29 March Friday

മണിപ്പുരിന്‌ തീയിട്ടതാര്‌

എം വി ഗോവിന്ദന്‍Updated: Thursday May 11, 2023

വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പുരിൽനിന്ന്‌ വരുന്ന വാർത്തകൾ ആശങ്കയും ഭീതിയും ഉളവാക്കുന്നതാണ്‌. വംശഹത്യക്ക്‌ സമാനമായ സംഭവങ്ങളാണ്‌ അവിടെ നടക്കുന്നതെന്നാണ്‌ ബിജെപി എംഎൽഎ തന്നെ വെളിപ്പെടുത്തിയിട്ടുള്ളത്‌. ‘എന്റെ സംസ്ഥാനം കത്തുകയാണെന്നും സഹായിക്കണമെന്നുമായിരുന്നു’ ഒളിമ്പിക്‌സ്‌ മെഡൽ ജേതാവ്‌ മേരി കോം പ്രധാനമന്ത്രിയോട്‌ അഭ്യർഥിച്ചത്‌. ഇതിനകം 65 പേർ കൊല്ലപ്പെടുകയും 35,000 പേർ അഭയാർഥികളാക്കപ്പെടുകയും ചെയ്‌തു. നൂറുകണക്കിന്‌ വീടുകളും കടകളും സ്ഥാപനങ്ങളും അഗ്നിക്കിരയാക്കപ്പെട്ടു. വുൻസാഗിൻ വാൾട്ടെ എന്ന ബിജെപി എംഎൽഎപോലും ആക്രമിക്കപ്പെട്ടു. ഇന്റർനെറ്റ്‌ സർവീസുകളുടെ നിരോധനം തുടരുകയാണ്‌.
മെയ്‌ മൂന്നിന്‌ വൈകിട്ട്‌ ആരംഭിച്ച കലാപം എട്ടോടെയാണ്‌ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞതെന്നാണ്‌ മാധ്യമവാർത്തകൾ സൂചിപ്പിക്കുന്നത്‌. പട്ടാളത്തെയും അസം റൈഫിൾസിനെയും ഇറക്കിയാണ്‌ സംഘർഷം നിയന്ത്രിച്ചത്‌. ക്രമസമാധാനപാലനത്തിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടതിനാലാണ്‌ കേന്ദ്ര സേനയെ വിളിക്കേണ്ടിവന്നത്‌. ‘ഡബിൾ എൻജിൻ’ സർക്കാരിന്റെ പൂർണ പരാജയമാണ്‌ ഇത്‌ വിളിച്ചോതുന്നത്‌. കേന്ദ്രവും സംസ്ഥാനവും ബിജെപി ഭരിച്ചാൽ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനാകുമെന്ന ബിജെപിയുടെ പതിവ്‌ ആഖ്യാനത്തിന്റെ പൊള്ളത്തരമാണ്‌ ഇവിടെ തുറന്നുകാട്ടപ്പെടുന്നത്‌.  

മണിപ്പുരിൽ വിവിധ സമുദായങ്ങൾ തമ്മിലുള്ള സംഘർഷം നേരത്തേയും ഉണ്ടായിട്ടുണ്ട്‌. വിവിധ ഗോത്രവർഗ വിഭാഗങ്ങൾ തമ്മിലും ഗോത്രവിഭാഗങ്ങളും മറ്റ്‌ ജനവിഭാഗങ്ങൾ തമ്മിലും സംഘർഷം ഉണ്ടാകാറുണ്ട്‌.  എന്നാൽ, ഇപ്പോഴത്തെ സംഘർഷത്തിന്‌ പ്രധാനകാരണം സംസ്ഥാനഭരണത്തിന്‌ നേതൃത്വം നൽകുന്ന ബിജെപിയുടെ ഹിന്ദുത്വരാഷ്ട്രീയമാണ്‌. വിവിധ ജനവിഭാഗങ്ങൾക്കിടയിൽ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും വിത്തുകൾ പാകിയതിന്റെ ഫലമാണിത്‌. സംസ്ഥാനഭരണം നിലനിർത്താൻ ഭൂരിപക്ഷത്തിന്റെ ഒപ്പംനിന്ന്‌ മറ്റ്‌ വിഭാഗങ്ങൾക്കെതിരെ ആർഎസ്‌എസും ബിജെപിയും നിരന്തരമായി നടത്തിയ കുപ്രചാരണങ്ങളുടെ ഫലംകൂടിയാണിത്‌.

ഭൂമിശാസ്‌ത്രപരമായി മണിപ്പുരിൽ രണ്ട്‌ മേഖലയാണുള്ളത്‌. ഇംഫാൽ താഴ്‌വരയും മലമ്പ്രദേശവും. ജനസംഖ്യയിൽ 60 ശതമാനവും ജീവിക്കുന്നത്‌ 10 ശതമാനംമാത്രം വരുന്ന ഭൂവിഭാഗമായ താഴ്‌വരയിലാണ്‌. 90 ശതമാനം ഭൂവിസ്‌തൃതിയുള്ള  മലയോരമേഖലയിൽ മൊത്തം ജനസംഖ്യയുടെ 40 ശതമാനവും. താഴ്‌വരയിൽ മെയ്‌ത്തീകൾക്കാണ്‌ ഭൂരിപക്ഷം. ഇവരിൽ ഭൂരിപക്ഷവും ഹിന്ദുക്കളാണ്‌. മലയോരമേഖലയിൽ കുക്കികളും നാഗകളും സോമികളും അടക്കമുള്ള 35 ഗോത്രവിഭാഗമാണ്‌ പാർക്കുന്നത്‌. ഇവർ ഭൂരിപക്ഷം ക്രൈസ്‌തവരാണ്‌. എന്നാൽ, മതപരമായി നോക്കിയാൽ 41.39 ശതമാനം ഹിന്ദുക്കളും 41.29 ശതമാനം ക്രൈസ്‌തവരും 8.4 ശതമാനം മുസ്ലിങ്ങളുമാണ്‌ സംസ്ഥാനത്തുള്ളത്‌. മൊത്തം ജനസംഖ്യയിൽ 53 ശതമാനം മെയ്‌ത്തീകളാണ്‌.
കോൺഗ്രസിൽനിന്ന്‌ ബിജെപിയിലെത്തിയ ബിരേൻസിങ് എന്ന മെയ്‌ത്തീ വംശജനെ മുൻനിർത്തി ആ വിഭാഗം ജനങ്ങളുടെ പിന്തുണ ഉറപ്പിക്കാൻ ക്രൈസ്‌തവരായ ഗോത്രജനതയെ ‘അതിക്രമിച്ച്‌ കടന്നുവന്നവരെന്നും’ ‘അഭയാർഥികളെന്നും’ ‘അന്യമതസ്ഥരെന്നും’ ‘വിദേശികളെന്നും’ മുദ്രകുത്തി വെറുപ്പും വിദ്വേഷവും ആളിക്കത്തിക്കുകയായിരുന്നു ഹിന്ദുത്വവാദികൾ.  ഇതിനിടയിലാണ്‌ എസ്‌ടി പദവി വേണമെന്ന മെയ്‌ത്തീകളുടെ ആവശ്യം നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ധൃതി കൂട്ടിയത്‌. ഇത്‌ ഗോത്രജനതയിൽ സംശയത്തിന്റെ വിത്ത്‌ മുളപ്പിച്ചു. നിലവിൽ മെയ്‌ത്തീകൾക്ക്‌  മലമ്പ്രദേശങ്ങളിൽ സ്വത്ത്‌ വാങ്ങാൻ കഴിയില്ല. എന്നാൽ, എസ്‌ടി പദവി ലഭിച്ചാൽ അതിന്‌ കഴിയും. മാത്രമല്ല വിദ്യാഭ്യാസം, തൊഴിൽ എന്നീ മേഖലകളിൽ ഗോത്രവിഭാഗത്തിനുള്ള സംവരണാനുകൂല്യം വിദ്യാസമ്പന്നരും രാഷ്ട്രീയ അധികാരം കൈയാളുന്നവരുമായ മെയ്‌ത്തീകളുമായി പങ്കുവയ്‌ക്കേണ്ടിയും വരും. ഇത്‌ ഗോത്രജനതയിൽ അസ്വസ്ഥത സൃഷ്ടിച്ചു. ബിജെപി സർക്കാരിന്റെ പല നടപടികളും ഈ ഭയത്തെ സാധൂകരിക്കുന്നതായിരുന്നു. അനധികൃത കുടിയേറ്റക്കാർ എന്നുപറഞ്ഞ്‌ ഗോത്രവിഭാഗങ്ങളെ ഒഴിപ്പിക്കൽ, സംരക്ഷിത വനമേഖല, വന്യജീവി സങ്കേതം എന്നീ പേരുകളിലുള്ള കുടിയൊഴിപ്പിക്കൽ, മയക്കുമരുന്ന്‌ ഉപയോഗത്തിന്റെ പേരിൽ കൃഷി നശിപ്പിക്കൽ എന്നിവയെല്ലാം ഈ സംശയം ബലപ്പെടുത്തി. പരസ്‌പര സംശയത്തിന്റെയും വിശ്വാസമില്ലായ്‌മയുടെയും ഈ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ സംഘപരിവാർ ശക്തികൾ വഹിച്ച പങ്ക്‌ വളരെ വലുതാണ്‌. ആർഎസ്‌എസും സംഘപരിവാറും എവിടെയൊക്കെ കാലുറപ്പിക്കുന്നോ അവിടെ സംജാതമാകുന്ന സ്ഥിതിവിശേഷമാണിത്‌.
അതുകൊണ്ടാണ്‌ ചില ക്രൈസ്‌തവ മേലധ്യക്ഷൻമാർ ബിജെപിയുമായി സഹകരിക്കുമെന്ന്‌ പറഞ്ഞപ്പോൾ ആട്ടിൻതോലിട്ട ചെന്നായ്‌ക്കളെ തിരിച്ചറിയാതെ പോകരുതെന്ന്‌ ഞാൻ പറഞ്ഞത്‌. മണിപ്പുരിൽ ഇതിനകം 42 ക്രിസ്‌ത്യൻ പള്ളി തകർത്തെന്നാണ്‌ ‘ദ ഹിന്ദു’ റിപ്പോർട്ട്‌ ചെയ്‌തത്‌. മറ്റ്‌ മതസ്ഥരുടെ ആരാധനാലയങ്ങളും  തകർക്കപ്പെട്ടിട്ടുണ്ടെന്നത്‌ വസ്‌തുതയാണ്‌. എങ്കിലും ക്രിസ്‌ത്യൻ പള്ളികളാണ്‌ കൂടുതലായും തകർക്കപ്പെട്ടത്‌. എന്നാൽ, ആർഎസ്‌എസിന്റെ മുഖവാരികയായ ഓർഗനൈസർ പറയുന്നത്‌ ആക്രമണങ്ങൾക്കു പിന്നിൽ ക്രൈസ്‌തവരാണെന്നാണ്‌. മണിപ്പുരിലെ ക്രൈസ്‌തവ വേട്ടയിൽ ദുഃഖവും നടുക്കവും രേഖപ്പെടുത്തിയ കാത്തലിക് ബിഷപ്‌സ്‌ കോൺഫറൻസ്‌ ഓഫ്‌ ഇന്ത്യ (സിബിസിഐ) അധ്യക്ഷൻ ആർച്ച്‌ ബിഷപ് ആൻഡ്രൂസ്‌ താഴത്ത്‌ പറഞ്ഞത്‌ സംസ്ഥാന പൊലീസ്‌ ഇടപെടൽ വൈകിയതാണ്‌ വൻ ക്രൈസ്‌തവ വേട്ടയ്‌ക്ക്‌ കാരണമായതെന്നാണ്‌. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനാസ്ഥയുടെ ഫലമാണ്‌ മണിപ്പുരിലേതെന്നാണ്‌ സിബിസിഐ ലെയ്‌റ്റി കൗൺസിലിന്റെ ആരോപണം.

ജനസംഖ്യയിൽ 41 ശതമാനം പേർ ക്രൈസ്‌തവരായിട്ടുപോലും ബിജെപി ഭരണം നിലനിൽക്കുന്ന മണിപ്പുരിൽ അവർക്ക്‌ രക്ഷയുണ്ടായില്ല എന്നത്‌ അവരുമായി സഹകരിക്കാൻ പോകുന്നവർക്ക്‌ പാഠമാകേണ്ടതാണ്‌. ഗോൾവാൾക്കറുടെ വിചാരധാരയിൽ പറയുന്ന മൂന്ന്‌ ആഭ്യന്തരഭീഷണിയിൽ രണ്ടാമത്തേത്‌ ക്രൈസ്‌തവരാണെന്ന കാര്യം ഓർക്കാതെ പോകരുത്‌. സംഘപരിവാർ ആശയപദ്ധതിയുടെ ഭാഗമാണിത്‌. അതിനാലാണ്‌ ഗോത്രവർഗക്കാരനായ ബിജെപി എംഎൽഎപോലും ആക്രമിക്കപ്പെട്ടത്‌. കഴിഞ്ഞ ഈസ്റ്റർദിനത്തിലാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ സേക്രട്ട്‌ ഹാർട്ട്‌ കത്തീഡ്രലിൽ സന്ദർശനം നടത്തിയത്‌. തുടർന്ന്‌, ഏപ്രിൽ അവസാനവാരം പ്രധാനമന്ത്രി കേരളത്തിൽ എത്തിയപ്പോൾ എട്ട്‌ ക്രൈസ്‌തവ  സഭാ നേതാക്കളുമായി ചർച്ച നടത്തുകയും ചെയ്‌തു. അന്ന്‌ അവർ പ്രധാനമന്ത്രിയോട്‌ പ്രധാനമായും ഉന്നയിച്ച ആവശ്യങ്ങളിൽ ഒന്ന്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്‌തവർക്കെതിരെ നടത്തുന്ന ആക്രമണങ്ങൾ തടയണമെന്നായിരുന്നു. ദളിത്‌ ക്രൈസ്‌തവർക്കുള്ള സംവരണാനുകൂല്യം നിഷേധിക്കരുതെന്നും അവർ ആവശ്യപ്പെട്ടു.
എന്നാൽ, കേരളത്തിൽ ക്രൈസ്‌തവ മതനേതാക്കൾ മോദിയുമായി ചർച്ച നടത്തി ഒരാഴ്‌ചയ്‌ക്കു ശേഷമാണ്‌ ഛത്തീസ്‌ഗഢിൽ കോൺഗ്രസ്‌ മുഖ്യമന്ത്രി ഭൂപേഷ്‌ ബാഗേലിന്റെ മണ്ഡലമായ പടാലിയിലെ അമലേശ്വർ ഗ്രാമത്തിൽ ക്രൈസ്‌തവ പ്രാർഥനാ യോഗം നൂറോളം ബജ്‌റംഗദൾ പ്രവർത്തകർ ആക്രമിച്ചത്‌. മതപരിവർത്തനം നടത്തുന്നുവെന്ന്‌ ആരോപിച്ചായിരുന്നു ആക്രമണം. പൊലീസ്‌ കേസെടുത്തത്‌ അക്രമികൾക്കെതിരെയായിരുന്നില്ല. മറിച്ച്‌, വിശ്വാസികൾക്കെതിരെയായിരുന്നു. കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനമായിട്ടുപോലും ഇതാണ്‌ സ്ഥിതിയെങ്കിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ കാര്യം പറയാനില്ല.

ഈ ലേഖനമെഴുതുന്ന ദിവസം പത്രങ്ങളിൽ വന്ന വാർത്ത മധ്യപ്രദേശിലെ സാഗർ ജില്ലയിലെ കത്തോലിക്കാ സഭയുടെ അനാഥാലയത്തിൽ റെയ്‌ഡ്‌ നടത്തുകയും വൈദികരെ മർദിക്കുകയും ചെയ്‌തുവെന്നാണ്‌. ഒഡിഷയിലെ കന്ദമലിലും ഗുജറാത്തിലെ ദാംഗ്‌സിലും മധ്യപ്രദേശിലെ ജാബുവയിലും നടന്ന ക്രിസ്‌ത്യൻ വേട്ടകൾ ചരിത്രത്തിന്റെ ഭാഗമാണ്‌. ഇപ്പോൾ ഇതാ മണിപ്പുരിലും അതുതന്നെ സംഭവിച്ചിരിക്കുന്നു. കലാപം ആരംഭിച്ചിട്ട്‌ ഒരാഴ്‌ചയായി. രാജ്യത്തിന്റെ പ്രധാനമന്ത്രി ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല. കർണാടകത്തിലെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ സജീവമായിരുന്നു അദ്ദേഹം. കേരളത്തിന്റെ മതനിരപേക്ഷത തകർക്കാൻ ലക്ഷ്യംവച്ചുള്ള ഒരു സിനിമയെക്കുറിച്ച്‌ പ്രതികരിക്കാൻ പ്രധാനമന്ത്രി സമയംകണ്ടെത്തി. ബജ്‌റംഗദളിനെ ന്യായീകരിക്കാനും അദ്ദേഹം വാചാലനായി. എന്നാൽ, ലോകം മുഴുവൻ ചർച്ചചെയ്യുന്ന മണിപ്പുരിനെക്കുറിച്ച്‌ പ്രതികരിക്കാൻ മോദി തയ്യാറായില്ല. ബിജെപിയുമായി ചർച്ചയ്‌ക്ക്‌ പോകുന്നവർ ഇതൊന്നും കാണുന്നില്ലേയെന്ന്‌ വിശ്വാസികൾതന്നെ ചോദിക്കുമെന്നതിൽ സംശയമില്ല. ഡൽഹിയിലും മുംബൈയിലും നടന്ന പ്രതിഷേധങ്ങൾ അതിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top