17 April Wednesday

മലബാർ കലാപം : ചരിത്രം കുഴിച്ചുമൂടാനാകില്ല - എ വിജയരാഘവൻ എഴുതുന്നു

എ വിജയരാഘവൻUpdated: Friday Aug 27, 2021


1921-ൽ നടന്ന മലബാർ കലാപത്തെക്കുറിച്ചുള്ള സംവാദങ്ങൾക്കും വിവാദങ്ങൾക്കും കുറവൊന്നുമില്ല. ബ്രിട്ടീഷ്‌ കോളനിവാഴ്‌ചയ്‌ക്കും ജന്മിത്തത്തിന്റെ കൊടിയ ചൂഷണത്തിനും കിരാത മർദനമുറകൾക്കും എതിരെ നടന്ന കലാപത്തിന്‌ നൂറുവർഷം തികയുമ്പോൾ, പഴയ വിവാദങ്ങൾ പുതിയ രൂപത്തിൽ പൊന്തിവരികയാണ്‌. കലാപത്തിന്‌ നേതൃത്വം നൽകിയവരിൽ പ്രമുഖരായിരുന്ന വാരിയൻകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി, ആലി മുസ്ലിയാർ എന്നിവരടക്കം 387 പേരെ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയിൽനിന്ന്‌ നീക്കാൻ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ (ഐസിഎച്ച്‌ആർ) മൂന്നംഗ സമിതി ശുപാർശ ചെയ്‌തതാണ്‌ പുതിയ വിവാദത്തിന്‌ അടിസ്ഥാനം.

മലബാർ കലാപത്തിന്‌ ഇടയാക്കിയത്‌ സാമ്രാജ്യത്വവിരോധവും ജന്മിവാഴ്‌ചയോടുള്ള എതിർപ്പുമാണോ, അതോ മതാധിഷ്‌ഠിതമായ പശ്ചാത്തലമാണോ എന്ന തർക്കം ആദ്യഘട്ടത്തിൽത്തന്നെ ഉയർന്നതാണ്‌. കലാപത്തെ പട്ടാളത്തെ ഉപയോഗിച്ച്‌ നിഷ്‌ഠുരമായി അടിച്ചമർത്തിയ ബ്രിട്ടീഷ്‌ ഭരണാധികാരികൾക്കിടയിലും വ്യത്യസ്‌ത അഭിപ്രായമുണ്ടായിരുന്നു. അതിലേക്ക്‌ വരാം. അതിനുമുമ്പ്‌ ഈ വിഷയത്തിൽ കമ്യൂണിസ്റ്റ്‌ പാർടി എടുത്ത നിലപാട്‌ ആവർത്തിക്കുന്നത്‌ ഉചിതമായിരിക്കുമെന്ന്‌ കരുതുന്നു.മലബാർ കലാപം വിലയിരുത്തി 1946 ആഗസ്തിൽ കമ്യൂണിസ്റ്റ്‌ പാർടി പുറപ്പെടുവിച്ച പ്രസ്‌താവനയുടെ തലവാചകം ‘ആഹ്വാനവും താക്കീതും’ എന്നതായിരുന്നു.

സാമ്രാജ്യാധിപത്യത്തിനും ജന്മികൾക്കും എതിരെ കൃഷിക്കാരിൽ പൊതുവിലും മുസ്ലിം കൃഷിക്കാരിൽ വിശേഷിച്ചും വളർന്നുവന്ന രോഷവും പ്രതിഷേധവുമായിരുന്നു കലാപത്തിന്‌ തുടക്കമിട്ടത്‌. മഹാത്മാഗാന്ധി, അലി സഹോദരന്മാർ എന്നിവരുടെ നേതൃത്വത്തിൽ രൂപംകൊണ്ട കോൺഗ്രസ്‌ കമ്മിറ്റികളും ഖിലാഫത്ത്‌ കമ്മിറ്റികളും ഈ പ്രതിഷേധത്തിന്‌ രൂപം നൽകുന്നതിന്‌ സഹായിച്ചിട്ടുണ്ട്‌. ബ്രിട്ടീഷ്‌ ഭരണവുമായി കൂട്ടുചേർന്നുള്ള ജന്മിവാഴ്‌ചയ്‌ക്കെതിരെ സംഘടിതമായി ഉയർന്നുവന്ന കുടിയാൻ പ്രസ്ഥാനവും സമരത്തെ സഹായിച്ചു. ഇതാണ്‌ കമ്യൂണിസ്റ്റ്‌ പാർടിയുടെ പ്രധാന വിലയിരുത്തൽ.

‘കമ്യൂണിസ്റ്റ്‌ പാർടി കേരളത്തിൽ’ എന്ന ഗ്രന്ഥത്തിൽ ഇ എം എസ്‌ വിശദീകരിക്കുന്നു: ‘‘അതേ അവസരത്തിൽ കലാപത്തിന്‌ മറ്റൊരു വശമുണ്ടെന്ന്‌ പാർട്ടി ചൂണ്ടിക്കാണിച്ചു. സ്വാതന്ത്ര്യസമരത്തിന്റെയും കുടിയാൻ പ്രക്ഷോഭത്തിന്റെയും ഭാഗമായി വളർന്ന പ്രസ്ഥാനത്തിലേക്ക്‌ കടന്നുവന്ന മുസ്ലിം ജനസാമാന്യത്തിൽ ഇസ്ലാമിക സാഹോദര്യത്തിന്റെ വികാരങ്ങളും ഉൾപ്പെട്ടിരുന്നു. അതിനെ മതനിരപേക്ഷ ദേശീയതയ്‌ക്ക്‌ കീഴ്‌പ്പെടുത്താൻ കോൺഗ്രസ്‌–- ഖിലാഫത്ത്‌ നേതൃത്വത്തിന്‌ കഴിഞ്ഞില്ല. അതുകൊണ്ട്‌, മതനിരപേക്ഷതയുടെ അടിസ്ഥാനത്തിൽ തുടങ്ങിയ കോൺഗ്രസ്‌– -ഖിലാഫത്ത്‌ പ്രസ്ഥാനം മലബാർ പ്രദേശത്ത്‌ ‘മാപ്പിള ലഹള’യായി മാറി. സാമ്രാജ്യാധിപത്യത്തിനും ജന്മികൾക്കും എതിരായ സമരം എന്നതിനോടൊപ്പം ഇതുകൂടി ചേർത്താലേ ശാസ്‌ത്രീയ വിശകലനമാവുകയുള്ളൂ. ഈ സത്യം സൂചിപ്പിക്കുന്നതിനാണ്‌ പാർട്ടിയുടെ പ്രസ്‌താവനയിൽ ആഹ്വാനം, താക്കീത്‌ എന്ന രണ്ടു പദങ്ങൾ പ്രയോഗിച്ചത്‌’’.

സാമ്രാജ്യത്വത്തിനും സഖ്യശക്തികളായ ഫ്യൂഡൽ പ്രഭുക്കൾക്കും നാട്ടുപ്രമാണികൾക്കും എതിരെ ഇന്ത്യയിലാകെ പ്രക്ഷോഭം വളർന്ന പശ്ചാത്തലത്തിലാണ്‌ 1946-ൽ കമ്യൂണിസ്റ്റ്‌ പാർടി ഈ പ്രസ്‌താവന പുറപ്പെടുവിച്ചത്‌. 1921-ലെ പോലെ വിപ്ലവമുന്നേറ്റത്തെ സമുദായസ്‌പർധയുടെ മാർഗത്തിലേക്ക്‌ തിരിച്ചുവിടാനുള്ള ശ്രമം നടക്കുകയായിരുന്നു. ഈ സത്യം കാണാതിരുന്നാൽ 1921-ൽ നടന്നതുപോലെ വിപ്ലവമുന്നേറ്റത്തെ വർഗീയലഹളയാക്കി മാറ്റാൻ എതിരാളികൾക്ക്‌ കഴിയുമെന്ന മുന്നറിയിപ്പാണ്‌ പാർടി നൽകിയത്‌. കാർഷിക ബന്ധങ്ങളെ താറുമാറാക്കിയ ബ്രിട്ടീഷ്‌ ഭരണം, കർഷകരുടെമേൽ കനത്ത നികുതിഭാരം അടിച്ചേൽപ്പിച്ചിരുന്നു. കരംപിരിവു വഴി കർഷകരുടെ അധ്വാനത്തിന്റെ സിംഹഭാഗവും ഭരണകൂടം കൈയിലാക്കി. ഉൽപ്പാദനത്തിന്റെ മൂന്നിൽ രണ്ട്‌ സർക്കാരും ജന്മിയും കൊണ്ടുപോകും. ഭൂനികുതിക്കു പുറമെ ഉപ്പ്‌, പുകയില, വീട്‌, കടകൾ, കന്നുകാലി, മീൻവല, തറികൾ, കള്ള്‌, ചാരായം, വെട്ടുകത്തികൾ തുടങ്ങി സകലതിനും നികുതി ചുമത്തി. ഇതിനെതിരായ രോഷമാണ് കലാപങ്ങളായി മാറിയത്‌.

‘‘ബ്രിട്ടീഷ്‌ ഭരണത്തിൽ ജന്മിമാർക്ക്‌ വളരെയധികം ലാഭം ലഭിച്ചു. മറ്റു വർഗക്കാർക്ക്‌ നഷ്ടവും. കർഷകൻ പാട്ടഭാരത്താൽ കഷ്ടപ്പെട്ടു. സാധാരണക്കാരെ പാപ്പരാക്കുന്ന വ്യവസ്ഥയാണ്‌ നിലനിൽക്കുന്നത്‌.

കലാപങ്ങളെപ്പറ്റി ബ്രിട്ടീഷ്‌ സർക്കാർതന്നെ വിവിധ പഠനങ്ങൾ നടത്തി. മലബാറിൽ മുമ്പ്‌ ജുഡീഷ്യൽ ഓഫീസറായിരുന്ന ടി എൻ സ്‌ട്രേൻജിനെ 1857-ൽ അന്വേഷണ കമീഷനായി നിയമിച്ചിരുന്നു. എന്നാൽ, ഭൂപ്രഭുക്കളുടെ ചൂഷണവും അടിച്ചമർത്തലും കലാപവും തമ്മിൽ നേരിട്ട്‌ ബന്ധമൊന്നും കണ്ടെത്താൻ സ്‌ട്രേൻജിന്‌ കഴിഞ്ഞില്ല. അതിനുശേഷം മലബാർ കലക്ടറായിരുന്ന വില്യം ലോഗനെ നിയോഗിച്ചു. ലോഗൻ നൽകിയ ബൃഹത്തായ റിപ്പോർട്ടിലെ നിഗമനം ഇതായിരുന്നു. ‘‘ബ്രിട്ടീഷ്‌ ഭരണത്തിൽ ജന്മിമാർക്ക്‌ വളരെയധികം ലാഭം ലഭിച്ചു. മറ്റു വർഗക്കാർക്ക്‌ നഷ്ടവും. കർഷകൻ പാട്ടഭാരത്താൽ കഷ്ടപ്പെട്ടു. സാധാരണക്കാരെ പാപ്പരാക്കുന്ന വ്യവസ്ഥയാണ്‌ നിലനിൽക്കുന്നത്‌. നീതിരഹിതമായ ഈ വ്യവസ്ഥയെപ്പറ്റി വളരെമുമ്പുതന്നെ മാപ്പിളമാർ ബോധവാന്മാരായിരുന്നു. ഇതിൽനിന്ന്‌ രക്ഷകിട്ടാനാണ്‌ സമരം നടത്തിയത്‌. കുടിയൊഴിപ്പിച്ച്‌ കുടുംബത്തെ നിരാശ്രയരാക്കുന്ന ജന്മിമാരുടെ നേരെ പ്രതികാരം വീട്ടാൻ മതത്തിന്റെയും പള്ളിയുടെയും ആശീർവാദം അവർ വാങ്ങി. ഇത്തരം കലാപങ്ങൾ സൃഷ്ടിച്ചതിൽ ജന്മിമാരും ഗവർമെന്റും തുല്യ ഉത്തരവാദികളാണെന്ന്‌ കരുതണം’’–- ഇതാണ്‌ ലോഗൻ സമർപ്പിച്ച നിരീക്ഷണം.

കോളനിഭരണം തുടങ്ങുംമുമ്പ്‌ കുടിയൊഴിപ്പിക്കൽ കേട്ടുകേൾവികൂടിയില്ലായിരുന്നു. കോടതിവഴിയും അല്ലാതെയും കുടിയൊഴിപ്പിക്കൽ പതിവായി മാറി. കലാപത്തെക്കുറിച്ച്‌ ആഴത്തിൽ പഠനം നടത്തിയ വിഖ്യാത ചരിത്രകാരൻ ഡോ. കെ എൻ പണിക്കർ നിരീക്ഷിക്കുന്നത്‌, പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവും നടന്ന കലാപങ്ങളുടെ മൂലകാരണം ഭൂമിസംബന്ധമായ തർക്കങ്ങളായിരുന്നെന്നും മതം അതിൽ പ്രത്യയശാസ്‌ത്ര പങ്കുവഹിച്ചു എന്നുമാണ്‌.

‘‘കലാപരീതി ഉടമവർഗത്തോടും അവരുടെ സംരക്ഷകരായി വർത്തിച്ച കോളനി ഭരണകൂടത്തോടുമുള്ള വിരോധം അർഥശങ്കയ്‌ക്ക് ഇടയില്ലാത്തവിധം പ്രകടമാക്കി. അതേസമയം, കലാപകാരികളുടെ വിശ്വാസത്തെയും കാഴ്‌ചപ്പാടുകളെയും രൂപപ്പെടുത്തിയ മതസ്വാധീനവും വളരെ വ്യക്തമായിരുന്നു. ഈ രണ്ടു ഘടകങ്ങളുടെ സമ്മേളനമാണ്‌ കലാപത്തിന്‌ വഴിതെളിച്ചത്‌ ’’ (ഡോ. കെ എൻ പണിക്കർ, മലബാർ കലാപം–- പ്രഭുത്വത്തിനും ഭരണകൂടത്തിനുമെതിരെ) മതാശയത്തിന്റെ സ്വാധീനം ഉണ്ടായിരുന്നെങ്കിലും കലാപം രൂപപ്പെടുത്തിയത്‌ കോളനി–- ജന്മിവാഴ്‌ചയോടുള്ള രോഷമായിരുന്നു എന്ന്‌ ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നുണ്ട്‌. എട്ടുമാസം നീണ്ടുനിന്ന കലാപത്തിൽ പങ്കെടുത്തവരിൽ അധികവും ഏറനാട്‌, വള്ളുവനാട്‌ താലൂക്കുകളിലെ മാപ്പിളമാരായിരുന്നു. കാർഷിക കലാപത്തെ മാപ്പിള കലാപമായി കണക്കാക്കുന്നതിന്‌ പശ്ചാത്തലം ഇട വരുത്തിയിട്ടുണ്ടാകും. എന്നാൽ, ഇവിടെ ശ്രദ്ധിക്കേണ്ട വസ്‌തുത, മാപ്പിളമാരുടെ മൂന്നിൽ രണ്ടും ഒഴിഞ്ഞുനിന്നു എന്നാണ്‌. ധനികമാപ്പിളമാർ തീരെ പങ്കെടുത്തില്ല. സമരത്തിന്‌ പശ്ചാത്തലമായി മാറിയ കോൺഗ്രസ്‌ ഖിലാഫത്ത്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ മുസ്ലിങ്ങളും ഹിന്ദുക്കളും ഉണ്ടായിരുന്നു. എന്നാൽ, പ്രത്യക്ഷസമരം വന്നപ്പോൾ കോൺഗ്രസ്‌ നേതൃത്വം പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നില്ല.


 

മതം മാത്രമായിരുന്നില്ല നിർണായകം എന്ന്‌ ഇതിൽനിന്ന്‌ വ്യക്തമാണ്‌. സർക്കാർ ഓഫീസുകളും ഹിന്ദു ഭൂവുടമകളുടെ വീടുകളും ആക്രമിക്കപ്പെട്ട ചില കേസുകളിൽ ഹിന്ദുക്കൾ പങ്കെടുത്തിരുന്നതായി പൊലീസ് രേഖകളിൽ കാണുന്നതായി ഗവേഷകർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. മണ്ണാർക്കാട്‌, പെരിന്തൽമണ്ണ പൊലീസ്‌ സ്‌റ്റേഷൻ ആക്രമണങ്ങളിൽ ഇവരുടെ പങ്കാളിത്തം രേഖകളിൽ കാണാം. പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരിൽ ബഹുഭൂരിഭാഗവും തൊഴിലാളികളും കുടിയായ്‌മ കൃഷിക്കാരുമായിരുന്നു. ധനികമാപ്പിളമാർ പ്രക്ഷോഭങ്ങളിൽനിന്ന്‌ മാറിനിന്നെന്നു മാത്രമല്ല, അടിച്ചമർത്തുന്നതിന്‌ ബ്രിട്ടീഷുകാരെ സഹായിക്കുകയും ചെയ്‌തു.

മലബാർ കലാപത്തെ വർഗീയലഹളയാക്കി ചിത്രീകരിക്കാൻ സംഘപരിവാറും അതിന്റെ നിയന്ത്രണത്തിലുള്ള ഏജൻസികളും ശ്രമിക്കുന്നതിൽ അത്ഭുതമൊന്നുമില്ല. വാരിയൻകുന്നത്തിനെയും ആലി മുസ്ലിയാരെയും സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയിൽനിന്ന്‌ നീക്കാൻ ശ്രമിക്കുന്ന ഐസിഎച്ച്‌ആർ, സംഘപരിവാർ നിയന്ത്രണത്തിലാക്കിയ വിദ്യാഭ്യാസ–- ഗവേഷണ സ്ഥാപനങ്ങളിൽ ഒന്നാണ്‌.

തികച്ചും മതിനിരപേക്ഷമായ കാഴ്‌ചപ്പാടോടെ ബ്രിട്ടീഷ്‌ ഭരണത്തിനും ജന്മിവാഴ്‌ചയ്‌ക്കും എതിരെ പോരാടിയ ധീരന്മാരായിരുന്നു വാരിയൻകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയെയും ആലി മുസ്ലിയാരെയും പോലുള്ളവരെന്ന്‌ ചരിത്രരേഖകൾ വ്യക്തമാക്കുന്നുണ്ട്‌. ഭൂനികുതി പരിഷ്‌കരിക്കാൻ അവർ ശ്രമിച്ചു. സർക്കാരിന്‌ നികുതിയും ജന്മിമാർക്ക്‌ പാട്ടവും കൊടുക്കുന്നത്‌ നിർത്താൻ കുടിയാന്മാരോടും കർഷകരോടും വാരിയൻകുന്നത്ത്‌ നിർദേശിച്ചു. കാണക്കുടിയായ്‌മ നിർത്തലാക്കിയെന്നും ഭൂമി കൈവശമുള്ള കുടിയാന്മാരെല്ലാം ജന്മിമാരാണെന്നും വാരിയൻകുന്നത്ത്‌ പ്രഖ്യാപിച്ചു. ഈ ആശയങ്ങൾ പ്രാഥമിക രൂപത്തിൽ വന്നതല്ലാതെ മുന്നോട്ടുപോയില്ലെന്ന്‌ നമുക്കറിയാം.

1921 ആഗസ്‌ത്‌ 24ന്‌ മഞ്ചേരിയിൽവച്ച്‌ ഹൈന്ദവകുടുംബങ്ങൾക്ക്‌ സുരക്ഷിതത്വവും സംരക്ഷണവും നൽകുന്ന ഒരു പ്രഖ്യാപനം കുഞ്ഞഹമ്മദ്‌ ഹാജി നടത്തിയിരുന്നു. കാരണം, ഹിന്ദുക്കളുടെ സഹകരണമില്ലാതെ കലാപം വിജയിക്കില്ലെന്ന്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു. മഞ്ചേരി നമ്പൂതിരിബാങ്കിൽനിന്ന്‌ കവർച്ച ചെയ്യപ്പെട്ട സ്വർണാഭരണങ്ങൾ തിരിച്ചുനൽകുക വഴി ഹിന്ദുക്കളുടെ വിശ്വാസം നേടാനാണ്‌ കുഞ്ഞഹമ്മദ്‌ ഹാജി ശ്രമിച്ചത്‌.

ഹിന്ദുഭൂവുടമകളുടെ സ്വത്ത്‌ സംരക്ഷണത്തിന്‌ ആഗസ്‌ത്‌ 31ന്‌ അറസ്റ്റ്‌ ചെയ്യപ്പെടുന്നതുവരെ ആലി മുസ്ലിയാർ ക്രമീകരണങ്ങൾ ചെയ്‌തിരുന്നെന്നും ചരിത്രരേഖകളിൽ കാണാം. കവർച്ച തടയാൻ കുഞ്ഞഹമ്മദ്‌ ഹാജിയും ആലി മുസ്ലിയാരും നേരിട്ട്‌ പ്രവർത്തിച്ചിരുന്നു. കുറ്റവാളികളെ അവർ ശിക്ഷിച്ചു. നിർബന്ധിച്ച്‌ മതപരിവർത്തനം നടത്തുന്നതിനെ ശക്തിയായി എതിർത്തിരുന്നു. ചെമ്പ്രാശേരി തങ്ങൾ, സീതിക്കോയ തങ്ങൾ തുടങ്ങിയ പ്രക്ഷോഭനേതാക്കൾക്കും ഇതേ വീക്ഷണമായിരുന്നു.

മതത്തെ പൊതുപ്രവർത്തനവുമായി കൂട്ടിക്കുഴയ്‌ക്കുന്നതിനെ ഇവർ അനുകൂലിച്ചിട്ടില്ലെന്നാണ്‌ ഡോ. കെ എൻ പണിക്കർ രേഖപ്പെടുത്തിയത്‌. ഇതര സമുദായങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട ചുമതല മാപ്പിളമാർക്കാണെന്നാണ്‌ കുഞ്ഞഹമ്മദ്‌ ഹാജി നിർദേശിച്ചത്‌. അദ്ദേഹത്തിന്റെ സഹായികളിൽ ഹൈന്ദവരുമുണ്ടായിരുന്നു.

‘‘ശത്രുക്കളെയും അല്ലാത്തവരെയും കലാപം തീരുവോളം പ്രക്ഷോഭകാരികൾ വേർതിരിച്ചുകണ്ടിരുന്നു. അധികമാളുകൾ കൊല്ലപ്പെടാതിരുന്നത്‌ ഈ വകതിരിവുമൂലമായിരുന്നു. ഇക്കാലത്ത്‌ നടന്ന കൊലപാതകങ്ങളധികവും ബ്രിട്ടീഷ്‌ സൈന്യത്തോട്‌ ചേർന്ന്‌ ഒറ്റുകാരായി പ്രവർത്തിച്ചവർക്ക്‌ എതിരെയുള്ള പ്രതികാരനടപടി എന്ന നിലയിലായിരുന്നു’’ –- (ഡോ. കെ എൻ പണിക്കർ–- മലബാർ കലാപം).

നമ്മുടെ സ്വാതന്ത്ര്യത്തിന്‌ നേതൃത്വം നൽകിയ ദേശീയപ്രസ്ഥാനത്തിന്റെ ലക്ഷ്യം ബ്രിട്ടീഷുകാരെ കെട്ടുകെട്ടിക്കുക എന്നതുമാത്രമായിരുന്നില്ല. അടിമസമാനമായ ജന്മിത്തം അവസാനിപ്പിക്കുക, ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക, സമത്വത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രം കെട്ടിപ്പടുക്കുക, ജാതി–- മത– -ദേശ പരിഗണനകൾക്ക്‌ അതീതമായി എല്ലാ പൗരന്മാർക്കും തുല്യത ഉറപ്പാക്കുക–- എന്നിവയും ലക്ഷ്യങ്ങളായിരുന്നു. ഈ ലക്ഷ്യങ്ങൾക്കുവേണ്ടി നടത്തിയ സമരങ്ങൾ സ്വാതന്ത്ര്യസമരംതന്നെയാണ്‌.

ഒരു നൂറ്റാണ്ടുമുമ്പ്‌ നടന്ന മഹാസമരത്തെ ഇന്നത്തെ പശ്ചാത്തലത്തിൽനിന്നാണ്‌ പുനർവായനയ്‌ക്ക്‌ നാം വിധേയമാക്കുന്നത്‌. ബ്രിട്ടീഷുകാർ വരച്ചിട്ടുള്ള വാർപ്പുമാതൃകയിൽ മുസ്ലിംവിരുദ്ധമായി ആവർത്തിച്ചു പറഞ്ഞ്‌ പ്രചരിപ്പിക്കാനാണ്‌ ഹിന്ദുത്വവാദികൾ ശ്രമിക്കുന്നത്‌. വർഗീയ അജൻഡയ്‌ക്ക്‌ ശക്തിപകരാൻ ന്യൂനപക്ഷ വർഗീയവാദികൾ അവസരം ഉപയോഗിക്കുന്നതിനെതിരെയുള്ള ജാഗ്രതയും അനിവാര്യമാണ്‌. കലാപം നടന്ന പ്രദേശങ്ങൾ മതനിരപേക്ഷതയുടെ വഴിയിൽ വേഗത്തിൽ സഞ്ചരിച്ചു തുടങ്ങിയിട്ടുണ്ട്‌. 1957ൽ അധികാരത്തിൽ വന്ന ഒന്നാം ഇ എം എസ്‌ സർക്കാർ നടപ്പാക്കിയ കാർഷിക ഭൂപരിഷ്‌കരണ നിയമങ്ങൾ ഭൂബന്ധങ്ങളെ പാടെ മാറ്റിമറിക്കുകയും പാട്ടക്കൃഷിക്കാരെ ഭൂവുടമകളാക്കുകയും ചെയ്‌തു. മുസ്ലിം സമുദായത്തെ പൊതുധാരയിൽനിന്ന്‌ മാറ്റാൻ രൂപകൽപ്പന ചെയ്‌ത്‌ ബ്രിട്ടീഷുകാർ ഉണ്ടാക്കിയ നിയമങ്ങൾ റദ്ദാക്കാനും ഇ എം എസ്‌ സർക്കാർ തയ്യാറായി. ആ സർക്കാർ തുടങ്ങിവച്ചതിന്റെ തുടർച്ചയാണ്‌ പിണറായി വിജയൻ സർക്കാർ ഉയർത്തിപ്പിടിക്കുന്ന നയങ്ങൾ. പൗരത്വഭേദഗതി നിയമത്തിനും പൗരത്വരജിസ്റ്ററുമായി ബന്ധപ്പെടുത്തി കേന്ദ്രം സ്വീകരിച്ച നിലപാടുകൾക്കും എതിരെ നിശ്ചയദാർഢ്യത്തോടെ പ്രതികരിക്കാൻ സർക്കാർ തയ്യാറായി. 1921ന്റെ പൈതൃകത്തെ സത്യസന്ധമായി വിശകലനം ചെയ്‌ത്‌, അതിന്റെ അനുഭവപാഠങ്ങളെ, സംഘപരിവാറും ബിജെപി സർക്കാരും മത ധ്രുവീകരണത്തിനായി ശ്രമിക്കുന്ന പുതിയകാലത്തെ അതിജീവിക്കാൻ നാം ഉപയോഗപ്പെടുത്തേണ്ടതുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top