20 April Saturday

ഉറച്ച നിലപാടുകളുടെ കാവൽക്കാരൻ

ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപോലീത്താUpdated: Tuesday Jul 13, 2021

മലങ്കര സഭയിലെ ഒരു മെത്രാപോലീത്താ എന്ന നിലയിലും പൗരസ്ത്യ കാതോലിക്കാ എന്ന നിലയിലും ഉറച്ച നിലപാട്‌ സ്വീകരിച്ച് സഭയെ നയിച്ച പിതാവാണ് ബസേലിയോസ്‌ മാർത്തോമ്മാ പൗലോസ്‌ ദ്വിതീയൻ തിരുമേനി. 2017 ജൂലൈ മൂന്നിന് സഭാതർക്കം സംബന്ധിച്ച് സുപ്രീംകോടതിയുടെ വിധിയുണ്ടായപ്പോൾ സഭയുടെ ഐക്യത്തിനും ശാശ്വത സമാധാനത്തിനുംവേണ്ടി സഭയിലെ രണ്ട്‌ വിഭാഗത്തിനുമായി പുറത്തിറക്കിയ കൽപ്പനയിൽ പ്രകടമാക്കിയ നിലപാടിൽ അവസാനംവരെ അദ്ദേഹം ഉറച്ചുനിന്നു. കൽപ്പനയിലെ നിലപാടുകളോട് ക്രിയാത്മക പ്രതികരണം രണ്ട്‌ വിഭാഗവും ഒരുപോലെ നടത്തിയിരുന്നെങ്കിൽ സഭയിൽ ഇതിനകം സമാധാനവും ഐക്യവും സംജാതമാകുമായിരുന്നു. സഭയുടെ എല്ലാ ദേവാലയങ്ങളിലും സഭാ ഭരണഘടന അനുസരിച്ചും സഭയുടെ ഉറച്ച പാരമ്പര്യം അടിസ്ഥാനപ്പെടുത്തിയും ഭരണനിർവഹണവും ആരാധനാനുഷ്ഠാനങ്ങളും നിർവഹിച്ചിരിക്കണമെന്നത്‌ തിരുമേനിക്ക്‌ നിർബന്ധമായിരുന്നു.

പൊതുവേദികളിൽനിന്നും ആഘോഷങ്ങളുടെ ആരവങ്ങളിൽനിന്നും പരമാവധി ഒഴിഞ്ഞുനിൽക്കാൻ ശ്രമിച്ച പിതാവ് സഭയുടെ സുപ്രധാന ഘട്ടങ്ങളിലൊക്കെ ധൈര്യപൂർവം നിലപാട് എടുക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ–- മത രംഗങ്ങളിൽ ചിലർ ചെയ്യുന്നതുപോലെ ജനങ്ങളുടെ ശ്രദ്ധയും ആദരവും പിടിച്ചെടുക്കാനുള്ള കൃത്രിമ അഭ്യാസങ്ങളൊന്നും അദ്ദേഹം നടത്തുമായിരുന്നില്ല. തന്റെ വ്യക്തിത്വവും സഭയുടെ സ്വത്വബോധവും സ്വാതന്ത്ര്യവും ആർക്കും അടിയറവയ്‌ക്കില്ല എന്ന അദ്ദേഹത്തിന്റെ ഉറച്ച നിലപാട് എതിരാളികളെന്ന് സ്വയം കരുതുന്നവരുടെ ധാരാളമായ പരിഹാസങ്ങൾക്ക് കാരണമായിട്ടുണ്ടെന്നതും വസ്തുതയാണ്.

നിയമം തെറ്റിക്കുന്ന വൈദികരോടും പള്ളിപ്രമാണികളോടും കർശനമായിത്തന്നെ ഇടപെട്ടു. അപ്രിയ സത്യങ്ങൾ ആരോടും വിളിച്ചുപറയാൻ ഒരിക്കലും മടി കാണിച്ചില്ല. നിലപാടുകളിൽ കാർക്കശ്യക്കാരനായിരുന്നെങ്കിലും വളരെ ലളിതമനസ്കനും കുഞ്ഞുങ്ങളെ സ്നേഹിക്കുന്നവനും ദരിദ്രരെ സഹായിക്കുന്നവനുമായിരുന്നു തിരുമേനിയെന്ന്‌ ഏവർക്കും അറിയാവുന്ന സത്യമാണ്.

മലങ്കരസഭയിലെ ആഭ്യന്തര വിഷയങ്ങളോടും സഭയുടെ വളർച്ചയക്ക്‌ തടസ്സമായിവരുന്ന ബാഹ്യ ഇടപെടലുകളോടും എപ്പോഴും അദ്ദേഹം പ്രതികരിച്ചത് ധീരോദാത്ത വിശുദ്ധിയോടെയാണ്. സഭയ്‌ക്കുള്ളിൽ ചില ഇടവകകളിൽനിന്ന് നിയമവിരുദ്ധവും ശിക്ഷണരാഹിത്യപരവുമായ നടപടി ഉണ്ടായപ്പോൾ അവയെ തിരുത്തിയതും അവരോട് ക്ഷമിച്ചതും മറക്കാനാകില്ല. ആരുടെയും ഭീഷണിക്ക് അദ്ദേഹം ഒരിക്കലും വഴങ്ങിയിരുന്നില്ല. 2017 ജൂലൈ മൂന്നിന് സുപ്രീംകോടതി പുറപ്പെടുവിച്ച സഭാതർക്കം സംബന്ധിച്ച അന്തിമവിധി സഭയുടെ ഇടവകകളിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്‌ നേരിടേണ്ടിവന്ന വ്യക്തിഹത്യകളും ഭീഷണികളും അദ്ദേഹത്തെ സ്പർശിച്ചതായി തോന്നിയിട്ടില്ല. ഭീഷണികളുടെ മുന്നിൽ രാജ്യനിയമവും ദൈവനീതിയും സത്യവും ധർമവും ബലികഴിക്കരുത് എന്ന നിർബന്ധബുദ്ധി അദ്ദേഹത്തിന് ഉണ്ടായിരുന്നു. എക്യുമെനിക്കൽ ബന്ധങ്ങൾക്കും സാമുദായിക ബന്ധങ്ങൾക്കും സൗഹൃദത്തിനും വ്യക്തിബന്ധങ്ങൾക്കുമൊക്കെ തിരുമേനി വലിയ വില കൽപ്പിച്ചിരുന്നു. എന്നാൽ, സഭയുടെ നിഷ്ഠകൾക്കും നിലപാടുകൾക്കും ഇത്തരം ബന്ധങ്ങൾ തടസ്സമായിക്കൂടാ എന്ന നിർബന്ധവുമുണ്ടായിരുന്നു.


 

ജീവിതത്തിന്റെ സ്വകാര്യ നിമിഷങ്ങളെല്ലാം പ്രാർഥനകൾകൊണ്ട്‌ പൂരിതമാക്കിയ മഹാപുരോഹിതൻ എന്ന നിലയിലാണ് അദ്ദേഹത്തെ ഈ സന്ദർഭത്തിൽ ഓർത്തെടുക്കാൻ സാധിക്കുന്നത്. തിരുമേനിയുടെ കൈയിലെ പ്രാർഥനാപുസ്തകം ഒരു റബർബാൻഡ്‌ കെട്ടിയാണ് എപ്പോഴും കണ്ടത്‌. ആ പുസ്തകം എപ്പോഴും കൂടെ ഉണ്ടായിരുന്നു. യാത്രചെയ്യുമ്പോൾ കൈയിലിരിക്കുന്ന ചെറിയ പെട്ടിയിലും ഉറങ്ങുമ്പോൾ തലയിണയുടെ വശത്തും അത്‌ സൂക്ഷിക്കുമായിരുന്നു. വിവിധ പ്രാർഥനാവിഷയങ്ങൾ അടങ്ങിയ ചെറിയ പ്രാർഥനാകുറിപ്പുകൾ അതിൽ വച്ചിട്ടുള്ളതുകൊണ്ട്‌ അവ നഷ്ടപ്പെടാതിരിക്കാനാണ് റബർബാൻഡുകൊണ്ട്‌ പുസ്തകം കെട്ടിയിരുന്നത്. അദ്ദേഹത്തോടൊപ്പം ഒരു യാത്ര നടത്തിയ സാഹചര്യത്തിൽ സാന്ദർഭികമായി ഈ പുസ്തകം കാണാൻ ഇടയായി. തിരുമേനിയുടെ പേരൊഴികെ ബാക്കി എല്ലാ പേരും വിഷയവും പ്രാർഥനയ്‌ക്കായി ആ പുസ്തകത്തിലുള്ള ചെറിയ പേപ്പറുകളിൽ കാണാൻ കഴിഞ്ഞു. രോഗാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ തിരുമേനിയെ സന്ദർശിച്ചപ്പോൾ പ്രാർഥനാപുസ്തകത്തിലെ ലിസ്റ്റുകളിൽ എവിടെയെങ്കിലും സ്വന്തം പേരുകൂടി ചേർത്ത്‌ പ്രാർഥിച്ചുകൂടേ എന്ന് തമാശരൂപത്തിൽ ചോദിച്ചപ്പോൾ പറഞ്ഞ മറുപടി ശ്രദ്ധേയമാണ്. ‘ഞാൻ എനിക്കുവേണ്ടി പ്രാർഥിക്കേണ്ട കാര്യമില്ല. എന്നെക്കൊണ്ട്‌ സഭയ്ക്കാവശ്യമുണ്ടെന്ന് ദൈവത്തിന് തോന്നുന്ന സമയംവരെ ദൈവം എന്നെ കാത്തുകൊള്ളും. ദൈവം എപ്പോൾ വിളിച്ചാലും പോകാൻ ഞാൻ ഒരുക്കമാണ്.' പ്രാർഥനാജീവിതം സ്വാർഥലാഭത്തിനുവേണ്ടിയുള്ളതും കപടഭക്തി നിറഞ്ഞതും ആകരുതെന്ന് അദ്ദേഹത്തിന്‌ നിർബന്ധമുണ്ടായിരുന്നു. അർഥപൂർണമായിരുന്നു കാതോലിക്കാ ബാവാ തിരുമേനിയുടെ ജീവിതം.

കുന്നംകുളം മെത്രാസനത്തിന്റെ അജപാലകൻ, മലങ്കരസഭയുടെ അമരക്കാരൻ, മുന്നണിപ്പോരാളി എന്നീ നിലകളിൽ ശോഭിച്ച കർമയോഗിക്ക് ഹൃദയം നിറഞ്ഞ വേദനയോടെ അന്ത്യയാത്രാമൊഴി ചൊല്ലുന്നു.

(ഓർത്തഡോക്സ്‌ സഭ സുന്നഹദോസ്‌
സെക്രട്ടറിയാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top