29 March Friday

സാമ്രാജ്യത്വത്തെ വിറപ്പിച്ച മലബാർ കലാപം - ഡോ. ശിവദാസൻ പി എഴുതുന്നു

ഡോ. ശിവദാസൻ പിUpdated: Friday Aug 20, 2021

1921 ആ​ഗസ്ത് 20 മുതൽ നടന്ന "മലബാർ കലാപം' എന്നു വിളിക്കപ്പെട്ട മലബാർ സമരത്തിന് നൂറ് വയസ്സാകുകയാണ്. വിവിധ ധാരകളുടെ നേത-ൃത്വത്തിൽ നടന്ന കോളനിവാഴ്ചയ്‌ക്കെതിരായുള്ള ദേശീയസമരത്തിലെ ഐതിഹാസികമായ ജനകീയ പോരാട്ടമായിരുന്നു ഈ സമരവും. 1921ലെ പോരാട്ടത്തിന് അന്തർദേശീയ സംഭവവികാസങ്ങളും അഖിലേന്ത്യാതലത്തിൽ ഉയർന്നുവന്ന സ്വാതന്ത്ര്യസമര മുന്നേറ്റവും സവിശേഷമായ പ്രാധാന്യം നിർമിക്കുകയുണ്ടായി. മാപ്പിളമാരായ സാധാരണ ജനങ്ങളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ഈ സമരത്തിന്റെ ആത്യന്തികലക്ഷ്യം കോളനിവാഴ്ചയുടെ അന്ത്യമായിരുന്നു. ശക്തമായ ചെറുത്തുനിൽപ്പുണ്ടായതിനെത്തുടർന്ന് മലബാറിനെ മതഭ്രാന്തിന്റെ കേന്ദ്രമെന്നും "മദ്രാസ് പ്രസിഡൻസിയുടെ അയർലൻഡ്‌' എന്നുമാണ് സാമ്രാജ്യത്വ ഭരണകൂടം വിശേഷിപ്പിച്ചത്. 1859നുശേഷം ഇന്ത്യക്കാരിൽ പ്രതിഷേധിക്കാൻ ആരുമില്ലെന്ന ബ്രിട്ടീഷ് ധാരണയെ തകിടം മറിച്ച്‌ 1921ൽ മലബാറിലെ ജനങ്ങൾ ബ്രിട്ടീഷ്‌ വാഴ്ചയെ വിറപ്പിക്കുകയുണ്ടായി. ആയതുകൊണ്ടാണ് മലബാർ സ്പെഷ്യൽ പൊലീസ് എന്ന സേനയ്‌ക്കുപുറമെ ആധുനിക ആയുധങ്ങളേന്തിയ എട്ടോളം പട്ടാള കമ്പനി മലബാറിലെ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളെ പിടിച്ചെടുക്കാൻ രം​ഗത്തിറങ്ങിയത്. ദേശീയസമരത്തിന്റെ അവിഭാജ്യഘടകവുമായിരുന്നു ഈ പോരാട്ടം.

ബ്രിട്ടീഷ് സർക്കാരിനെ ഞെട്ടിച്ച ജനപങ്കാളിത്തം
ഒന്നാം ലോകയുദ്ധകാലത്തെ തൊഴിലില്ലായ്മയും ദാരിദ്ര്യവും സാധാരണ മനുഷ്യരുടെ ജീവിതം താറുമാറാക്കി. ധനസമാഹരണത്തിനായി കോളനി സർക്കാർ "യുദ്ധഫണ്ട്' പിരിവിനിറങ്ങിയതും പ്രചാരണത്തിനായി "യുദ്ധപ്രഭാഷകരെ' നിയോഗിച്ചതും പ്രചാരണ ബോർഡുകളും പ്രദർശനങ്ങളും സംഘടിപ്പിച്ചതും നാട്ടിലെ സ്ഥിതി ആകെ മാറ്റിമറിച്ചു. യുദ്ധ ഫണ്ട് പിരിവിനായി കോഴിക്കോട് സർക്കാർ വിളിച്ചുചേർത്ത യോഗത്തിൽ മലയാളത്തിൽ സംസാരിക്കാൻ അനുമതി നിഷേധിച്ചതിനെത്തുടർന്ന് കെ പി കേശവമേനോൻ ഇറങ്ങിപ്പോക്ക്‌ നടത്തി. പഞ്ചാബിൽ നടന്ന നരവേട്ടയ്‌ക്കെതിരെ അഖിലേന്ത്യ ഹർത്താലിന് ആഹ്വാനംചെയ്ത മഹാത്മാഗാന്ധി മൗലാന ഷൗക്കത്തലിയുമൊത്ത് 1920ൽ കോഴിക്കോട് സന്ദർശിച്ചതും ജനങ്ങളിൽ ദേശീയബോധം വർധിപ്പിച്ചു. നിസ്സഹകരണവും ഖിലാഫത് പ്രശ്നവും കൂട്ടിയിണക്കിയ ദേശീയസമരം ജാതി–-മത വ്യത്യാസങ്ങൾക്കപ്പുറം ജനങ്ങളെ ആകമാനം ഏകോപിപ്പിച്ചു. മധ്യവർഗ ജനങ്ങളോട് സർക്കാർ ഉദ്യോഗങ്ങൾ ഉപേക്ഷിച്ചും കോടതിയും വിദ്യാലയങ്ങളും ബഹിഷ്കരിച്ചും ദേശീയ സമരത്തിൽ പങ്കാളികളാകാൻ ജനങ്ങളോട് അഭ്യർഥിച്ചു. കോഴിക്കോട്ടെ ഗാന്ധിജിയുടെ പ്രസംഗം ദേശീയസമരത്തിലെ വഴിത്തിരിവായിരുന്നു.

യുദ്ധമുഖത്തുനിന്ന് തിരിച്ചെത്തിയ പട്ടാളക്കാരും ചെറുകിട കുടിയാന്മാരും യുവാക്കളും പങ്കെടുത്ത നിരവധി യോഗം കോഴിക്കോട് നഗരത്തിൽ നടന്നു. 1917-ലെ രണ്ടാം മലബാർ ജില്ലാ സമ്മേളനത്തിന് സർക്കാർ കോഴിക്കോട് മാനാഞ്ചിറ മൈതാനം അനുവദിച്ചില്ല. സർക്കാരിന്റെ അധികാരശക്തി പ്രകടിപ്പിക്കാൻ പട്ടാള മാർച്ച്‌ നടക്കുന്നതിന് ബദലായി ആയിരക്കണക്കിന് ജനങ്ങൾ പങ്കെടുത്ത റാലികൾ നഗരത്തിൽ നടന്നു. അധികാരികളും ജന്മിമാരും നികുതിയും യുദ്ധഫണ്ടും പിരിച്ചിരുന്നത് സാമ്രാജ്യത്വ പൊലീസിന്റെ സഹായത്തോടെയാണ്. ദാരിദ്ര്യത്തിനും കെടുതിക്കും കാരണം സാമ്രാജ്യത്വ സർക്കാരും ജന്മിത്തവുമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ മാപ്പിള കർഷകരുടെ സമരമുന്നേറ്റത്തിൽ പ്രധാനമായും അക്രമിക്കപ്പെട്ടത് യൂറോപ്യന്മാർ നടത്തിയിരുന്ന തോട്ടങ്ങളും സർക്കാർ ഓഫീസുകളും പൊലീസ് സ്റ്റേഷനുകളും ആയിരുന്നു.

ലക്ഷ്യം പൂർണസ്വാതന്ത്ര്യം
സ്വയംഭരണം ലഭിക്കുമെന്ന പ്രതീക്ഷ ഇന്ത്യൻ പ്രഭുത്വത്തെയും സമ്പന്ന വർഗത്തെയും സന്തോഷിപ്പിച്ചിരുന്നു. എന്നാൽ, സ്വയം ഭരണമല്ല പൂർണസ്വാതന്ത്ര്യമാണ് മലബാർ സമരം ലക്ഷ്യംവച്ചത്. ഇക്കാലത്താണ് ഹസ്രത്ത് മൊഹാനി അഹമ്മദാബാദ് കോൺഗ്രസ് സമ്മേളനത്തിൽ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഇന്ത്യക്ക് പൂർണസ്വാതന്ത്ര്യം നേടലാണ് നമ്മുടെ ലക്ഷ്യമായിരിക്കേണ്ടതെന്ന് വാദിച്ചത്. നിസ്സഹകരണവാദികൾ മലബാർസമരത്തെ തള്ളിപ്പറഞ്ഞപ്പോൾ, സമര വീര്യംകെടാതെ ബ്രിട്ടീഷ് സർക്കാരിനെ നേരിടാനാണ് മാപ്പിളമാരും കർഷകരും തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ വിജയം കണ്ട പോരാട്ടം ഏറനാടും വള്ളുവനാടും ബ്രിട്ടീഷ് വാഴ്ചയിൽനിന്ന് മോചിപ്പിക്കപ്പെട്ടതായി പ്രഖ്യാപിക്കുകയും അവിടെ ബദൽ സർക്കാർ ഏർപ്പെടുത്തുകയും ചെയ്തു. കോളനിവാഴ്ചയുടെ അന്ത്യം അഥവാ പൂർവ സ്വാതന്ത്ര്യമായിരുന്നു 1921ലെ സമരത്തിന്റെ ലക്ഷ്യം. ആലി മുസ്ലിയാരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമാണ് ഈ ബദൽ സർക്കാരിനെ നയിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്വാതന്ത്ര്യസമരത്തിന്റെ ലക്ഷ്യം പൂർണ സ്വാതന്ത്ര്യമാണെന്ന്‌ പ്രഖ്യാപിച്ചത് 1929ൽ മാത്രമായിരുന്നു.

ബ്രിട്ടീഷ് സർക്കാരും സഹകാരികളായ ചിലരുമാണ് മാപ്പിളപ്പോരാട്ടങ്ങൾക്ക് വർഗീയസ്വഭാവം ആക്ഷേപിച്ചത്. സമരനേതാക്കൻമാരെല്ലാം അത്തരം സമീപനം പുലർത്താത്തവരും വർഗീയ വിഭജനത്തിനായുള്ള കുത്സിത ശ്രമങ്ങളെ എതിർക്കുന്നവരുമായിരുന്നു. ദേശീയതലത്തിൽ ലഖ്നൗ സമ്മേളനത്തെ തുടർന്ന് ഉയർന്നുവന്ന ഹിന്ദു–-മുസ്ലീം മൈത്രിയുടെ പശ്ചാത്തലത്തിലാണ് മലബാറിലും നിസ്സഹരണ, ഖിലാഫത്ത് പ്രസ്ഥാനങ്ങൾ സജീവമായത്, ഈ സമരത്തിന്റെ സൂത്രധാരൻ എം പി നാരായണ മേനോനാണെന്നായിരുന്നു ബ്രിട്ടീഷ് കണ്ടെത്തൽ. അദ്ദേഹത്തെ ബ്രിട്ടനെതിരെ യുദ്ധത്തിന് ശ്രമിച്ചെന്ന പേരിൽ പതിനാല് വർഷമാണ് തുറുങ്കിലടച്ചത്. സമാന രീതിയിൽ മൂഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടും ശിക്ഷയ്‌ക്ക് വിധേയനായി. പാണ്ടിക്കാട്ടെ നമ്പീശൻ സഹോദരങ്ങളും മണ്ണാർക്കാട് മൂപ്പിൽ ഇളയ നായരും ബ്രിട്ടീഷുകാരുടെ ശത്രുത പിടിച്ചുപറ്റിയത് മാപ്പിള സമരത്തോട് അനുഭാവം പ്രകടിപ്പിച്ചതുകൊണ്ടാണ്. മാപ്പിളമാരോടും മറ്റ് സാധാരണ കുടിയാന്മാരോടും ഇടപഴകി ജീവിച്ച എം പി നാരായണമേനോനെ "മാപ്പിള മേനോൻ' എന്നാണ് അധികാരികൾ കളിയാക്കിയിരുന്നത്. കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാരും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും എം പി നാരായണമേനോന്റെ ഉറ്റമിത്രങ്ങളായിരുന്നു. നവംബർ ൧൯ന്‌ നടന്ന വാഗൺ കൂട്ടക്കൊലയിൽ ജീവൻ നഷ്ടപ്പെട്ടവർക്കിടയിൽ ഹിന്ദു വിഭാഗക്കാരുണ്ടായിരുന്നത് ഈ സമരത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നുണ്ട്.

നിരക്ഷരരും നിരായുധരുമായ സാധുകൃഷിക്കാരുടെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടമായിരുന്നു മാപ്പിള ലഹള എന്നാക്ഷേപിക്കപ്പെട്ട മലബാർ സമരം. നഗര–-ഗ്രാമ പ്രദേശത്തെ ജനങ്ങൾ പ്രത്യേക സാഹചര്യത്തിൽ രാഷ്‌ട്രീയവൽക്കരിക്കപ്പെട്ടതാണ്‌ ഈ സമരത്തിനു വഴിയൊരുക്കിയത്‌. മലബാറിലെ ജന്മിമാർക്ക്‌ കുടിയാൻമാരിലുണ്ടായ പൂർണ നിയന്ത്രണമാണ്‌ ഈ സമരത്തിന്റെ ജന്മിത്തവിരുദ്ധതയ്‌ക്ക്‌ കാരണം. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ പ്രത്യേക പ്രാധാന്യമാണ്‌ ഈ ജനകീയ പോരാട്ടത്തിനുള്ളത്‌.

(കലിക്കറ്റ്‌ സർവകലാശാലയിൽ ചരിത്ര വിഭാഗം പ്രൊഫസറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top