകളിലും നായന്മാരടക്കമുള്ള അക്രൈസ്തവ വിഭാഗത്തിന് ജോലി കിട്ടുമെന്നുള്ളതിനാൽ കമ്യൂണിസ്റ്റ് മന്ത്രിസഭ കൊണ്ടുവന്ന വിദ്യാഭ്യാസ നിയമത്തെ മന്നം അനുകൂലിച്ചു. എന്നാൽ, കാർഷികബന്ധനിയമത്തെ കഠിനമായി എതിർക്കുകയും ചെയ്തു.

കമ്യൂണിസത്തെ അതതിടത്തെ കല്ലറകൾക്കുള്ളിൽ കുഴിച്ചുമൂടാനുള്ള സിഐഎ തന്ത്രത്തിന്റെ ചട്ടുകമായി ക്രിസ്റ്റഫർ സംഘടനയും കുറുവടി സേനയും നിരണം പടയും മാറിയപ്പോൾ അതിന്റെ അബോധപൂർവമായ ഉപകരണമായി എൻഎസ്‌എസും എസ്എൻഡിപിയും മാറിപ്പോയതാണ്. എയിഡഡ് സ്‌കൂൾ അധ്യാപക നിയമനം പിഎസ്‌സിക്കു വിട്ടുകഴിഞ്ഞാൽ ആ മേഖലയിലെ ഭൂരിപക്ഷം വരുന്ന കത്തോലിക്ക സഭയുടെ സ്‌കൂളുകളിലും നായന്മാരടക്കമുള്ള അക്രൈസ്തവ വിഭാഗത്തിന് ജോലി കിട്ടുമെന്നുള്ളതിനാൽ കമ്യൂണിസ്റ്റ് മന്ത്രിസഭ കൊണ്ടുവന്ന വിദ്യാഭ്യാസ നിയമത്തെ മന്നം അനുകൂലിച്ചു. എന്നാൽ, കാർഷികബന്ധനിയമത്തെ കഠിനമായി എതിർക്കുകയും ചെയ്തു. സ്‌കൂളുകളും കോളേജുകളും തുടങ്ങാൻ ഏക്കർകണക്കിന് ഭൂമി ദാനമായി നൽകിയ ഭൂമിസ്വാമിമാർക്ക് ദോഷകരമായിത്തീരുന്ന അത്തരമൊരു നിയമത്തെ അനുകൂലിക്കാൻ ആശ്രിതവത്സലനായ മന്നത്തിന് കഴിയുമായിരുന്നില്ല. രാഷ്ട്രീയമായി വ്യത്യസ്ത നിലപാടെടുത്തുവെന്ന കാരണത്താൽ സാമൂഹ്യ പരിഷ്‌കർത്താവ്, നവോത്ഥാന നായകൻ എന്നീ നിലകളിൽ അദ്ദേഹത്തിനു സിദ്ധിച്ച യശ്ശോധാവള്യത്തിന് ഒരു ഗ്ലാനിയും സംഭവിക്കുന്നില്ല.

ശൂദ്രന്മാരെന്നു വിളിച്ചധിക്ഷേപിക്കുന്ന ബ്രാഹ്മണ്യം ഒരു ഭാഗത്തും സംബന്ധമെന്നാൽ വ്യഭിചാരമാണെന്ന ആധുനിക ബുദ്ധിജീവി സദാചാര സങ്കൽപ്പം, തൽഫലമായി ഭത്സിക്കപ്പെടുന്ന സ്ത്രീത്വം സവർണ സ്ഥാനമുണ്ടെങ്കിലും ഭൂരിപക്ഷത്തിനും അനുഭവിക്കേണ്ടിവരുന്ന ദാരിദ്ര്യദുഃഖം എന്നിവ മറുഭാഗത്തുമായി പിച്ചിച്ചീന്തി അപമാനിതരായി കഴിഞ്ഞിരുന്ന ഒരു സമൂഹത്തിന് ആത്മവിശ്വാസവും സമരശേഷിയും നൽകിയെന്നതാണ് സമുദായാചാര്യനെന്ന നിലയ്‌ക്ക് മന്നത്തിന്റെ സംഭാവന. വിദ്യ സമ്പത്താണെന്നും സമ്പത്ത് ആയുധമാണെന്നും തിരിച്ചറിഞ്ഞതുകൊണ്ടാണ് ഭൂവുടമകളിൽനിന്ന് ഭൂമിദാനമായി വാങ്ങിയും സാധാരണക്കാരിൽനിന്ന് പിടിയരി പിരിച്ചും സ്‌കൂളുകളും കോളേജുകളും തുടങ്ങാനും അതുവഴി സ്വസമുദായത്തിൽപ്പെട്ടവർക്കുമാത്രമല്ല, മറ്റുള്ളവർക്കും വിദ്യാഭ്യാസാവസരങ്ങൾ ലഭ്യമാക്കാനും അദ്ദേഹത്തിനു കഴിഞ്ഞത്. കേരളത്തിന്റെ വിദ്യാഭ്യാസ വ്യാപനത്തിൽ എൻഎസ്എസിനുള്ള പങ്ക് ഇങ്ങനെയാണ് വിലയിരുത്തപ്പെടേണ്ടത്.

ജാതി സ്‌നേഹത്താൽ ദൈവീക പരിവേഷം നൽകിയും രാഷ്ട്രീയ പരിഗണനകളാൽ പതിത്വം കൽപ്പിച്ചും ആത്മനിഷ്ഠമായി വിലയിരുത്തപ്പെടേണ്ടവരല്ല സാമൂഹ്യപരിഷ്‌കർത്താക്കളും നവോത്ഥാന നായകരും. അവരുടെ ജീവിതത്തെയും പ്രവൃത്തികളെയും അവർ ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ സാഹചര്യത്തിൽ അപഗ്രഥിക്കുമ്പോൾ മാത്രമേ ചരിത്രം വസ്തുനിഷ്ഠമാകുകയുള്ളൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top