18 April Thursday

ത്രിപുരയിൽ ഇടതുപക്ഷം വരണം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023

ത്രിപുരയിൽ ബിജെപി ഭരണം എത്രയുംവേഗം അവസാനിച്ചു കാണാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന്‌ മുൻ മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗവുമായ മണിക്‌ സർക്കാർ വ്യക്തമാക്കുന്നു. അക്രമവും അഴിമതിയും മുഖമുദ്രയാക്കിയ ബിജെപി സർക്കാർ കഴിഞ്ഞ  അഞ്ചുവർഷത്തിനുള്ളിൽ സംസ്ഥാനത്തെ വളരെയധികം പിന്നോട്ടടിപ്പിച്ചു. വാഗ്ദാനങ്ങളിൽ ഒന്നുപോലും നടപ്പാക്കിയില്ല. ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായ്‌യും വർധിച്ചു. ക്രമസമാധാന നിലയും സമാധാനാന്തരീക്ഷവും പാടെ തകർത്തെന്നും ദേശാഭിമാനിക്ക്‌ അനുവദിച്ച അഭിമുഖത്തിൽ മണിക്‌ സർക്കാർ 
ചൂണ്ടിക്കാട്ടി. തയ്യാറാക്കിയത്‌ : ഗോപി കൊൽക്കത്ത

ത്രിപുരയിൽ എന്താണ്‌ സംഭവിക്കുന്നത്‌
ത്രിപുരയിൽ വീണ്ടും ഇടതുപക്ഷ  സർക്കാർ  അധികാരത്തിൽ വരണമെന്നതാണ്  ജനങ്ങളുടെ അഭിലാഷം. അതിന്റെ ലക്ഷണങ്ങളാണ് കാണുന്നത്‌. നീതിപൂർവമായും സമാധാനപരമായും  തെരഞ്ഞെടുപ്പ് നടന്നാൽ ഇടതുമുന്നണിയും മതനിരപേക്ഷ ജനാധിപത്യകക്ഷികളും അധികാരത്തിൽ വരുമെന്നതിൽ സംശയമില്ല. അതുതടയാൻ  കേന്ദ്ര സഹായത്തോടെ  തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ്‌ ബിജെപി നടത്തുന്നത്. അതിനായി എല്ലാ പിന്തിരിപ്പൻ വർഗീയ ശക്തികളെയും കൂട്ടുപിടിക്കും. ജനങ്ങളെ അണിനിരത്തി അതിനെ ശക്തമായി നേരിടാനുള്ള തയ്യാറെടുപ്പാണ് ഇടതുപക്ഷം നടത്തുന്നത്.

അഞ്ചു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളും ബിജെപി അട്ടിമറിച്ചു. ഭരണഘടന ഉറപ്പു നൽകുന്ന  ജനാധിപത്യ അവകാശങ്ങൾ നിഷേധിച്ചു. ആർക്കും സ്വതന്ത്രമായി പ്രവർത്തിക്കാനോ പ്രതികരിക്കാനോ കഴിയുന്നില്ല. വിമർശിക്കുന്ന മാധ്യമപ്രവർത്തകരെവരെ കൈയേറ്റം ചെയ്യുകയും  കള്ളക്കേസുകളിൽ  കുടുക്കുകയുമാണ്‌ ബിജെപി. നിരവധി സിപിഐ എം പ്രവർത്തകരെ കൊലപ്പെടുത്തി. ഒട്ടേറെ വീടുകളും പാർടി ഓഫീസുകളും തകർത്തു. പൊലീസിനെ  നിഷ്ക്രിയമാക്കി. ജനം  ഒരു മാറ്റമാണ്‌ ആഗ്രഹിക്കുന്നത്‌.

തെരഞ്ഞെടുപ്പു ധാരണകളെക്കുറിച്ച്‌
ത്രിപുരയിലെ ജനതയുടെ താൽപ്പര്യത്തിന്‌ എതിരായ ഫാസിസ്റ്റ്‌–- വർഗീയ വിപത്തായ ബിജെപിയെ എങ്ങനെയും പരാജയപ്പെടുത്തുകയെന്നതാണ്  മുഖ്യലക്ഷ്യം. അതിനായി യോജിക്കാൻ കഴിയുന്ന എല്ലാ മതനിരപേക്ഷ ജനാധിപത്യകക്ഷികളെയും യോജിപ്പിച്ചുനീങ്ങണം. ത്രിപുരയിൽ കോൺഗ്രസുകാർ കൂട്ടത്തോടെ കാലുമാറിയതോടെയാണ്‌ ബിജെപി ശക്തിപ്രാപിച്ചത്. എന്നാൽ, ആ നിലപാട് തെറ്റായെന്ന്‌ മനസ്സിലാക്കിയ  നിരവധി നേതാക്കളും  പ്രവർത്തകരും കോൺഗ്രസിലേക്ക് തിരിച്ചുവന്നു. മന്ത്രിസ്ഥാനവും എംഎൽഎ പദവിയും മറ്റും  ഉപേക്ഷിച്ചാണ് അവർ തിരികെയെത്തിയത്. ബിജെപിയെ എങ്ങനെയും പരാജയപ്പെടുത്തേണ്ടത് അവരുടെയും ആവശ്യമായി. ബിജെപിയെ  താഴെയിറക്കാൻ  യോജിക്കാവുന്ന എല്ലാവരുമായി യോജിക്കുകയെന്ന നയമാണ് സിപിഐ എമ്മും ഇടതുമുന്നണിയും സ്വീകരിച്ചത്.  കോൺഗ്രസുമായി  ഒരു രാഷ്ട്രീയ സംഖ്യവുമില്ല. തെരഞ്ഞെടുപ്പ് സീറ്റു ധാരണ മാത്രമാണ്‌ ഉള്ളത്.
ആദിവാസി വിഭാഗങ്ങളുമായുള്ള ബന്ധം

ആദിവാസികൾ പല തട്ടിലാണ്. പ്രധാനമായും ഇപ്പോൾ രണ്ട്‌ പാർടിയാണ്‌ ഉള്ളത്. വിവിധ തീവ്രവാദ ഗ്രൂപ്പുകൾ ചേർന്നുണ്ടാക്കിയ ഇൻഡിജിനിസ് പീപ്പിൾസ് ഫ്രണ്ട്‌  ഓഫ് ത്രിപുരയും (ഐപിഎഫ്ടി) അതിൽനിന്നു ഭിന്നിച്ചുണ്ടായ(( ത്രിപ്ര മോധയും.))) കഴിഞ്ഞതവണ ബിജെപിയുമായി സംഖ്യമുണ്ടാക്കിയാണ് ഐപിഎഫ്ടി മത്സരിച്ചതും സർക്കാർ രൂപീകരിച്ചതും. പ്രത്യേക ആദിവാസി  സംസ്ഥാനമെന്നതായിരുന്നു അവരുടെ ആവശ്യം. അതു ലഭിക്കാത്തതിനാൽ ഭിന്നിച്ചവർ രൂപീകരിച്ചതാണ് തിപ്രമോധ എന്ന പാർടി. ആദിവാസി സ്വയംഭരണ കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ അവർ വൻവിജയം നേടി.  പ്രത്യേക ആദിവാസിസംസ്ഥാനം വേണമെന്ന അവരുടെ വാദത്തോട് യോജിക്കാൻ കഴിയില്ല. ആദിവാസികൾക്ക് ഭരണഘടനാപരമായി  ലഭിക്കേണ്ട എല്ലാ അവകാശവും സംരക്ഷിക്കുക, സ്വയംഭരണ കൗൺസിലിന്റെ അധികാരം വിപുലപ്പെടുത്തുക എന്നിവയുൾപ്പെടെ നേടിയെടുക്കാനുള്ള പോരാട്ടത്തിന്  സിപിഐ എമ്മും ഇടതുമുന്നണിയുംതയ്യാറാണ്.
 

ഇത്തവണ മത്സരരംഗത്തുനിന്ന്‌ മാറിനിൽക്കാൻ കാരണം

ഞാൻ മത്സരിക്കുന്നില്ലെങ്കിലും തെരഞ്ഞെടുപ്പുപ്രചാരണത്തിന്റെ നേതൃത്വത്തിൽ തന്നെയുണ്ട്‌. സുപ്രധാന തെരഞ്ഞെടുപ്പെന്ന നിലയിൽ എല്ലാ മണ്ഡലത്തിലും തുല്യ പ്രാധാന്യത്തോടെ പ്രചാരണം നടത്തണം. ഞാൻ മത്സരിച്ചാൽ  മണ്ഡലത്തിൽ കൂടുതൽ സമയം ചെലവിടണം. 35 വർഷമായി പാർലമെന്ററിരംഗത്ത് പ്രവർത്തിക്കുന്നു. ഏഴു തവണ നിയമസഭയിലെത്തി. ഇടതുമുന്നണി ചീഫ് വിപ്പായും മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. പുതിയ നേതൃത്വം വളർന്നുവരണം. അതിനുള്ള അവസരം സൃഷ്ടിക്കണം. ത്രിപുരയിലെ ജനങ്ങളിൽ പൂർണ വിശ്വാസമാണ്‌ ഉള്ളത്.  ജനങ്ങൾക്ക് ഇടതുപക്ഷത്തിലും വിശ്വാസമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top