26 April Friday

ചരിത്രം പറയുന്ന സ്‌മാരകം

ഡോ. പി പി അബ്ദുൾ റസാഖ്Updated: Friday Nov 19, 2021

ബ്രിട്ടീഷ്‌ ഭരണകൂട ഭീകരതയുടെ ഏറ്റവും പൈശാചികമായ ആവിഷ്‌കാരമായിരുന്നു വാഗൺ കൂട്ടക്കൊല. ആ കൂട്ടക്കൊലയിലെ രക്തസാക്ഷികളുടെ ഓർമയ്‌ക്കായി  തീവണ്ടി വാഗണിന്റെ രൂപത്തിൽ പണിത ബസ്‌ വെയിറ്റിങ്‌ ഷെഡ്‌ പാലക്കാട്‌–കോഴിക്കോട്‌ ദേശീയപാതയിൽ വള്ളുവമ്പ്രത്ത്‌ ഇന്നും നമുക്ക്‌ കാണാം. ആ സ്‌മാരകത്തിന്‌  സവിശേഷമായ ചരിത്രമുണ്ട്‌. 1967ൽ അധികാരത്തിലേറിയ ഇ എം എസ്‌ മന്ത്രിസഭയിൽ ഗതാഗതമന്ത്രിയായിരുന്ന ഇമ്പിച്ചിബാവയുടെ നിർദേശപ്രകാരമാണ്‌ വാഗൺ സ്‌മാരകം വള്ളുവമ്പ്രത്ത്‌ പണിതത്‌. ആ സ്ഥലത്ത്‌ നിലനിന്നിരുന്ന ഹിച്ച്‌കോക്ക്‌ സ്‌മാരകം തകർത്തായിരുന്നു അത്‌.

സമരം അടിച്ചമർത്തുന്നതിൽ നിർണായക പങ്കുവഹിച്ചയാളും വാഗൺ കൂട്ടക്കൊലയുടെ മുഖ്യസൂത്രധാരനുമായിരുന്ന ആർ എച്ച്‌ ഹിച്ച്‌കോക്കിന്റെ ഓർമയ്‌ക്കായി എംഎസ്‌പിയാണ്‌ വള്ളുവമ്പ്രത്ത്‌ 1920കളുടെ അവസാനത്തിൽത്തന്നെ ഈ സ്‌മാരകം നിർമിക്കുന്നത്‌. മലബാർ സമരത്തിൽ മാപ്പിളപ്പോരാളികളാൽ ഹിച്ച്‌കോക്ക്‌ വള്ളുവമ്പ്രത്തുവച്ചാണ്‌ കൊല്ലപ്പെട്ടതെന്ന ധാരണ വളരെക്കാലം നാട്ടിൽ നിലനിന്നിരുന്നു. യഥാർഥത്തിൽ 1922 ഏപ്രിൽ 30 വരെ പൊലീസ്‌ സൂപ്രണ്ടായി ഹിച്ച്‌കോക്ക്‌ മലബാറിൽത്തന്നെ സേവനമനുഷ്‌ഠിക്കുന്നുണ്ട്‌. 1922-ലാണ്‌ അദ്ദേഹത്തെ വിശാഖപട്ടണത്തേക്ക്‌ മാറ്റിനിയമിക്കുന്നത്‌. അവിടെവച്ച്‌ 1926 ആഗസ്‌ത്‌ 31ന്‌ അൾസർ ബാധിച്ച്‌ 42–--ാം വയസ്സിൽ മരിച്ചു‌. മലബാർ സ്‌പെഷ്യൽ പൊലീസ്‌ സേനയെ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം നൽകിയ സേവനത്തിന്റെ പേരിലാണ്‌ എംഎസ്‌പിയുടെ ആഭിമുഖ്യത്തിൽ വള്ളുവമ്പ്രത്ത്‌ ഹിച്ച്‌കോക്ക്‌ സ്‌മാരകം പണിതത്‌.

മലബാർസമര രക്തസാക്ഷികളുടെ നെഞ്ചിലായിരുന്നു ഈ സ്‌മാരകശിലകൾ തറച്ചതെന്ന ചിന്തയിൽ ആ സ്‌മാരകം തകർക്കാൻ പുളിക്കലിൽനിന്ന്‌ സാഹസികരായ കുറേ രാഷ്‌ട്രീയ പ്രവർത്തകർ 1944ൽ വള്ളുവമ്പ്രത്തേക്ക്‌ മാർച്ച്‌ നടത്തി. ആ മാർച്ചിൽ ആലപിച്ച പടപ്പാട്ട്‌ കൊണ്ടോട്ടിക്കാരനായ കമ്പളത്ത്‌ ഗോവിന്ദൻ നായർ എന്ന കമ്യൂണിസ്‌റ്റ്‌ നേതാവ്‌ രചിച്ചതായിരുന്നു.

"‘ചത്തുപോയ ഹിച്ച്‌കോക്ക്‌ സാഹിബിന്റെ സ്‌മാരകം
ചാത്തനെ കുടിവച്ചപോലെ ആ ബലാലിൻ സ്‌മാരകം
നമ്മളുടെ നെഞ്ചിലാണാ കല്ലുനാട്ടിവച്ചത്‌
നമ്മളുടെ കൂട്ടരെയാണാ  സുവർ കൊന്നത്‌'’

‌ഈ പടപ്പാട്ട്‌ പാടി മുന്നേറിയ ജാഥയെ എ കെ ജിയും അബ്ദുറഹിമാൻ സാഹിബും ഉൾപ്പെട്ടവർ നെടിയിരുപ്പിൽവച്ച്‌ തിരിച്ചയച്ചു. കാരണം,  സ്‌മാരകത്തിനടുത്ത്‌ നിറതോക്കുകളുമായി ബ്രിട്ടീഷ്‌ പട്ടാളം കാത്തിരിക്കുന്നുണ്ടായിരുന്നു. അങ്ങനെ മറ്റൊരു കൂട്ടക്കൊല നേതാക്കളുടെ ഇടപെടലുകളിലൂടെ ഒഴിവാക്കപ്പെട്ടു. പിന്നീട്‌ സ്വാതന്ത്ര്യാനന്തരം 1968ലാണ്‌ ഈ ആഗ്രഹം സഫലമാകുന്നത്‌. ഇമ്പിച്ചിബാവയുടെ ഉത്തരവനുസരിച്ച്‌ ഹിച്ച്‌കോക്ക്‌ സ്‌മാരകം എംഎസ്‌പി  തകർത്തെങ്കിലും ആ കല്ലുകൾ കൊണ്ടുപോയി മലപ്പുറത്തെ എംഎസ്‌പി ആസ്ഥാനത്ത്‌ ക്യാമ്പിലെ കോട്ടേജുകൾക്കിടയിൽ സ്‌മാരകം പഴയപടി നിർമിക്കുകയുംചെയ്‌തു.

കഥ ഇവിടെ തീരുന്നില്ല. 1988ൽ, ബ്രിട്ടീഷ്‌ പ്രണയം മൂർധന്യത്തിലെത്തിയ ചില എംഎസ്‌പി ഉദ്യോഗസ്ഥർ പിന്നാമ്പുറത്തുള്ള ഈ സ്‌മാരകം പരേഡ്‌ ഗ്രൗണ്ടിൽത്തന്നെ പുനർനിർമിക്കാൻ പദ്ധതി തയ്യാറാക്കുകയും അതിന്‌ രഹസ്യമായി ചില പൊലീസുകാരെ ഏർപ്പാടാക്കുകയുംചെയ്‌തു. സ്‌മാരകം പഴയപോലെ പുനർനിർമിക്കാനായി ഓരോ കല്ലിനും നമ്പറിട്ട്‌ പൊളിക്കാനാരംഭിച്ചു. ഈ വിവരം മണത്തറിഞ്ഞ പൊലീസ്‌ അസോസിയേഷൻ പ്രവർത്തകരായ കെ ഭാസ്‌കരനും കെ അബൂബക്കറും അതീവ രഹസ്യമായി നടത്തുന്ന പുനർനിർമാണ പ്രവർത്തനങ്ങൾ അതിസാഹസികമായി കാമറയിൽ പകർത്തി. ആ ഫോട്ടോയോടൊപ്പം വിശദമായ  റിപ്പോർട്ട്‌ അന്നത്തെ സാംസ്‌കാരിക മന്ത്രിയായിരുന്ന ടി ശിവദാസമേനോന്‌ അയച്ചുകൊടുക്കുകയുംചെയ്‌തു. റിപ്പോർട്ട്‌ കിട്ടിയയുടൻ  മന്ത്രി ഈ പ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കാൻ ഉത്തരവിടുകയും പുനഃസ്ഥാപിച്ചേ മതിയാകൂവെന്ന്‌ ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അവരത്‌ ബ്രിട്ടനിൽ കൊണ്ടുപോയി സ്ഥാപിക്കട്ടെയെന്ന താക്കീത്‌  നൽകുകയും ചെയ്‌തു. അന്ന്‌ പുനർനിർമിക്കാനായി പൊളിച്ചെടുത്ത  സ്‌മാരകശിലകൾ എംഎസ്‌പി ആസ്ഥാനത്ത്‌ ഒരുമൂലയിൽ ഇന്നും കാടുപിടിച്ച്‌ കിടക്കുന്നു.

ചുരുക്കത്തിൽ 1944ൽ ആരംഭിച്ച ഹിച്ച്‌കോക്ക്‌ സ്‌മാരകവിരുദ്ധ സമരത്തിന്‌ ഫലംകാണാൻ സ്വതന്ത്ര ഇന്ത്യക്ക്‌ വീണ്ടും 41 വർഷംകൂടി കാത്തിരിക്കേണ്ടിവന്നു. സാമ്രാജ്യത്വം 1947ൽത്തന്നെ ഇന്ത്യയിൽനിന്ന്‌ കെട്ടുകെട്ടിയെങ്കിലും സാമ്രാജ്യത്വദാസ്യഭാവം കോളനിയാനന്തര സമൂഹങ്ങളിൽ പതിറ്റാണ്ടുകളോളം നിലനിന്നുവെന്നുള്ളത്‌ ഈ സംഭവങ്ങൾ ഓർമപ്പെടുത്തുന്നു.

(കേരള ചരിത്ര ഗവേഷണ കൗൺസിൽ അംഗമാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top