14 August Sunday

മലയാളത്തിന്റെ സാഫല്യം - ഡോ. അനിൽ വള്ളത്തോൾ എഴുതുന്നു

ഡോ. അനിൽ വള്ളത്തോൾUpdated: Tuesday Nov 2, 2021

തിരൂരിന്റെ മണ്ണിൽ 2012 നവംബർ ഒന്നിന്‌ തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല സ്ഥാപിതമായപ്പോൾ ലോകമെങ്ങുമുള്ള മലയാളികളുടെ വലിയൊരു സ്വപ്നം സാക്ഷാൽകൃതമാകുകയായിരുന്നു. ജീവിതത്തിന്റെ സമസ്തതലങ്ങളിലും മാതൃഭാഷയായ മലയാളം പ്രാമാണ്യം കൈക്കൊള്ളണമെന്ന ഓരോ സാധാരണ മലയാളിയുടെയും അഭിലാഷത്തിലേക്കുള്ള ചുവടുവയ്‌പായി അതിനെ പലരും വിലയിരുത്തി.  ശാസ്ത്രവും മാനവികജ്ഞാനവും സാമൂഹ്യശാസ്ത്രവുമുൾപ്പെടെ മുഴുവൻ വിഷയങ്ങളും കൈകാര്യം ചെയ്യാൻ കഴിയുംവിധം മലയാളഭാഷയെ വികസിപ്പിക്കുകയെന്ന ദൗത്യം നിറവേറ്റാൻ ഈ സർവകലാശാലയ്‌ക്ക്‌ സാധ്യമാകുമെന്ന് വിദ്യാഭ്യാസ വിചക്ഷണരും വിഭാവനം ചെയ്തു. വിജ്ഞാനത്തിന്റെ സമസ്ത മേഖലയെയും സ്പർശിച്ചുകൊണ്ടുള്ള പഠന പ്രവർത്തനങ്ങളെയാണ് സർവകലാശാല മുൻനിർത്തുന്നത്. സാഹിത്യപഠനം, സാഹിത്യരചന, ഭാഷാശാസ്ത്രം എന്നിവയോടൊപ്പം സംസ്കാര പൈതൃകം, ചരിത്രം, സാമൂഹ്യശാസ്ത്രം, പരിസ്ഥിതിപഠനം, പരിസ്ഥിതിശാസ്ത്രം, വികസനപഠനം, മാധ്യമപഠനം, ചലച്ചിത്രപഠനം എന്നിവയ്‌ക്കുകൂടി പി ജി കോഴ്സുകൾ ആരംഭിച്ചത് വിശാലമായ ഈ പരിപ്രേക്ഷ്യത്തിലാണ്‌.

മലയാളസർവകലാശാലയിൽ ആരംഭിക്കുന്ന എല്ലാ കോഴ്സും വൈജ്ഞാനിക മലയാളത്തെ അടയാളപ്പെടുത്തുന്നതും കേരളീയ സംസ്കൃതിയെ അഭിസംബോധന ചെയ്യുന്നതും അധിനിവേശ സംസ്കാരത്തെ പ്രതിരോധിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നതും പൊതുവായ ലോകബോധത്തെ വിനിമയം ചെയ്യുന്നതുമായിരിക്കണമെന്നുമുള്ള ധാരണയുടെ അടിസ്ഥാനത്തിൽ ഓരോ കോഴ്സും പുനഃസംവിധാനം ചെയ്യാനാണ് കഴിഞ്ഞ മൂന്നുവർഷമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. 

സാഹിത്യപഠനം, സാഹിത്യരചന, സംസ്കാരപൈതൃകപഠനം എന്നീ വിഷയങ്ങളിൽ തുടർന്നുപോരുന്ന എംഎ പ്രോഗ്രാമുകൾ ഉപരിപഠനവും തൊഴിൽ ലഭ്യതയും പ്രശ്നമാകരുതെന്ന ഉദ്ദേശ്യത്തോടെ എംഎ മലയാളത്തോട് സമതുല്യതപ്പെടുത്താൻ മുതിർന്നത് അതുകൊണ്ടാണ്. അതോടൊപ്പം സവിശേഷമായ പഠനവിഷയത്തോട് നീതിപുലർത്താൻ അതാതിന്റെ പാഠ്യപദ്ധതിയിൽ ആവശ്യമായ ഭേദഗതികൾ ഉൾക്കൊള്ളിക്കുകയുമുണ്ടായി. ഇത് പ്രസ്തുത പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എംഎ മലയാളം വിദ്യാർഥികൾക്ക് കൈവരുന്ന എല്ലാ അവസരവും പ്രാപ്തമാക്കാൻ ഉപകരിച്ചു. കൂടാതെ പ്രസാധന മേഖല, പുരാവസ്തു പഠനമേഖല, മ്യൂസിയോളജി തുടങ്ങിയ സവിശേഷ മേഖലകളെ ഇവ യഥായോഗ്യം അഭിസംബോധന ചെയ്യുന്നുമുണ്ട്. മലയാള ഭാഷയുടെ ടെക്നോളജിയിലുള്ള വികാസത്തെക്കൂടി സമകാല സന്ദർഭത്തിൽ വിശദമായി പഠിക്കുന്ന എംഎ ഭാഷാശാസ്ത്രം പ്രോഗ്രാം ആകട്ടെ ഭരണഭാഷയും വിജ്ഞാനഭാഷയും മലയാളമാക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന വേളയിൽ സവിശേഷം പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ഈ വിധത്തിൽ പഠനം നിർവഹിച്ചവരുടെ സേവനം കേരളത്തിലെ ഹയർസെക്കഡറി തലത്തിൽക്കൂടി ഉണ്ടായാൽ മലയാള ഭാഷയുടെ പ്രയോഗത്തിൽ കണ്ടുവരുന്ന പലവിധ അനവധാനതകൾക്കും  പരിഹാരമാകും.

ശാസ്ത്രവിഷയങ്ങൾ മലയാള മാധ്യമത്തിലൂടെ വിജയകരമായി നടത്താൻ കഴിയുമോ എന്ന ചില സംശയാത്മാക്കളുടെ ആശങ്കയ്‌ക്കുള്ള പ്രയോഗപരമായ ഉത്തരംകൂടിയാണ്  എംഎസ്‌സി പ്രോഗ്രാം. സാമ്പത്തികശാസ്ത്രത്തിന്റെ പ്രയുക്തവശങ്ങൾകൂടി ഉൾക്കൊള്ളിച്ച് തദ്ദേശവികസന പഠനത്തെ ഇതര സർവകലാശാലകളിലെ വികസനപഠനത്തോട് സമശീർഷമാക്കിയതും സാമൂഹ്യശാസ്ത്രപഠനത്തെ കൂടുതൽ സിദ്ധാന്ത കേന്ദ്രിതമാക്കിയതും മാധ്യമപഠനത്തെ റിപ്പോർട്ടിങ്‌, എഡിറ്റിങ്‌, പരസ്യകല, കോർപറേറ്റ് വിനിമയം എന്നിവ സംബന്ധിച്ച സൈദ്ധാന്തികവും പ്രായോഗികവുമായ വിചിന്തനങ്ങളുടെ സമവായമാക്കിയതും വിദ്യാർഥികളുടെ ആത്മവിശ്വാസത്തെയും ഗവേഷണ നൈപുണിയെയും തൊഴിലവസരത്തെയും തെല്ലൊന്നുമല്ല വർധിപ്പിച്ചിട്ടുള്ളത്.  ചലച്ചിത്രപഠന പ്രോഗ്രാമാകട്ടെ അതിന്റെ വ്യതിരിക്ത സ്വഭാവം കണക്കിലെടുത്ത് സ്വതന്ത്രമായ പദവി കൈക്കൊണ്ടിരിക്കുന്നു. കേരളത്തിന്റെ ചലച്ചിത്രമേഖലയെ മുൻനിർത്തി ചലച്ചിത്രപഠനവും ഗവേഷണവും നിർമാണാത്മക പദ്ധതികളും നിർവഹിക്കുന്ന ഈ പഠനമേഖല കേരളത്തിലെതന്നെ നവീനമായ ഒരു സംരംഭമാണ്.

ലോകമെങ്ങുമുള്ള മലയാളികൾക്ക് പ്രാപ്യമായ വിധത്തിൽ വിജ്ഞാനോൽപ്പാദന വിനിമയങ്ങൾ മലയാളസർവകലാശാലയിൽ നിർവഹിക്കപ്പെടേണ്ടതുണ്ട്. സമീപകാലത്ത്  മുഖ്യമന്ത്രിക്ക് സമർപ്പിച്ച "ദർശനരേഖ' ഇതിന്റെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്നതാണ്. ഭരണപരമായ ആവശ്യങ്ങൾക്കായി ശൈലീപുസ്തകം നിർമിക്കുക, വിവിധ വിഷയങ്ങളിൽ സാങ്കേതികസൂചി നിർമിക്കുക, വിജ്ഞാനകോശങ്ങൾ ഉണ്ടാക്കുക, മൗലികമോ വിവർത്തിതമോ ആയ വിജ്ഞാനഗ്രന്ഥങ്ങൾ നിർമിക്കുക, ഡിജിറ്റൽ മ്യൂസിയം സജ്ജമാക്കുക എന്നിവയാണ് ദർശനരേഖയിൽ മുന്നോട്ടുവച്ച പ്രാവർത്തിക പദ്ധതികൾ. കേരളത്തിന്റെ പുനർനിർമിതിയിൽ ഇവയുടെ പങ്ക് എടുത്തുപറയേണ്ടുന്ന ഒന്നായിരിക്കും. 2012 മുതൽ തുഞ്ചൻ ഗവൺമെന്റ് കോളേജിനോടുചേർന്ന് സർക്കാർ അനുവദിച്ച അഞ്ചേക്കറിൽ താൽക്കാലികമായ കെട്ടിടം നിർമിച്ച് മലയാള സർവകലാശാല പ്രവർത്തിച്ചുവരികയാണ്. സ്ഥിരം അനധ്യാപക നിയമനം ത്വരിതപ്പെടുത്താനും പബ്ലിക്കേഷൻ വിഭാഗം, പരിഭാഷാവിഭാഗം, പബ്ലിക് റിലേഷൻസ് തുടങ്ങിയവ ശക്തിപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. വിവിധ സ്കൂളുകളുടെ കീഴിൽ വിദേശഭാഷാപഠനം, വനിതാശാക്തീകരണവിഭാഗം, മലയാളം കംപ്യൂട്ടേഷൻ, ലിപിപഠനകേന്ദ്രം, സാമൂഹ്യക്ഷേമ പഠനം തുടങ്ങിയ പഠനകേന്ദ്രങ്ങൾ തുടങ്ങാനാകുമോ എന്ന കാര്യവും ചിന്തിക്കേണ്ടതാണ്. വാഗ്ഭടാനന്ദ ചെയർ, വള്ളത്തോൾ ചെയർ, തഞ്ചാവൂരിലെ തമിഴ് സർവകലാശാലയിൽ മലയാളം ചെയർ എന്നിവ മലയാള സർവകലാശാലയിൽ ആരംഭിക്കുന്നതിനുള്ള സാധ്യതകളും തെളിഞ്ഞിട്ടുണ്ട്. അടുത്തിടെ സർവകലാശാലയിൽ പ്രവർത്തനക്ഷമമായ കലാ ഫാക്കൽറ്റിയുടെ കീഴിൽ അവതരണകലാപഠനകേന്ദ്രം ആരംഭിക്കാനും തത്വത്തിൽ തീരുമാനിച്ചിരിക്കുന്നു.

മലയാളഭാഷാ വികാസത്തിനായി കേരളത്തിൽ നിലവിലുള്ള വിവിധ സാംസ്കാരിക സ്ഥാപനങ്ങളുടെ നോഡൽ കേന്ദ്രമായി മലയാളസർവകലാശാലയെ നിർദേശിക്കണമെന്ന ആവശ്യവും ഉയർന്നുവന്നിട്ടുണ്ട്. മലയാളം മിഷനെപ്പോലുള്ള സ്ഥാപനങ്ങൾ നടത്തുന്ന കോഴ്സുകൾക്ക് അംഗീകാരം നൽകുന്നതിനും മറ്റും ഇത് പിന്തുണയേകും. ജർമനിയിലെ ഗുണ്ടർട്ട് ചെയറിന് പുറമെ നിള പൈതൃകമ്യൂസിയം, കോട്ടക്കൽ ആര്യ വൈദ്യശാല തുടങ്ങിയവയുമായി ബന്ധപ്പെട്ട് നൂതനപദ്ധതികൾ ആവിഷ്കരിക്കും. ഗണിത ശാസ്ത്രത്തിലും നിയമത്തിലും എന്നുവേണ്ട ഏതു ജ്ഞാനമേഖലയിലും മലയാള മാധ്യമത്തിലൂടെ പി ജി കോഴ്സുകൾ നടത്തുന്നതിന് മലയാളസർവകലാശാല സന്നദ്ധമാണ്. പരിഭാഷാകേന്ദ്രവും വൈജ്ഞാനിക പഠനമേഖലയും കരുത്താർജിക്കുന്നതോടെ കേരളത്തിന്റെ വർഷങ്ങളായുള്ള ആവശ്യത്തിന് മലയാളസർവകലാശാല പശ്ചാത്തല സൗകര്യമൊരുക്കുമെന്ന് തീർത്തുപറയാം.

(തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല വൈസ് ചാൻസലറാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top