06 December Wednesday

ചാർ സൗ ബീസ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 15, 2023

ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനമായി 
1947 ആഗസ്‌ത്‌ 14ന്‌ അർധരാത്രി ചെങ്കോട്ടയിൽ ദേശീയപതാക ഉയരുമ്പോൾ രാജ്യത്ത്‌ വിഭജനത്തിന്റെ ബാക്കിപത്രമായി കലാപം അരങ്ങേറുകയായിരുന്നു. കലാപത്തിന്‌ 
സാക്ഷിയായി പിറവികൊണ്ട രാജ്യത്ത്‌ ഇന്ന്‌ ഭരണത്തിലിരിക്കുന്നവരുടെ നേതൃത്വത്തിൽ കലാപങ്ങൾ അരങ്ങേറുകയാണ്‌

സാമൂഹ്യ ഐക്യം തകർത്ത്‌ ഭിന്നിപ്പ്‌ വിതയ്‌ക്കാനുള്ള ഗുരുതര ശ്രമങ്ങളെ നേരിട്ടുകൊണ്ടാണ്‌ രാജ്യം സ്വാതന്ത്ര്യത്തിന്റെ 76–ാം വാർഷികം ആഘോഷിക്കുന്നത്‌. സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ ഭാഗമായ കോടിക്കണക്കിന്‌ ദേശസ്നേഹികൾ പുതിയ ജീവിതത്തിലും നവ ഇന്ത്യയിലും പ്രതീക്ഷയർപ്പിച്ചു. വർഗീയത, മതവിദ്വേഷം, ജാതീയത തുടങ്ങിയ സാമൂഹ്യതിന്മകളെ ആട്ടിയകറ്റി, ദാരിദ്ര്യവും ചൂഷണവും ഇല്ലാത്ത ഇന്ത്യയിൽ ജനാധിപത്യാവകാശങ്ങൾ വിപുലമാകുമെന്നും അവർ സ്വപ്‌നം കണ്ടു. എന്നാൽ, സ്വാതന്ത്ര്യസമരത്തിൽ ഒരു സംഭാവനയും ചെയ്യാത്ത ആർഎസ്എസ് നയിക്കുന്ന ബിജെപി ഭരണത്തിൽ ഇന്ന്‌ ജനാധിപത്യം, മതനിരപേക്ഷത, സാമാന്യ ജനങ്ങളുടെ ജീവിതാഭിവൃദ്ധി, സാമ്രാജ്യത്വവിരുദ്ധത തുടങ്ങി സ്വാതന്ത്ര്യസമരം ഉയർത്തിയ എല്ലാ മൂല്യങ്ങളും പാടെ ഇല്ലാതാകുകയാണ്‌. കോർപറേറ്റ് താൽപ്പര്യംമാത്രം സംരക്ഷിക്കുന്ന സ്വേച്ഛാധിപത്യ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനാണ്‌ ബിജെപി ലക്ഷ്യമിടുന്നത്‌. ഇതിന്‌ സഹായകമാകുന്ന നയസമീപനങ്ങളാണ് നരേന്ദ്ര മോദിയുടെ ഭരണം എല്ലാ മേഖലകളിലും നടപ്പാക്കുന്നത്‌.  ജനാധിപത്യവ്യവസ്ഥയും മതനിരപേക്ഷ പാരമ്പര്യവും ഉയർത്തിപ്പിടിക്കുന്ന ഭരണഘടനതന്നെ മാറ്റിയെഴുതാനുള്ള നീക്കം നടത്തുന്നു. ബഹുസ്വരതയിലും സഹിഷ്ണുതയിലും അടിയുറച്ച ഇന്ത്യൻ സംസ്കാരം കടന്നാക്രമണത്തിന് വിധേയമാകുന്നു. പൗരത്വത്തിന്‌ മതം അടിസ്ഥാനമാക്കി പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നു, ഏക സിവിൽ കോഡ്‌ കൊണ്ടുവരാനുള്ള നീക്കം, ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി റദ്ദാക്കി രണ്ടു കേന്ദ്രഭരണ പ്രദേശമായി വിഭജിച്ചു.

ആർഎസ്എസും ബിജെപിയും ബോധപൂർവം വർഗീയ കലാപങ്ങൾ സൃഷ്‌ടിച്ച് ജനങ്ങളെ വർഗീയമായി ചേരിതിരിക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം കേന്ദ്ര–- സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള വർഗീയ, വംശീയ കലാപങ്ങൾ സ്ഥിരംസംഭവങ്ങളായി. ജനാധിപത്യവ്യവസ്ഥയിൽ ജനങ്ങളുടെ പരമാധികാരം ഉറപ്പുവരുത്തുന്ന പാർലമെന്റിനെ നോക്കുകുത്തിയാക്കുന്ന നീക്കങ്ങളാണ്‌ മോദി സർക്കാർ നടപ്പാക്കുന്നത്‌. സ്വതന്ത്ര ചർച്ചകൾ അനുവദിക്കാതെയും സർക്കാർ നയങ്ങളെ വിമർശിക്കുന്നവരെ സസ്‌പെൻഡുചെയ്‌തും സാധാരണ പദപ്രയോഗങ്ങൾവരെ നിരോധിച്ചും സ്വേച്ഛാധിപത്യനയം നടപ്പാക്കുന്നു. അവിശ്വാസപ്രമേയ ചർച്ചയ്‌ക്കുപോലും ലോക്‌സഭയിൽ വരാൻ തയ്യാറാകാത്ത പ്രധാനമന്ത്രിയാണ്‌ ഇന്നുള്ളത്‌. നീതിന്യായവ്യവസ്ഥ, തെരഞ്ഞെടുപ്പ് കമീഷൻ തുടങ്ങി സുപ്രധാന സംവിധാനങ്ങളെ സർക്കാർ വരുതിയിലാക്കുന്നു. സുപ്രീംകോടതി വിധികളെ അട്ടിമറിക്കാൻ ചർച്ചയില്ലാതെ പാർലമെന്റിൽ നിയമങ്ങൾ കൊണ്ടുവരുന്നു. സുപ്രീംകോടതി കൊളീജിയം ശുപാർശകൾ നീട്ടിവച്ച്‌ തങ്ങൾക്ക്‌ ഇഷ്ടമില്ലാത്തവരെ ജഡ്‌ജിമാരായി നിയമിക്കുന്നത്‌ മോദി സർക്കാർ നീട്ടിക്കൊണ്ടുപോകുന്നു. ഭരണകക്ഷിക്ക് അന്യായമായ നേട്ടമുണ്ടാക്കിക്കൊടുക്കുന്ന സ്ഥാപനമാക്കി തെരഞ്ഞെടുപ്പ് കമീഷനെ മാറ്റി. കേന്ദ്ര അന്വേഷണ ഏജൻസികളായ സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, എൻഐഎ തുടങ്ങിയവയെ ബിജെപിയുടെ ഉപകരണങ്ങളാക്കിമാറ്റി. പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കാനും എംഎൽഎമാരെ കാലുമാറ്റുന്നതിനും അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുന്നു.


 

സ്വാതന്ത്ര്യാനന്തര ഇന്ത്യ തുടർന്നുവന്ന സ്വതന്ത്ര വിദേശനയം മോദിസർക്കാർ ഉപേക്ഷിച്ചു. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ശിങ്കിടിയായി ഇന്ത്യയെ മാറ്റി.  
മതപരമായ പ്രവർത്തനങ്ങളിൽനിന്ന്‌ ഭരണകൂടം വേറിട്ടുനിൽക്കണമെന്ന തത്വം ലംഘിക്കപ്പെടുന്നു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടനത്തിന്‌ പൂജാരികളെ കൊണ്ടുവന്ന്‌ പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിച്ചു. മതപരിവർത്തനത്തിനും വ്യത്യസ്ത മതവിശ്വാസികൾ തമ്മിലുള്ള വിവാഹത്തിനും ബിജെപി സംസ്ഥാന സർക്കാരുകൾ നിരോധനം ഏർപ്പെടുത്തി നിയമം കൊണ്ടുവരുന്നു. ശാസ്ത്രബോധത്തെ പുറത്താക്കി അന്ധവിശ്വാസത്തിനും യുക്തിരാഹിത്യത്തിനും മിത്തുകൾക്കും മുൻഗണന നൽകുന്ന വിദ്യാഭ്യാസ നയം നടപ്പാക്കുന്നു. ഇന്ത്യയുടെ ചരിത്രം തിരുത്തിയെഴുതുന്നു.

ബിജെപി സർക്കാരിന്റെ സാമ്പത്തിക നയങ്ങളാകട്ടെ ജനങ്ങളുടെ താൽപ്പര്യങ്ങളെ കോർപറേറ്റുകൾക്ക് അടിയറവയ്‌ക്കുന്നതാണ്‌. പൊതുമേഖലാ സ്ഥാപനങ്ങളും ധനസ്ഥാപനങ്ങളും കുറഞ്ഞവിലയ്ക്ക് ഇഷ്ടക്കാരായ കോർപറേറ്റുകൾക്ക് കൈമാറുന്നു. ഒപ്പം കോർപറേറ്റുകൾക്ക് വലിയ നികുതിയിളവും നൽകുന്നു. രാജ്യത്ത് തൊഴിലില്ലായ്മയും ദാരിദ്ര്യവും അസമത്വവും വർധിക്കുമ്പോൾ മോദിയുടെ ഇഷ്ടക്കാരായ കോർപറേറ്റുകളുടെ സമ്പത്ത് അതിവേഗത്തിൽ പെരുകി.

ന്യൂനപക്ഷ
വേട്ടയ്‌ക്ക്‌ 
ബുൾഡോസർ
മുന്നറിയിപ്പു​ നോട്ടീസ്​ നൽകാതെ ക്രമസമാധാനപ്രശ്നം ഉന്നയിച്ച് കെട്ടിടങ്ങൾ പൊളിക്കുന്നത് നിയമവ്യവസ്ഥയോടുതന്നെയുള്ള വെല്ലുവിളിയാണ്‌ എന്നാണ് ഹരിയാനയിലെ പൊളിക്കലുമായി ബന്ധപ്പെട്ട്‌ പഞ്ചാബ്‌–- ഹരിയാന ഹൈക്കോടതി നിരീക്ഷിച്ചത്. കെട്ടിടങ്ങൾ പൊളിക്കുന്നതിന് ചട്ടങ്ങളും നിയമങ്ങളുമൊക്കെ ഉണ്ടെന്ന് കോടതികൾ പലപ്പോഴും ഓർമിപ്പിച്ചിരുന്നു. മറ്റ്‌ ഹൈക്കോടതികളും സുപ്രീംകോടതിയും ബുൾഡോസർ രാജിനെതിരെ ഉത്തരവുകൾ ഇറക്കിയിട്ടും ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകൾ ഇത്‌ ചെവിക്കൊള്ളുന്നില്ല. ഉത്തർപ്രദേശിൽ ആദിത്യനാഥ്‌ തുടക്കമിട്ട രീതി അസം, ഹരിയാന, കർണാടക, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാർ, ഗുജറാത്ത്‌, മണിപ്പുർ എന്നിവിടങ്ങളിലേക്ക്‌ വ്യാപിപ്പിച്ചു.

മണിപ്പുരിൽ വഴിവെട്ടിയത്‌ ബുൾഡോസർ
മണിപ്പുരിൽ സംഘർഷങ്ങൾക്ക്‌ തുടക്കമിട്ടത്‌ ബുൾഡോസർ രാജാണ്‌.  ചുരാചന്ദ്പുരിലെ സൊങ്ജാങ്‌ ഗ്രാമത്തിൽ വനഭൂമി കൈയേറിയെന്ന്‌ ആരോപിച്ച്‌  2023 ഫെബ്രുവരി 24ന്‌ 16 കുക്കി കുടുംബങ്ങളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച്‌  ഇടിച്ചുനിരത്തി. വീട്ടുസാധനങ്ങൾ എടുത്തുമാറ്റാൻ പോലും അനുവദിക്കാതെയാണ്‌ വീടുകൾ തകർത്തത്‌. ഇതിനുശേഷമാണ്‌ വ്യാപകമായ പ്രതിഷേധം ഉയർന്നത്‌

തലസ്ഥാനത്തെ ഇടിച്ചുനിരത്തൽ
ഡൽഹിയിലും ബിജെപി ന്യൂനപക്ഷമേഖലയെ ലക്ഷ്യമിട്ട്‌ ബുൾഡോസർ നിരത്തി. ഹനുമാൻ ജയന്തി ഘോഷയാത്രയിൽ വർഗീയ സംഘർഷം സൃഷ്ടിച്ച സംഘപരിവാർ ജഹാംഗീർപുരിയിൽ കെട്ടിടങ്ങൾ നിലംപരിശാക്കി.  പൊലീസിന്റെ സഹായത്തോടെയുള്ള ഇടിച്ചുനിരത്തൽ തടഞ്ഞ് സുപ്രീംകോടതി ഉത്തരവ്‌ ഇറങ്ങിയെങ്കിലും ഒന്നരമണിക്കൂർ പൊളിക്കൽ തുടർന്നു.

ഗുജറാത്തിലെ ഇടി
അനധികൃത കൈയേറ്റം ആരോപിച്ച് ന്യൂനപക്ഷങ്ങളുടെ വീടുകൾ, തൊഴിൽ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവയെല്ലാം ഇടിച്ചുനിരത്തി. കച്ച്‌ മേഖലയിൽ ആറ്‌ മദ്രസകളാണ്‌ പൊളിച്ചത്‌. രാമനവമിക്കിടെ സംഘപരിവാർ സൃഷ്ടിച്ച സംഘർഷങ്ങളുടെ മറവിൽ ഹിമ്മത്‌നഗർ, വഡോദര, സകർപുര തുടങ്ങിയ ഇടങ്ങളിൽ ന്യൂനപക്ഷങ്ങളുടെ കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച്‌ തകർത്തു.

മധ്യപ്രദേശിൽ പള്ളിയിൽ കാവിക്കൊടി
ഖർഗോണിൽ രാമനവമി ആഘോഷത്തിനിടെ മുസ്ലിം പള്ളിയിൽ കാവിക്കൊടി കെട്ടിയതിനെത്തുടർന്ന്‌ സംഘർഷം നടന്നു. ഇതിൽ 47 കേസിലായി 177 പേർ അറസ്റ്റിലായി. പ്രതികളാണെന്ന പേരിൽ മുസ്ലിങ്ങളുടെ 57 കടയും വീടുകളും പൊലീസ്‌ പൊളിച്ചുമാറ്റി. രാമനവമി സംഘർഷങ്ങളുടെ മറവിൽ മുസ്ലിങ്ങളുടെ 92 കെട്ടിടമാണ്‌ സംഘപരിവാർ നടത്തിയ കലാപത്തിനു പിന്നാലെ സർക്കാർ ബുൾഡോസർ ഉപയോഗിച്ചു തകർത്തത്‌.

അസമിൽ പ്രതിഷേധിച്ചാൽ 
വീട്‌ പോകും
സഫിഖുൽ ഇസ്ലാം ബട്ടദ്രവ സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടു. തുടർന്ന്‌ നാട്ടുകാർ പൊലീസ് സ്റ്റേഷൻ തീവച്ചു. അക്രമം നടത്തിയവരുടെ വീടുകൾ തൊട്ടടുത്ത ദിവസം ജില്ലാ ഭരണനേതൃത്വം ഇടിച്ചുനിരപ്പാക്കി. നിരവധി വീടുകളാണ്‌ തകർത്തത്‌. കെട്ടിടനിർമാണച്ചട്ടം പാലിച്ചില്ലെന്ന്‌ ആരോപിച്ച്‌ നിരവധി മദ്രസകളും തകർത്തു. 

യുപിയിലെ 
ബുൾഡോസർ ബാബ
രാജ്യത്ത്‌ ബുൾഡോസർ രാജ്‌ ആരംഭിച്ചത്‌ യുപിയിൽ ആദിത്യനാഥ്‌ മുഖ്യമന്ത്രിയായ ശേഷമാണ്‌. 2017–-2021 കാലത്ത്‌ ഇത്‌ വ്യാപകമായി. 2022ൽ തെരഞ്ഞെടുപ്പിൽ ആദിത്യനാഥിനെ ബുൾഡോസർ ബാബ എന്നാണ്‌ വിശേഷിപ്പിച്ചത്‌. ക്രിമിനലുകളെ അടിച്ചമർത്താനാണ്‌ എന്നാണ്‌ പ്രഖ്യാപിച്ചതെങ്കിലും സർക്കാരിനെതിരെ ശബ്ദിക്കുന്നവർക്ക്‌ എതിരെയാണ്‌ ബുൾഡോസർ ഉപയോഗിച്ചത്‌.

ബിജെപി വക്താവ്‌ നുപൂർ ശർമയുടെ പ്രവാചകനിന്ദയ്‌ക്കെതിരെ നടന്ന പ്രക്ഷോഭത്തെ അടിച്ചമർത്താൻ ബുൾഡോസർ ഉപയോഗിച്ചു. സഹാറൻപുർ, കാൻപുർ തുടങ്ങിയ ഇടങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ പ്രതിയാക്കപ്പെട്ടവരുടെ വീടുകൾ ഇടിച്ചുനിരത്തി. ആറു വർഷത്തിനിടയിൽ വൻകിട കെട്ടിടങ്ങൾ ഉൾപ്പെടെ അഞ്ഞൂറോളം കെട്ടിടമാണ്‌ ഇടിച്ചുനിരപ്പാക്കിയത്‌.  


 

ഒറ്റുകാരുടെ ചരിത്രം

ആർഎസ്‌എസ്‌ സ്വാതന്ത്ര്യസമരത്തെ 
ഒറ്റുകൊടുത്തു
സ്വാതന്ത്ര്യസമരത്തിൽ ഒരിക്കലും പങ്കെടുക്കാത്ത സംഘടനയായിരുന്നു ആർഎസ്‌എസ്‌. ബ്രിട്ടീഷ്‌ ഭരണത്തിനെതിരെ സംഘടന എന്നനിലയിൽ ആർഎസ്‌എസ്‌ സമരം നടത്തുകയോ പ്രചാരണത്തിന്‌ ആഹ്വാനം ചെയ്യുകയോ ഉണ്ടായില്ല. ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്‌ എതിരെ ജനങ്ങളുടെ യോജിച്ച സമരത്തെ ഹിന്ദുരാഷ്ട്ര മുദ്രാവാക്യം ഉയർത്തി ഭിന്നിപ്പിക്കുകയെന്ന ‘സംഭാവന’ മാത്രമാണ്‌ ആർഎസ്‌എസിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായത്‌.

ദേശീയപതാകയെ മാനിക്കാത്തവർ
1947 ആഗസ്‌ത്‌ 15ന് രാജ്യം സ്വാതന്ത്ര്യലബ്‌ധിയിൽ മതിമറക്കുമ്പോൾ ആർഎസ്‌എസ്‌ ദേശീയപതാകയെ ബഹുമാനിക്കുകയോ ആദരിക്കുകയോ ചെയ്യില്ലെന്ന വെല്ലുവിളി ഉയർത്തി. മൂന്ന് എന്ന വാക്കുപോലും തിന്മയാണ്‌ എന്നും മൂന്നു നിറമുള്ള കൊടി ഇന്ത്യക്കാർക്ക്‌ മാനസിക വിഭ്രാന്തി  ഉണ്ടാക്കുമെന്നും രാഷ്ട്രത്തിന്‌ അത്‌ ഹാനികരം ആകുമെന്നുമൊക്കെയാണ്‌ ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ പറഞ്ഞത്‌. ഓർഗനൈസറിന്റെ മൂന്നാം ലക്കത്തിലെ (1947 ജൂലൈ 17) മുഖപ്രസംഗത്തിൽ സ്വതന്ത്ര ഇന്ത്യൻ പതാക കാവിപ്പതാക ആകണമെന്നും ആവശ്യപ്പെട്ടു.

‘വിധിയുടെ (ബ്രിട്ടീഷുകാരുടെ) പിൻവാങ്ങൽമൂലം അധികാരത്തിലെത്തിയ ത്രിവർണപതാക നമ്മുടെ കൈകളിൽ തന്നേക്കാമെങ്കിലും അത്‌ ഒരിക്കലും ആദരിക്കപ്പെടുകയോ ഹിന്ദുക്കൾ അതിനെ സ്വന്തമെന്ന്‌ വിളിക്കുകയോ ചെയ്യുകയില്ല. മൂന്ന്‌ എന്ന വാക്ക്‌ തന്നെ തിന്മയാണ്‌. മൂന്ന്‌ നിറത്തിലുള്ള പതാക തീർച്ചയായും വളരെ മാനസിക പ്രശ്‌നങ്ങളുണ്ടാക്കും, രാജ്യത്തിന്‌ ക്ഷതമേൽപ്പിക്കും’.

ഭരണഘടനയെ തള്ളിപ്പറഞ്ഞു
പാശ്ചാത്യ രാജ്യങ്ങളുടെ ഭരണഘടനകളിൽനിന്നുള്ള വ്യത്യസ്‌ത ആർട്ടിക്കിളുകൾ തുന്നിച്ചേർത്തുണ്ടാക്കിയ കുഴപ്പം പിടിച്ചതും ഭിന്നജാതീയവുമായ ഭരണഘടനയാണ്‌ നമ്മുടേത്‌. നമുക്ക്‌ സ്വന്തമെന്ന്‌ വിളിക്കാവുന്ന ഒന്നുംതന്നെ അതിൽ ഇല്ല. നമ്മുടെ ദൗത്യം എന്തായിരിക്കണം എന്നതിനെക്കുറിച്ചോ ജീവിതത്തിലെ നമ്മുടെ സുപ്രധാന ഘടകം എന്തായിരിക്കണം എന്നതിനെക്കുറിച്ചോ അതിന്റെ പ്രധാന തത്വങ്ങളിൽ ഒരൊറ്റ പരാമർശം എങ്കിലുമുണ്ടോ? ഇല്ല.
(എം എസ്‌ ഗോൾവാൾക്കർ, 
വിചാരധാര)

ഏകവാദം
‘ ഭരണഘടന രൂപീകരിക്കുമ്പോൾ ‘നമ്മെയും’ ഹൈന്ദവിയതയെയും വിസ്‌മരിച്ചു. ഏകോപിപ്പിക്കുന്ന ആ ഘടകത്തിന്റെ അഭാവത്തിൽ നിർമിച്ച ഭരണഘടന വിഘടനമുണ്ടാക്കും. ഒരു രാജ്യം, ഒരു രാഷ്ട്രം, ഒരു സ്‌റ്റേറ്റ്‌ ഉള്ള ഏകമായ രീതിയിലുള്ള ഒരു ഭരണകൂടത്തെ നാം സ്വീകരിക്കണം. മുഴുവൻ രാജ്യത്തിനുംവേണ്ടി ഒരൊറ്റ നിയമനിർമാണസഭയും ഒരൊറ്റ മന്ത്രിസഭയും ഉണ്ടാകണം’ .  
(ശ്രീഗുരുജി സമഗ്രദർശൻ പുസ്തകം, വാല്യം–-2)

ഫെഡറലിസത്തിനും എതിര്‌
ഒരൊറ്റ രാഷ്ട്രമെന്ന വസ്‌തുതയെ അംഗീകരിക്കാതിരിക്കുകയും നശിപ്പിക്കുകയും മാത്രമല്ല, ഫെഡറൽ രീതിയിലുള്ള സർക്കാർ വിഘടനവാദം ഉടലെടുക്കാനും വളരാനും കാരണമായിത്തീരുന്നു. അതിനെ മുഴുവനായും പിഴുതെറിഞ്ഞ്‌ ഭരണഘടനയെ സംശുദ്ധീകരിച്ച്‌ ഏകരൂപത്തിലുള്ള ഭരണകൂടം സ്ഥാപിക്കണം’.
(ശ്രീഗുരുജി സമഗ്രദർശൻ പുസ്തകം, വാല്യം–-3)

മധ്യപ്രദേശിൽ ദളിതർക്ക്‌ ക്ഷേത്രവിലക്ക്‌

● മധ്യപ്രദേശിൽ ശിവരാത്രി ദിനത്തിൽ ദളിതർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത്‌ വിലക്കി. ഖാർഗോൺ ജില്ലയിൽ ചപ്ര ഗ്രാമത്തിലെ ശിവക്ഷേത്രത്തിൽ ദളിതർ പ്രവേശിക്കുന്നത്‌ സവർണ സമുദായക്കാർ തടഞ്ഞു.
● സെമ്ര ഗ്രാമത്തിലെ രാംജാനകി ക്ഷേത്രത്തിൽ സംഘടിപ്പിച്ച സാമുദായിക വിരുന്നിൽ ദളിത്‌ കുടുംബത്തിന്‌ ഭക്ഷണം നിഷേധിച്ചു. ദളിത് സമുദായാംഗങ്ങളടക്കം ഗ്രാമത്തിലെ എല്ലാവരിൽനിന്നും സംഭാവന സ്വീകരിച്ചാണ്‌ വിരുന്ന്‌ നടത്തിയത്‌.
● സിധി ജില്ലയിൽ ആദിവാസി യുവാവിന്റെ മുഖത്ത് ബിജെപി നേതാവ് പ്രവേശ് ശുക്ല മൂത്രമൊഴിച്ചു. മൂത്രമൊഴിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദേശീയ തലത്തിൽ പ്രതിഷേധം ഉയർന്നശേഷമാണ്‌ പ്രതിയെ അറസ്റ്റുചെയ്തത്.
രാജസ്ഥാനിൽ കുടിവെള്ളം 
എടുത്തതിന്‌ മരണശിക്ഷ
● ജോലി ചെയ്‌തതിന്റെ കൂലിക്കുടിശ്ശിക ആവശ്യപ്പെട്ടതിന്‌ സിരോഹി ജില്ലയിൽ ഭരത്‌ കുമാറിനെ മർദിച്ച്‌ ചെരുപ്പുമാല അണിയിപ്പിച്ചശേഷം മൂത്രം കുടിപ്പിച്ചു.
● ജോദ്‌പുരിൽ കുഴൽക്കിണറിൽനിന്ന്‌ വെള്ളം എടുത്തതിന്‌ നാൽപ്പത്താറുകാരനായ കിഷൻലാൽ ഭീലിനെ തല്ലിക്കൊന്നു.
ഗുജറാത്തിൽ 
മൃതദേഹത്തോട്‌ അനാദരം
● വഡോദരയിൽ പൊതുശ്മശാനത്തിൽ അന്ത്യകർമങ്ങൾ നടത്തുന്നതിൽനിന്ന് കുടുംബത്തെ വിലക്കുകയും ജാതിയധിക്ഷേപം നടത്തുകയുംചെയ്തു. 12 മണിക്കൂറോളമാണ്‌ പൊതുശ്‌മശാനം ‘ഉയർന്ന ജാതി’ക്കാരുടെയാണെന്ന്‌ അവകാശപ്പെട്ട്‌ മൃതദേഹം തടഞ്ഞുവച്ചത്‌.
യുപിയിൽ വെള്ളം 
കുടിച്ചതിന്‌ വിദ്യാർഥിവേട്ട
● സോൻഭദ്ര ജില്ലയിൽ പവർ സ്റ്റേഷനിൽ ജോലിക്കാരനായ ലൈൻമാൻ ഇരുപത്തൊന്നുകാരനായ ദളിത് യുവാവിനെക്കൊണ്ട്‌ ഷൂ നക്കിപ്പിച്ചു.
● പ്രിൻസിപ്പലിനുള്ള വെള്ളം നിറച്ച കുപ്പിയിൽനിന്ന്‌ വെള്ളം കുടിച്ചതിന്‌ വിദ്യാർഥിയെ മർദിച്ചു. ബിജ്‌നോർ ജില്ലയിലെ ചാമൻദേവി ഇന്റർ കോളേജിലാണ്‌ സംഭവം.

മണിപ്പുരിൽ കൊന്നുതള്ളിയത്‌ ഇരുനൂറിലധികംപേരെ
ബിജെപിയുടെ വർഗീയധ്രുവീകരണ രാഷ്ട്രീയം സൃഷ്ടിച്ച കലാപത്തിന്റെ ഇരകളാണ്‌ മണിപ്പുർ ജനത. നൂറിലധികം ദിവസം പിന്നിട്ട കലാപത്തിന്‌ അറുതിയില്ല. സംസ്ഥാനം സന്ദർശിക്കാനോ വിഷയത്തിൽ കൃത്യമായി പ്രതികരിക്കാനോ പ്രധാനമന്ത്രി മോദി തയ്യാറായിട്ടില്ല. സംവരണം അടക്കമുള്ള ആവശ്യങ്ങളിലൂടെ മെയ്‌ത്തീ വികാരം ആളിപ്പടർത്തി ആർഎസ്‌എസ്‌ നിയന്ത്രിക്കുന്ന ആരംബായ്‌ തെങ്കോൽ, മെയ്‌ത്തീ ലീപുൺ തുടങ്ങിയ തീവ്രസംഘടനകളാണ്‌ കലാപത്തിന്‌ തുടക്കമിട്ടത്‌.  ക്രൈസ്‌തവ ദേവാലയങ്ങളും സ്ഥാപനങ്ങളും വ്യാപകമായി തകർത്തു. ഇരുനൂറിലധികം ആളുകൾ കൊല്ലപ്പെട്ടു. 60,000ൽ അലധികംപേർ പലായനം ചെയ്‌തു. ഏതു നിമിഷവും കൂട്ടബലാത്സംഗത്തിന്‌ ഇരയാകുകയോ കൊല്ലപ്പെടുകയോ ചെയ്യാമെന്ന ഭയാനകമായ സാഹചര്യത്തിലാണ്‌ മണിപ്പുരിലെ സ്‌ത്രീകൾ. ബിജെപി സർക്കാർ മണിപ്പുരിൽ പൂർണ പരാജയമായി മാറിയെന്നു പറഞ്ഞ സുപ്രീംകോടതി  മണിപ്പുർ പൊലീസിന്റെ വിശ്വാസ്യതയിൽ സംശയം പ്രകടിപ്പിച്ച്‌ കലാപക്കേസുകളുടെ മേൽനോട്ടത്തിനായി മഹാരാഷ്ട്രയിൽനിന്നുള്ള ഒരു മുൻ ഡിജിപിയെ ചുമതലപ്പെടുത്തി.

ഹരിയാനയിലും  ന്യൂനപക്ഷവേട്ട
ഹരിയാനയിലെ നൂഹ്‌ ജില്ലയിൽ രണ്ടാഴ്‌ച മുമ്പ്‌ ആരംഭിച്ച വർഗീയകലാപം തുടരുകയാണ്‌.  ബജ്‌റംഗ്‌ദളും വിഎച്ച്‌പിയും സംഘടിപ്പിച്ച ബ്രിജ്‌മണ്ഡൽ ജലാഭിഷേക്‌ യാത്രയിൽ പങ്കെടുത്തവരാണ്‌ സംഘർഷത്തിന്‌ തുടക്കമിട്ടത്‌. വാളും വടിയും അടക്കമുള്ള ആയുധങ്ങളുമായാണ്‌ സംഘപരിവാറുകാർ യാത്രയ്‌ക്ക്‌ എത്തിയത്‌. ന്യൂനപക്ഷങ്ങൾ കൂടുതലായുള്ള മേഖലകളിലൊന്നായ നൂഹ്‌ ജില്ലയിൽ യാത്ര പ്രവേശിച്ചതിനൊപ്പം കലാപവും ആരംഭിച്ചു. പശുക്കടത്ത്‌ ആരോപിച്ച്‌ രണ്ടു യുവാക്കളെ ചുട്ടുകൊന്ന കേസിലെ പ്രതിയായ സംഘപരിവാർ പ്രവർത്തകൻ മോനു മനേസറും സംഘവും യാത്രയിൽ പങ്കെടുത്തതും  സമൂഹമാധ്യമത്തിലെ പ്രകോപനപരമായ പോസ്റ്ററും സംഘർഷത്തിനു വഴിയൊരുക്കി. സംഘർഷം തടയേണ്ട സർക്കാർ സംവിധാനങ്ങളും കലാപകാരികളെ സഹായിച്ചു. ക്ഷേത്രത്തിൽ മൂവായിരത്തോളംപേർ ബന്ദികളാക്കപ്പെട്ടുവെന്ന സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ പ്രസ്‌താവന കലാപം ഗുഡ്‌ഗാവ്‌, ഫരീദാബാദ്‌, പൽവൽ തുടങ്ങി സമീപ ജില്ലകളിലേക്കും വ്യാപിക്കാൻ കാരണമായി. ഗുഡ്‌ഗാവിൽ അക്രമികൾ പള്ളി കത്തിച്ച്‌ ഇമാമിനെ വെടിവച്ചുകൊന്നു. പൽവൽ ജില്ലയിലും നിരവധി പള്ളികൾ ആക്രമിച്ചു. ഇതുവരെ ഏഴുപേർക്ക്‌ ജീവൻ നഷ്ടമായി. ഹരിയാനയിൽ സംഘർഷം നടന്നതിനു പിന്നാലെ രാജസ്ഥാനിലും സംഘർഷമുണ്ടായി. അൽവാർ ജില്ലയിലെ റോഡരികിലെ കടകൾ ഒരു സംഘം ആളുകൾ അടിച്ചുതകർത്തു. ഈദ്‌ ആഘോഷങ്ങൾക്കെതിരെ സംഘപരിവാർ രംഗത്തുവന്നതും ജോദ്‌പുർ,  ആൽവാർ, കരൗലി ജില്ലകളിലും രണ്ടു മാസംമുമ്പ്‌ സംഘർഷം സൃഷ്ടിച്ചു. 

മൂത്രം കുടിപ്പിക്കുന്നു, 
ചെരുപ്പ്‌ നക്കിപ്പിക്കുന്നു  
മനുസ്‌മൃതിയെ ഭരണഘടനയാക്കണമെന്ന്‌ ആവശ്യപ്പെടുന്ന സംഘപരിവാർ സംഘടനകൾ ദളിതരെ ഇപ്പോഴും  മനുഷ്യരായി കാണാൻ  തയ്യാറാകുന്നില്ല. ഭരണഘടന നിലവിൽവന്ന്‌ ഏഴരപ്പതിറ്റാണ്ട്‌ ആകുമ്പോഴും  ഉത്തരേന്ത്യയിൽ പലയിടത്തും തൊട്ടുകൂടായ്‌മ നിലനിൽക്കുകയാണ്‌.  ദളിതരെക്കൊണ്ട്‌ മൂത്രം കുടിപ്പിക്കുക, ചെരുപ്പ്‌ നക്കിപ്പിക്കുക തുടങ്ങിയ മനുഷ്യത്വരഹിതമായ പ്രവൃത്തികളാണ്‌ സവർണർ ചെയ്യിപ്പിക്കുന്നത്‌. കേന്ദ്ര സർക്കാരിന്റെ കണക്കുപ്രകാരംതന്നെ രാജ്യത്ത്‌ ദളിതർക്കെതിരായ അതിക്രമങ്ങൾ വർധിക്കുകയാണ്‌. നാലു വർഷത്തിനിടയിൽ 1,89,000 കേസാണ്‌ രജിസ്റ്റർ ചെയ്‌തത്‌. ദളിതർക്കെതിരായ കുറ്റകൃത്യങ്ങളിൽ 54 ശതമാനവും യുപി, രാജസ്ഥാൻ, മധ്യപ്രദേശ്‌ എന്നിവിടങ്ങളിലാണ്‌. കുറ്റക്കാർ ശിക്ഷിക്കപ്പെടുന്നില്ല എന്നത്‌ ആക്രമണങ്ങൾ വർധിപ്പിക്കുന്നു.

വാട് സാപ്പിലൂടെ ആഹ്വാനം
രാമനവമി ആഘോഷങ്ങളുടെ മറവിൽ ഏപ്രിലിൽ നാലു ജില്ലയിൽ സംഘർഷം നടന്നു. നളന്ദ ജില്ലയിൽ സമൂഹമാധ്യമങ്ങളിലൂടെയും 456 പേരുള്ള വാട്സാപ്‌ ഗ്രൂപ്പിലൂടെയുമാണ്‌ സംഘർഷം സൃഷ്ടിച്ചത്‌. ബിഹാർഷെരീഫിൽ അർധരാത്രി നടന്ന വെടിവയ്‌പിൽ പതിനാറുകാരൻ കൊല്ലപ്പെട്ടു. നഗരത്തിലെ പഹാർപുര, ബനൂലിയ, അലിനഗർ, ബസാർ ബിഘ, ഖസ്ഗഞ്ച്, കൊണാസരായ് പ്രദേശങ്ങളിലും സംഘർഷം വ്യാപിച്ചു. 100 വർഷം പഴക്കമുള്ള മദ്രസ ആക്രമിച്ചു. പല സ്ഥലത്തും വീടുകൾക്കും കടകൾക്കും വാഹനങ്ങൾക്കും തീയിട്ടു. ജൂലൈയിൽ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടു. ഗയ, കൈമുർ, ഭഗൽപുർ, ദർബാംഗ, ഔറംഗബാദ്‌ എന്നീ ജില്ലകളിലായിരുന്നു സംഘർഷം. ജൂലൈ 22ന്‌ രണ്ടു വിഭാഗങ്ങൾ തമ്മിൽ ബസാർ സമിതി ചൗക്കിലെ ക്ഷേത്രത്തിനുസമീപം തമ്മിലടിച്ചു. മുഹറത്തോട്‌ അനുബന്ധിച്ച്‌ 24ന്‌ ദർബംഗയലെ ബറ്യുൽ ഗ്രാമത്തിലും  തുടർന്ന്‌ ഗയ, കൈമുർ, ഭഗൽപുർ, ഔറംബാദ്‌ എന്നീ ജില്ലകളിലും സംഘർഷം നടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top